കൊച്ചി: കേരള ലത്തീന്‍ കത്തോലിക്ക സഭയുടെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ ( കെആര്‍എല്‍സിസി) 41-ാം ജനറല്‍ അസംബ്ലിയ്ക്ക് ഇടക്കൊച്ചി ആല്‍ഫ പാസ്റ്ററല്‍ സെന്ററില്‍ തുടക്കമായി. മണിപ്പൂരില്‍ മരിക്കുന്നത് മനുഷ്യരാണ്, മനുഷ്യജീവന് വിലകൊടുക്കുന്ന ഭരണാധികാരികള്‍ വേണമെന്ന് സ്മ്മേളനം ഉദ്ഘാടനം ചെയ്ത കെആര്‍എല്‍സിസി-കെആര്‍എല്‍സിബിസി പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ ആവശ്യപ്പെട്ടു. മണിപ്പൂരില്‍ നടക്കുന്ന കാര്യങ്ങള്‍ ലജ്ജാകരമാണെന്ന് പറയാം. ഏതു വിഭാഗത്തില്‍ പെട്ടവരായാലും മനുഷ്യരാണ് അവിടെ മരിക്കുന്നത്. മനുഷ്യജീവന് വിലകൊടുക്കുന്ന ഭരണാധികാരികളാണ് നമുക്കുവേണ്ടത്. എല്ലാവരേയും ഒരുമിച്ചു കാണുന്ന ഒരു സംസ്കാരമാണ് ആവശ്യം. ഭരണഘടനയിലെ മതേതരത്വമെന്നത് എല്ലാ മതങ്ങള്‍ക്കുമുള്ള തുല്യതയെയാണ് വ്യക്തമാക്കുന്നത്. ഇന്ത്യ ഇവിടെ ജീവിക്കുന്ന എല്ലാവരുടേതുമാണ്. ഒരു ഇന്ത്യക്കാരനും ലത്തീന്കാരനുമാണ് തങ്ങളെന്ന അഭിമാനബോധത്തില്‍ ജീവിക്കുന്നവരാണ് ലത്തീന്കാര്. ജനാധിപത്യത്തിനു കോട്ടം വരുന്ന ഘട്ടത്തില്‍ അത്തരം നീക്കങ്ങളെ ചെറുക്കാന്‍ ലത്തീന്‍ കത്തോലിക്കര്‍ക്കു കഴിയണം.
ഏകീകൃത സിവില്‍കോഡ് ഏകപക്ഷീയമായി നടപ്പാക്കരുത്. അഭിപ്രായ സമന്വയമില്ലാതെ സിവില്‍കോഡ് നടപ്പാക്കാന്‍ ശ്രമിക്കരുത്.
ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യവും ഭരണഘടന ഉറപ്പാക്കുന്ന മതസ്വാതന്ത്ര്യവും ഹനിക്കപ്പെടരുത്. ഏകീകത സിവില്‍കോഡ് സംബന്ധിച്ച് ഒരു കരടു പോലും പ്രസിദ്ധീകരിച്ചിട്ടില്ല. ഒരു ചര്‍ച്ചയും നടന്നിട്ടില്ല. ചര്‍ച്ച സാധ്യവുമല്ല. നേരത്തെ നിയമവിദഗ്ദര്‍ നടപ്പാക്കേണ്ട എന്നു പറഞ്ഞ് തള്ളിക്കളഞ്ഞതുമാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യവും ജനാധിപത്യവും മതേതരത്വവും കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. രാജ്യത്തിന്റെ ബഹുസ്വരതയും മതേതരത്വവും കാത്തുസൂക്ഷിക്കുന്നതായിരിക്കണം ഏതു സിവില്‍കോഡും. ദീര്‍ഘമായ ചിന്തകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് നടപ്പാക്കേണ്ട കാര്യത്തെ കുറിച്ച് ചിന്തിക്കേണ്ടത്. മാതാചാരങ്ങളും പാരമ്പര്യങ്ങളും തടസപ്പെടുത്താന്‍ പാടില്ല. എല്ലാവരേയും അംഗീകരിക്കുന്നതായിരിക്കണം സിവില്‍കോഡ്.
