ഒരു ബോംബു കൊണ്ട് ഒരു ലോകയുദ്ധം അവസാനിപ്പിച്ച മനുഷ്യന്, ഒരു സ്ഫോടനം കൊണ്ട് ലക്ഷങ്ങളെ കാലപുരിക്കയച്ചയാള്, അമേരിക്കയെ ആയുധപോരാട്ടത്തില് ലോകത്തിന്റെ നെറുകയിലെത്തിച്ച ശാസ്ത്രജ്ഞന്; അതായിരുന്നു ജെ. റോബര്‍ട്ട് ഓപ്പന്‍ഹൈമര്‍. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനം കുറിച്ച് ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും വര്‍ഷിച്ച അണുബോംബുകളുടെ സൃഷ്ടാവായ ഓപ്പന്‍ഹൈമറുടെ കഥയാണ് ക്രിസ്റ്റഫര്‍ നോളന് പങ്കുവയ്ക്കുന്നത്. 2005-ല്‍ പുറത്തിറങ്ങിയ ‘അമേരിക്കന്‍ പ്രൊമിത്യൂസ് : ദി ട്രംഫ് ആന്‍ഡ് ട്രാജഡി ഓഫ് ജെ. റോബര്‍ട്ട് ഓപ്പന്‍ഹൈമര്‍ ‘ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കേയ്ബേര്ഡും, മാര്ട്ടിന്. ജെ. ഷെര്‍വിനും ചേര്‍ന്നെഴുതിയ പുസ്തകത്തിന് 2006ല്‍ പുലിറ്റ്സര്‍ പുരസ്കാരം ലഭിച്ചിരുന്നു. ഓപ്പന്‍ഹൈമറുടെ ജീവിതം തിരക്കഥയാക്കിയത് സംവിധായകന് ക്രിസ്റ്റഫര്‍ നോളന് തന്നെയാണ്.
പ്രശസ്തനായ അമേരിക്കന്‍ സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനായിരുന്നു ജെ. റോബര്‍ട്ട് ഓപ്പന്‍ഹൈമര്‍. രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്കയുടെ, ലോകത്തിലെ പ്രഥമ അണുബോംബ് നിര്മാണപദ്ധതിയായിരുന്ന മന്‍ഹാട്ടന്‍ പദ്ധതിയുടെ ഡയറക്ടറായിരുന്നു അദ്ദേഹം. ‘ട്രിനിറ്റി’ (ത്രീത്വം) എന്ന രഹസ്യപേരിലാണ് ഈ പദ്ധതി അറിയപ്പെട്ടിരുന്നത്. ന്യൂ മെക്സിക്കോയിലെ മരുഭൂമിയിലാണ് പദ്ധതി പരീക്ഷിച്ചത്. പദ്ധതി വിജയകരമായി നടപ്പാക്കിയതോടെ ‘ആറ്റം ബോംബിന്റെ പിതാവ്’ എന്ന്് ഓപ്പന്‍ഹൈമര്‍ അറിയപ്പെട്ടു.
അദ്ദേഹത്തിന്റെ ഭാഗിക ജീവചരിത്രമാണ് ക്രിസ്റ്റഫര്‍ നോളന് മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയാക്കിയിരിക്കുന്നത്. സാധ്യതകള്‍ ഏറെയുണ്ടായിട്ടും വിഎഫ്എക്സ് സാങ്കേതികവിദ്യകള്‍ പരമാവധി ഒഴിവാക്കി എന്നതാണ് ക്രിസ്റ്റഫര്‍ നോളന്റെ അതുല്യപ്രതിഭയുടെ സവിശേഷതയായി ആദ്യം പറയേണ്ടത്. ആദ്യ അണുബോംബിന്റെ കഥ പറയുമ്പോള്‍ സ്വാഭാവികമായും ആ സ്ഫോടനങ്ങളും പശ്ചാത്തലമായ രണ്ടാം ലോകമഹായുദ്ധവും പരമാവധി സിനിമയില്‍ ഉള്‍പ്പെടുത്താന്‍ ഏതു സംവിധായകനും ആഗ്രഹിക്കും, ശ്രമിക്കും. പക്ഷേ ഹിരോഷിമയില്‍ അമേരിക്ക ആറ്റംബോംബിട്ടത് ഒരു റേഡിയോ വാര്‍ത്തയായി നോളന് ചുരുക്കിയിരിക്കുന്നു. അതേസമയം ഞെട്ടിക്കുന്ന സൗണ്ട് ഇഫക്ടുകളും വെളിച്ചത്തിന്റേയും ഗ്രാഫിക്സുകളുടേയും കണ്ണഞ്ചിക്കുന്ന കാഴ്ചകളുമുണ്ട്. അതെല്ലാം മനുഷ്യമനസുകളിലാണ് നടക്കുന്നതെന്നു മാത്രം. അണുബോംബിന്റെ പരീക്ഷണ സ്ഫോടനം നടത്തിയ ലോസ് ആല്‍മോസ് നഗരം സെറ്റുകളിലൂടെ പുനര്‍നിര്‍മിക്കുകയായിരുന്നു.
