തന്റെ മൂന്നാംടേമില്‍ രാജ്യം അഭൂതപൂര്‍വമായ വളര്‍ച്ച കൈവരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നാം ടേമില്‍ ഇന്ത്യ ലോകത്തിലെ മികച്ച മൂന്ന് രാജ്യങ്ങളില്‍ ഒന്നിലേക്ക് എത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ‘എന്റെ മൂന്നാം ഘട്ടത്തില്‍, ഇന്ത്യ ലോകത്തിലെ മികച്ച മൂന്നാമത്തെ സമ്പദ്വ്യവസ്ഥയായി മാറും. ഇത് മോദിയുടെ ഉറപ്പാണ്,’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
ഡല്‍ഹി പ്രഗതി മൈതാനിയില്‍ രാജ്യാന്തര എക്സിബിഷന് കണ്വെന്ഷന് സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. നവീകരിച്ച പ്രഗതി മൈതാനത്തിന്റെ പേര് ‘ഭാരത് മണ്ഡപം’ എന്ന് പ്രധാനമന്ത്രി പുനര്‍നാമകരണവും ചെയ്തു.
മോദിയുടെ വാഗ്ദാനങ്ങള്‍ക്ക് മുന്‍പും കുറവൊന്നുമുണ്ടായിട്ടില്ല. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ്, സ്വാമിനാഥന് കമ്മീഷന് ശുപാര്‍ശ അനുസരിച്ചുള്ള മിനിമം താങ്ങുവിലയായി ഇന്ത്യന്‍ കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് കൃഷിച്ചെലവിന്റെ 150 ശതമാനം നല്‍കുമെന്നാണ് മോദി വാഗ്ദാനം ചെയ്തത്. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ പ്രതിവര്‍ഷം രണ്ട് കോടി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും തൊഴിലില്ലായ്മ വെറും കേട്ടുകേള്‍വി മാത്രമാകുമെന്നും അന്ന് അദ്ദേഹം പറഞ്ഞു. അതായത് ”സബ്കാ സാഥ്, സബ് കാ വികാസ്” -എല്ലാവര്ക്കും ഒപ്പം, എല്ലാവരുടെയും വികസനം.
ഇന്നിപ്പോള്‍, 2014 ല്‍ അധികാരത്തില്‍ ഏറിയത്തിന് ശേഷം 2023 ജൂലൈ വരെയുള്ള കാലത്ത് ഇന്ത്യന്‍ സമ്പദ്ഘടനയ്ക്കും ഇന്ത്യയിലെ ജനങ്ങള്‍ക്കും എന്താണ് സംഭവിച്ചത്?
ഇന്ത്യന്‍ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ജീവത്പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഈ പരിഷ്കാരങ്ങള്‍ക്ക് കഴിഞ്ഞില്ല എന്ന് മാത്രമല്ല,മോദിയുടെ നേതൃത്വത്തിലെ ബിജെപി വാഴ്ചക്കാലത്ത് ജനതയുടെ വരുമാനത്തെയും ഉപജീവനമാര്‍ഗത്തെയും കടന്നാക്രമിച്ചുകൊണ്ട് അവരുടെ ജീവിതത്തെ കൂടുതല്‍ വഷളാക്കുകയായിരുന്നു ഉണ്ടായത് .
നോട്ട് നിരോധനവും ചരക്ക് സേവന നികുതിയും (ജിഎസ്ടി) കൊണ്ട് മോദി ഗവണ്മെന്റ് സമ്പദ്ഘടനയെ ഏറെക്കുറെ തകര്‍ത്ത് തരിപ്പണമാക്കിക്കഴിഞ്ഞു. നോട്ടു നിരോധനത്തിലൂടെ കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കാമെന്നും ഭീകരതയ്ക്ക് അറുതി വരുത്താമെന്നും അഴിമതി അവസാനിപ്പിക്കാമെന്നുമെല്ലാമാണ് മോദി അവകാശപ്പെട്ടത്. ഈ അസംബന്ധ അവകാശവാദങ്ങളയൊന്നും സാധൂകരിക്കുന്നതല്ല 2016 നവംബറിലെ നോട്ട് നിരോധനത്തെ തുടര്‍ന്നുള്ള അനുഭവം.
