സമരത്തിന്റെ തുടക്കം
കേരള സര്‍ക്കാര്‍ സ്വപ്നപദ്ധതിയെന്നു വിശേഷിപ്പിച്ച് നിര്‍മാണം ആരംഭിച്ച വിഴിഞ്ഞം തുറമുഖ പദ്ധതി, തിരുവനന്തപുരം ജില്ലയുടെ കടല്‍ത്തീരങ്ങളില്‍ സൃഷ്ടിച്ച സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ വിപത്തുകള്‍ക്കെതിരെയാണ് തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളികള്‍ ഒരു ജനകീയ സമരം ആരംഭിക്കുന്നത്. തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളികളുടെ ഈ അതിജീവനസമരത്തിന് പിന്തുണയും സഹായവുമായി തിരുവനന്തപുരം അതിരൂപതയും സമരരംഗത്തെത്തി.
സമരത്തിന്റെ ആവശ്യങ്ങള്‍
കടലേറ്റം മൂലം ഭൂമിയും ഭവനങ്ങളും നഷ്ടപ്പെട്ട് മനുഷ്യോചിതമല്ലാത്ത അവസ്ഥയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന കുടുംബങ്ങളെ അടിയന്തരമായി വാടക നല്കി മാറ്റിപാര്‍പ്പിക്കുക, ഭൂമിയും ഭവനവും നഷ്ടപ്പെട്ടവരെ ന്യായവും ഉചിതവുമായ നഷ്ടപരിഹാരം നല്കി പുനരധിവസിപ്പിക്കുക, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണം മൂലം ഉണ്ടാകുന്ന തീരശോഷണത്തിന് ശാശ്വത പരിഹാരം കാണുക എന്നതായിരുന്നു സമരത്തില്‍ ഉയര്‍ന്ന പ്രധാന ആവശ്യങ്ങള്‍.
തിരുവനന്തപുരം തീരമേഖലയില്‍ അനുഭവപ്പെടുന്ന അതിശക്തമായ തീരശോഷണത്തിന്റെ കാരണവും വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിനും കോവളം, ശംഖുമുഖം ബീച്ചുകള്‍ക്കും ഭീഷണിയായി തീര്‍ന്ന തുറമുഖ നിര്‍മാണത്തിന്റെ പ്രത്യാഘാതങ്ങളെപ്പറ്റി പ്രദേശവാസികളായ വിദഗ്ധരെയും ഉള്‍പ്പെടുത്തി സുതാര്യമായ പഠനം നടത്തുകയും അതുവരെ തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കുകയും ചെയ്യുക എന്ന ആവശ്യവും ഈ സമരത്തില്‍ മത്സ്യത്തൊഴിലാളികള്‍ ഉയര്‍ത്തിയിരുന്നു. മുതലപ്പൊഴിയിലെ അശാസ്ത്രീയമായ നിര്‍മാണങ്ങള്‍ മത്സ്യത്തൊഴിലാളികളുടെ മരണത്തിന് കാരണമാകുന്നതിനാല്‍ അതിനെ സംബന്ധിച്ച് പഠനം നടത്തി അത് പരിഹരിക്കുന്നതും വിഴിഞ്ഞം സമരത്തില്‍ പ്രഖ്യാപിത ആവശ്യമായി ഉയര്‍ന്നുവന്നിരുന്നു. മത്സ്യത്തൊഴിലാളികളുടെ ഉപജീവനവും തൊഴില്‍ സംരക്ഷണവുമായി ബന്ധപ്പെട്ട നിരവധി ജീവല്‍പ്രശ്നങ്ങളും ഈ സമരത്തിലൂടെ മത്സ്യത്തൊഴിലാളികള്‍ സര്‍ക്കാരിന്റെ മുന്നില്‍ അടിയന്തര പരിഹാരം തേടി ഉന്നയിച്ചിരുന്നു.
