ചില അതുല്യ പുസ്തകങ്ങളുടെ പിതൃത്വം അടിച്ചുമാറ്റിക്കൊണ്ടുപോകുന്ന വൈകൃതങ്ങളും വളച്ചൊടിച്ച ചരിത്രവും ലോകത്തിന് പുതുമയൊന്നുമല്ല. പക്ഷെ ഈ ദുരന്തത്തിന് കൂടുതല്‍ ഇരയായിട്ടുള്ളത് കത്തോലിക്കാ സഭയാണ്. ചാത്യാത്ത് പള്ളിയുടെയും വരാപ്പുഴ ബസിലിക്കയുടെയും 350-ാം ജൂബിലി ആഘോഷിക്കുന്ന ഈ വര്‍ഷം (2023) മാത്തേവൂസ് പാതിരിയെ ഓര്‍ക്കുന്നത് സ്വാഭാവികം. പോര്‍ച്ചുഗീസുകാരെ തകര്‍ത്ത് കൊച്ചി പിടിച്ച ഡച്ചുകാര്‍ കത്തോലിക്കാ പള്ളികളും ഗ്രന്ഥശാലകളും നശിപ്പിച്ചു. വിദേശ കര്‍മലീത്താ മിഷനറിമാരോട് നാടുവിടാന്‍ പറഞ്ഞു. അങ്ങനെ ക്രൂരത കാട്ടിയ കാല്വിനിസ്റ്റുകള് രണ്ടു കത്തോലിക്കാ ദേവാലങ്ങള്‍ നിര്‍മിക്കാനുള്ള അനുമതി വിദേശ കര്‍മലീത്താ മിഷനറിയായ മത്തേവൂസ് പാതിരിക്ക് എങ്ങനെ നല്കി? അതിനുള്ള ഉത്തരമാണ് ‘ഹോര്‍ത്തൂസ് മലബാറിക്കൂസ്.’ അന്നത്തെ ഡച്ച് ഗവര്‍ണറായിരുന്ന വാന്‍ റീഡിനെയും മത്തേവൂസ് പാതിരിയെയും ഒരുമിച്ചിരുത്തിയ സ്പേസ് ആയിരുന്നു സസ്യശാസ്ത്രം. ഒരായുസ്സിന്റെ അന്വേഷണവും വരയും നിറഞ്ഞ മത്തേവൂസ് പാതിരിയുടെ ‘വിരിദാരിയും ഓറിയന്താലെ’ കണ്ട് അദ്ഭുതപ്പെട്ട വാന്‍ റീഡിന്റെ ആവശ്യമായിരുന്നു കൂടുതല്‍ വിപുലമായ ഗ്രന്ഥം. പാതിരിക്ക് പള്ളിയല്ലേ വലുത്! വിശ്രമമില്ലാതെ അന്വേഷണങ്ങള്‍ നടത്തി മത്തേവൂസ് പാതിരി വിരിദാരിയാത്തെ വിപുലീകരിച്ച് ഹോര്‍ത്തൂസ് മലബാറിക്കൂസ് ആക്കി. പക്ഷെ ആംസ്റ്റര്‍ഡാമില്‍ നിന്നു പുസ്തകം പുറത്തുവന്നപ്പോള്‍ ഗ്രന്ഥകര്‍ത്താവ് വാന്‍ റീഡ്. അങ്ങനെ അതുല്യ സസ്യശാസ്ത്രഗ്രന്ഥമായ ‘ഹോര്‍ത്തൂസ് മലബാറിക്കൂസ്’ മത്തേവൂസ് പാതിരിയുടെ കൈയില്‍ നിന്നു പോയി.
മൂന്ന് നുറ്റാണ്ടിനിപ്പുറവും തുടരുന്നു ദുര്‍വിധി
ലത്തീന്‍ ഭാഷയില്‍ രചിച്ച 12 വാള്യങ്ങളുള്ള ‘ഹോര്‍ത്തൂസ് മലബാറിക്കൂസ്’ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്താന്‍ കേരള യൂണിവേഴ്സിറ്റി തീരുമാനിച്ചു. അതിനു നിയോഗിച്ചത് കെ.എസ് മണിലാലിനെയായിരുന്നു. ലത്തീന്‍ ഭാഷയിലും സസ്യശാസ്ത്രത്തിലും ഒരുപോലെ പാണ്ഡിത്യമുള്ള ഒരാളേ അന്ന് ഈ ഭൂമിമലയാളത്തിലുള്ളൂ. ലണ്ടനിലെ ഇംപീരിയല്‍ കോളജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ നിന്നു പ്ലാന്റ് പാത്തോളജിയില്‍ ഡോക്ടറേറ്റ് നേടിയ ഫാ. ആന്റണി മുക്കത്ത്. യൂണിവേഴ്സിറ്റിയുടെ ആവശ്യം മണിലാല്‍ മുക്കത്ത് അച്ചന്റെ മുന്നിലെത്തിച്ചു. അച്ചന് ഉത്സാഹത്തോടെ വിവര്‍ത്തനം ആരംഭിച്ചു. ഏഴു വാള്യങ്ങള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞപ്പോള്‍ മുക്കത്ത് അച്ചന് പക്ഷപാതം വന്നതു മൂലം വിവര്‍ത്തനം തുടരാനായില്ല. കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം കേരള യൂണിവേഴ്സിറ്റി ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം പ്രസിദ്ധീകരിച്ചു. പക്ഷെ പരിഭാഷകന്റെ പേര് മണിലാല്‍!