മോദി ഗവണ്മെന്റിന്റെ കൊവിഡ് മഹാമാരി കൈകാര്യം ചെയ്തതുപോലുള്ള വികലമായ ജനവിരുദ്ധവും കോര്‍പറേറ്റനുകൂലവും ആയ നയങ്ങള്‍ ജനങ്ങള്‍ക്ക് കടുത്ത കഷ്ടപ്പാടുകളാണ് വരുത്തിവച്ചത്.
നോട്ടുകെട്ടുകളായി കൈവശം വച്ചിരുന്ന കള്ളപ്പണം പോലും റിസര്‍വ് ബാങ്ക് സ്ഥിരീകരിക്കുന്നതുപ്രകാരം ബാങ്കിങ് സംവിധാനത്തിലേക്ക് തിരികെ വന്നിട്ടുണ്ട്; ഇതിനര്‍ഥം നോട്ട് നിരോധിച്ചതും അതുമായി ബന്ധപ്പെട്ട് കൈക്കൊണ്ട നടപടിക്രമങ്ങളും യഥാര്‍ഥത്തില്‍ നോട്ടുകെട്ടുകളായി കൈവശം വച്ചിരുന്നതില്‍ ഏതാനും ലക്ഷംകോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കാന്‍ മാത്രമാണ് സഹായകമായത് എന്നാണ്. എന്നാല്‍ രാജ്യത്തിനും ജനങ്ങള്‍ക്കും വലിയ നഷ്ടമുണ്ടാവുകയും ചെയ്തു. നൂറിലേറെ വിലപ്പെട്ട മനുഷ്യജീവനുകള്‍ നഷ്ടപ്പെട്ടു. മാനുഫാക്ചറിങ് രംഗത്തെയും സേവനമേഖലയിലെയും കച്ചവടരംഗത്തെയും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ കൈമാറ്റം നടത്താന്‍ വേണ്ട പണം കൈവശമില്ലാത്തതുകൊണ്ട് തകര്‍ന്നു; തല്‍ഫലമായി ദശലക്ഷക്കണക്കിനാളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ചെയ്തു.
സര്‍ക്കാര്‍ ഇപ്പോഴും ഇതെല്ലാം നിഷേധിക്കുകയാണ്; എങ്കിലും നോട്ടുനിരോധനം ഇനിയും ശമിക്കാത്ത ദുരന്തമാണെന്നും സമ്പദ്ഘടനയ്ക്ക് ഗുരുതരമായ തിരിച്ചടിയുണ്ടാകാന്‍ ഇത് ഇടയാക്കിയെന്നും അനൗപചാരിക മേഖലയിലെ കോടാനുകോടി തൊഴിലാളികളുടെ ഉപജീവനമാര്‍ഗം നഷ്ടപ്പെടുന്നതിനും സംരംഭങ്ങളുടെ തകര്‍ച്ചയ്ക്കും അത് കാരണമായിയെന്നും ഇന്ന് പരക്കെ അംഗീകരിക്കപ്പെടുന്നുണ്ട്.
ജിഎസ്ടി പരോക്ഷ നികുതിയാണ്; ചരക്കുകളും സേവനങ്ങളും വിലയ്ക്കുവാങ്ങുന്ന എല്ലാവരില്‍നിന്നും ഏകരൂപമായാണ് അതു ഈടാക്കുന്നത്; അതുകൊണ്ടുതന്നെ ദരിദ്രര്‍ക്ക് അത് വലിയ ബാധ്യതയാകുന്നു; സമ്പന്നരെക്കാള്‍ താരതമ്യേന കൂടുതല്‍ വലിയ ബാധ്യതയാണ് അത് ദരിദ്രര്ക്ക്മേല് ചുമത്ത്ന്നത്. ഇത് സൂക്ഷ്മ ചെറുകിട സംരംഭങ്ങളെയും വ്യാപാരികളെയും നികുതി വലയ്ക്കുള്ളില്‍ കൊണ്ടുവന്നു. അങ്ങനെ ചെറുകിട നികുതി പിരിവ് ഉദ്യോഗസ്ഥരുടെ പീഡന വലയ്ക്കുള്ളിലും അവര്‍ അകപ്പെട്ടു.
