ഉല്പ്പത്തിയിലേക്കുള്ള പുതിയൊരു പുറപ്പാടിനെക്കുറിച്ചാണ് ഫ്രാന്‍സിസ് പാപ്പായുടെ പാരിസ്ഥിതിക പ്രമാണരേഖയായ ലൗദാത്തോ സീ എന്ന ചാക്രികലേഖനം. അതിലെ പത്തു ഹരിത കല്പനകള് നമ്മുടെ പൊതുഭവനമായ ഭൂമിയുടെ നിലനില്പിനും പാവപ്പെട്ടവന്റെയും അവികസിത രാജ്യങ്ങളുടെയും സാമ്പത്തിക നീതിക്കുമുള്ള മാര്‍ഗരേഖയാണെന്ന് സമഗ്ര മാനവ വികസനത്തിനായുള്ള വത്തിക്കാന്‍ കാര്യാലയത്തിലെ പാരിസ്ഥിതികവിജ്ഞാന വിഭാഗത്തിന്റെ മേധാവിയായ സലേഷ്യന്‍ പരിസ്ഥിതിശാസ്ത്രജ്ഞന് റവ. ഡോ. ജോഷ്ട്രോം ഐസക് കുരീത്തടം സമര്‍ത്ഥിക്കുന്നു.
സമഗ്ര മാനവ വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വത്തിക്കാന്‍ ഡൈക്കാസ്റ്ററിയിലെ ‘ഇക്കോളജി ആന്‍ഡ് ക്രിയേഷന്’ വിഭാഗത്തിന്റെ കോ-ഓര്‍ഡിനേറ്ററാണ് റവ. ഡോ. ജോഷ്ട്രോം ഐസക് കുരീത്തടം എസ്ഡിബി. റോമിലെ സലേഷ്യന്‍ പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റിയിലെ ഫിലോസഫി ഓഫ് സയന്‍സ് ചെയറും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സസിന്റെ ഡയറക്ടറും കൂടിയാണ് അദ്ദേഹം.
1966ല്‍ എറണാകുളത്ത് ഇലഞ്ഞിയില്‍ ജനിച്ച ഫാ. ജോഷ്ട്രോം 1996-ല്‍ വൈദികപട്ടം സ്വീകരിച്ചു. 1989-ല്‍ പുണെയിലെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ നിന്ന് തത്ത്വചിന്തയില്‍ ബിരുദാനന്തര ബിരുദവും 1997-ല്‍ റോമിലെ സലേഷ്യന്‍ പൊന്തിഫിക്കല്‍ സര്‍വകലാശാലയില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടി. 1997 മുതല്‍ 2001 വരെ വാറങ്കലിലെ വിശ്വജ്യോതി ഡോണ്‍ ബോസ്കോ കോളജ് ഓഫ് ഫിലോസഫി ആന്‍ഡ് ഹ്യൂമന്‍ സയന്‍സസില്‍ പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ചു. 2007-ല്‍ റോമിലെ ഗ്രിഗോറിയന്‍ പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റിയില്‍ പരിസ്ഥിതി തത്ത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റ് പൂര്‍ത്തിയാക്കി. നിരവധി യൂണിവേഴ്സിറ്റികളില്‍ അധ്യാപകനാണ്.
ക്രിയേഷന് ഇന്‍ ക്രൈസിസ്: സയന്‍സ്, എത്തിക്സ്, തിയോളജി (ഓര്‍ബിസ് ബുക്സ്, 2014), പാരിസ്ഥിതിക പ്രതിസന്ധിയുടെ ദാര്‍ശനിക വേരുകള്‍: ഡെകാര്ട്ട് ആന്‍ഡ് മോഡേണ്‍ വേള്‍ഡ് വ്യൂ (കേംബ്രിജ് സ്കോളേഴ്സ്, 2017), ദ് ടെന്‍ ഗ്രീന്‍ കമാന്‍ഡ്മെന്റ്സ് ഓഫ് ലൗദാത്തോ സീ (പ്രിസ്ലിറ്റ് – 2019) എന്നിവയാണ് അദ്ദേഹത്തിന്റെ പ്രസിദ്ധീകരണങ്ങള്‍.
ഗ്ലോബല്‍ ക്ലൈമറ്റ് സമ്മിറ്റുകളിലേക്കും ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന യുഎന്‍ പരിപാടികളിലേക്കും വത്തിക്കാന്‍ പ്രതിനിധി സംഘത്തെ മോണ്‍. ജോഷ്ട്രോം നയിക്കുന്നു, പാപ്പയുടെ പ്രതിനിധിയായി അദ്ദേഹം രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നു.
കാല്‍നൂറ്റാണ്ടായി പാരിസ്ഥിതിക പ്രശ്നങ്ങള്‍ സംബന്ധിച്ച് യുവജനങ്ങള്‍ക്കും പ്രതിജ്ഞാബദ്ധതയുള്ള പ്രവര്‍ത്തകര്‍ക്കും വേണ്ടി വര്‍ക്ക്ഷോപ്പുകള്‍, അധ്യാപന കോഴ്സുകള്‍ എന്നിവ നടത്തുന്നു; ഈ മേഖലയില്‍ ലേഖനങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിക്കുന്നു. ”നമ്മുടെ പൊതുഭവനമായ” ഭൂമിയുടെ സംരക്ഷണത്തെക്കുറിച്ചുള്ള ഫ്രാന്‍സിസ് പാപ്പായുടെ ചാക്രികലേഖനമായ ‘ലൗദാത്തോ സീ’യുടെ പഠനവും വ്യാപനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് വത്തിക്കാനില്‍ നിന്ന് നേതൃത്വം വഹിക്കുന്നു. ഏതാനും ദിവസത്തെ സന്ദര്‍ശനത്തിനായി കൊച്ചിയിലെത്തിയ അദ്ദേഹവുമായി നടത്തിയ അഭിമുഖം.
? ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യം ചന്ദ്രയാന്‍ 3 റോക്കറ്റ് വിക്ഷേപണം ഒരു വശത്ത് ആഘോഷിക്കുമ്പോള്‍ ഇന്ത്യന്‍ തലസ്ഥാനം ഈ നൂറ്റാണ്ടിലെ വലിയ വെള്ളപ്പൊക്കത്തിലാണ്. ഉത്തരാഖണ്ഡിലും ഹിമാചല്‍പ്രദേശിലും മലയിടിച്ചിലും മേഘവിസ്ഫോടനവും പ്രളയവും – കാലാവസ്ഥാ വ്യതിയാനം, ആഗോളതാപനം, പ്രകൃതിക്ഷോഭങ്ങള്‍ – ഇതിന്റെയെല്ലാം പശ്ചാത്തലത്തില്‍ ഇന്ത്യയും ഏഷ്യയും നേരിടുന്ന കാലാവസ്ഥാവ്യതിയാന പ്രതിസന്ധിയെക്കുറിച്ച് എന്തു തോന്നുന്നു?
ഇന്ത്യയുടെ അല്ലെങ്കില്‍ ലോകത്തിന്റെതന്നെ രണ്ടു മുഖങ്ങളായി ഇതിനെ കാണാം. അതായത്, ഒരു തലത്തില്‍ നമ്മുടെ ശാസ്ത്രവും സാങ്കേതികവിദ്യയും പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ചന്ദ്രയാന്റെ ലക്ഷ്യം, ശൂന്യാകാശത്ത് ജീവനുണ്ടോ എന്നൊക്കെ കണ്ടുപിടിക്കുക എന്നതാണ്. അതേസമയംതന്നെ, ഡല്‍ഹിയിലും ഉത്തരാഖണ്ഡിലും ഹിമാചല്‍പ്രദേശിലുമൊക്കെ പ്രളയവും പ്രകൃതിക്ഷോഭങ്ങളുമുണ്ടാകുന്നു. യൂറോപ്പില്‍ ഇപ്പോള്‍ കൊടുംചൂടാണ്. ഇറ്റലിയിലെ സിസിലി ദ്വീപില്‍ ഈയാഴ്ച ചൂട് 48 ഡിഗ്രിയാണ്. അവിടെ ഉഷ്ണതരംഗത്തിലും സൂര്യാഘാതത്തിലും ജനങ്ങള്‍ മരിക്കുന്ന അവസ്ഥയുണ്ടാകുന്നു. ഇത്തരം കാലാവസ്ഥ അവിടെ വളരെ അപൂര്‍വമായാണ് സംഭവിക്കുന്നത്. ഇക്കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ചില വൈരുദ്ധ്യങ്ങള്‍ നമുക്കു കാണാന്‍ കഴിയും.
മറ്റു ഗ്രഹങ്ങളില്‍ ജീവന്റെ തുടിപ്പുണ്ടോ എന്നന്വേഷിക്കാന്‍ നമ്മള് കോടിക്കണക്കിനു പണം ചെലവിടുന്നു. അതേസമയം നമ്മുടെ ഭൂമിയില്‍ ചില ജീവികള്‍ വംശനാശം നേരിടുന്നുണ്ട്.