തൊണ്ണൂറു ശതമാനവും സംഭാഷണമാണ് സിനിമയില്‍. ചിലപ്പോഴത് ദൈര്‍ഘ്യമേറിയതുമാണ്. പക്ഷേ ഒരിക്കലും ബോറടിപ്പിക്കുന്നുമില്ല.
1945 ജൂലൈ 16നായിരുന്നു ആറ്റംബോംബിന്റെ പരീക്ഷണ സ്ഫോടനമായ ട്രിനിറ്റി ടെസ്റ്റ്. സിനിമയിലെ ഈ പരീക്ഷണ സ്ഫോടനം ശ്വാസമടക്കിപ്പിടിച്ചേ കാണാനാകൂ. കൗണ്ട് ഡൗണ്‍ തുടങ്ങുമ്പോള്‍ കഥാപാത്രങ്ങളെ പോലെ പ്രേക്ഷകനും ടെന്‍ഷനടിക്കും. ഒടുവില്‍ വെളിച്ചത്തിന്റെ മഹാപ്രപഞ്ചം തീര്‍ത്തുകൊണ്ട് നടക്കുന്ന സ്ഫോടനത്തില്‍ ക്രിസ്റ്റഫര്‍ നോളന് ശബ്ദമൊന്നും കേള്‍പ്പിക്കുന്നില്ല, നേര്‍ത്ത ഒരു പശ്ചാത്തലസംഗീതമൊഴിച്ചാല് പരിപൂര്‍ണ നിശബ്ദത. യഥാര്‍ത്ഥ ഓപ്പന്‍ഹൈമര്‍ ഭഗവദ് ഗീത ഉദ്ധരിച്ചാണ് ഈ അനുഭവം വിവരിച്ചത്. ‘ദിവി സൂര്യ സഹസ്രസ്യ’ ആയിരം സൂര്യന്മാര് ഒരുമിച്ചുദിച്ചപോലെ എന്ന്. സിനിമയില്‍ ഓപ്പന്‍ഹൈമറിന് ജീവനേകിയ കിലിയന്‍ മര്‍ഫിയും ഈ വരികള്‍ ഉരുവിടുന്നു. പിന്നീടൊരിക്കല്‍ ‘കാലോസ്മി ലോക ക്ഷയ കൃത് പ്രവൃദ്ധോ’ എന്ന വിശ്വരൂപദര്‍ശനത്തിലെ ‘ലോകത്തെ മുഴുവന്‍ സംഹരിക്കുന്ന കാലമാണ് ഞാന്‍, മരണമാണ് ഞാന്‍, എന്ന ഭാഗവും ഒരു കിടപ്പറ രംഗത്തിനിടെ ഉരുവിടുന്നുണ്ട്്. (സംഘമിത്രങ്ങളെ ഈ രംഗം പ്രകോപിപ്പിച്ചിരിക്കുകയാണ്).
