സമ്പാളൂരില്‍ ഈശോ സഭക്കാരുടെ സെമിനാരിയും മറ്റും നിലവിലുണ്ടായിരുന്ന കാലത്ത് (17ാം നൂറ്റാണ്ടില്‍) സ്പെയിന് സ്വദേശിയായ ജോണ്‍ ബ്രിട്ടോ എന്ന ഈശോ സഭാ വൈദികന് പ്രേഷിതപ്രവര്‍ത്തനത്തിനായി ഭാരതത്തില്‍ (ഗോവയില്‍) എത്തി.
വിശുദ്ധ ജോണ്‍ ബ്രിട്ടോയുടെ സമ്പാളൂരിലേയ്ക്കുള്ള യാത്ര
ഗോവയില്‍ നിന്ന് കൊച്ചിയിലേക്ക് പായ്ക്കപ്പല്‍ വഴിയുള്ള യാത്ര എട്ട് ദിവസം ദീര്ഘിച്ചിരുന്ന കാലത്തായിരുന്നു ജോണ്‍ ബ്രിട്ടോയും കൂട്ടരും കൊച്ചിയിലേക്കു വന്നത്. കടല്‍കൊള്ളക്കാരും ഡച്ചു യുദ്ധക്കപ്പലുകളും യാത്രക്കാരെ ശല്യം ചെയ്യുക പതിവായിരുന്നു. ഏതായാലും ജോണ്‍ ബ്രിട്ടോയും അനുചരന്മാരും പ്രാര്‍ഥനാനിരതരായി യാത്ര ചെയ്തു.
കോയമ്പത്തൂരില്‍ ശൗരിയാര് പാളയം സ്ഥാപിക്കുകയും ഇടവകക്കാരുടെ പാപങ്ങള്‍ക്കു പരിഹാരമായി സ്വയം പീഡിപ്പിക്കുകയും ചെയ്ത ഇറ്റലിക്കാരനായ ഫാ. ആന്റണി അമാസിയോയും, ഇശോസഭക്കാരുടെ പതിവു ലംഘിച്ചു പ്രത്യേക അനുമതിയോടെ ഇരുപത്തിനാലാമത്തെ വയസില്‍ അഭിഷിക്തനായ പോര്ച്ചുഗീസുകാരന് ഫാ. ഇഗ്നേഷ്യസ് ദക്കോസ്റ്റോയും, മൈസൂരിലെ സിവില്‍ വിപ്ലവകാലത്തും, മറാത്തക്കാരുടെ അക്രമണകാലത്തും വീരോചിതമായ സേവനങ്ങള്‍ അനുഷ്ഠിച്ച് 35-മത്തെ വയസില്‍ മരിച്ച മിഷണറി വൈദികനായ ആന്റണി പെരേരയും മധുരമിഷനിലും, ഗോവയിലും ബംഗാളിലും കഠിനാധ്വാനം ചെയ്ത് 43-ാമത്തെ വയസ് വരെ മാത്രം ജീവിച്ച ഫാ. ജോസ് ഡിസില്‍വയും മധുരയിലെ പല സെമിനാരികളിലും റെക്ടറായി ഒടുവില്‍ പ്രൊവിന്‍ഷ്യാളായും ജോലി ചെയ്ത ഫാ. ജെറോം ടെല്ലസും മധുരമിഷനിലെ പകര്‍ച്ചവ്യാധി പിടിച്ചവരുടെ ഇടയില്‍ വീരോചിതമായി സേവനം നല്കി അവശനായി 32-ാമത്തെ വയസില്‍ മരിച്ച ബ്രിട്ടീഷ്കാരനായ ഫാ. ഇഗ്നേഷ്യസ് സേവ്യറും കപ്പലില്‍ ബ്രിട്ടോയുടെ കൂടെ ഉണ്ടായിരുന്നു. ഇവരോട് കൂടിയുള്ള യാത്രയും സഹവാസവും ബ്രിട്ടോയെ ഏറെ സ്വാധീനിച്ചു.
ഇവരെയെല്ലാം കാത്തിരുന്ന മുന്‍ വിവരിച്ചതുപോലെ സേവനങ്ങളെപ്പറ്റി മുന്നറിവൊന്നും ഇല്ലായെങ്കിലും അതും അതിലധികവും സഹിക്കാന്‍ സന്നദ്ധരായി അവര്‍ ഉല്ലാസസമ്മേതം കൊച്ചിയിലേയ്ക്കുള്ള യാത്ര തുടര്‍ന്നു.
അവരുടെ നേതാവായ ഫാ. റോഡ്രിഗ്സ് യാത്രയ്ക്കിടയില്‍ പുതിയ സഹോദരങ്ങള്‍ക്ക്, അവര്‍ കണ്ട സ്ഥലങ്ങളും വസ്തുവകകളും സാധനങ്ങളുമൊക്കെ പരിചയപ്പെടുത്തിക്കൊടുത്തുകൊണ്ടിരുന്നു. ഇടയ്ക്ക് അവര്‍ കണ്ട കാലിക്കറ്റും കൊടുങ്ങല്ലൂരും ബ്രിട്ടോയെ ഉദ്വേഗഭരിതനാക്കി. കോഴിക്കോട്ട് സാമൂതിരി അവര്‍ക്ക് നല്ല ഒത്താശകള്‍ ചെയ്തുകൊടുത്തു.