ലത്തീന്‍ ഭാഷ അറിയാത്ത മണിലാല്‍ എങ്ങനെ ഈ ലത്തീന്‍ പുസ്തകം വിവര്‍ത്തനം ചെയ്തു?
ചരിത്രസത്യത്തെ കുഴിച്ചുമൂടി വ്യാജചരിത്രം നിര്‍മിക്കുന്ന ചരിത്രനിര്‍മാതാക്കള്‍ കേരള യൂണിവേഴ്സിറ്റിയില്‍ നുഴഞ്ഞുകയറിയിട്ടുണ്ട്. കത്തോലിക്കാ സഭ നല്‍കിയിട്ടുള്ള സേവനങ്ങളെ തമസ്കരിക്കുന്ന ദുര്‍വിധി ഇന്നും തുടരുന്നു.
കുരിശിങ്കല്‍ നിന്ന് അറിവിന്റെ ഒരു വന്മരം
ദൈവദാസന് ആര്‍ച്ച്ബിഷപ് ജോസഫ് അട്ടിപ്പേറ്റി, ദൈവദാസി മദര്‍ ഏലീശ്വാ, തിരഞ്ഞെടുപ്പിലൂടെ കേരള നിയമസഭയിലെത്തിയ ആദ്യത്തെ സ്പീക്കര്‍ എല്‍.എം പൈലി, പാപ്പുക്കുട്ടി ഭാഗവതര്‍, സത്യനാദകാഹള പത്രത്തിന്റെ സ്ഥാപകപത്രാധിപര്‍ ഫാ. ലൂയിസ് വൈപ്പിശ്ശേരി തുടങ്ങിയ പ്രഗത്ഭരെ മലയാളത്തിന് സമ്മാനിച്ച കുരിശിങ്കല്‍ ക്രൂസ് മിലാഗ്രിസ് ഇടവകയിലാണ് മുക്കത്ത് അച്ചന് 1923 മേയ് ആറാം തീയതി ജനിച്ചത്. ഓച്ചന്തുരുത്ത് സാന്ത ക്രൂസ് സ്കൂളിലും ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യന്‍ സ്കൂളിലുമായി ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി വരാപ്പുഴ അതിരൂപതയുടെ സെമിനാരിയില്‍ ചേര്‍ന്നു. ട്രിച്ചിനാപള്ളിയിലെ സെന്റ് ജോസഫ് കോളജിലും റോമിലെ പ്രൊപ്പഗാന്താ കോളജിലുമായി വൈദികപഠനം പൂര്‍ത്തിയാക്കി. പ്രൊപ്പഗാന്താ കോളജില്‍ നിന്ന് Ph.L, S.T.L, D.C.L. ബിരുദങ്ങള്‍ നേടിയതിനു ശേഷമാണു ലണ്ടനിലെ ഇംപീരിയല്‍ കോളജിലേക്ക് പോകുന്നത്.
നാട്ടില്‍ തിരിച്ചെത്തിയ മുക്കത്ത് അച്ചന് എറണാകുളം സെന്റ് ആല്‍ബര്‍ട്സ് കോളജില്‍ ബോട്ടണി ലെക്ച്ചറര്‍ ആയി സേവനം ആരംഭിച്ചു. പിന്നീട് കളമശേരി സെന്റ് പോള്‍സ് കോളജിന്റെ ആദ്യത്തെ പ്രിന്‍സിപ്പലായി. കോളജില്‍ നിന്നു വിരമിച്ച ശേഷം മംഗലപ്പുഴ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ വൈസ് റെക്ടറായും റെക്ടറായും സേവനം ചെയ്തു.
രണ്ടു പതിറ്റാണ്ട് കാലം അറിവുകൊണ്ടും വിശുദ്ധി കൊണ്ടും ആയിരത്തിലധികം വിശ്വപൗരന്മാര്ക്കു രൂപീകരണം കൊടുത്ത ഈ മഹാഗുരുവിനെ വിസ്മൃതിയില്‍ കുടിയിരുത്താനുള്ളതല്ല, അര്‍ഹിക്കുന്ന ആദരവോടെ ഈ ജന്മശതാബ്ദി വര്‍ഷം ആഘോഷിക്കാനുള്ളതാണ്.