അണുബോംബ് ഹിരോഷിമയേയും നാഗസാക്കിയേയും തകര്ക്കുമ്പോഴേക്കും ലോകമഹായുദ്ധം അവസാനിച്ചു കഴിഞ്ഞിരുന്നു. ജര്‍മനിയെ സോവിയറ്റ് യൂണിയന് നിലംപരിശാക്കുകയും ഹിറ്റ്ലര്‍ ആത്മഹത്യയില്‍ അഭയം തേടുകയും ചെയ്തു കഴിഞ്ഞിരുന്നു. കീഴടങ്ങാതെ സഖ്യകക്ഷികള്‍ക്കെതിരേ ദുര്‍ബലമായി പോരാടിക്കൊണ്ടിരിക്കുകയായിരുന്നു ജപ്പാന്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമാണ് ലോകരാജ്യങ്ങള്‍ സോവിയറ്റ് യൂണിയന്റേയും അമേരിക്കയുടേയും നേതൃത്വത്തില്‍ രണ്ടു ചേരിയായി തിരിഞ്ഞ് ശീതയുദ്ധം ആരംഭിച്ചതെന്നാണ് നമ്മള് പഠിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ യുദ്ധം നടക്കുമ്പോള്‍ തന്നെ ശീതയുദ്ധത്തിന്റെ വിത്തുകള്‍ പാകപ്പെട്ടു കഴിഞ്ഞിരുന്നു; ആയുധപന്തയത്തിന്റേയും. അണുബോംബിന്റെ കണ്ടുപിടുത്തത്തിനായി, അല്ലെങ്കില്‍ അതിവിനാശകരമായ ഒരായുധത്തിനായി ബ്രിട്ടനും അമേരിക്കയും സോവിയറ്റ് യൂണിയനും ജര്‍മനിയും മത്സരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ജര്‍മനിയോ സഖ്യകക്ഷിയായ സോവിയറ്റ് യൂണിയനോ ഏതു നിമിഷവും ആറ്റംബോംബ് കണ്ടുപിടിച്ചേക്കുമെന്ന ഭീതി അമേരിക്കക്കുണ്ടായി. ജര്‍മനിയാണ് ഇതു കണ്ടുപിടിക്കുന്നതെങ്കില്‍ സര്‍വനാശമാകും ഫലം. സോവിയറ്റ് യൂണിയനാണെങ്കില്‍ ശേഷം കാലം അമേരിക്ക മറ്റൊരു വന്‍ശക്തിക്കു മുന്നില്‍ ഓച്ഛാനിച്ചുനില്ക്കേണ്ടി വരും.
അമേരിക്കന്‍ പ്രസിഡണ്ട് ഹാരി ട്രൂമാന്റെ നേരിട്ടുള്ള നിര്‍ദേശത്തിനു കീഴിലാണ് മാന്‍ഹാട്ടന്‍ പദ്ധതി ആവിഷ്കരിക്കുന്നത്. എത്രയും വേഗം ബോംബ് കണ്ടുപിടിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആജ്ഞ. പലരേയും പരിഗണിച്ചശേഷമായിരുന്നു ഓപ്പന്‍ഹൈമറിന് പദ്ധതിയുടെ മേല്‍നോട്ടം നല്‍കുന്നത്. ഇവിടം മുതലാണ് ക്രിസ്റ്റഫര്് നോളന്റെ ചിത്രം ആരംഭിക്കുന്നത്. തന്റെ മേല്നോട്ടത്തിലേക്കുള്ള പദ്ധതിയിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രഗത്ഭരായ ശാസ്ത്രജ്ഞരെ ഓപ്പന്‍ഹൈമര്‍ ഒരുമിച്ചു കൂട്ടുന്നു. അതിനിടയില്‍ ഒരു സോവിയറ്റ് ചാരനുമുണ്ടായിരുന്നു. ജര്‍മനിക്കെതിരേ ആറ്റംബോംബ് പ്രയോഗിക്കുന്നതില്‍ ഓപ്പന്ഹൈമര്ക്ക് മടിയുണ്ടായിരുന്നില്ല. അത് ലോകയുദ്ധം അവസാനിപ്പിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ സിദ്ധാന്തം. എന്നാല്‍ മഹത്തായ ആ കണ്ടുപിടുത്തം നടത്തുന്നതിനു മുമ്പേ സോവിയറ്റ് സൈന്യം ജര്‍മനി കീഴടക്കി. ഹിറ്റ്ലര്‍ ആത്മഹത്യ ചെയ്തു. അമേരിക്കയുടെ മേധാവിത്വം നിലനിര്‍ത്താന്‍ വേണ്ടി മാത്രമായിരുന്നു പിന്നീട് അണുബോംബ് കണ്ടുപിടിച്ചതും ദുര്‍ബലരായ ജപ്പാന്റെ മേല്‍ പ്രയോഗിച്ചതും. ഓപ്പന്‍ഹൈമര്‍ ഈ പദ്ധതിക്ക് എതിരായിരുന്നെങ്കിലും ലോകം അത് അറിഞ്ഞില്ല. അമേരിക്കക്ക് ഓപ്പന്‍ഹൈമര്‍ നായകനായി മാറിയെങ്കില്‍ മറ്റെല്ലാ രാജ്യങ്ങളും അദ്ദേഹത്തെ വില്ലനായാണ്് കണ്ടത്. പുറമേയ്ക്ക് ഓപ്പന്‍ഹൈമര്‍ അമേരിക്കയുടെ യുദ്ധനായകനായി വാഴ്ത്തപ്പെട്ടെങ്കിലും അണിയറയില്‍ അദ്ദേഹത്തിനുള്ള കുരുക്ക് മുറുകിക്കൊണ്ടിരിക്കുകയായിരുന്നു. ക്രിസ്റ്റഫര്‍ നോളന്റെ സിനിമകള്‍ കഥപറച്ചിലില്‍ സങ്കീര്‍ണ്ണങ്ങളാണ്. പക്ഷേ ആഖ്യാനത്തില്‍ അവ ക്ലാസിക്കുകളായി ഭവിക്കുന്നു. ഒരു ശാസ്ത്രജ്ഞന്റെ ഏറ്റവും വലിയ കണ്ടുപിടുത്തവും ധൈര്യവും അവന്റെ ഏറ്റവും വലിയ നാശത്തെ അടയാളപ്പെടുത്തിയതെങ്ങനെയെന്ന് നോളന് വ്യക്തമാക്കുന്നു. ഓപ്പന്‍ഹൈമര്‍ ഒരു പ്രതിഭയായിരുന്നിരിക്കാം, പക്ഷേ ലോകത്തിന്റെ വഴികള്‍ അദ്ദേഹത്തിന് പരിചിതമായിരുന്നില്ല. അയാള്‍ തന്റെ മനസ്സ് തുറന്നു പറഞ്ഞു, എല്ലാവരേയും വിശ്വസിച്ചു, അതിനുള്ള വില കൊടുക്കേണ്ടി വന്നു.
സംഭാഷണത്തില്‍ അധിഷ്ഠിതമായി മുന്നേറുന്ന സിനിമ, ഒരു സൈക്കോളജിക്കല്‍ -ഇന്‍വെസ്റ്റിഗേറ്റീവ്-കോര്‍ട്ട്റൂം ത്രില്ലര്‍ പോലെ അനുഭവപ്പെടുന്നു. സ്ഫോടനങ്ങള്‍ നടക്കുന്നത് ഓപ്പന്‍ഹൈമറുടെ മനസിലാണ്. ഭൂതകാലത്തിനും വര്‍ത്തമാനത്തിനും ഇടയിലുള്ള ആഖ്യാനങ്ങള്‍ കറുപ്പിലും വെളുപ്പിലും കടുത്ത നിറത്തിലും മാറിമറിയുന്നു. കറുപ്പിന്റെ തീവ്രതയ്ക്ക് ഇത്ര അഴകോ എന്നു ചിന്തിച്ചുപോകും. ആറ്റംബോംബ് ജപ്പാനില്‍ നിക്ഷേപിച്ച ശേഷം ഓപ്പന്ഹൈമര്ക്ക് ഒരു ബാസ്ക്കറ്റ് കോര്‍ട്ടില്‍ നല്കുന്ന സ്വീകരണമുണ്ട്. വിസ്മയകരമാണ് ആ രംഗം. വെളിച്ചവും ശബ്ദവും അവിടെ സമഞ്ജസിക്കുന്നു. സ്റ്റേഡിയത്തിന്റെ മരഇരിപ്പിടങ്ങളില് കാലുകൊണ്ട് ജനങ്ങള്‍ താളം പിടിക്കുന്നതും ബോംബ് സ്ഫോടനത്തിന്റെ തീവ്രത ഓപ്പന്‍ഹൈമര്‍ അനുഭവിക്കുന്നതുമായ കാഴ്ച അതുല്യമെന്നു തന്നെ പറയേണ്ടിവരും. ഊര്‍ജ്ജം എങ്ങനെ സൃഷ്ടിക്കപ്പെടുന്നുവെന്നും ചിതറിക്കുന്നുവെന്നും സൂചിപ്പിക്കുന്നതിന് സംവിധായകന് സിനിമയുടെ തുടക്കത്തില്‍ തന്നെ ഉപയോഗിക്കുന്ന ശബ്ദവും വെളിച്ചങ്ങളും അതേ ശ്രേണിയില്‍ തന്നെ വരുന്നു. സംഗീതസംവിധായകന് ലുഡ്വിഗ് ഗൊറന്സ്, ഛായാഗ്രാഹകന്‍ ഹോയ്റ്റ് വാന്‍ ഹോയ്റ്റെമ, എഡിറ്റര്‍ ജെന്നിഫര്‍ ലാം എന്നിവരുടെ സഹായത്തോടെ പകരം വക്കാനില്ലാത്ത ഫ്രെയിമുകളുമായി നോളന് നിങ്ങളുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങുകയാണ്. ഐമാക്സ് ക്യാമറയില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫിലിം ഉപയോഗിച്ച് ഷൂട്ട് ചെയ്യുന്ന ആദ്യ സിനിമ എന്ന പ്രത്യേകത കൂടി ഈ നോളന് സിനിമയ്ക്കുണ്ട്.