വിഴിഞ്ഞം പദ്ധതി പ്രഖ്യാപിച്ച സമയത്തുതന്നെ തിരുവനന്തപുരം അതിരൂപത, തീരപ്രദേശത്ത് തുറമുഖപദ്ധതി ഉളവാക്കാനിടയുള്ള പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാണിക്കുകയും നിരവധി തവണ പ്രക്ഷോഭണങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. കേരളത്തിന്റെ തീരപ്രദേശങ്ങളാകെ കടലേറ്റത്തിന്റെയും തീരശോഷണത്തിന്റെയും കടുത്ത ഭീഷണിയിലാണ്. തുറമുഖങ്ങള്‍ ഉള്‍പ്പെടെയുള്ള ദൃഢഘടനകളുടെ നിര്‍മാണങ്ങളാണ് ഇതിനു പ്രധാന കാരണമാകുന്നതെന്ന് ശാസ്ത്രസമൂഹം വിശദമാക്കിയിരുന്നു. അശാസ്ത്രീയമായ ആസൂത്രണവും സാമൂഹിക, പാരിസ്ഥിതിക പഠനങ്ങളെ അര്‍ഹിക്കുന്ന ഗൗരവത്തോടെ പരിഗണിക്കാത്തതുമാണ് പ്രധാന കാരണങ്ങള്‍. കടലാക്രമണവും കടലേറ്റവും കേരളത്തിലുടനീളം അപകട ഭീഷണി ഉയര്‍ത്തുമ്പോഴും സര്‍ക്കാര്‍ തന്നെ നിശ്ചയിച്ചിട്ടുള്ള അപകടമേഖലകളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തീരസംരക്ഷണം നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പ്രകടിപ്പിച്ച അനാസ്ഥയും അലംഭാവവും അക്ഷന്തവ്യമാണ്.
അദാനിയുടെ സ്തുതിപാഠകര്‍
വിഴിഞ്ഞം വാണിജ്യതുറമുഖ നിര്‍മാണം മൂലം തീരദേശ ജനത നേരിട്ടുകൊണ്ടിരുന്ന പ്രശ്നങ്ങളും ആശങ്കകളും ആവര്‍ത്തിച്ചാവര്‍ത്തിച്ച് അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ മേല്‍നോട്ടത്തിനായി ചുമതലപ്പെടുത്തിയ അധികാരികള്‍, വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് (വിസില്‍) ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍, തുറമുഖ നിര്‍മ്മാണം ഏറ്റെടുത്ത അദാനി കമ്പനിയുടെ സ്തുതിപാഠകര്‍ ആയി നിലകൊള്ളുകയും തിരുവനന്തപുരം ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധനം തന്നെ അസാധ്യമായി തീരുകയും ചെയ്യുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടു. അശാസ്ത്രീയമായി നിര്‍മിച്ച മുതലപ്പൊഴി മരണപ്പൊഴിയായി മാറിക്കഴിഞ്ഞിരുന്നു. മുതലപ്പൊഴിയിലെ പ്രശ്നങ്ങള്‍ പഠിച്ചു പരിഹരിക്കുന്നതിന് രാജ്യാന്തരതലത്തില്‍ തന്നെ ദര്‍ഘാസ്സുകള്‍ വിളിച്ച് ഏജന്‍സികളെ നിശ്ചയിക്കാമെന്ന് പറഞ്ഞിരുന്നുവെങ്കിലും വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനായി പാറക്കല്ലുകള്‍ കയറ്റാന്‍ അദാനി കമ്പനിക്ക് മുതലപ്പൊഴി തയ്യാറാക്കി കൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.
സമരവഞ്ചിയിറക്കിയത് കോര്‍പറേറ്റ് കടലേറ്റത്തിലേക്ക്
ഈ സാഹചര്യത്തിലാണ് വരുംതലമുറയ്ക്കു വേണ്ടികൂടി കടലും തീരവും കടലിന്റെ ആവാസവ്യവസ്ഥകളും സംരക്ഷിക്കാനുള്ള പോരാട്ടം എന്ന നിലയില്‍ 2022 ജൂലൈ 20 മുതല്‍ തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളികള്‍ പ്രക്ഷോഭം ആരംഭിച്ചത്. സമാനതകളില്ലാത്ത ഒരു ജനകീയ സമരമായിരുന്നു ഇത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, ഇന്ത്യയിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രാദേശിക ഘടകങ്ങള്‍, നീതിന്യായ നിര്‍വഹണ സംവിധാനങ്ങള്‍, ലോകത്തിലെതന്നെ വന്‍ സാമ്പത്തിക ശക്തികള്‍, വര്‍ഗീയ സമുദായ സംഘടനകള്‍, ഒരുകൂട്ടം മാധ്യമങ്ങള്‍ എന്നിവര്‍ സംഘം ചേര്‍ന്ന് അതിശക്തരായി നില്‍ക്കുമ്പോഴാണ് മത്സ്യത്തൊഴിലാളികള്‍ അതിജീവനത്തിനും ഉപജീവന സംരക്ഷണത്തിനുമായി ഇവര്‍ക്കെതിരെ സമര രംഗത്തെത്തിയത്.
