1947-48 കാലമാണ്. എനിക്കന്ന് എട്ടോ ഒമ്പതോ വയസ് പ്രായമുണ്ട്. ഞങ്ങളുടെ തറവാട് വീട് പശ്ചിമകൊച്ചിയില്‍ നസ്രത്താണ്. എന്റെ അമ്മൂമ്മയുടെ വീട് എറണാകുളത്താണ്. അമ്മൂമ്മ നിര്‍ബന്ധിച്ച് മൂത്തജ്യേഷ്ഠനെയും എന്നെയും എറണാകുളത്തു കൊണ്ടുവന്നു. സെന്റ് ആല്‍ബര്‍ട്സ് സ്കൂളില്‍ ചേര്‍ത്തു. എനിക്കു ചെറുപ്പത്തിലേ സംഗീതത്തില്‍ താല്പര്യമുണ്ടായിരുന്നു. അന്നത്തെ കാലത്ത് ഹിന്ദി, തമിഴ് പാട്ടുകളായിരുന്നു കൂടുതലുമുണ്ടായിരുന്നത്. എനിക്ക് ഹിന്ദി പാട്ടിനോടായിരുന്നു താല്പര്യം. മന്നാ ഡേ, കെ.സി.ഡേ, പങ്കജ് മല്ലിക്, സൈഗള്‍ തുടങ്ങിയവരുടെ പാട്ടുകള്‍ വളരെ ഇഷ്ടമായിരുന്നു.
വടക്കേപള്ളിയെന്ന് വിളിച്ചിരുന്ന ഇന്‍ഫന്റ് ജീസസ് ചര്‍ച്ചില്‍ അന്ന് വികാരിയായിരുന്നു ഇമ്മാനുവല്‍ ലോപ്പസ് അച്ചന്. അദ്ദേഹത്തിന്റെ അസിസ്റ്റന്റായിരുന്നു മൈക്കള്‍ പനക്കലച്ചന്. എന്റെ അമ്മാവന് എം.എസ് ജോണ്‍ ടാറ്റാ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. അവിടെ ടാറ്റാ കാത്തലിക് എംപ്ലോയീസ് അസോസിയേഷന് എന്നൊരു സംഘടനയുണ്ടായിരുന്നു. നടുവിലെപള്ളിയില് (സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍) ചില ദിവസങ്ങളില്‍ അവര്‍ പാതിരാത്രിക്ക് ഒരു മണിക്കൂര്‍ ആരാധന നടത്തിയിരുന്നു. അപ്പോള്‍ പാട്ടുകളും പാടുമായിരുന്നു. എന്റെ പാട്ടുകള്‍ അമ്മാവന് ഇഷ്ടമായിരുന്നു. അദ്ദേഹം എന്നെക്കൊണ്ട് വീട്ടില്‍ ഹിന്ദി ഗാനങ്ങള്‍ പാടിക്കും. അതില്‍ നിന്ന് മലയാളം ഭക്തിഗാനങ്ങള്‍ എഴുതും. ഒരു ദിവസം ആരാധനാ സമയത്ത് അതിലൊരു ഗാനം എന്നെക്കൊണ്ട് പാടിച്ചു. ആ സമയത്ത് പള്ളിയില്‍ ഒരു അച്ചന് പ്രാര്ഥിച്ചുകൊണ്ടിരുന്നിരുന്നു. ആരാധന കഴിഞ്ഞ് അദ്ദേഹം വന്ന് അമ്മാവനോടു പറഞ്ഞു, ”ഇവന് കൊള്ളാമല്ലോ! പക്ഷേ പാട്ടില്‍ കുറച്ചു പ്രശ്നങ്ങളുണ്ട്; നമുക്കവ ശരിയാക്കാം.” മൈക്കള്‍ പനക്കലച്ചനായിരുന്നു അത്. അദ്ദേഹമന്ന് സെന്റ് ആല്‍ബര്‍ട്സ് കോളജ് ഹോസ്റ്റലിലെ വാര്‍ഡനുമാണ്. അക്കാലത്ത് പള്ളികളില്‍ ലത്തീന്‍ പാട്ടുകള്‍ മാത്രമാണ് കുര്‍ബാനയ്ക്ക് പാടിയിരുന്നത്. പള്ളിയില്‍ പാടണമെങ്കില്‍ മെത്രാന് മന്ദിരത്തില്‍ ചെന്ന് ബന്ധപ്പെട്ട അച്ചനെ പാട്ടുപാടി കേള്‍പ്പിക്കണം. അച്ചന്റെ സര്‍ട്ടിഫിക്കറ്റുണ്ടെങ്കിലേ പള്ളിയാല്‍ പാടാന്‍ അനുവാദം ലഭിക്കുകയുള്ളൂ. രണ്ടാം വത്തിക്കാന്‍ സൂനഹദോസില്‍ ആരാധനക്രമത്തിലെ ഗാനങ്ങള്‍ പ്രാദേശികഭാഷകളില്‍ പാടാമെന്ന് നിര്‍ദേശിച്ചതിനു ശേഷമാണ് നമ്മുടെ പള്ളികളില്‍ മലയാളത്തിലൊക്കെ പാട്ടുകള്‍ പാടാന്‍ തുടങ്ങിയത്.