കിലിയന്‍ മര്‍ഫി ഉള്‍പ്പെടെയുള്ള നടീനടന്മാരുടെ അഭിനയമാണ് എടുത്തുപറയേണ്ട മറ്റൊരു സവിശേഷത. ഓപ്പന്‍ഹൈമറായി കിലിയന്‍ മര്‍ഫി വീണ്ടും ജനിക്കുകയായിരുന്നു. കണ്ണുകളിലൂടെ, മുഖത്തിന്റെ ചെറുചലനങ്ങളിലൂടെ തന്റെ വികാരങ്ങള്‍ അദ്ദേഹം എഴുതിവക്കുന്നു. വേദന ഒളിപ്പിച്ചുവച്ച ശാന്തത ആ നീലക്കണ്ണുകളില്‍ ഏതുനിമിഷവും തത്തിക്കളിക്കുന്നുണ്ട്്. കുറ്റബോധവും, അടിസ്ഥാനമില്ലാത്ത ആരോപണങ്ങളും അയാളെ കാര്‍ന്നുതിന്നുന്നതായി പ്രേക്ഷകന് അനുഭവിക്കാനാകും. അണുബോംബ് സിനിമയുടെ ഒരു ഭാഗം മാത്രമാണെങ്കിലും, അത് അതിന്റെ സൃഷ്ടാവിന്റെ മാനസികാവസ്ഥയെയാണ് പ്രധാനമായും വെളിപ്പെടുത്തുന്നത്. ഓപ്പണ്‍ഹൈമറിന്റെ അഭിലാഷവും ഭൗതികശാസ്ത്രത്തോടുള്ള അചഞ്ചലമായ സ്നേഹവും വരാനിരിക്കുന്ന വിനാശത്തിന്റെയും ധാര്‍മിക നൈര്‍മല്യത്തിന്റെയും ബോധത്താല്‍ അയാളെ തളര്‍ത്തുന്നത് വളരെ വ്യക്തമാണ്. ആരും ഒരിക്കലും അയാളെ പൂര്‍ണ്ണമായി മനസ്സിലാക്കുന്നില്ലാ എന്ന കാര്യം, ഭാര്യയോ കാമുകിയോ, സുഹൃത്തുക്കളോ, സഹപ്രവര്‍ത്തകരോ എന്നത് പറയാതെ തന്നെ പ്രേക്ഷകനുമായി പങ്കുവക്കാന്‍ കിലിയന്‍ മര്‍ഫിക്കു കഴിഞ്ഞു.
ഓപ്പന്‍ഹൈമറിന്റെ വിശ്വാസ്യതയും സര്‍ക്കാരിലുള്ള സേവനവും തകര്‍ക്കുക എന്നത് തന്റെ ദൗത്യമാക്കി മാറ്റുന്ന അറ്റോമിക് എനര്‍ജി കമ്മീഷന് ചെയര്മാന് ലൂയിസ് സ്ട്രോസായി റോബര്‍ട്ട് ഡൗണി ജൂനിയര്‍ തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്നു. ഓപ്പന്‍ഹൈമറെ സഹായിക്കാന്‍ ശ്രമിക്കുന്ന ഒരാളെന്ന നിലയില്‍ തുടങ്ങിയ ലൂയീസ് സ്ട്രോസ് അദ്ദേഹത്തെ തകര്‍ക്കാനായിരുന്നു ശ്രമിച്ചിരുന്നത്.
