കൊച്ചി: കേരള ലത്തീന്‍ കത്തോലിക്ക സഭയുടെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ ( കെആര്‍എല്‍സിസി) 41-ാം ജനറല്‍ അസംബ്ലി 2023 ജൂലൈ 7,8,9 തീയതികളില്‍ ഇടക്കൊച്ചി ആല്‍ഫ പാസ്റ്ററല്‍ സെന്ററില്‍ ചേരും. കൊച്ചി രൂപതയാണ് ആതിഥേയര്‍. 12 രൂപതകളില്‍ നിന്നുള്ള മെത്രാന്മാരും രൂപതാ പ്രതിനിധികളും സന്ന്യസ്ത സഭാ-അല്മായ സംഘടനാ പ്രതിനിധികളും ലത്തീന്‍ സമൂഹത്തിലെ ജനപ്രതിനിധികളും സംബന്ധിക്കും. ജനറല്‍ അസംബ്ലിയുടെ പഠന വിഷയം രാഷ്ട്രനിര്‍മിതിയിലെ സമനീതി: പങ്കാളിത്തവും പ്രാതിനിധ്യവും, സംഘാടനം – ശക്തീകരണം – മുന്നേറ്റം എന്നതാണ്.
ജൂലൈ 7 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് രജിസ്ട്രേഷന് ആരംഭിക്കും. 10 മണിക്ക് പതാക ഉയര്‍ത്തല്‍. 10.30 നു ചേരുന്ന സമ്മേളനം കെആര്‍എല്‍സിസി-കെആര്‍എല്‍സിബിസി പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ ഉദ്ഘാടനം ചെയ്യും.
കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് അധ്യക്ഷത വഹിക്കും. കൊച്ചി രൂപതാ മെത്രാന് ബിഷപ് ഡോ. ജോസഫ് കരിയില്‍ അനുഗ്രഹ പ്രഭാഷണം നടത്തും. എംഎല്‍എ മാരായ കെ.ജെ മാക്സി, ദലീമ ജോജോ എന്നിവര്‍ ആശംസകള്‍ നേരും. കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍ സ്വാഗതവും സെക്രട്ടറി പുഷ്പാ ക്രിസ്റ്റി നന്ദിയും രേഖപ്പെടുത്തും.
12 മണിക്കു ചേരുന്ന ആദ്യസെഷനില്‍ ഇന്ത്യന്‍ ജുഡീഷ്യല്‍ അക്കാദമി മുന്‍ ഡയറക്ടര്‍ ഡോ. മോഹന്‍ ഗോപാല്‍ രാഷ്ട്രനിര്‍മ്മിതിയിലെ സമനീതി:പങ്കാളിത്തവും പ്രാതിനിധ്യവും എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തും. സെക്രട്ടറിമാരായ പി.ജെ തോമസ്, ഷിബു ജോസഫ്, ട്രഷറര്‍ എബി കുന്നേപ്പറമ്പില്‍, മറ്റു ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിക്കും.
ഉച്ചയ്ക്കു ശേഷം 2.30ന് രൂപത – സംഘടന റിപ്പോര്‍ട്ട്. രൂപതകളിലും സംഘടനകളിലും നടന്ന ചര്‍ച്ചകളിലെ ആശയങ്ങളും അഭിപ്രായങ്ങളും അവതരിപ്പിക്കും. വൈകിട്ട് 5 ന് ചേരുന്ന രണ്ടാമത്തെ സെഷനിലെ ആദ്യ പാനലില്‍ ദേശീയ രാഷ്ട്രീയ സാഹചര്യങ്ങള്‍: ക്രൈസ്തവര്‍ നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയം ഇന്ത്യന്‍ കറന്റ്സ് എഡിറ്റര്‍ എ.ജെ. ഫിലിപ് അവതരിപ്പിക്കും. മഹാരാജാസ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. മേരി മെറ്റില്‍ഡ, കെആര്‍എല്‍സിബിസി ദൈവശാസ്ത്രകമ്മീഷന്‍ സെക്രട്ടറി റവ. ഡോ. മാര്ട്ടിന് എന്‍. ആന്റണി ഒ ഡി എം എന്നിവര്‍ പ്രതികരണങ്ങളറിയിക്കും. കെആര്‍എല്‍സിസി മുന്‍ വൈസ്പ്രസിഡന്റ് ഷാജി ജോര്‍ജ് മോഡറേറ്ററായിരിക്കും.