അവസാനത്തെ കണക്കനുസരിച്ച് ഭൂമിയില്‍ ഇപ്പോള്‍ 8 മില്യണ്‍ (80 ലക്ഷം) ജീവജാലങ്ങളാണുള്ളത്. അതില്‍ നമ്മള് ക്ലാസിഫൈ ചെയ്തിരിക്കുന്നത് കഷ്ടിച്ച് 2 മില്യണാണ്. എന്നാല്‍ നമ്മള് ഈ നിലയ്ക്കു പോയാല്‍ ഈ നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും ജീവജാലങ്ങളില്‍ 1 മില്യണിന്റെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ലൗദാത്തോ സീ എന്ന ചാക്രികലേഖനത്തില്‍ ഫ്രാന്‍സിസ് പാപ്പാ പറയുന്നത് ഭൂമി നമ്മുടെ ഗൃഹമാണെന്നാണ്. നമ്മുടെ ഭവനം. നമ്മുടെ വീടിനു തീപിടിച്ചാല്‍ ആരെങ്കിലും കൈകെട്ടി നോക്കിയിരിക്കുമോ? തീ അണയ്ക്കാന്‍ ശ്രമിക്കുമല്ലോ. പത്തുനാല്പതു വര്‍ഷങ്ങളായി ശാസ്ത്രജ്ഞര്‍ തുടര്‍ച്ചയായി കാലാവസ്ഥാ പ്രശ്നങ്ങളെകുറിച്ചു പറയുന്നുണ്ട്. കാലാവസ്ഥാവ്യതിയാന പ്രശ്നമുണ്ട്, പാരിസ്ഥിതിക പ്രശ്നങ്ങളുണ്ട്. ധാരാളം ചര്‍ച്ചകളും ഉച്ചകോടികളും ഇതു സംബന്ധിച്ച് നടക്കുന്നുണ്ട്. പക്ഷേ പ്രായോഗിക തലത്തില്‍ വളരെ കുറച്ചു പ്രവര്‍ത്തനങ്ങളേ ഉള്ളൂ. ഇതൊക്കെ പരിഹരിക്കാന്‍ നമുക്ക് മാര്‍ഗങ്ങളുണ്ട്. പക്ഷേ നമ്മള് താല്പര്യം കാണിക്കുന്നില്ല. ഇതിന്റെ ഗുരുതരാവസ്ഥ ശരിക്കും നമ്മള് മനസിലാക്കുന്നില്ല.
?ഇത്തരം പ്രതിസന്ധികള്‍ രൂക്ഷമായി ബാധിക്കുന്നത് അവികസിത രാജ്യങ്ങളെയും പാവങ്ങളെയുമാണല്ലോ. അതും വൈരുദ്ധ്യമാണല്ലോ…
തീര്‍ച്ചയായും. ഇത്തരം പ്രശ്നങ്ങള്‍ കൂടുതലും ബാധിക്കുന്നത് പാവങ്ങളെയും പാര്ശ്വവത്കരിക്കപ്പെട്ടവരെയുമൊക്കെയാണ്. ബംഗ്ലാദേശ് പോലുള്ള പല ചെറിയ രാജ്യങ്ങളും സമുദ്രത്തില്‍ മുങ്ങിത്താണുകൊണ്ടിരിക്കുകയാണ്. പ്രശ്നങ്ങള്‍ നമ്മുടെ പടിക്കലെത്തിക്കഴിഞ്ഞു. അവിടേയും ഒരു വൈരുദ്ധ്യാത്മകതയുണ്ട്. നമ്മുടെ സാമ്പത്തിക വ്യവസ്ഥ ചലിക്കുന്നത് വിപരീത ദിശയിലാണ്. ഭൂമിയിലെ വിഭവങ്ങളില്‍ എല്ലാവര്ക്കും അവകാശമുണ്ട്. പക്ഷേ ഇപ്പോഴത്തെ ഇക്കോണമി ശ്രമിക്കുന്നത് ഏറ്റവും പെട്ടെന്ന് ലാഭമുണ്ടാക്കാനാണ്. അത് ഭൂമിയെ ചൂഷണം ചെയ്തായാലും മറ്റുള്ളവരെ ചൂഷണം ചെയ്തായാലും വേണ്ടില്ല എന്ന മട്ടിലാണ്. ഇക്കോണമിക്ക് ധാര്‍മികത നഷ്ടപ്പെട്ടു. ശരിക്കും ഇക്കോണമി എന്ന വാക്കിന്റെ ഉദ്ഭവം ‘ഒയ്കോ’ ‘നോമോസ്’ എന്ന പദങ്ങളില്‍ നിന്നാണ്. ഗൃഹഭരണം, വീട്ടുകാര്യങ്ങള്‍ മാനേജ് ചെയ്യല്‍ എന്നാണ് വിപക്ഷ. പക്ഷേ ഇപ്പോള്‍ ഇക്കോണമി എന്ന വാക്കു തന്നെ അധഃപതിച്ചിരിക്കുകയാണ്. ഇക്കോണമി എന്നാല്‍ ഈ ഗ്രഹത്തെ സംരക്ഷിക്കുക, അതിലെ എല്ലാവരെയും സംരക്ഷിക്കുക എന്നൊക്കെയാണ് അര്‍ത്ഥമാക്കുന്നത്. അതാണിപ്പോള്‍ വിപരീത ദിശയില്‍ പോകുന്നത്. ഇന്ത്യയില്‍തന്നെ അങ്ങനെയാണ്.
വിഴിഞ്ഞം വലിയ ഉദാഹരണമാണ്. അവിടെ വലിയൊരു പോര്‍ട്ട് ഉണ്ടാക്കുന്നു. മനുഷ്യനെയോ മനുഷ്യന്റെ ആവശ്യങ്ങളെയോ ഉള്‍ക്കൊള്ളാത്ത വികസനമാണത്. പ്രകൃതിയെ വല്ലാതെ ചൂഷണം ചെയ്യുന്നു.
അത്തരം വികസനം കൊണ്ട് കാര്യമില്ല. കാരണം, ആ വികസനം പതിന്മടങ്ങ് നമ്മളെ തിരിച്ചടിക്കും. നമ്മള് പരിസ്ഥിതി സംരക്ഷിക്കാനും പ്രതിരോധിക്കാനുമൊക്കെ പണം ചെലവാക്കിയാല്‍ നമ്മുടെ ജിഡിപിയെ ഇപ്പോള്‍ 3 ശതമാനം കണ്ട് ബാധിക്കുമെന്നാണ് അതിനെ എതിര്‍ക്കുന്നവര്‍ നിരത്തുന്ന ന്യായം. പക്ഷേ ഇപ്പോള്‍ നമ്മള് ഒന്നും ചെയ്യുന്നില്ലെങ്കില്‍ ഈ നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും അടുത്ത തലമുറ ചെലവാക്കേണ്ടത് 15-20 ശതമാനം ജിഡിപിയായിരിക്കും. ഹ്രസ്വദൃഷ്ടി എന്നാണ് ഇതിനെ വിശേഷിപ്പിക്കേണ്ടത്. ഇതൊക്കെയാണ് നമ്മുടെ വൈരുദ്ധ്യാത്മകത. പാവങ്ങളെ ബാധിക്കുന്നുവെന്നു മാത്രമല്ല, വരുംതലമുറകള്‍ക്ക് വാസയോഗ്യമല്ലാത്ത ഒരു ഇടമായി ഭൂമി മാറാനുമിടയുണ്ട്. ഫ്രാന്‍സിസ് പാപ്പാ ഇടയ്ക്കിടെ പറയുന്ന ഒരു വാചകമുണ്ട്: നമ്മള് സ്രഷ്ടാവിന്റെ കൈകളില്‍ നിന്നു സ്വീകരിച്ചിരിക്കുന്നത് ഒരു ഉദ്യാനമാണ്; പക്ഷേ വരുംതലമുറകള്‍ക്ക് നമ്മളൊരു മരുഭൂമി ബാക്കിവയ്ക്കരുത്. നമ്മുടെ തന്നെ ഗ്രഹത്തെ നാം നശിപ്പിക്കാന്‍ പോകുകയാണ്. അതിന്റെ പ്രത്യാഘാതം ഇപ്പോള്‍ പാവപ്പെട്ടവരും പിന്നീട് വരുംതലമുറയുമാണ് അനുഭവിക്കാന്‍ പോകുന്നത്.