വടക്കേപള്ളിയില് ഇമ്മാനുവല്‍ ലോപ്പസച്ചന് സ്ഥാപിച്ചതാണ് ബോസ്കോ കലാസമിതി. അവിടെ വരാന്‍ മൈക്കളച്ചന്‍ പറഞ്ഞു. അവിടെ വച്ചാണ് ഇമ്മാനുവല്‍ ലോപ്പസച്ചനെ ഞാന്‍ കാണുന്നത്. ബോസ്കോ കലാസമിതിയില്‍ പല കലാപരിപാടികളും അച്ചന് പ്രോത്സാഹിപ്പിച്ചിരുന്നു. ചെറുപ്പക്കാരെ കൊണ്ട് ചിത്രം വരപ്പിക്കുക, നാടകം കളിപ്പിക്കുക, പാട്ടുപാടിക്കുക തുടങ്ങിയവയൊക്കെ അച്ചന് ചെയ്യുമായിരുന്നു. ബോസ്കോയില്‍ വച്ചാണ് പിന്‍കാലത്ത് പ്രസിദ്ധമായ ‘അല്ലിയാമ്പല്‍ കടവില്‍’ എന്ന പാട്ടിന്റെ സംഗീതസംവിധായകരായ ജോബ് ആന്‍ഡ് ജോര്‍ജിനെ കാണുന്നത്. ജോ കൊയ്ലോ, റൊസാരിയോ (സിനിമാതാരം ജയഭാരതിയുടെ അച്ഛന്) തുടങ്ങി സംഗീതത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ അവിടെയുണ്ട്. ഇമ്മാനുവലച്ചനാണ് ഇതിന്റെയെല്ലാം സംഘാടകന്‍. അങ്ങനെ ഞാനും അവിടെയൊരു പാട്ടുകാരനായി.
ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുന്ന സമയം. ഒരിക്കല്‍ അവിടെ ഒരു നാടകം അവതരിപ്പിക്കാന്‍ തീരുമാനിച്ചു. ഇമ്മാനുവലച്ചന്റെ നിര്‍ദേശപ്രകാരം ദാസ് എന്നൊരാള്‍ രചിച്ച ‘കരയുന്ന അസ്ഥിമാടം’ എന്ന നാടകമാണ് അവതരിപ്പിക്കുന്നത്. ലോപ്പസച്ചനാണ് സംവിധാനം. കുറച്ചു ജിപ്സികള് ഒരു പാട്ടുംപാടിക്കൊണ്ട് കാണികള്‍ക്കിടയില്‍ നിന്ന് സ്റ്റേജിലേക്ക് കയറിവരുന്നതാണ് ആദ്യരംഗം. അവസാനരംഗത്തില്‍ ഈ പാട്ടുപാടിക്കൊണ്ട് അവര്‍ ഇറങ്ങിപ്പോകുന്നു. ശോകരസപ്രദമായ ഒരു പാട്ടാണ് അവര്‍ പാടേണ്ടത്. ഇമ്മാനുവലച്ചന് എന്നെ വിളിച്ച് അത്തരമൊരു പാട്ടിന് ഈണം കൊടുക്കാന്‍ ആവശ്യപ്പെട്ടു. ഒരു ചെറിയ കുട്ടിയായിരുന്ന എന്നില്‍ അച്ചന് അര്‍പ്പിച്ച വിശ്വാസം എന്നെ ഇന്നും അദ്ഭുതപ്പെടുത്തുന്നു. അതായിരുന്നു ഞാന്‍ ആദ്യം ഈണം നല്കിയ പാട്ട്.
ലോപ്പസച്ചനാണ് എന്നെ സംഗീതസംവിധായകനാക്കിയത് എന്നു പറയാം. ഈ ഈണം പിന്നീട് ഞാന്‍ ‘എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്’ എന്ന സിനിമയില്‍ ‘മൗനങ്ങളേ ചാഞ്ചാടുവാന്‍’ എന്ന വരികളില്‍ ഉപയോഗിച്ചു.