കേരളം സമരത്തിന്റെ കൂടെ
തുടര്‍ന്ന് വിഴിഞ്ഞത്ത് നടന്ന മത്സ്യത്തൊഴിലാളികളുടെ സമരം കേരളവും ലോകവും വളരെയേറെ ശ്രദ്ധയോടെയാണ് വീക്ഷിച്ചത്. അതിശക്തമായ വിധം തീരദേശം വിഴിഞ്ഞത്തേക്ക് ഒഴുകിയെത്തി. പോരാട്ടത്തിന്റെ പല മുഖങ്ങളും സമരത്തിന് പിന്തുണ നല്‍കിക്കൊണ്ട് കേരളത്തിലെങ്ങും ദൃശ്യമായി. നീതിന്യായ നിര്‍വഹണ സംവിധാനങ്ങളുടെ സഹായത്തോടെ സമരത്തെ അടിച്ചമര്‍ത്താന്‍ സര്‍ക്കാരിന്റെ ശ്രമങ്ങളും ഇതിനോടൊപ്പം ഉണ്ടായി. വര്‍ഗീയ സമുദായികശക്തികളെ മത്സ്യത്തൊഴിലാളികളുടെ അതിജീവന സമരത്തെ തോല്പ്പിക്കാനായി രംഗത്ത് എത്തിച്ചിരുന്നു. എന്നാല്‍ കേരളമെങ്ങും സമരത്തിന് പിന്തുണയായി ഐക്യദാര്‍ഢ്യ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവന്നു. മനുഷ്യാവകാശ സംഘടനകളും പൗരാവകാശ പ്രസ്ഥാനങ്ങളും പരിസ്ഥിതി സംഘടനകളും മത്സ്യത്തൊഴിലാളികളുടെ ഈ സമരത്തോട് അണിചേര്‍ന്നു. കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിനോടൊപ്പം (കെആര്‍എല്‍സിസി) കെഎല്‍സിഎ ഉള്‍പ്പെടെയുള്ള ലത്തീന്‍ കത്തോലിക്കരുടെ സംഘടനകള്‍ സമരത്തെ ശക്തമായി പിന്തുണച്ചു. കേരളത്തിലെ കത്തോലിക്കാ സഭയും രൂപതകളും മത്സ്യത്തൊഴിലാളികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
സമരം പൊളിക്കാനുള്ള സര്‍ക്കാരിന്റെ സ്ക്രിപ്റ്റ്
2022 നവംബര്‍ 26, 27 തീയതികളില്‍ വിഴിഞ്ഞത്ത് നടന്ന ഹിതകരമല്ലാത്ത സംഭവങ്ങളും അതിലേക്കു നയിച്ച സാഹചര്യങ്ങളും സമരത്തെ മറ്റൊരു തലത്തിലേക്ക് എത്തിച്ചു. മത്സ്യത്തൊഴിലാളി സമരം ഒത്തുതീര്‍പ്പാക്കുന്നതില്‍ സര്‍ക്കാരിന്റെ സമീപനവും നിലപാടുകളും നീതിപൂര്‍വ്വകമായിരുന്നില്ലെന്ന് പിന്നീടുണ്ടായ സംഭവവികാസങ്ങള്‍ വെളിപ്പെടുത്തി. പ്രശ്നങ്ങളെ മുന്‍നിര്‍ത്തി തീരവാസികള്‍ ഉന്നയിച്ച ന്യായമായ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാതെയും അംഗീകരിക്കാതെയും സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചതും അതിനായി സര്‍ക്കാര്‍ സ്വീകരിച്ച തന്ത്രങ്ങളും മാര്‍ഗങ്ങളും നീതിരഹിതമായിരുന്നു. അഞ്ചു വര്‍ഷക്കാലത്തിലധികം മനുഷ്യോചിതമല്ലാത്ത സാഹചര്യങ്ങളില്‍ കഴിയേണ്ടിവന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീര്‍ത്തും ദയാരഹിതമായിട്ടാണ് പ്രതികരിച്ചത്. ഒരുകാലത്ത് കേരളത്തിലെ രക്ഷാസൈന്യം എന്ന് വിശേഷിപ്പിക്കപ്പെട്ട മത്സ്യത്തൊഴിലാളികള്‍ ദേശദ്രോഹികളും രാജ്യദ്രോഹികളുമായി മുദ്രകുത്തപ്പെട്ടു. തിരുവനന്തപുരം അതിരുപതയുടെ മെത്രാപ്പോലീത്ത ഡോ. തോമസ് നെറ്റോയുടെ പേരിലും സഹായമെത്രാന്‍ ബിഷപ് ഡോ. ക്രിസ്തുദാസിന്റെ പേരിലും വികാരി ജനറല്‍ മോണ്‍. യൂജിന്‍ പെരേരയുടെയും നിരവധി വൈദികരുടെയും മത്സ്യത്തൊഴിലാളികളുടെയും പേരിലും നീതികരിക്കാനാവാത്ത വിധം നിരവധി കേസുകള്‍ ആണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. സംഭവദിവസങ്ങളില്‍ സ്ഥലത്ത് സന്നിഹിതര്‍ അല്ലാതിരുന്ന മെത്രാന്മാരുടെയും വൈദികരുടെയും മത്സ്യത്തൊഴിലാളികളുടെയും പേരില്‍ ചുമത്തിയിട്ടുള്ള നിരവധി കേസുകളും പൊലീസ് നടപടികളും ജനാധിപത്യ രീതിയിലുള്ള പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ അധികാരത്തിന്റെയും മറ്റു സംവിധാനങ്ങളുടെയും ദുരുപയോഗം തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളി സമരങ്ങള്‍ അവസാനിപ്പിക്കുന്നതിലും നമുക്കു കാണാന്‍ കഴിഞ്ഞു.
വിദഗ്ധ സംഘം അതിവിദഗ്ധമായി പറ്റിച്ചു
വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണം അതീവ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ തിരുവനന്തപുരം ജില്ലയുടെ തീരപ്രദേശങ്ങളില്‍ സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ സമരസമിതി നിര്‍ദേശിക്കുന്ന ഒരു വിദഗ്ധനെ ഉള്‍പ്പെടുത്തി തുറമുഖ നിര്‍മ്മാണം നിര്‍ത്തിവച്ച് പഠനം നടത്തുക എന്നതായിരുന്നു സമരം ഉയര്‍ത്തിയിരുന്ന പ്രധാന ആവശ്യം. എന്നാല്‍, ഈ സമരത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ഏകപക്ഷീയമായി ഒരു വിദഗ്ധ സംഘത്തെ തുറമുഖ നിര്‍മാണത്തിന്റെ പ്രത്യാഘാതങ്ങളെ പറ്റി പഠിക്കുന്നതിനായി നിയോഗിച്ചു. പൂനെ ആസ്ഥാനമാക്കിയുള്ള സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസര്‍ച്ച് സ്റ്റേഷന് അഡീഷണല്‍ ഡയറക്ടര്‍ ആയിരുന്ന എം.ഡി കുദാലയുടെ നേതൃത്വത്തിലാണ് ഈ വിദഗ്ധസമിതി സര്‍ക്കാര്‍ രൂപപ്പെടുത്തിയത്. കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ആയിരുന്ന ഡോ. റിജി ജോണ്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ അസിസ്റ്റന്റ് പ്രഫ. തേജല്‍ കനിക്കര്, കണ്ട്ല തുറമുഖത്തിന്റെ ചീഫ് എന്‍ജിനീയര്‍ ആയിരുന്ന പി.കെ ചന്ദ്രമോഹന് എന്നിവരായിരുന്നു വിദഗ്ധസമിതി അംഗങ്ങള്‍. എന്നാല്‍ സമരസമിതി നിര്‍ദേശിക്കുന്ന തീരദേശവാസിയായ ഒരു വിദഗ്ധനെ പ്രതിനിധിയായി ഉള്‍പ്പെടുത്തുക എന്ന ആവശ്യം നിരാകരിക്കപ്പെട്ടു. 