? ധാര്‍മിക വീക്ഷണത്തിന്റെ അഭാവമാണോ ഇതിനു കാരണം
അതെ. തീര്‍ച്ചായും. നേരത്തെയുള്ള ധാരണ ഇത്തരം പ്രശ്നങ്ങളെല്ലാം സമ്പന്നരാജ്യങ്ങളെയും പണക്കാരെയുമാണ് ബാധിക്കുന്നതെന്നായിരുന്നു. പക്ഷേ ഇപ്പോള്‍ മനസിലാകുന്നു: അത് പാവങ്ങളെ ബാധിക്കുന്നു, വരുംതലമുറയെ ബാധിക്കുന്നു, സൃഷ്ടിയെതന്നെ ബാധിക്കുന്നു. ഭക്ഷ്യസുരക്ഷയുടെ പ്രശ്നംതന്നെ ഉദാഹരണമായെടുത്താല്‍ അതു മനസിലാകും. എന്താണ് കൃഷി ചെയ്യേണ്ടതെന്നും ആ ഉത്പന്നത്തിന് കമ്പോളത്തില്‍ എത്രയാണ് വില ഇടേണ്ടതെന്നും നിശ്ചയിക്കുന്നത് കുത്തക കമ്പനികളാണ്. അവര്‍ നോക്കുന്നത് ലാഭം മാത്രമാണ്. ആഹാരം വിറ്റ് പണമുണ്ടാക്കുന്നത് ധാര്‍മിക അധഃപതനമാണ്. ധാര്‍മിക വീക്ഷണത്തിലൂടെ ഇതിനെ വിലയിരുത്തിയില്ലെങ്കില്‍ വലിയ വില കൊടുക്കേണ്ടി വരും. നമുക്കറിയാം, നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനമനുസരിച്ച് ഇതെല്ലാം ദൈവത്തിന്റെ സൃഷ്ടിയാണ്. ഉത്പത്തി പുസ്തകത്തില്‍ അതു കാണുന്നുണ്ട്. അതൊരു മിത്തോളജിക്കല്‍ നരേറ്റീവാണ്. പക്ഷേ, അതിന്റെ അടിസ്ഥാന സത്യം എല്ലായ്പ്പോഴും റെലവന്റാണ്. കര്‍ത്താവാണ് എല്ലാം സൃഷ്ടിച്ചിരിക്കുന്നത്. ഉദ്യാനമാകുന്ന ഒരു ഭവനം നമുക്കുവേണ്ടി സൃഷ്ടിച്ചിട്ട് ആദത്തിനോടും ഹവ്വയോടും കര്‍ത്താവ് പറയുന്ന ഒരേ ഒരു വാചകമേയുള്ളൂ: നിങ്ങളീ ഉദ്യാനം കൃഷി ചെയ്യുകയും സംരക്ഷിക്കുകയും ചെയ്യുക (ഉത്പത്തി 2-15.) മാനവരാശിക്ക് പ്രകൃതിയെയും മറ്റുള്ള ജീവജാലങ്ങളെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വമുണ്ട്. വിശ്വാസത്തിന്റെ തലത്തില്‍ നോക്കുമ്പോള്‍ ഇതു വെറുമൊരു പ്രകൃതിലോകമല്ല, ദൈവത്തിന്റെ സൃഷ്ടിയാണ്. അവിടുത്തെ കരവേലയാണ്. ദൈവത്തിന്റെ സൃഷ്ടിയെ പരിപാലിക്കുക, സംരക്ഷിക്കുക എന്നത് മനുഷ്യന്റെ വലിയൊരു ഉത്തരവാദിത്വമാണ്. അന്തരീക്ഷ മലിനീകരണം ഏറ്റവും കുറവു നടത്തുന്നത് ആഫ്രിക്കന്‍ രാജ്യങ്ങളാണ്. പക്ഷേ ഇതിന്റെ ബുദ്ധിമുട്ട് ഇപ്പോള്‍ കൂടുതല്‍ അനുഭവിക്കുന്നത് അവിടങ്ങളിലെ ജനങ്ങളാണ്.
ലൗദാത്തോ സീയില്‍ ഫ്രാന്‍സിസ് പാപ്പാ പറയുന്നുണ്ട്, ഇതു ഭൂമിയുടെ രോദനം മാത്രമല്ല, പാവങ്ങളുടെ രോദനം കൂടിയാണെന്ന്.
എല്ലാ മതങ്ങളും പറയുന്നത് എല്ലാവരും ഒരു കുടുംബത്തില്‍ നിന്നുള്ളവരാണെന്നാണ്. എല്ലാവരും ദൈവത്തിന്റെ മക്കളാണെന്ന്. ഒരു വീട്ടിലുള്ളവരെല്ലാം അവിടത്തെ വിഭവങ്ങള്‍ പങ്കിട്ടല്ലേ ജീവിക്കുന്നത്? ജിവിക്കേണ്ടത്? വീട്ടിലെ ഒരാള്‍ക്ക് അസുഖമോ മറ്റോ ഉണ്ടെങ്കില്‍ മറ്റുള്ളവര്‍ അയാളെ സഹായിക്കില്ലേ? ഭൂമിയുടെ കാര്യവും ഇതുതന്നെയാണ്. എല്ലാവരും ഭൂമിയുടെ അവകാശികളാണ്. ഇപ്പോള്‍ നമ്മള് ചെയ്യുന്നത് അങ്ങനെയാണോ?
? ഫ്രാന്‍സിസ് പാപ്പാ പറയും പോലെ, ഏറ്റവും പാവപ്പെട്ട മനുഷ്യരുടെ ജീവല്‍പ്രശ്നങ്ങള്‍ ഇതിലടങ്ങിയിട്ടുണ്ട്. രാഷ്ട്രീയ, സാമ്പത്തിക നയരൂപീകരണങ്ങളുടെ പ്രശ്നമുണ്ടാകും. ആഗോള ക്ലൈമറ്റ് ഉടമ്പടികളോടുള്ള കമ്മിറ്റ്മെന്റിന്റെ പ്രശ്നമുണ്ടാകും. ഫ്രാന്‍സിസ് പാപ്പായും പ്രധാനമന്ത്രി മോദിയുമായുള്ള വത്തിക്കാനിലെ കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ ക്ലൈമറ്റ് ഇനീഷ്യറ്റീവുകളുടെ ഒരു പുസ്തകവുമുണ്ടായിരുന്നു…
നമ്മുടെ ആദരണീയനായ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രാന്‍സിസ് പാപ്പായുമായി കൂടിക്കാഴ്ചയ്ക്ക് എത്തിയപ്പോള്‍ പാപ്പാ ലൗദാത്തോ സീയാണ് മോദിക്കു കൊടുത്തത്. മോദി നല്‍കിയത് ഇന്ത്യയുടെ ക്ലൈമറ്റ് ഇനീഷ്യറ്റീവുകളുടെ ഒരു പുസ്തകമായിരുന്നു. മോദി അവിടെ നിന്ന് നേരെ പോയത് ക്ലൈമറ്റ് ഉച്ചകോടിക്ക് ഗ്ലാസ്ഗോയിലേക്കാണ്. അവിടെ പോയ വത്തിക്കാന്‍ സംഘത്തില്‍ ഞാനുമുണ്ടായിരുന്നു. ഇന്ത്യ ഒരു ഡെവലപ്പിങ് രാജ്യമാണല്ലോ. കാലാവസ്ഥാ വ്യതിയാനത്തില്‍ രണ്ടു കാര്യങ്ങള്‍ നമ്മള് പരിഗണിക്കണം. ചരിത്രപരമായ കാര്യങ്ങളാണ് ആദ്യത്തേത്. ശരിക്കും ഈ പ്രശ്നങ്ങള്‍ തുടങ്ങുന്നത് 1850നോടടുത്ത് വ്യാവസായിക വിപ്ലവത്തോടെയാണ്. വികസിത രാജ്യങ്ങളാണ് ഈ പ്രശ്നത്തില്‍ മുഖ്യപങ്കുവഹിച്ചിട്ടുള്ളത്, അധിക ശതമാനം കോണ്ട്രിബ്യൂഷനും അവരുടേതാണ്. യൂറോപ്യന്‍ യൂണിയന് ഇതു സമ്മതിക്കുന്നുണ്ടെങ്കിലും യുഎസ്എ ഉള്‍പ്പെടെയുള്ള പല രാജ്യങ്ങളും സമ്മതിക്കുന്നില്ല. രണ്ടാമത്തെ കാര്യം, കാര്‍ബണ്‍ ഡൈഓക്സൈഡ് ബഹിര്‍ഗമനത്തിന്റെ പ്രതിശീര്‍ഷ തോതാണ്. ഒരു വീട്ടില്‍ എല്ലാവരും ഒരുമിച്ചു താമസിക്കുമ്പോള്‍ എല്ലാവര്ക്കും തുല്യപങ്കാണ്. കോമണ്‍ ഗുഡ് എന്നാണ് ലൗദാത്തോ സീയില്‍ പാപ്പാ ഇതിനെക്കുറിച്ചു പറയുന്നത്. ഒരു വര്‍ഷം ഒരു അമേരിക്കന്‍ പൗരന്റെ പെര് ക്യാപിറ്റ വേസ്റ്റ് 16 ടണ്ണാണ്. യൂറോപില്‍ അത് 8 ടണ്ണാണ്. ചൈന ഇപ്പോള്‍ യൂറോപ്പിനൊപ്പമെത്തിക്കൊണ്ടിരിക്കുന്നു. ഇന്ത്യയുടേത് ഇപ്പോഴും 2 ടണ്ണില്‍ താഴെയാണ്. ജനസംഖ്യയില്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രമാണെങ്കിലും സിഒടി എമിഷന്റെയും മറ്റും കാര്യത്തില്‍ നമ്മുടെ പങ്ക് മറ്റുള്ളവരെ അപേക്ഷിച്ച് കുറവാണെന്നര്‍ത്ഥം. പക്ഷേ, കാലാവസ്ഥാ വ്യതിയാനം പോലുള്ള പ്രശ്നങ്ങളില്‍ ഏറ്റവുമധികം ബുദ്ധിമുട്ടുന്നത് ഇന്ത്യയെപോലുള്ള രാജ്യങ്ങളാണ്.