തബലവായിക്കുന്ന പോഞ്ഞിക്കരക്കാരന്‍ വര്‍ഗീസ്, പാട്ടുകാരനായിരുന്ന സെബാസ്റ്റിയന് ഒ.ജെ, ജെ.എം. രാജുവിന്റെ കസിനായ എം.റ്റി ജെറോം, വി.ജെ ജോര്‍ജ് പിന്നെ ഞാനും ചേര്‍ന്ന് ഒരു ജൂനിയര്‍ മ്യൂസിക് ട്രൂപ്പുമുണ്ടാക്കി. ലോപ്പസ് അച്ചന് അതിനെയെല്ലാം പ്രോത്സാഹിപ്പിച്ചിരുന്നു. ബോസ്കോ കലാസമിതിയാണ് പിന്നീട് പ്രശസ്തമായ സി.എ.സിയായത്.
ഞങ്ങള്‍ കുട്ടികളോട് വലിയ സ്നേഹവും വാത്സല്യവുമായിരുന്നു അച്ചന്. ഞാന്‍ സെമിനാരിയില്‍ ചേരാന്‍ തീരുമാനിച്ചതിനു പിന്നിലും ഇമ്മാനുവലച്ചന്റെയും മൈക്കളച്ചന്റെയും സ്വാധീനമുണ്ടായിരുന്നു. കണ്ണങ്കുന്നത്ത് പള്ളിയില്‍ നിന്നാണ് ഞാന്‍ ഓര്‍ഗന്‍ വായിക്കാന്‍ പഠിക്കുന്നത്. അവിടെ ഒസിഡി സഭയില്‍ ചേരാനായിരുന്നു എനിക്കു താല്പര്യം. എന്നാല്‍ അച്ചന്മാര് രണ്ടുപേരും എന്നോട് കുറച്ചുകൂടി ആക്ടീവായ ഒരു സഭയില്ചേരാന് നിര്‍ദേശിക്കുകയായിരുന്നു. അങ്ങനെയാണ് ഞാന്‍ ജര്‍മന്‍ സന്ന്യാസീസഭയായ എസ്.വി.ഡിയില്‍ ചേരുന്നത്. ഇന്തോറിലായിരുന്നു അവരുടെ സെമിനാരി. പൂണെ പേപ്പല്‍ സെമിനാരിയിലാണ് ഫിലോസഫിയും തിയോളജിയും പഠിച്ചത്. എനിക്കത് വളരെ പ്രയോജനപ്പെട്ടിട്ടുണ്ട്. അതിന്റെ പിന്നണിക്കാരനും ഒരര്‍ത്ഥത്തില്‍ മോണ്‍. ഇമ്മാനുവലായിരുന്നു.
സെമിനാരിയില്‍ നിന്ന് ഇടക്കിടെ വരുമ്പോഴെല്ലാം അച്ചനെ കാണാന്‍ പോകുമായിരുന്നു. പിന്നീട് ഞാന്‍ സെമിനാരി വിട്ടു ബോളിവുഡില്‍ ചേര്‍ന്നു. സംഗീത സംവിധായകനായ നൗഷാദിന്റെ അസിസ്റ്റന്റായി. പിന്നീട് പഠിക്കാനും മറ്റുമായി അമേരിക്കയില്‍ പോയി. നീണ്ട 25 വര്‍ഷത്തിനു ശേഷമാണ് 1980ല്‍ നാട്ടില്‍ തിരിച്ചെത്തുന്നത്. അപ്പോള്‍ ഇമ്മാനുവലച്ചന് മോണ്‍സിഞ്ഞോര്‍ പദവിയിലെത്തിയിരുന്നു. മെത്രാസന മന്ദിരത്തിലായിരുന്നു പിന്നീടദ്ദേഹം.
ഞാന്‍ ഓര്‍ക്കുന്നു, ബോസ്കോ കലാസമിതിയുടെ അംഗമായിരുന്ന കാലത്ത് ഇമ്മാനുവലച്ചന്റെ മേടയുടെ വാതിലുകള്‍ എപ്പോഴും തുറന്നിട്ടിരിക്കും. ആര്‍ക്കുനേരേയും അതു കൊട്ടിയടച്ചിരുന്നില്ല. എല്ലാവരോടും സ്നേഹത്തോടും സൗഹാര്‍ദത്തിലും പെരുമാറും. അദ്ദേഹത്തിന്റെ ജീവിതാവസാനം വരേയും അതു തുടര്‍ന്നു.