2022 ഒക്ടോബര്‍ ആറിനാണ് ഈ സമിതിയെ നിയോഗിച്ചതെങ്കിലും ഈ സമിതിക്ക് പഠനവിഷയങ്ങള്‍ നിശ്ചയിച്ച് നല്‍കിയിരുന്നില്ല. പിന്നീട് കേരള ഹൈക്കോടതിയുടെ ചില പരാമര്‍ശങ്ങളുടെ വെളിച്ചത്തില്‍ 2023 ജനുവരി ഏഴിന് വിഷയങ്ങള്‍ നിശ്ചയിച്ചുനല്‍കി. ഈ സര്‍ക്കാര്‍ ഉത്തരവില്‍, നാലു മാസത്തിനകം ഇടക്കാല പഠന റിപ്പോര്‍ട്ട് നല്‍കണമെന്നും ആറു മാസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നാലു മാസത്തിനു ശേഷം ഈ വിദഗ്ധ സമിതി ആക്ഷേപങ്ങള്‍ ഉന്നയിച്ചവരുമായി വിഴിഞ്ഞത്ത് ഒരു കൂടിക്കാഴ്ച നടത്തി എന്നത് ഒഴിച്ച് യാതൊരുവിധത്തിലുള്ള പ്രവര്‍ത്തനവും നടത്തിയിട്ടില്ല എന്നത് സര്‍ക്കാരിന്റെ വഞ്ചനയാണ് വെളിപ്പെടുത്തുന്നത്.
ഗോഡൗണുകളില്‍ നിന്നു കരകയറാതെ ജീവിതങ്ങള്‍
വലിയതുറയിലെ സിമന്റ് ഗോഡൗണുകളില്‍ കഴിഞ്ഞിരുന്ന കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് ആവശ്യമായ തുക അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ അനാവശ്യമായ പിടിവാശിയാണ് പ്രകടിപ്പിച്ചത്. മാസവാടകയായി 5,500 രൂപ മാത്രമാണ് സര്‍ക്കാര്‍ ഇതിനായി അനുവദിച്ചത്. ഇപ്പോഴും അനേകം കുടുംബങ്ങള്‍ ഈ ഗോഡൗണുകളില്തന്നെ തുടരുന്നു എന്നത് അത്യന്തം ഖേദകരമാണ്. ഈ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് മുട്ടത്തറയില്‍ ഫ്ളാറ്റുകളുടെ നിര്‍മാണ ജോലി ആരംഭിച്ചിട്ടുണ്ടെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ മെല്ലെപ്പോക്ക് പദ്ധതി നടപ്പാക്കുന്നത് വൈകിപ്പിക്കും എന്നതില്‍ സംശയമില്ല. തിരുവനന്തപുരം കടല്‍ത്തീരത്ത് ഉണ്ടാവുന്ന തീരശോഷണം പ്രതിരോധിക്കുന്നതിനും കടലാക്രമണം തടയുന്നതിനും ഫലപ്രദമായ നടപടികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതിലും സര്‍ക്കാര്‍ ശാസ്ത്രീയമായ സമീപനം സ്വീകരിക്കുന്നില്ല എന്നതും കുറ്റകരമായ അനാസ്ഥ തന്നെയാണ്. മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന മണ്ണെണ്ണ സബ്സിഡിയുടെ കാര്യത്തിലും ബദല്‍ നിര്‍ദേശത്തിലെ ഇന്ധനവിലയെ സംബന്ധിച്ച കാര്യത്തിലും, കാലാവസ്ഥ മുന്നറിയിപ്പുകള്‍ മൂലം നഷ്ടപ്പെടുന്ന തൊഴില്‍ദിനങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്ന കാര്യത്തിലും സര്‍ക്കാര്‍ ഒളിച്ചുകളി തുടരുകയാണ്.