? പാശ്ചാത്യ രാജ്യങ്ങളെല്ലാം സാമ്പത്തികമായി വികസിച്ചത് വലിയ രീതിയില്‍ ഭൂമിയെ മലിനീകരിച്ചുകൊണ്ടാണ്. ഇന്ത്യ ഈ വഴിക്കു തന്നെയാണോ നീങ്ങുന്നത്? മറിച്ചു ചിന്തിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി നാം പ്രദര്ശിപ്പിക്കേണ്ടതല്ലേ?
നമ്മള് പാശ്ചാത്യരുടെ വഴിയേ പോകേണ്ട കാര്യമില്ല എന്നു നിശ്ചയിക്കുകയാണു വേണ്ടത്. നമ്മുടെ അന്തരീക്ഷത്തെയും ജലത്തെയും മലിനീകരിക്കാതെ നമ്മുടേതായ റിന്യൂവബിള്‍ എനര്‍ജി മാര്‍ഗങ്ങളിലൂടെ വികസനം സാധ്യമാക്കണം. നമുക്കതിനുള്ള സാധ്യതകളുണ്ട്. പക്ഷേ, ഇതിന്റെയെല്ലാം വല്ലാത്തൊരു അഭാവമെന്നു പറയുന്നത് രാഷ്ട്രീയ ഇച്ഛാശക്തി തന്നെയാണ്. ലോകത്തിലെ 70 ശതമാനം ഇക്കോണമിയും ഇപ്പോഴും ചലിക്കുന്നത് ജൈവ ഇന്ധനങ്ങളെ (ഫോസില്‍ ഫ്യൂവല്‍സ്) ആശ്രയിച്ചാണ്. കല്‍ക്കരി, പെട്രോളിയം ഉല്പന്നങ്ങളെ ആശ്രയിച്ചാണ്. അതു നമ്മുടെ അന്തരീക്ഷത്തെ വലിയ തോതില്‍ മലിനപ്പെടുത്തുന്നു. കുറച്ചുനാള്‍ മുമ്പ് ഒരു റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു, ജൈവ ഇന്ധന മലിനീകരണം നേരിടാന്‍ ഇപ്പോള്‍ 5 ട്രില്യണ്‍ ഡോളറാണ് ലോകത്താകെ ചെലവിടുന്നതെന്ന്. അതുകൊണ്ടുതന്നെ നമ്മളത് പരമാവധി ഒഴിവാക്കാന്‍ ശ്രമിച്ചാല്‍ അന്തരീക്ഷമലിനീകരണം, ആരോഗ്യപ്രശ്നങ്ങള്‍ എല്ലാം നല്ല തോതില്‍ കുറയും. പക്ഷേ നേരത്തെ സൂചിപ്പിച്ചതുപോലെ എല്ലാവരും ആഗ്രഹിക്കുന്നത് പെട്ടെന്ന് ലാഭമുണ്ടാക്കാനാണ്. ഇപ്പോഴത്തെ കാര്യങ്ങള്‍ നടക്കട്ടെ എന്നാണ് ചിന്ത. നമുക്ക് നല്ല മാര്‍ഗങ്ങള്‍ മഹാത്മാഗാന്ധി തന്നെ കാണിച്ചുതന്നിട്ടുണ്ട്. വിദേശ ഉത്പന്നങ്ങള്‍ ബഹിഷ്കരിച്ച് സ്വദേശി ഉത്പന്നങ്ങള്‍ നിര്‍മിക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഈ പോസിബിലിറ്റി നമ്മളെപ്പോഴും പറയുമെങ്കിലും അതു നടക്കില്ലെന്നും പറയും. എണ്ണകമ്പനികളെ കുറ്റം പറഞ്ഞ് നമ്മുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറും. നമുക്കാണ് ഉത്തരവാദിത്വം, നമ്മളാണ് ഉപഭോക്താക്കള്‍, നമ്മളാണ് ഇതനുഭവിക്കേണ്ടത് എന്ന കാര്യം മനസിലാക്കണം. നമ്മള്‍തന്നെ മാറണം. നമ്മള് ഉപഭോഗം കുറച്ചാല്‍ മലിനീകരണം കുറയും. നമ്മള് ലക്ഷ്വറി പരമാവധി ഒഴിവാക്കണം.
ഒരു കുടുംബത്തിന് സഞ്ചരിക്കാന്‍ ഒരു കൊച്ചുകാര്‍ ധാരാളം മതി. പക്ഷേ, ഇവിടെ ഏറ്റവും വലിയ കാറിലും പ്രൈവറ്റ് ജെറ്റിലും മറ്റുമാണ് പലരുടേയും സഞ്ചാരം.
? ആഗോളസഭയിലും മതങ്ങളുടെ ലോക പാര്‍ലമെന്റ് പോലുള്ള ഇതര വിശ്വാസ സമൂഹങ്ങളുമായുള്ള സഹവര്‍ത്തിത്വത്തിലും യുഎന്‍ ഏജന്‍സികളും സര്‍വകലാശാലകളും പോലുള്ള ഇന്റര്‍നാഷണല്‍ വേദികളിലും വത്തിക്കാന്റെ ഇക്കോളജിക്കല്‍ സാക്ഷ്യം എങ്ങനെയാണ് നിര്‍വഹിക്കുന്നത്?
സമഗ്ര മാനവ വികസനത്തിനായുള്ള വത്തിക്കാന്‍ ഡൈകാസ്റ്ററി (ഡൈകാസ്റ്ററി ഫോര്‍ പ്രൊമോട്ടിങ് ഇന്റഗ്രല്‍ ഹ്യൂമന്‍ ഡവലപ്മെന്റ്) 2017-ല്‍ രൂപംകൊണ്ടതാണ്. വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പായുടെ ഹൃദയത്തോട് ഏറ്റവും അടുത്ത സമകാലീന മാനുഷിക പ്രതിസന്ധികള്‍ – കുടിയേറ്റം, അഭയാര്‍ഥികള്‍, പാരിസ്ഥിതിക പ്രതിസന്ധി തുടങ്ങിയവ – ഈ കാര്യാലയം കൈകാര്യം ചെയ്യുന്നു. ഈ ഡൈകാസ്റ്ററിയില് ഇക്കോളജി (പരിസ്ഥിതിവിജ്ഞാനം), ക്രിയേഷന് (സൃഷ്ടി) വകുപ്പിന്റെ കോ-ഓര്‍ഡിനേറ്റര്‍ എന്ന നിലയില്‍ സൃഷ്ടിജാലം, ദൈവശാസ്ത്രം, പാരിസ്ഥിതിക പാപം, പാരിസ്ഥിതിക പുണ്യകര്‍മങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട മോറല്‍ തിയോളജി, പ്രകൃതിയുമായി ഇണങ്ങുന്ന ആധ്യാത്മികത, പാരിസ്ഥിതിക മാനസാന്തരം, പാരിസ്ഥിതിക പൗരത്വം, സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക നയരൂപീകരണം എന്നിങ്ങനെ വ്യത്യസ്തങ്ങളും അതിസങ്കീര്‍ണവുമായ മണ്ഡലങ്ങളിലാണ് ഞങ്ങള്‍ വ്യാപരിക്കുന്നത്. കാലാവസ്ഥ, ഭക്ഷ്യസുരക്ഷ, കുടിയേറ്റം, അഭയാര്‍ഥികള്‍ ഇവയെല്ലാം പരസ്പരബന്ധിതങ്ങളാണ്. എല്ലാം ബാധിക്കുന്നത് മാനവവികസനത്തെയാണ്. കുടിയേറ്റത്തിന്റെ അടിസ്ഥാന കാരണം കാലാവസ്ഥാ പ്രശ്നങ്ങളാണെന്നാണ് ഞങ്ങള്‍ മനസിലാക്കിയിട്ടുള്ളത്. കോടിക്കണക്കിനാളുകളാണ് ഇത്തരത്തില്‍ കുടിയേറ്റത്തിനു വിധേയരാകുന്നത്. കണക്കുകളില്‍ ഇതൊന്നും പെടാത്തതിനു കാരണം അവര്‍ തങ്ങളുടെ താമസസ്ഥലത്തു നിന്നു മാറിപ്പോകുന്നത് അവരുടെ രാജ്യത്തിന്റെ തന്നെ മറ്റൊരു ദിക്കിലേക്കാണെന്നതുകൊണ്ടാണ്. സമഗ്രമായി ഈ വിഷയങ്ങളെ കൈകാര്യം ചെയ്യാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.