സംസ്ഥാന സര്ക്കാരുകള്ക്കായിരുന്ന പരിമിതമായ ധനപരമായ സ്വയംനിയന്ത്രണാവകാശംപോലും, പുകയിലയും മദ്യവും പെട്രോളും ഡീസലും ഒഴികെ എല്ലാ ചരക്കുകള്ക്കുമേലും നികുതി ചുമത്താനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകളില്‍നിന്ന് കവര്‍ന്നെടുക്കപ്പെട്ടു. ജിഎസ്ടി വരുന്നതോടെ വാര്‍ഷിക ജിഡിപി വളര്‍ച്ചാനിരക്ക് ഒന്നുമുതല്‍ രണ്ട് ശതമാനംവരെ വര്‍ധിക്കുമെന്നായിരുന്നു ഔദ്യോഗിക അവകാശവാദം; എന്നാല്‍ അതിനു നേര്‍വിപരീതമായി യഥാര്‍ത്ഥത്തില്‍ നോട്ടുനിരോധനംമൂലം തകര്‍ച്ചയെ നേരിട്ടിരുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ ജിഎസ്ടി പിന്നെയും ദുര്‍ബലമാക്കുകയായിരുന്നു ഉണ്ടായത്.
മോദി അധികാരത്തിലെത്തിയശേഷമുള്ള ആദ്യത്തെ മൂന്നു വര്‍ഷക്കാലം അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില ഇടിഞ്ഞുകൊണ്ടിരുന്നതിന്റെ നേട്ടം കേന്ദ്ര സര്‍ക്കാരിന് ലഭിച്ചു. 2014 മെയ് മാസത്തിനും 2017 മെയ് മാസത്തിനും ഇടയ്ക്ക് മോദി ഗവണ്മെന്റിനു ലഭിച്ച അപ്രതീക്ഷിത നേട്ടം 4000 കോടി ഡോളര്‍ അഥവാ അന്നത്തെ വിനിമയ നിരക്കനുസരിച്ച് 2,33,000 കോടി രൂപയാണ്. ഈ കാലഘട്ടത്തില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില തെല്ലും താഴാത്തവിധം മോദി ഗവണ്മെന്റ് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ നികുതി വര്‍ധിപ്പിച്ചുകൊണ്ടിരുന്നു.
പരോക്ഷ നികുതി വര്‍ധിപ്പിച്ചുകൊണ്ട് ദരിദ്രര്‍ക്കുമേല്‍ അധിക നികുതിഭാരം അടിച്ചേല്‍പ്പിക്കുന്ന മോദി ഗവണ്മെന്റ് മറുവശത്ത് കോര്‍പറേറ്റ് മേഖലയോടും സമ്പന്നരോടും അതീവദയവോടെയും ഉദാരമായുമാണ് ഇടപെടുന്നത്. കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്കുമേലുള്ള നികുതി നിരക്ക് മോദി സര്‍ക്കാര്‍ 30 ശതമാനത്തില്‍നിന്നും 22 ശതമാനമായി വെട്ടിക്കുറച്ചു; ഇത് ലോകത്തെതന്നെ ഏറ്റവും കുറഞ്ഞ നികുതി നിരക്കാണ്. സ്വത്തുനികുതി ഈ ഗവണ്മെന്റ് പൂര്‍ണ്ണമായും നിര്‍ത്തലാക്കി. അതിസമ്പന്നര്‍ക്കും കോര്‍പറേറ്റ് മേഖലയ്ക്കും ഇങ്ങനെ ഇളവുകള്‍ വാരിക്കോരി നല്‍കിയത് മുന്‍പേതന്നെ ഉയര്‍ന്ന നിലയിലായിരുന്ന അസമത്വം പിന്നെയും കൂടുതല്‍ വര്‍ദ്ധിക്കുന്നതിനാണ് ഇടയാക്കിയത്.
