കൊച്ചി: തിരുവന്തപുരത്ത് മുതലപ്പൊഴിയില്‍ തുടര്‍ച്ചയായുണ്ടാകുന്ന അപകടങ്ങള്‍ സര്‍ക്കാരിന്റെ അനാസ്ഥമൂലമാണെന്ന് കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൗണ്‍സിലും കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷനും കുറ്റപ്പെടുത്തി. മുതലപ്പൊഴിയിലെ ആവര്‍ത്തിക്കുന്ന ദുരന്തങ്ങള്‍ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയുടെയും കുറ്റകരമായ അനാസ്ഥയുടെയും ഫലമാണെന്ന് കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, രാഷ്ട്രീയക്കാര്യ സമിതി കണ്‍വീനര്‍ ജോസഫ് ജൂഡ്, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് ഷെറി ജെ. തോമസ്, ജനറല്‍ സെക്രട്ടറി ബിജു ജോസി എന്നിവര്‍ പ്രസ്താവനകളില്‍ പറഞ്ഞു.
ലത്തീന്‍ കത്തോലിക്ക സഭയെ നിരന്തരം അപമാനിക്കുന്ന സര്‍ക്കാരിന്റെ ശ്രമങ്ങളെയും മന്ത്രിമാരുടെയും നേതാക്കളുടെയും പ്രസ്താവനകളെയും ഗൗരവത്തോടെ തന്നെയാണ് നോക്കി കാണുന്നതെന്ന് ജോസഫ് ജൂഡ് വ്യക്തമാക്കി.
ഐതിഹാസികമായ വിഴിഞ്ഞം സമരം അവസാനിപ്പിക്കുമ്പോള്‍ മുതലപ്പൊഴിയിലെ പുലിമുട്ട് നിര്‍മ്മാണത്തിലെ അശാസ്ത്രീയത പഠിച്ച് പരിഹരിക്കുന്നതിന് ഒരു വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ തുടര്‍നടപടികള്‍ ഒന്നും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല എന്നത് ഗുരുതരമായ ഒരു വീഴ്ചയായി കാണേണ്ടതുണ്ട്. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ സമരം പരാജയപ്പെട്ടു എന്ന് മന്ത്രി ശിവന്‍കുട്ടി വിലയിരുത്തുന്നത് എന്തിന്റെ അടിസ്ഥാനത്തില്‍ ആണെന്ന് വ്യക്തമാക്കണം. സമരസമിതിയും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍ക്കാരും നടത്തിയ ചര്‍ച്ചയുടെ ഫലമായിട്ടാണ് സമരം അവസാനിപ്പിച്ചത്. ഇങ്ങനെ അവസാനിപ്പിച്ച സമരം പരാജയമാണെന്ന് ഒരു മന്ത്രി തന്നെ വിലയിരുത്തുന്നത് ഈ സമരം അവസാനിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ ഗൂഢാലോചന നടത്തി എന്നതിന്റെ തെളിവാണ്.
വിഴിഞ്ഞം സമരത്തിന്റെ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ കാലതാമസം കൂടാതെ നടപ്പിലാക്കാനുള്ള ആര്‍ജ്ജവം സര്‍ക്കാര്‍ കാണിക്കണം. സര്‍ക്കാരിന്റെ അനാസ്ഥ കൊണ്ട് അപകടങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ ജനങ്ങളുടെ പ്രതികരണം സ്വാഭാവികമാണ്. അതെല്ലാം ഷോ ആണെന്ന മന്ത്രിയുടെ നിരീക്ഷണം നിരുത്തരവാദിത്വപരവുമാണ്. പ്രശ്നങ്ങളുടെ ഗൗരവം
മനസ്സിലാക്കി പ്രശ്നപരിഹാരത്തിന് നേതൃത്വം നല്‍കുകയാണ് സര്‍ക്കാരും സര്‍ക്കാരിന്റെ പ്രതിനിധികളും ചെയ്യേണ്ടതെന്ന് കെആര്‍എല്‍സിസി രാഷ്ട്രീയകാര്യ സമിതി ഓര്‍മിപ്പിച്ചു.
മുതലപ്പൊഴിയുടെ അശാസ്ത്രീയത നിര്‍മാണം പരിഹരിക്കുന്നതിന് അടിയന്തര നടപടികള്‍ എടുക്കാത്തതാണ് അപകടങ്ങള്‍ തുടരാന്‍ കാരണമെന്ന് കെഎല്‍സിഎ ആരോപിച്ചു. മനുഷ്യജീവന് രക്ഷിക്കാന്‍ അലംഭാവം കാണിക്കുന്നതിനെതിരെ പ്രതിഷേധമുയരുമ്പോള്‍ പ്രതിഷേധിക്കുന്നവരെ ഒറ്റപ്പെടുത്തി ഭയപ്പെടുത്തി പിന്തിരിപ്പിക്കാനുള്ള ശ്രമം വിലപ്പോകില്ല.
വിഴിഞ്ഞം സമരവുമായി ബന്ധപ്പെടുത്തി ഈ വിഷയത്തില്‍ പ്രതിഷേധിക്കുന്നവരെ മന്ത്രി ശിവന്‍കുട്ടി പരാമര്‍ശിക്കുന്നത് തന്നെ ദുരുദ്ദേശപരമാണ്. സമരം ചെയ്യുന്നവരെയൊക്കെ കലാപ ആഹ്വാനം ചെയ്യുന്നവരെന്ന് പറയുന്നതിന് പകരം കടലില്‍ പോയവരെ രക്ഷിക്കാനും അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉള്ള നടപടികള്‍ അടിയന്തരമായി കൈകൊള്ളുകയുമാണ് വേണ്ടത്. പ്രദേശത്ത് വിദഗ്ധരായ കോസ്റ്റ ്ഗാര്ഡുകളെ സ്ഥിരമായി നിയമിക്കാനുള്ള നടപടി അടിയന്തരമായി ഉണ്ടാവണം. പ്രതിഷേധിക്കുന്നവര്‍ക്കെതിരെ അനുചിതമായ പരാമര്‍ശങ്ങള്‍ നടത്തുന്ന മന്ത്രിമാര്‍ സ്വയം വിമര്‍ശനത്തിന് വിധേയരാകണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.