?റോമിലെ സലേഷ്യന്‍ പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റിയില്‍ ഫിലോസഫി ഓഫ് സയന്‍സ് വകുപ്പുമേധാവി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സസ് ഡയറക്ടര്‍ എന്ന നിലയില്‍ ഏതെങ്കിലും സംഘടനകളുമായോ യൂണിവേഴ്സിറ്റിയുമായോ പ്രസ്ഥാനങ്ങളുമായോ ഇക്കോളജിക്കല്‍ പഠനങ്ങളില്‍ സഹകരണമുണ്ടോ? ഏതെങ്കിലും പാരിസ്ഥിതിക പ്രസ്ഥാനങ്ങളുമായി ബന്ധമുണ്ടോ?
വത്തിക്കാന്‍ ഒരു സ്വതന്ത്ര രാഷ്ട്രമാണല്ലോ. യുഎന്നുമായൊക്കെ സഹകരിച്ച് ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. യുഎന്നിന്റെ എന്വയണ്മെന്റല് സെന്ററിന്റെ ആസ്ഥാനം നയ്റോബിയാണ്. അവിടെ പല കാര്യങ്ങള്‍ക്കുമായി വിളിക്കുകയും പോകുകയും ചെയ്യാറുണ്ട്. കാലാവസ്ഥ ഉച്ചകോടികള്‍, രാജ്യാന്തര സെമിനാറുകള്‍ എന്നിവയ്ക്കൊക്കെ പോകുമ്പോള്‍ മറ്റു രാഷ്ട്രങ്ങളുടെ പ്രതിനിധികളുമായി ബന്ധപ്പെടാറുണ്ട്. ലൗദാത്തോ സീയാണ് പലരുടെയും കാഴ്ചപ്പാടുകളില്‍ വലിയ വ്യത്യാസം വരുത്തിയത്. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയില്‍ ലൗദാത്തോ സീ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയിട്ടുണ്ട്. വലിയൊരു ബഹുമതിയാണത്. ഫ്രാന്‍സിസ് പാപ്പായുടെ തന്നെ ചാക്രികലേഖനങ്ങള്‍ സഭയുടെ, കുടുംബങ്ങളുടെ, പ്രത്യേക വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ വിശകലനം ചെയ്യുന്നതാണ്. പൊതുവായത് ഉണ്ടായിട്ടുണ്ടെങ്കില്‍ കൂടി ലൗദാത്തോ സീ പോലെ വളരെ വിശാലമായ കാഴ്ചപ്പാട് അപൂര്‍വമാണ്. ലോകം നേരിടുന്ന വലിയ വെല്ലുവിളിയെയാണ് ഫ്രാന്‍സിസ് പാപ്പാ സഭയുടെ പേരില്‍ ഇതില്‍ അഭിസംബോധന ചെയ്തിരിക്കുന്നത്. ശാസ്ത്രലോകത്ത്, പൊതുമണ്ഡലത്തിലെല്ലാം വലിയ സ്വീകാര്യതയാണ് ലൗദാത്തോ സീക്ക് ലഭിച്ചിരിക്കുന്നത്.
ലൗദാത്തോ സീ വന്നതോടെയാണ് പാരിസ് ഉച്ചകോടി സാധ്യമായതെന്ന് മുന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണൊക്കെ തുറന്നുസമ്മതിച്ചിട്ടുണ്ട്.
ലോകബാങ്കിന്റെ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായ നിക്കൊളാസ് സ്റ്റേണിനെപോലുള്ളവരും ലൗദാത്തോ സീയുടെ പ്രാധാന്യത്തെകുറിച്ച് സംസാരിക്കുന്നവരാണ്. ലോകത്തിലെ നിരവധി യൂണിവേഴ്സിറ്റികള്‍ ലൗദാത്തോ സീയെ ആസ്പദമാക്കി പഠനങ്ങള്‍ നടത്തുന്നുണ്ട്. കാരണം, ഇതൊരു ചാക്രികലേഖനം മാത്രമല്ല, ലോകത്തിനുതന്നെ പ്രധാനപ്പെട്ട മാര്‍ഗനിര്‍ദേശം നല്കുന്ന മാര്ഗരേഖയാണല്ലോ.
?കാലാവസ്ഥാ വ്യതിയാനം, പാരിസ്ഥിതിക പ്രശ്നങ്ങള്‍, കുടിയേറ്റം തുടങ്ങിയ കാര്യങ്ങളില്‍ ആഗോളതലത്തില്‍ മതവിഭാഗങ്ങളില്‍ കത്തോലിക്കാ സഭയാണല്ലോ കൂടുതല്‍ താല്പര്യം പ്രദര്‍ശിപ്പിച്ചു കാണുന്നത്…
മറ്റു മതങ്ങളും ഈ വിഷയത്തില്‍ സജീവമായി ഇടപെടണമെന്നാണ് നമ്മള് ആഗ്രഹിക്കുന്നത്. കാരണം, ഇത് എല്ലാവരെയും ബാധിക്കുന്ന അതിസങ്കീര്‍ണമായ പ്രശ്നമാണ്. ഒരുകൂട്ടം ആളുകള്‍ക്കോ ഒരു സമൂഹത്തിനോ മാത്രം പരിഹരിക്കാന്‍ കഴിയുന്നതല്ല. രാഷ്ട്രീയക്കാര്‍, സാമ്പത്തിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, കര്‍ഷകര്‍, തൊഴിലാളികള്‍, ശാസ്ത്രജ്ഞര്‍, മാധ്യമപ്രവര്‍ത്തകര്‍ അങ്ങനെ സമൂഹത്തിന്റെ നാനാതുറയിലുമുള്ളവര്‍ സഹകരിക്കണം. മതങ്ങള്‍ക്ക് ഇതില്‍ വലിയ പങ്കുവഹിക്കാന്‍ സാധിക്കും. സൃഷ്ടി എന്നത് മതങ്ങളെ സംബന്ധിച്ചിടത്തോളം ആഴത്തിലുള്ള ഒരു വീക്ഷണമാണ്. രണ്ടാമത്തേത്, മതങ്ങളെപ്പോഴും ഐക്യദാര്‍ഢ്യം പ്രോത്സാഹിപ്പിക്കുന്നവരാണെന്നതാണ്. പാവങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്, സാമൂഹികസേവനം മുഖമുദ്രയാക്കിയവരാണ്. മതങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വളരെയേറെ ചെയ്യാന്‍ സാധിക്കുമെന്നത് ഞങ്ങളുടെ വലിയ പ്രത്യാശ കൂടിയാണ്. ഗ്ലാസ്ഗോ ഉച്ചകോടിക്കു മുമ്പായി ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനില്‍ എല്ലാ മതമേലധ്യക്ഷന്മാരെയും വിളിച്ചുകൂട്ടിയിരുന്നു. വിവിധ മതങ്ങളെയും ആദിമഗോത്രവിഭാഗങ്ങളേയും പ്രതിനിധീകരിച്ച് നാല്പത്തഞ്ചോളം പേര് അതില്‍ പങ്കെടുത്തു. ഗ്ലാസ്ഗോ ഉച്ചകോടിയില്‍ പ്രധാനവേദിയില്‍ പ്രദര്‍ശിപ്പിച്ച ഏക ഡോക്യുമെന്റും അതായിരുന്നു. പക്ഷേ പല കാരണങ്ങളാല്‍ ഈ മുന്നേറ്റത്തില്‍ നമ്മള് വളരെ മന്ദഗതിയിലാണ്.
?എന്വയണ്മെന്റല് സയന്‍സ് മേഖലയില്‍ അങ്ങ് എത്തപ്പെടുന്നത് എങ്ങനെയാണ്? എത്ര വര്‍ഷമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു? ദ് ഫിലോസോഫിക്കല്‍ റൂട്സ് ഓഫ് ഇക്കോളജിക്കല്‍ ക്രൈസിസ്, ക്രിയേഷന് ഇന്‍ ക്രൈസിസ്: സയന്‍സ്, എത്തിക്സ് ആന്‍ഡ് തിയോളജി തുടങ്ങിയ അങ്ങയുടെ രചനകളുടെ പശ്ചാത്തലം എന്താണ്?