നീണ്ടതും കുറുകിയതുമായ ഡലയോഗുകളാല് സമ്പന്നമാണ് സിനിമ. പക്ഷേ ഒന്നും വ്യര്‍ത്ഥമാകുന്നില്ല. ലൂയീസ് സ്ട്രോസ് വിചാരണ കഴിഞ്ഞ് മുറിക്കു പുറത്തുവരുന്ന ഓപ്പന്ഹൈമറോട് സഹാനുഭൂതിയോടെ പറയുന്നു, എന്റെ കാര്‍ ഉപയോഗിച്ചോളൂ…അതിനര്‍ത്ഥം നിന്റെ കാര്‍, നിന്റെ സര്‍വസ്വവും നിനക്കു നഷ്ടപ്പെട്ടെന്നാണ്. പ്രസിഡന്റ് ഹാരി എസ് ട്രൂമാന് ആയി ഒരേ ഒരു രംഗത്തു മാത്രം വരുന്ന ഗാരി ഓള്ഡ്മാന് എത്ര സ്വാഭാവികമായി ട്രൂമാനെ അവതരിപ്പിച്ചിരിക്കുന്നു. ഓപ്പന്‍ഹൈമര്‍ പ്രസിഡന്റിനോടു പറയുന്നു, എന്റെ കൈകളില്‍ നിറയെ രക്തമാണ്. അപ്പോള്‍ രക്തം തുടയ്ക്കാനായി എന്നോണം പോക്കറ്റില്‍ നിന്ന് ഒരു തൂവാലഎടുത്തു കൊടുക്കുന്നു ട്രൂമാന്. ബോംബ് സ്ഫോടനത്തിനു ശേഷം ഓപ്പന്‍ഹൈമറെ അഭിനന്ദിക്കാനും പുതിയൊരു പദ്ധതി-ഹൈഡ്രജന്‍ ബോംബ് നിര്‍മാണ പദ്ധതിയുടെ ഭാഗമാക്കാനുമായാണ് പ്രസിഡന്റ് ഓപ്പന്‍ഹൈമറെ തന്റെ ഓഫീസിലേക്കു ക്ഷണിക്കുന്നത്. ഓവല്‍ ഓഫീസില്‍ വര്‍ഷങ്ങള്‍ക്കു മുമ്പു നടന്ന സംഭവം സ്വാഭാവികമായി ഇവിടെ പകര്‍ത്തിയിരിക്കുന്നു. ഓപ്പന്‍ഹൈമറുടെ തകര്‍ച്ച തുടങ്ങുന്നത് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചക്കു ശേഷമാണ്. സോവിയറ്റ് യൂണിയന് ആണവരഹസ്യം ചോര്‍ത്തിക്കൊടുത്ത ചാരനായി വരെ അദ്ദേഹത്തെ മുദ്രകുത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഓപ്പന്ഹൈമര്ക്കു എല്ലാ പിന്തുണയും നല്കുന്ന ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനായി ടോം കോണ്ടിയും പ്രത്യക്ഷപ്പെടുന്നുണ്ട്.
എമിലി ബ്ലണ്ട്, മാറ്റ് ഡാമന്‍, ഫ്േളാറന്‍സ് പഗ്ഗ്, ജോഷ് ഹാട്ട്നെറ്റ്, കേസി അഫ്ലെക്, റാമി മാലിക്ക്, കെന്നത്ത് ബ്രനാഗ് തുടങ്ങി അഭിനേതാക്കളുടെ നീണ്ടനിര തന്നെ ചിത്രത്തിലുണ്ട്. കൃത്യമായ തിരഞ്ഞെടുപ്പാണ് ഓരോരുത്തരുടെ കാര്യത്തിലും നോളന് ചെയ്തിരിക്കുന്നത്. ‘മരണമായിത്തീര്ന്ന ഒരു മനുഷ്യന്, ലോകങ്ങളെ നശിപ്പിക്കുന്നവന്.’ ഈ സിനിമ ഏറെക്കാലം മറക്കാതെ നിലനില്ക്കും.