കൊച്ചി: 2023 ജൂലൈ 7,8,9 തീയതികളില്‍ ഇടക്കൊച്ചി ആല്‍ഫ പാസ്റ്ററല്‍ സെന്ററില്‍ ചേര്‍ന്ന കേരള ലത്തീന്‍ കത്തോലിക്ക സഭയുടെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ ( കെആര്‍എല്‍സിസി) 41-ാം ജനറല്‍ അസംബ്ലി സമാപിച്ചു. 12 രൂപതകളില്‍ നിന്നുള്ള മെത്രാന്മാരും രൂപതാ പ്രതിനിധികളും സന്ന്യസ്ത സഭാ-അല്മായ സംഘടനാ പ്രതിനിധികളും ലത്തീന്‍ സമൂഹത്തിലെ ജനപ്രതിനിധികളും സംബന്ധിച്ചു.
സമാപന ദിനമായ ഇന്നലെ ബിസിനസ് സെഷനില്‍ 40-ാമത് ജനറല്‍ അസംബ്ലി റിപ്പോര്‍ട്ട്, കെആര്‍എല്‍സിസി പ്രവര്‍ത്തനറിപ്പോര്‍ട്ട്, സാമ്പത്തിക റിപ്പോര്‍ട്ട്, രാഷ്ട്രീയകാര്യസമിതി റിപ്പോര്‍ട്ട് എന്നിവ അവതരിപ്പിച്ചു. ലത്തീന്‍ കത്തോലിക്കരുടെ സാമൂഹിക – രാഷ്ട്രീയ സമീപനം ജനറല്‍ അസംബ്ലിയുടെ പ്രസ്താവന അവതരിപ്പിച്ചു.
റവ. ഡോ. ജോഷി മയ്യാറ്റില്‍, ഡോ. എസ് റെയ്മണ്‍, പ്രഫ. ഡോ. ആന്റണി ഡോസ ഡിസില്‍വ, ഡോ. കെ.എസ്. മനോജ്, അഡ്വ. ഷെറി ജെ. തോമസ് എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു. സമാപനസമ്മേളനത്തില്‍ കര്‍മ്മപദ്ധതി അംഗീകരിച്ചു.
കെആര്‍എല്‍സിബിസി മതബോധനസ്കോളര്ഷിപ്പ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കലും, ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോയും വിതരണം ചെയ്തു. കെആര്‍എല്‍സിസി അധ്യക്ഷന്റെ സമാപനസന്ദേശത്തോടെ അസംബ്ലി സമാപിച്ചു.
കെആര്‍എല്‍സിസി 41-മത് ജനറല്‍ അസംബ്ലി അംഗീകരിച്ച പ്രമേയങ്ങള്‍
ഏകീകൃത സിവില്‍ നിയമം നടപ്പാക്കുന്നത് ഏകപക്ഷീയമാകരുത്;
അഭിപ്രായ സമന്വയം അനിവാര്യം
• മണിപ്പൂരില്‍ രാഷ്ട്രപതി അടിയന്തരമായി ഇടപെടണം
• കടല്‍ത്തീരങ്ങള്‍ നവീനശാസ്ത്രീയരീതിയില് സംരക്ഷിക്കണം
• ലത്തീന്‍ കത്തോലിക്കര്‍ക്ക് അധികാരപങ്കാളിത്തവും പ്രാതിനിധ്യവും ഉറപ്പാക്കണം
ലത്തീന്‍ സമുദായത്തിന്റെ പ്രഖ്യാപിത രാഷ്ട്രീയ നയം പിന്തുടരാന് കെആര്എസിസി ജനറല്‍ അസംബ്ലി തീരുമാനിച്ചു. മൂല്യധിഷ്ടിത പ്രശ്നാധിഷ്ടിത സമദൂര നയമാണ് ലത്തീന്‍ സമുദായം സ്വീകരിച്ചിട്ടുള്ളത്. പക്ഷേ, ലത്തീന്‍ കത്തോലിക്ക സമുദായം ഉയര്‍ത്തുന്ന അതിജീവന ആവശ്യങ്ങളോടും ജീവത്പ്രശ്നങ്ങളോടും സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും പുലര്‍ത്തുന്ന സമീപനത്തിന്റെ അടിസ്ഥാനത്തില്‍ ആസന്നമായ തിരഞ്ഞെടുപ്പില്‍ നിലപാട് കൈക്കൊള്ളും. ഭരണഘടന വിഭാവനം ചെയ്യുന്ന അധികാരത്തിലുള്ള പ്രാതിനിധ്യത്തിലുള്ള അഭാവം, ഭരണനിര്‍വഹണത്തിലുള്ള മനഃപൂര്‍വമായ മാറ്റിനിര്‍ത്തല്‍, നീതിന്യായ സംവിധാനത്തിലെ പ്രാതിനിധ്യമില്ലായ്മ എന്നീ വിഷയങ്ങള്‍ സമുദായം ഗൗരവമായി പരിഗണിക്കും. സമുദായ ഏകോപനത്തിനും ശക്തീകരണത്തിനുമുള്ള നടപടികളും കര്‍മപദ്ധതികളും നടപ്പാക്കാന്‍ അസംബ്ലി തീരുമാനിച്ചു.
കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന പൊതുനിയമം ഭരണഘടന ഉറപ്പുനല്കിയിരിക്കുന്ന മതസ്വാതന്ത്ര്യത്തെ ഏതുവിധത്തിലാണ് ബാധിക്കുക എന്ന് വ്യക്തമല്ല. രാജ്യത്തെ നിയമങ്ങള്‍ക്കനുസൃതമായി തന്നെ ആഗോള കത്തോലിക്ക സഭയുടെ നൈയാമിക നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ അനുവര്‍ത്തിക്കുന്ന ആചാരങ്ങളും നടപടികളും അഭംഗുരം നിലനിര്‍ത്തേണ്ടത് വിശ്വാസപരമായ ബാധ്യതയാണ്. മതന്യുനപക്ഷങ്ങളെ വിശ്വാസത്തിലെടുത്തും തുറന്ന ചര്‍ച്ചകളിലൂടെയും ഏകീകൃത സിവില്‍ കോഡിനെപ്പറ്റി അഭിപ്രായ സമന്വയത്തിലെത്തണം. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിലൂടെ ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക വൈവിധ്യങ്ങളും വിവിധ മതസമൂഹങ്ങളുടെ ആരാധനാ സ്വാതന്ത്ര്യവും ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യവും യാതൊരുവിധത്തിലും ഹനിക്കപ്പെടരുത്. മതന്യുനപക്ഷങ്ങളെ വിശ്വാസത്തിലെടുത്തും തുറന്ന ചര്‍ച്ചകളിലൂടെയും ഏകീകൃത സിവില്‍ കോഡിനെപ്പറ്റി അഭിപ്രായ സമന്വയത്തിലെത്തണമെന്നും കെആര്‍എല്‍സിസി അഭിപ്രയപ്പെട്ടു. ഏകപക്ഷീയമായി ഇത് നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് അപകടകരമായി മാറും.
മണിപ്പൂരില്‍ സമാധാനവും പുനരധിവാസവും ഉറപ്പാക്കാന്‍ ഭരണഘടനാ വ്യവസ്ഥകള്‍ ഉപയോഗിച്ച് രാഷ്ട്രപതി അടിയന്തരമായി ഇടപെടണം. നിരപരാധികളായ മനുഷ്യര്‍ അക്രമണങ്ങളില്‍ കൊല്ലപ്പെടുകയാണ്. സുപ്രീം കോടതി നിര്‍ദ്ദേശിച്ചതുപോലെ, അക്രമത്തിന് ഇരയായി കുടിയൊഴിപ്പിക്കപ്പെട്ടവരുടെ സംരക്ഷണം, രക്ഷാപ്രവര്‍ത്തനം, പുനരധിവാസം എന്നിവയ്ക്ക് ഏറ്റവും മുന്‍ഗണന നല്‍കണം. നഷ്ടപരിഹാരം, പുനരധിവാസം, അനുരഞ്ജനം, സമാധാനം, സാധാരണ നില, ഐക്യം എന്നിവ പുനഃസ്ഥാപിക്കുന്നതിനുള്ള ശക്തമായ നടപടികള്‍ക്കൊപ്പം സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും അക്രമം നിയന്ത്രിക്കാന്‍ ദൃഢവും സുസ്ഥിരവുമായ ശ്രമങ്ങളും അനിവാര്യമാണ്. മതസ്വാതന്ത്ര്യം, സ്വന്തം മതവും വിശ്വാസവും ആചരിക്കാനുള്ള മൗലികാവകാശം, മലയോര ജനതയുടെ പാരമ്പര്യാവകാശങ്ങള്‍, ആചാരങ്ങളുമായി ബന്ധപ്പെട്ട അവകാശങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ഭരണഘടനാ വ്യവസ്ഥകള്‍ അക്ഷരാര്‍ത്ഥത്തില്‍ സംരക്ഷിക്കപ്പെടണം.
കേരളത്തിലെ ദുര്‍ബലമായ കടല്‍ത്തീരങ്ങള്‍ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പ്രകടിപ്പിക്കുന്ന നിസംഗതയും അനാസ്ഥയും അക്ഷന്തവ്യമാണ്. കേരളത്തിന്റെ തീരദേശജില്ലകളില്‍ കടലേറ്റം അതിശക്തമായിരിക്കുകയാണ്. അടിയന്തരമായി പുത്തന്‍തോട് മുതല്‍ ഫോര്‍ട്ടുകൊച്ചി വരെയുള്ള കടല്‍ത്തീരം സംരക്ഷിക്കാനുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ത്വരിതപ്പെടുത്തണം. ഏഷ്യയിലെ ഏറ്റവും ജനസാന്ദ്രതയേറിയ ഭൂപ്രദേശമായ വൈപ്പിന്‍ കടല്‍ത്തീരം ഈ കാലവര്‍ഷത്തില്‍ മുമ്പത്തേക്കാളേറെ അതിശക്തമായ കടലേറ്റം അനുഭവിക്കുകയാണ്. വര്‍ഷങ്ങളായി അറ്റകുറ്റപ്പണി നടത്താത്തത് മൂലം നിലവിലുള്ള കടല്‍ഭിത്തി പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. വൈപ്പിന്‍കരയുടെ പടിഞ്ഞാറന്‍ തീരം ടെട്രാപോഡു പോലെയുള്ള നവീനശാസ്ത്രീയ രീതികള്‍ ഉപയോഗപ്പെടുത്തി സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. വേമ്പനാട് കായലുള്പ്പെടെ കേരളത്തിലെ കായലുകളും പുഴകളും എക്കലും ചെളിയും അടിഞ്ഞുകൂടി ജലശേഖരവിസ്തൃതി അപകടരമായവിധം കുറഞ്ഞിരിക്കുകയാണ്. ഇത് വേലിയേറ്റ പ്രളയത്തിന് കാരണമാകുന്നുണ്ട്. അടിയന്തരമായി ഈ പ്രശ്നം പരിഹരിക്കാന്‍ നടപടി കൈക്കൊള്ളണമെന്നും കെആര്‍എല്‍സിസി അസംബ്ലി അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.