ദൈവാനുഗ്രഹമാണെന്നു പറയാം. ഏതാണ്ട് 25 വര്‍ഷമായി എനിക്കീ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 1990കളില്‍, ആന്ധയിലെ വാറങ്കലിലെ വിശ്വജ്യോതി ഡോണ്‍ ബോസ്കോ കോളജ് ഓഫ് ഫിലോസഫി ആന്‍ഡ് ഹ്യൂമന്‍ സയന്‍സസില്‍ സേവനമനുഷ്ഠിച്ച കാലത്ത് അവിടെ കര്‍ഷക ആത്മഹത്യ വല്ലാതെ പെരുകിയിരുന്നു. കാര്‍ഷിക വിളകളുടെ നാശം, സാമ്പത്തിക തകര്‍ച്ച എന്നിവയൊക്കെയാണ് കാരണങ്ങളായി പറഞ്ഞിരുന്നത്. എന്നാല്‍ ഞാന്‍ വിശദമായി പഠിച്ചപ്പോള്‍ പ്രകൃതിക്ഷോഭങ്ങളും മറ്റും ഉണ്ടാകുന്നത് പ്രധാനമായും കാലാവസ്ഥയുമായി ബന്ധപ്പെട്ടാണെന്ന് മനസിലായി. തിരികെ ഞാന്‍ റോമിലെത്തിയപ്പോള്‍ എന്നോട് പ്രപഞ്ചശാസ്ത്രത്തില്‍ ഡോക്ടറേറ്റ് ചെയ്യാന്‍ പറഞ്ഞു. അപ്പോള്‍ എനിക്ക് എന്വയണ്മെന്റല് സയന്‍സിനെക്കുറിച്ച് പഠിക്കാന്‍ പറ്റുമോ എന്നു ചേദിക്കുകയും മേലധികാരികള്‍ അനുവദിക്കുകയും ചെയ്തു. ദ് ഫിലോസോഫിക്കല്‍ റൂട്സ് ഓഫ് ഇക്കോളജിക്കല്‍ ക്രൈസിസ് (പാരിസ്ഥിതിക പ്രതിസന്ധിയുടെ ദാര്‍ശനിക വേരുകള്‍) എന്റെ പിഎച്ച്ഡി തീസിസ് തന്നെയാണ്. അതിനുവേണ്ടിയുള്ള പരിശ്രമങ്ങള്‍ ഈ പ്രശ്നങ്ങള്‍ അടുത്തറിയാന്‍ എന്നെ വളരെ സഹായിച്ചിട്ടുണ്ട്. കേംബ്രിജ് സ്കോളേഴ്സ് ഇത് പുസ്തകമാക്കി. ഇപ്പോള്‍ യൂണിവേഴ്സിറ്റികളില്‍ പഠിപ്പിക്കുന്നുണ്ട്. ആധുനിക തത്ത്വചിന്തയുടെ പിതാവായി സാര്‍വത്രികമായി അംഗീകരിക്കപ്പെടുന്ന റെനെ ഡെക്കാര്‍ട്ടിന്റെ ചിന്തകള്‍ക്കുള്ളില്‍ നിലവിലുള്ള പാരിസ്ഥിതിക തകര്‍ച്ചയുടെ ആശയപരമായ ഉറവിടങ്ങള്‍ കണ്ടെത്തുവാനുള്ള എളിയ ശ്രമമാണ് നടത്തിയത്. ആധുനിക ലോകവീക്ഷണത്തെ (പിന്നീട് നമ്മുടെ ആധുനിക നാഗരികതയെ) രൂപപ്പെടുത്തിയ ഡെക്കാര്‍ട്ടിന്റെ മൂന്ന് ആശയങ്ങളില്‍ നിന്നാണ് പാരിസ്ഥിതിക പ്രതിസന്ധിയെ കണ്ടെത്തുന്നത്. അതിശയോക്തി കലര്‍ന്ന നരവംശ കേന്ദ്രീകരണം, പ്രകൃതിലോകത്തിന്റെ യാന്ത്രിക സങ്കല്‍പ്പം, മാനവികതയ്ക്കും മറ്റ് ഭൗതിക ലോകത്തിനും ഇടയിലുള്ള മെറ്റാഫിസിക്കല്‍ ദ്വൈതവാദം എന്നിവ. പാരിസ്ഥിതിക പ്രതിസന്ധിയുടെ യഥാര്‍ത്ഥ വേരുകള്‍ ‘ദാര്‍ശനികമാണ്’, കാരണം അവ ഭൗതിക ലോകത്തെയും മനുഷ്യരാശിയുടെ ബന്ധത്തെയും കുറിച്ചുള്ള ഒരു പ്രത്യേക കാഴ്ചപ്പാടില്‍ നിന്ന് ഉയര്‍ന്നുവരുന്നു. നമ്മുടെ സങ്കീര്‍ണ്ണമായ പ്രതിസന്ധിയുടെ മൂലകാരണം ദാര്‍ശനികമാണെങ്കില്‍, പരിഹാരങ്ങളും ദാര്ശനികമാകുമെന്നത് ന്യായമാണ്. പാരിസ്ഥിതിക പ്രതിസന്ധിയെ മറികടക്കാന്‍, ആധുനികതയെകുറിച്ച് ഒരു പുനര്‍വിചിന്തനവും സമൂലമായ മാതൃകാ വ്യതിയാനങ്ങളും ആവശ്യമാണ്. ഈ കാലഘട്ടത്തിന്റെ ആവശ്യം ആശയപരമായ ഒരു പുതിയ മാതൃകയാണ്, ഒരു പുതിയ ലോകവീക്ഷണമാണ്. തകര്‍ച്ചയുടെ വക്കിലായ നമ്മുടെ ഭൂമിയിലെ മനുഷ്യവാസത്തെ സമൂലമായി പുനഃക്രമീകരിക്കാന്‍ അതിനു കഴിയുമെന്നാണ് ഞാനതില്‍ വ്യക്തമാക്കാന്‍ ശ്രമിച്ചിട്ടുള്ളത്.
മറ്റൊരു പുസ്തകമാണ് ക്രിയേഷന് ഇന്‍ ക്രൈസിസ്: സയന്‍സ്, എത്തിക്സ് ആന്‍ഡ് തിയോളജി. ലൗദാത്തോ സീയുടെ വാദങ്ങളുടെ പശ്ചാത്തലം ഈ പുസ്തകത്തിലുണ്ട്. ഇത് നമ്മുടെ പൊതുഭവനത്തിന്റെ അവസ്ഥയെ ശാസ്ത്രീയ വിശദാംശങ്ങളോടും വിവരശേഖരണത്തോടും കൂടെ ചിത്രീകരിക്കുന്നു. പാരിസ്ഥിതികവും സാമൂഹികവുമായ വ്യവസ്ഥകളുടെ പ്രതിസന്ധിക്ക് മാനുഷികവും നരവംശശാസ്ത്രപരവുമായ വേരുകള്‍ ഉള്ളത് എന്തുകൊണ്ടാണെന്നും എങ്ങനെയാണെന്നും അന്വേഷിക്കാനുള്ള ശ്രമമാണത്.
ദൈവത്തിന്റെ ഭവനത്തെ പരിപാലിക്കാനുള്ള ഉത്പത്തിയിലെ കല്പന ക്രൈസ്തവര്‍ നിറവേറ്റുന്നുണ്ടോ?
നമ്മുടെ ഗ്രഹം അഭിമുഖീകരിക്കുന്ന ‘പാരിസ്ഥിതിക പ്രതിസന്ധി’യെക്കുറിച്ച് പറയുമ്പോള്‍, വരാനിരിക്കുന്ന ദുരന്തത്തെ നാം ഒരു ഭൗതിക പ്രശ്നമായി ചുരുക്കുന്നു. യഥാര്‍ഥത്തില്‍ പാരിസ്ഥിതിക പ്രതിസന്ധി എന്താണെന്നതിനെക്കുറിച്ചുള്ള നിലവിലെ ധാരണയെ ധാര്‍മ്മികവും ആധ്യാത്മികവുമായ വീക്ഷണങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുകയാണ് ഈ പുസ്തകത്തില്‍. പ്രതിസന്ധി കേവലം ഒരു പാരിസ്ഥിതിക പ്രശ്നമല്ല, മറിച്ച് യഥാര്‍ത്ഥത്തില്‍ ‘ഇക്കോ ലോജിക്കല്‍’ ആണെന്നാണ് വാദം. പാരിസ്ഥിതിക തകര്‍ച്ച, മലിനീകരണം, കാലാവസ്ഥാ വ്യതിയാനം, ഭക്ഷ്യോല്‍പ്പാദനം തുടങ്ങിയ വിഷയങ്ങളെ ചുറ്റിപ്പറ്റിയുള്ള ഏറ്റവും പുതിയ ശാസ്ത്രത്തിന്റെ ശ്രദ്ധാപൂര്‍വമായ സംയോജനത്തില്‍, സമകാലിക പാരിസ്ഥിതിക പ്രതിസന്ധിയെ മനസ്സിലാക്കുന്നതില്‍ ഈ പുസ്തകം വിവിധ വിഷയങ്ങളുമായി സംവാദത്തില്‍ ഏര്‍പ്പെടുന്നുണ്ട്. നമ്മുടെ ഇന്നത്തെ ചുറ്റുപാടുകളെക്കുറിച്ചും നമ്മുടെ പൊതുഭവനത്തിന്റെ ഭാവിയെക്കുറിച്ചും ഉള്‍ക്കാഴ്ചകള്‍ നല്‍കാനാണ് ശ്രമം.