മുതലപ്പൊഴിയിലെ സര്‍ക്കാര്‍ ‘ഷോ’
മുതലപ്പൊഴിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ നടത്തിയ വീഴ്ച തന്നെയാണ് അതീവ ഗുരുതരമായ വാഗ്ദാനലംഘനം. ഇതിനകം 69 മനുഷ്യ ജീവനുകളാണ് മുതലപ്പൊഴിയില്‍ ബലി നല്‍കേണ്ടിവന്നത്. വിഴിഞ്ഞം സമരം നടക്കുന്ന ഘട്ടത്തില്‍ തന്നെയാണ് സമരത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി സര്‍ക്കാര്‍ പൂനെയിലെ സിഡബ്ല്യുപിആര്‍എസ് എന്ന ഗവേഷണ സ്ഥാപനത്തെ മുതലപ്പൊഴിയിലെ അശാസ്ത്രീയ പുലിമുട്ടുകള്‍ സൃഷ്ടിക്കുന്ന മരണക്കെണിയെ സംബന്ധിച്ച് പഠിച്ച് പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ചുമതല ഏല്‍പ്പിക്കുന്നത്. മണ്‍സൂണിന് മുന്‍പും പിമ്പും ലഭ്യമാകുന്ന വിവരശേഖരണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഇതു സംബന്ധിച്ച പഠനം പൂര്‍ത്തിയാക്കാന്‍ കഴിയൂ എന്ന് സര്‍ക്കാര്‍ ആദ്യം പറയുകയും റിപ്പോര്‍ട്ട് കിട്ടിയതിനുശേഷം മാത്രമേ എന്തെങ്കിലും നടപടികള്‍ സ്വീകരിക്കാന്‍ കഴിയൂ എന്ന് ഫിഷറീസ് വകുപ്പ് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
എന്നാല്‍ ഈമാസം മുതലപ്പൊഴിയില്‍ നാലുപേരുടെ ജീവനെടുത്ത അപകടത്തിനുശേഷം സ്ഥലം സന്ദര്‍ശിച്ച ഫിഷറീസ് വകുപ്പുമന്ത്രി ചില പരിഹാര നടപടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മുതലപ്പൊഴിയില്‍ അടിഞ്ഞുകൂടുന്ന മണ്ണ് നീക്കം ചെയ്യാനുള്ള ഉത്തരവാദിത്വം വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന്റെ ചുമതല നിര്‍വഹിക്കുന്ന അദാനി കമ്പനിക്കാണെന്ന മന്ത്രിയുടെ വെളിപ്പെടുത്തല്‍ തുറമുഖ വകുപ്പിന്റെ കെടുകാര്യസ്ഥതയുടെയും മുതലാളിത്ത പക്ഷപാതിത്വത്തിന്റെയും ഉത്തമ അടയാളമായി മാറുന്നു. ദുര്‍ബലരായ മനുഷ്യരുടെ വിലാപങ്ങളെ അവഗണിച്ചുകൊണ്ട് മുതലാളിത്ത കുത്തകകളുടെ താല്പര്യങ്ങള് സംരക്ഷിക്കുന്ന ചങ്ങാത്ത മുതലാളിത്തത്തിന്റെ ഉദാഹരണങ്ങളായി മുതലപ്പൊഴിയും വിഴിഞ്ഞവും മാറിയിരിക്കുകയാണ്. മത്സ്യത്തൊഴിലാളികളുടെ ജീവിതങ്ങളെ വിലമതിക്കാത്ത കേരള സര്‍ക്കാരിന്റെ നിഷേധാത്മക സമീപനങ്ങളെ തീരദേശ സമൂഹം യാഥാര്‍ത്ഥ്യബോധത്തോടെ വിലയിരുത്തേണ്ടിയിരിക്കുന്നു. വിഴിഞ്ഞം സമരത്തിന്റെ ഒന്നാം വാര്‍ഷികം ഇതാണ് തീരദേശ ജനസമൂഹത്തെ ഓര്‍മിപ്പിക്കുന്നത്.