എട്ടാം തീയതി രാവിലെ 9ന് മൂന്നാം സെഷന്‍നില്‍ രാഷ്ട്രനിര്‍മ്മിതിയിലെ പങ്കാളിത്തം: ബൈബിളിന്റെയും സഭാപ്രബോധനങ്ങളുടെ വെളിച്ചത്തില്‍ എന്ന വിഷയത്തില്‍ റവ. ഡോ. ജോഷി മയ്യാറ്റില്‍ സംസാരിക്കും. 10.30നുള്ള നാലാമത്തെ സെഷനില്‍ ലത്തീന്‍ കത്തോലിക്കരുടെ രാഷ്ട്രീയ ശക്തീകരണം: വെല്ലുവിളികളും സാധ്യതകളും, ലത്തീന്‍ കത്തോലിക്കരുടെ രാഷ്ട്രീയ ഇടപെടല്‍ ചരിത്രത്തിലൂടെയും സമകാലീകാവസ്ഥയും എന്ന വിഷയം കേരള സര്‍ക്കാര്‍ പുരാരേഖവകുപ്പ് മുന്‍ അധ്യക്ഷന്‍ ഡോ. എസ് റെയ്മണ്‍ അവതരിപ്പിക്കും. മഹാരാജാസ് കോളജിലെ പ്രഫ. ഡോ. ആന്റണി ഡോസ ഡിസില്‍വ ലത്തീന്‍ കത്തോലിക്കരുടെ രാഷ്ട്രീയ ഇടപെടലുകള്‍ ശക്തിപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കും.
ലത്തീന്‍ കത്തോലിക്കരുടെ രാഷ്ട്രീയ ശക്തീകരണം; യുവജന – വനിതാ- ട്രേഡ് യൂണിയന് ഇടപെടലുകളുടെ സാധ്യതകള്‍ എന്ന വിഷയത്തില്‍ മുന്‍ എംപി ഡോ. കെ.എസ്. മനോജ് സംസാരിക്കും. കെഎല്‍സിഎ സംസ്ഥാനപ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് മോഡറേറ്ററായിരിക്കും. ഉച്ചയ്ക്ക് 12ന് ശുശ്രൂഷാസമിതികളുടെ റിപ്പോര്‍ട്ട്. ഉച്ചയ്ക്കു ശേഷം 3.30ന് വിവിധ ഗ്രൂപ്പുകളുടെ റിപ്പോര്‍ട്ട് അവതരണം.വൈകീട്ട് 5.30ന് രൂപതാതലയോഗം 6.30ന് സമകാലിക യാഥാര്‍ഥ്യങ്ങളില്‍ ലത്തീന്‍ കത്തോലിക്കരുടെ സാമൂഹിക – രാഷ്ട്രീയ സമീപനം. കരടുരേഖ അവതരിപ്പിക്കുന്നു. രാത്രി 8.45ന് ഓപ്പണ്‍ഫോറം. സംഘടനാവിഷയങ്ങളും പൊതുപ്രശ്നങ്ങളും ചര്‍ച്ച ചെയ്യുന്ന പൊതുവേദി.
രാവിലെ 9.30ന് ബിസിനസ് സെഷന്. 40-ാമത് ജനറല്‍ അസംബ്ലി റിപ്പോര്‍ട്ട്, കെആര്‍എല്‍സിസി പ്രവര്‍ത്തനറിപ്പോര്‍ട്ട്, – സാമ്പത്തിക റിപ്പോര്‍ട്ട്്, രാഷ്ട്രീയകാര്യസമിതി റിപ്പോര്‍ട്ട് എന്നിവയുടെ അവതരണം. 10.45ന് ലത്തീന്‍ കത്തോലിക്കരുടെ സാമൂഹിക – രാഷ്ട്രീയ സമീപനം ജനറല്‍ അസംബ്ലിയുടെ പ്രസ്താവനയുടെ അവതരണം. 11.30ന് സമാപനസമ്മേളനത്തില്‍ കര്‍മ്മപദ്ധതി അംഗീകരിക്കലും സ്കോളര്‍ഷിപ്പ് വിതരണവും. 12 ന് നടക്കുന്ന സമാപന സമ്മേളനത്തോടെ ത്രിദിന അസംബ്ലി സമാപിക്കും. കെആര്‍എല്‍സിസി ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ.ഡോ. ജിജു അറക്കത്തറ, സെക്രട്ടറിമാരായ പി.ജെ തോമസ്, ഷിബു ജോസഫ്, ട്രഷറര്‍ എബി കുന്നേപ്പറമ്പില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.