? നമ്മുടെ പൊതുഭവനമായ ഭൂമിയെ സംരക്ഷിക്കാനുള്ള ഫ്രാന്‍സിസ് പാപ്പായുടെ ലൗദാത്തോ സീ ചാക്രികലേഖനത്തിലെ പത്ത് ഇക്കളോജിക്കല്‍ കല്പനകള് – ഏറ്റവും നീണ്ട എന്‍സൈക്ലിക്കല്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ലൗദാത്തോ സീയിലെ ആറ് അധ്യായങ്ങളെ അങ്ങയുടെ ‘ടെന്‍ ഗ്രീന്‍ കമാന്‍ഡ്മെന്റ്സ്’ പുസ്തകത്തില്‍ ”കാണുക, വിധിക്കുക, പ്രവര്‍ത്തിക്കുക” (സീ, ജഡ്ജ്, ആക്ട്) എന്ന ഫ്രെയിംവര്‍ക്കില്‍ ഏറെ വ്യക്തതയോടെ വ്യാഖ്യാനിക്കുന്നുണ്ടല്ലോ. സ്പിരിച്വാലിറ്റി, മോറല്‍ തിയോളജി, സോഷ്യല്‍ സയന്‍സ് എന്നിവയുടെ പരിപ്രേഷ്യത്തില്‍ ലൗദാത്തോ സീയെ സെക്യുലര്‍ ലോകത്തിനു മുമ്പാകെ അവതരിപ്പിക്കുകയാണോ ലക്ഷ്യം?
നേരത്തെ പറഞ്ഞതുപോലെ, നമ്മുടെ പൊതുഭവനത്തിന്റെ സംരക്ഷണത്തെക്കുറിച്ചുള്ള ഫ്രാന്‍സിസ് പാപ്പായുടെ ആ ചാക്രികലേഖനം, ഇന്ന് മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെ അഭിസംബോധന ചെയ്യുന്നു. കാലാവസ്ഥാ വ്യതിയാനം മുതല്‍ ദൈവശാസ്ത്രം വരെ. ലൗദാത്തോ സീ ചാക്രികലേഖനത്തിന്റെ പ്രധാന ആശയങ്ങള്‍ സംക്ഷിപ്തമായി ശേഖരിക്കാനും സാമൂഹികശാസ്ത്രങ്ങളില്‍ കൂടുതലായി ഉപയോഗിക്കുന്ന ‘സീ-ജഡ്ജ്-ആക്ട്’ ചട്ടക്കൂടിന് അനുസൃതമായി ക്രമീകരിക്കാനുമുള്ള എന്റെ എളിയ ശ്രമമാണ് ‘ദ് ടെന്‍ ഗ്രീന്‍ കമാന്‍ഡ്മെന്റ്സ് ഓഫ് ലൗദാത്തോ സീ’. ഇംഗ്ലീഷിലാണ് മൂലകൃതി എഴുതിയിട്ടുള്ളത്. അതിന്റെ യുഎസ് പതിപ്പും ഇറങ്ങി. ഇറ്റാലിയന്‍, സ്പാനിഷ്, ഫ്രഞ്ച്, പോര്‍ച്ചുഗീസ് തുടങ്ങി ഏതാണ്ട് എല്ലാ പ്രധാനഭാഷകളിലും പ്രസിദ്ധീകരിച്ചു. പാപ്പായുടെ ചാക്രികലേഖനത്തിന്റെ തന്നെ മെത്തഡോളജി അഡാപ്റ്റ് ചെയ്തിരിക്കുകയാണതില്. അത് ശരിക്കും രണ്ടാം വത്തിക്കാന്‍ സൂനഹദോസ് സഭയ്ക്ക് കൊടുത്തൊരു മെത്തഡോളജിയാണ്. അതായത്, പ്രശ്നത്തെ കാണുക, പ്രശ്നത്തിന്റെ മൂലകാരണങ്ങള്‍ മനസിലാക്കുക, ജഡ്ജ് ചെയ്യുക, എന്നിട്ട് ആക്ട് ചെയ്യുക. ലൗദാത്തോ സീക്ക് ആറ് ചാപ്റ്ററുകള്‍ ഉണ്ട്. ആദ്യത്തെ അധ്യായം തന്നെ അതിന്റെ തലക്കെട്ടില്‍ പറയുന്നത്, എന്താണ് നമ്മുടെ പൊതുഭവനത്തിന് സംഭവിക്കുന്നത് എന്നാണ്. അവിടെ വളരെ സയന്റിഫിക്കായി കാലാവസ്ഥ പ്രശ്നം, അന്തരീക്ഷ മലിനീകരണം, ജൈവവൈവിധ്യ നഷ്ടം, പിന്നെ സാമൂഹികശാസ്ത്രപരമായി പാവങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നതും വ്യക്തമാക്കിയിരിക്കുന്നു. ഫ്രാന്‍സിസ് പാപ്പാ ശരിക്കുമൊരു അവലോകനം നടത്തുന്നുണ്ട്. എന്റെ ആദ്യത്തെ രണ്ട് ‘ഹരിത കല്പനകളും” അതിനെക്കുറിച്ചാണ്: ലിസണ്‍ ടു ദി ക്രൈ ഒഫ് ദി ഇയേഴ്സ്, ലിസണ്‍ ടു ദി ക്രൈ ഓഫ് ദ് പുവര്‍. പിന്നെ അടുത്ത മൂന്നു കല്പനകള് ജഡ്ജ്മെന്റിനെക്കുറിച്ചാണ്. ലൗദാത്തോ സീയുടെ ‘സൃഷ്ടിയാകുന്ന സുവിശേഷം’ എന്ന രണ്ടാമത്തെ അധ്യായത്തില്‍, ഫ്രാന്‍സിസ് പാപ്പാ നമുക്കൊരു കാഴ്ചപ്പാട് നല്കുകയാണ.് അതായത്, നമ്മള് ലോകത്തെ കാണേണ്ടത് സൃഷ്ടിയായിട്ടാണ്, സദ് വാര്‍ത്തയായിട്ടാണ്. അതാണെന്റെ മൂന്നാമത്തെ അധ്യായം, സൃഷ്ടിയുടെ സുവിശേഷം പുനര്ഗ്രഹിക്കുക (റീഡിസ്കവര്‍ ദി ഗോസ്പല്‍ ഓഫ് ക്രിയേഷന്). നാലാമത്തെ അധ്യായം ലൗദാത്തോ സീയുടെ മൂന്നാമത്തെ ചാപ്റ്ററാണ്: മാനുഷിക മൂലം കണ്ടുപിടിക്കുക. നമ്മളാണ് എല്ലാത്തിന്റെയും കേന്ദ്രബിന്ദു എന്ന മെക്കനിസ്റ്റിക് വിഷനില്‍ അതിനെ മാറ്ററായിട്ട് മാത്രം നമ്മള് കാണുന്നു. നമ്മുടെ പ്രശസ്ത പരിസ്ഥിതിപ്രവര്‍ത്തക വന്ദനശിവ പറയുന്നത്, ഇന്ത്യയില്‍ മോഡേണിറ്റി വന്നതോടെ ഭൂമിയെ മാതാവായി കാണുന്നില്ല. നമ്മള് വെറും പ്രകൃതിയായിട്ടാണ് (നേച്ചര്‍), മെറ്റീരിയല്‍ ആയിട്ടാണ് ഭൂമിയെ കാണുന്നത്. അങ്ങനെ പറയാന്‍ കാരണം, ഭൂമാതാവായി കാണുമ്പോള്‍ നമ്മുടെ സമീപനം മൊത്തം മാറും. അതിനെപറ്റി ഫ്രാന്‍സിസ് പാപ്പായും പറയുന്നുണ്ട്. അതില്‍ ഒറിജിനലായി ഒരു കല്പന നല്‍കുന്നത് പാരിസ്ഥിതിക പാപത്തെക്കുറിച്ചാണ് (ഇക്കളോജിക്കല്‍ സിന്). ഇതിന്റെയാക്കെ ശരിക്കും അടിസ്ഥാന കാരണം മനുഷ്യന്റെ പാപമാണ്. ബെനഡിക്ട് പാപ്പാ വിശുദ്ധനും ദൈവശാസ്ത്രജ്ഞനുമായിരുന്നു. അദ്ദേഹം പാപ്പായായ ദിവസം ഒരു പ്രസംഗം നടത്തി. അതെന്നെ ഒത്തിരി സ്പര്‍ശിച്ചു. അതു ഞാന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അത് ഇങ്ങനെയാണ്:
”പുറത്തു മരുഭൂമിയുണ്ടാകാന് കാരണം മനുഷ്യരുടെ ഹൃദയത്തില്‍ മരുഭൂമികള്‍ വളര്‍ന്നുകൊണ്ടിരിക്കുന്നതാണ്.”