കെആര്‍എല്‍സിസി വൈസ്പ്രസിഡന്റ്ജോസഫ് ജൂഡ് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. തീരദേശത്തിന്റെ അവകാശങ്ങളും ഇപ്പോഴനുഭവിക്കുന്ന ദുരിതങ്ങളും ശരിയായി വിലയിരുത്തി വേണം ലത്തീന്‍ കത്തോലിക്കര്‍ ഇനിയുള്ള രാഷ്ട്രീയ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടതെന്ന് ജോസഫ് ജൂഡ് പറഞ്ഞു. സമുദായത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നവരോട് നമ്മള് അനുകൂലനിലപാട് സ്വീകരിക്കും. ലത്തീന്‍കാരുടെ ശബ്ദം അധികൃതരുടെ മുമ്പാകെ കേള്‍പ്പിക്കാന്‍ നാം സമയം കണ്ടെത്തണമെന്ന് അനുഗ്രഹപ്രഭാഷണം നടത്തിയ ബിഷപ് ഡോ. ജോസഫ് കരിയില്‍ പറഞ്ഞു. രാജ്യത്ത് കുറേപ്പേരെ വരുത്തന്മാരും ഇരത്തന്മാരുമാക്കുന്നുണ്ട്. ഭാരതത്തില്‍ എല്ലാവരും വന്നവരാണെന്നും അദ്ദേഹം വ്യക്തമാക്കി.
മണിപ്പൂരില്‍ സംഭവിച്ചത് മറ്റെവിടേയും ഇനി സംഭവിക്കരുതെന്ന് ആശംസ അര്‍പ്പിച്ച ദലീമ ജോജോ എംഎല്‍എ പറഞ്ഞു. ചില കലുഷിത ശക്തികള്‍ രാജ്യത്ത് നിരന്തരം വര്‍ഗീയ പ്രശ്നങ്ങളുണ്ടാക്കി നേട്ടം കൊയ്യാന്‍ ശ്രമിക്കുകയാണെന്ന് അവര്‍ ആരോപിച്ചു.
ബിഷപ്പുമാരായ ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍, ഡോ. ക്രിസ്തുദാസ് ആര്., അസോസിയേറ്റ് ജനറല്‍ സെക്രട്ടറി റവ.ഡോ. ജിജു അറക്കത്തറ, സെക്രട്ടറി പി.ജെ തോമസ്, ട്രഷറര്‍ എബി കുന്നേപ്പറമ്പില്‍, മറ്റു ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിച്ചു. കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍ സ്വാഗതവും സെക്രട്ടറി ഷിബു ജോസഫ് നന്ദിയും പറഞ്ഞു.
തുടര്‍ന്ന് ചേര്‍ന്ന ആദ്യസെഷനില്‍ ഇന്ത്യന്‍ ജുഡീഷ്യല്‍ അക്കാദമി മുന്‍ ഡയറക്ടര്‍ ഡോ. മോഹന്‍ ഗോപാല്‍ രാഷ്ട്രനിര്‍മ്മിതിയിലെ സമനീതി:പങ്കാളിത്തവും പ്രാതിനിധ്യവും എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി.
കൊച്ചി രൂപതയാണ് ത്രിദിനസമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. 12 രൂപതകളില്‍ നിന്നുള്ള മെത്രാന്മാരും രൂപതാ പ്രതിനിധികളും സന്ന്യസ്ത സഭാ-അല്മായ സംഘടനാ പ്രതിനിധികളും ലത്തീന്‍ സമൂഹത്തിലെ ജനപ്രതിനിധികളും സംബന്ധിക്കുന്നു. ജനറല്‍ അസംബ്ലിയുടെ പഠന വിഷയം രാഷ്ട്രനിര്‍മിതിയിലെ സമനീതി: പങ്കാളിത്തവും പ്രാതിനിധ്യവും, സംഘാടനം – ശക്തീകരണം – മുന്നേറ്റം എന്നതാണ്.