കൊടുങ്ങല്ലൂരില്‍ താവളം അടിച്ചിരുന്ന ഡച്ചു സേനയെ ഭയന്ന് അവിടെ നിന്നും വളരെ അകന്നാണ് കപ്പല്‍ കടന്നുപോയത്. കൊച്ചിയിലും അവര്‍ക്ക് സ്വാഗതം ലഭിക്കാതിരുന്നതുകൊണ്ട് കൊച്ചിയ്ക്കും കൊടുങ്ങല്ലൂരിനും ഇടയ്ക്കുള്ള വടക്കേ പള്ളിപ്പുറത്താണ് കപ്പല്‍ അടുപ്പിച്ചത്. അവരെ സ്വീകരിക്കുവാന്‍ സമ്പാളൂര്‍ സെമിനാരിയില്‍ നിന്നും ചില അച്ചന്മാരേയും ശെമ്മാശന്മാരേയും ഫാ. അസ്വേദോ അയച്ചു. അവര്‍ അതിഥികളെ സ്വീകരിച്ചു. അവരുടെ സാധനങ്ങള്‍ എല്ലാം വള്ളത്തില്‍ കയറ്റി സമ്പാളൂരിലേക്ക് കൊണ്ടുവന്നു.
കപ്പലില്‍ വച്ച് വിദേശികളായ ആ യുവമിഷണറിമാര്‍ ഫാ. ഡിക്കോസ്റ്റ എഴുതിയ തമിഴ് വ്യാകരണ ഗ്രന്ഥത്തില്‍ നിന്ന് പഠിച്ച ചില തമിഴ്വാക്കുകളും ആംഗ്യങ്ങളും ഉപയോഗിച്ചാണ് ആതിഥേയരുമായി ആശയങ്ങള്‍ കൈമാറിയത്. സമ്പാളൂരിലേക്ക് വരുന്ന വഴിക്ക് അവര്‍ കേരളത്തിലെ ചക്ക, മാങ്ങ, മത്തങ്ങ തുടങ്ങിയ കനികള്‍ ആദ്യമായി കണ്ടു അദ്ഭുതപ്പെട്ടു. ഇവയുടെ വളര്‍ച്ചയേയും ഉപയോഗിക്കുന്ന രീതിയേയും പറ്റി അവര്‍ പലതും ഫാ. റോഡ്രിഗ്സില് നിന്ന് ചോദിച്ചു മനസിലാക്കി. വഞ്ചികളില്ക്കൂടി മാരാങ്കുഴി വഴി സമ്പാളൂരില്‍ വന്നിറങ്ങി. മാരാങ്കുഴിയില്‍ വന്നിറങ്ങിയ ബ്രിട്ടോയേയും കൂട്ടുകാരേയും പ്രോവിന്‍ഷ്യാള്‍ ഫാ. അസ്വേദയും സെമിനാരിയിലെ അധ്യാപകരായ വിദേശവൈദികരും കൂടി എതിരേറ്റ് സ്വീകരിച്ച് സെമിനാരിയിലേക്കു കൂട്ടിക്കൊണ്ടുവന്നു.
സമ്പാളൂര്‍ സെമിനാരിയില്‍ എത്തിയ ജോണ്‍ ബ്രിട്ടോയ്ക്ക് ഇവിടെ പഠിച്ച് തന്റെ നൊവിഷ്യേറ്റ് പൂര്‍ത്തിയാക്കേണ്ടിയിരുന്നു. അന്നത്തെ പ്രത്യേക പരിതസ്ഥിതിയില്‍ ഫാ. അസ്വേദയ്ക്ക് നൊവിഷ്യേറ്റിന്റെ കാലയളവ് കുറയ്ക്കാന്‍ അധികാരമുണ്ടായിരുന്നതിനാല്‍ ഫാ. അസ്വേദ, ജോണ്‍ ബ്രിട്ടോയുടെ നൊവിഷ്യേറ്റ് കാലയളവ് കുറച്ചു. എന്നാല്‍ ഒരുമാസം ദീര്‍ഘിക്കുന്ന വലിയ ധ്യാനത്തില്‍ നിന്ന് ആരേയും ഒഴിവാക്കാനായില്ല.
നവവൈദികനായ ജോണ്‍ ബ്രിട്ടോ പുതിയ ഭൂമിയില്‍ കാലുകുത്തിയ ഉടനെ ഇവിടുത്തെ സാഹചര്യങ്ങള്‍ക്കു ചേര്‍ന്ന ജീവിത രീതി അഭ്യസിക്കാന്‍ ശ്രമിച്ചു തുടങ്ങി. മത്സ്യമാംസങ്ങളും, മുട്ടയും മറ്റും ഉപേക്ഷിച്ച് സസ്യാഹാരം കഴിക്കുവാന്‍ അദ്ദേഹം നിശ്ചയിച്ചു. കിടപ്പ് വെറും തറയിലാക്കി. മെതിയടിയോ, ചെരുപ്പോ ഒന്നും ഇല്ലാതെ നടക്കാന്‍ തുടങ്ങി. കാതുകുത്തി കടുക്കനായി ചില വളയങ്ങള്‍ ഇട്ട് അക്കാര്യത്തില്‍ ഹൈന്ദവ രീതി സ്വീകരിച്ചു. തപസിന്റേയും പ്രായശ്ചിത്തത്തിന്റേയും അരൂപി അദ്ദേഹത്തെ പ്രചോദിപ്പിച്ചു. അതില്‍ ഉത്സാഹഭരിതനാക്കി. ദൈവം ദയാപൂര്‍വ്വം അദ്ദേഹത്തിന്റെ മാനസിക സമര്‍പ്പണത്തെ സ്വീകരിച്ച് അനുഗ്രഹിച്ചു. പ്രയാസം നിറഞ്ഞ പില്ക്കാലത്തെ ജീവിതത്തിന് അദ്ദേഹത്തെ ശക്തനാക്കി.