നമ്മള് ബൈബിളില്‍ തന്നെ കാണുന്നുണ്ട്, ഇസ്രായേലിന്റെ പാപം കാരണം നദികളില്‍ വരള്ച്ചവരുന്നു. മത്സ്യങ്ങളില്ല. അതിനുള്ള അടിസ്ഥാന കാരണം പാപമാണ്. അവസാനത്തെ അഞ്ച് കല്പനകള് നമ്മള് ഈ പ്രശ്നത്തോട് എങ്ങനെ പ്രതികരിക്കുന്നു എന്നതു സംബന്ധിച്ചാണ്. ആറാമത്തെ കമാന്ഡ്മെന്റ് ലൗദാത്തോ സീയുടെ നാലാമത്തെ ചാപ്റ്ററാണ്. നമ്മള് ഒത്തിരി വര്‍ഷങ്ങളായി ഇക്കോളജിയെ ഒരു പരിസ്ഥിതി പ്രശ്നമായിട്ടാണ് കാണുന്നത്. പുറത്തുള്ള പ്രശ്നം നമ്മളെ ബാധിക്കുന്നില്ല. ഫ്രാന്‍സിസ് പാപ്പാ പറയുന്നത് ഒരു സമഗ്രവീക്ഷണം വേണമെന്നാണ്. ലൗദാത്തോ സീയുടെ അഞ്ചാമത്ത ചാപ്റ്ററാണ് നമുക്ക് എന്ത് ചെയ്യാന്‍ പറ്റും എന്നു വിശദീകരിക്കുന്നത്. പുതിയൊരു ഇക്കോണമി, പുതിയൊരു പൊളിറ്റിക്സ് അതില്‍ വിഭാവനം ചെയ്യുന്നു. പൊളിറ്റിക്സും ഇക്കോണമിയുമൊക്കെ മനുഷ്യനുവേണ്ടിയിട്ടുള്ളതാണ്. അതാണ് എന്റെ ഏഴാമത്തെ ചാപ്റ്റര്‍. എട്ടും ഒന്‍പതും ചാപ്റ്റര്‍ ലൗദാത്തോ സീയുടെ അവസാനത്തെ ചാപ്റ്ററാണ്: ഇക്കളോജിക്കല്‍ സ്പിരിച്വാലിറ്റി ആന്‍ഡ് എജ്യുക്കേഷന്‍. പുതിയൊരു പാരിസ്ഥിതിക വിദ്യാഭ്യാസ ദര്‍ശനം വേണം. പ്രകൃതിയോട് ആദരവുള്ള, പ്രകൃതിയോട് ഇണക്കമുള്ള വിദ്യാഭ്യാസം. ഒന്‍പതാമത്തേത് ആധ്യാത്മികതയാണ്. സൃഷ്ടിയെ ദൈവത്തിന്റെ കരവേലയായി കണ്ടില്ലെങ്കില്‍ നമ്മളതിനെ ബഹുമാനിക്കാന്‍ പോകുന്നില്ല. അപ്പോള്‍ നമ്മള് ഒരു സ്പിരിച്വാലിറ്റി ഉണ്ടാക്കണം. അവസാനത്തേത് പരിസ്ഥിതി പുണ്യങ്ങളെക്കുറിച്ചാണ്. ലൗദാത്തോ സീയെ ആസ്പദമാക്കി ഏഴു പുണ്യങ്ങളുണ്ട്: സ്തുതി, നന്ദി, കരുതല്‍, കര്‍മം, നീതി, സംയമം, എളിമ എന്നിവ. ഗാന്ധിജി പറയുന്നതുപോലെ, ഭൂമി എല്ലാവരുടെയും ആവശ്യത്തിനുണ്ട്, എന്നാല്‍ അത്യാഗ്രഹത്തിനില്ല. മിതത്വം, സംയമം എന്ന പുണ്യത്തിന്റെ സാരസംഗ്രഹമാണത്. ഏഴാമത്തേത്, എളിമ, പാരിസ്ഥിതിക പുണ്യങ്ങളില്‍ ഏറ്റവും മൂല്യവത്തായതാണ്. നമ്മള് മണ്ണില്‍ നിന്നു വന്നു, മണ്ണിലേയ്ക്കു മടങ്ങുന്നു. എളിമയുണ്ടെങ്കിലേ നമുക്ക് ശരിക്കും ഈ പ്രശ്നങ്ങളെ പരിഹരിക്കാനാവൂ.
? ലൗദാത്തോ സീ – ഫ്രാന്‍സിസ് പാപ്പായുടെ പൊന്തിഫിക്കേറ്റിന്റെ പ്രധാന മുഖമുദ്രയാണല്ലോ. അതിന്റെ ഏറ്റവും അറിയപ്പെടുന്ന ആധികാരിക പ്രമോട്ടര്‍മാരില്‍, പ്രചാരകരില്‍ ഒരാളാണല്ലോ അങ്ങ്. ഏതെല്ലാം തലങ്ങളിലാണ് ഊന്നല്‍ നല്‍കുന്നത്? ആമസോണ്‍ മേഖലയിലെ ആദിമഗ്രോത്രവിഭാഗങ്ങളുടെ, ലോകത്തിലെ ആദിവാസികളുടെ, ചൂഷിതരും പീഡിതരുമായ ജനവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ തൊട്ട് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ മൂലം ജന്മനാടുകളില് നിന്നു പലായനം ചെയ്യേണ്ടിവരുന്ന അഭയാര്‍ഥികളുടെ പ്രശ്നങ്ങള്‍ വരെ വ്യാപകമായ മാനവ പ്രതിസന്ധികളില്‍ എങ്ങനെയാണ് ഇടപെടാന്‍ കഴിയുന്നത്?
രണ്ടുമൂന്നു വര്‍ഷം മുമ്പ് ലൗദാത്തോ സീ വര്‍ഷാചരണം (200021) പ്രഖ്യാപിച്ചിരുന്നു. അതിന്റെ തുടര്‍ച്ചായി ഏഴു വര്‍ഷത്തെ കര്‍മപദ്ധതി രൂപീകരിച്ചിട്ടുണ്ട്. ഏഴ് (ബിബ്ലിക്കല്‍ നമ്പര്‍) മേഖലകള്‍ക്കായുള്ള കര്‍മപദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്: കുടുംബങ്ങള്‍, ഇടവകകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ബിസിനസ്, സംഘടനകള്‍, സന്ന്യസ്ത സമൂഹങ്ങള്‍. എല്ലാവരും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ലോകത്താകമാനം ഇതിന്റെ അടിസ്ഥാനത്തില്‍ മാറ്റങ്ങള്‍ വരുന്നുണ്ട്. ലൗദാത്തോ സീയുടെ ഏഴു പ്രധാന ലക്ഷ്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. പാവങ്ങളെ സഹായിക്കലും പ്ലാസ്റ്റിക് ഒഴിവാക്കലുമൊക്കെ ഇതില്‍ ഉള്‍പ്പെടും. രൂപതകളും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പലതും ഇതില്‍ ചേര്‍ന്നുകഴിഞ്ഞു.
? ഏതെല്ലാം മാധ്യമങ്ങളിലൂടെയാണ് വത്തിക്കാന്‍ മനുഷ്യരാശിയുടെ പ്രത്യാശയും ഭാവി പ്രതീക്ഷകളും സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്?
പത്തു ഭാഷകളില്‍ വെബ്സൈറ്റുകള്‍ ഇതുവരെ രൂപീകരിച്ചിട്ടുണ്ട്. ജൈവവൈവിധ്യം, പരിസ്ഥിതി സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട ലൗദാത്തോ സീ വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് ഒരു ഡോക്യുമെന്ററി നിര്‍മിച്ചിട്ടുണ്ട്. ‘ദി ലെറ്റര്‍’ എന്നാണ് പേര്. കാലാവസ്ഥാ പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിക്കുന്നവരെ പ്രതിനിധീകരിച്ച് അഞ്ചുപേര്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പായെ കാണാനും അവരുടെ വ്യക്തിപരമായ വിശേഷങ്ങള്‍ അദ്ദേഹവുമായി പങ്കിടാനും പോകുന്നതാണ് വിഷയം. കുടിയേറ്റക്കാര്‍, ദരിദ്രര്‍, യുവജനങ്ങള്‍ എന്നിവരില്‍ നിന്നുള്ള കാഴ്ചപ്പാടും പരിഹാരങ്ങളും ഫ്രാന്‍സിസ് പാപ്പായുമായുള്ള സംഭാഷണത്തില്‍ വ്യക്തമാകുന്നു. ഇന്ത്യയിലെ വാരണാസിയില്‍ നിന്നുള്ള ഋതിമ പാണ്ഡെ എന്ന പെണ്‍കുട്ടിയും ആമസോണില്‍ നിന്നുള്ള ആദിമഗോത്രക്കാരുടെ മൂപ്പനും ആഫ്രിക്കയില്‍ നിന്നുള്ള ഒരു മുസ്ലീം യുവാവും, ഹവായ് ദ്വീപില്‍ നിന്നുള്ള ദമ്പതികളുമാണ് പാപ്പായുമായി സംവദിക്കുന്നത്.