മോദി അധികാരത്തിലെത്തി 8 വര്‍ഷമായപ്പോള്‍,2022 ലെ കണക്കുകള്‍ പ്രകാരം ഏറ്റവും മുകള്‍ത്തട്ടിലുള്ള ഒരു ശതമാനം വരുന്ന അതിസമ്പന്നര്‍ മൊത്തം സ്വത്തിന്റെ 72 ശതമാനത്തിലധികവും സ്വന്തമാക്കി. മുകള്‍ത്തട്ടിലുള്ള ഒരു ശതമാനംപേരുടെ മാത്രം കൈവശമാണ് ഇന്ത്യയിലെ മൊത്തം സ്വത്തിന്റെ 40.6 ശതമാനവും. മൊത്തത്തില്‍ താഴ്ത്തി കണക്കാക്കപ്പെട്ടിട്ടുള്ള ഔദ്യോഗിക ദാരിദ്ര്യ വിലയിരുത്തലനുസരിച്ചുപോലും ഇന്ത്യയിലെ ദരിദ്ര്യരുടെ എണ്ണം 23 കോടിയോളമാണ്. എന്നാല്‍ ഇന്ത്യയിലെ ശതകോടീശ്വരരുടെ എണ്ണം 2020ല്‍ 102 ആയിരുന്നത് 2022ല്‍ 166 ആയി വര്‍ധിച്ചു.
ഇന്ത്യയിലെ പൊതുമേഖലതന്നെ അപ്രത്യക്ഷമാകും വിധത്തിലാണ് മോദി ഭരണം മുന്നോട്ട് പോകുന്നത്.സര്‍ക്കാരിന്റെ തൊഴിലുറപ്പ് പദ്ധതിയെയും വെട്ടിക്കുറച്ചിരിക്കുകയാണിപ്പോള്. തൊഴിലുറപ്പ് പദ്ധതിക്കുള്ള വകയിരുത്തല്‍ ചുരുക്കിയതുമൂലം ഗ്രാമീണ മേഖലയിലെ കൂലി വേലക്കാരുടെ അവസ്ഥ പരിതാപകരമായിരിക്കുന്നു. കുറേക്കാലമായി ഗ്രാമീണമേഖലയിലെ കൂലി സ്തംഭനാവസ്ഥയിലാണ്; അതോടൊപ്പം കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയും തകര്‍ച്ചയിലാണ്.
രാജ്യം ഇപ്പോള്‍ ഭീമമായ തൊഴിലില്ലായ്മയാണ് നേരിടുന്നത്. അതുപോലെതന്നെ, തൊഴില്‍ സേനയുടെ പങ്കാളിത്ത നിരക്കും ഇടിയുകയാണ്. ജനക്ഷേമവുമായി ബന്ധപ്പെട്ട എല്ലാ സൂചകങ്ങളും മോദി അധികാരത്തിലേറിയ ശേഷം പതനത്തിലായിരിക്കുന്നു.
അപ്പോഴും വര്‍ഗീയ കാര്‍ഡിറക്കി ഏകീകൃത സിവില്‍ കോഡിലൂടെയും മണിപ്പൂര്‍ വംശഹത്യയിലൂടെയും ജനങ്ങളെ ചിതറിച്ച് പുത്തന്‍ വാഗ്ദാനങ്ങളുമായി മൂന്നാംവട്ട ഭരണമെന്ന വ്യാമോഹവുമായി മോദി മുന്നില്‍ തന്നെ നില്ക്കുന്നു. ഇന്ത്യയെ N.D.A എന്ന ഈ ഊരാക്കുടുക്കില്‍ നിന്നും രക്ഷിക്കാന്‍ I.N.D.I.A യ്ക്ക് കഴിയുമോ എന്നതാണ് ചോദ്യം.