ന്യൂനപക്ഷ വിരുദ്ധതയുടെ ആക്രോശങ്ങള്‍ക്കപ്പുറം, യഥാര്‍ഥത്തില്‍ മോദിക്ക് ഇപ്പറയുന്ന ഏക സിവില്‍ കോഡിന്റെ ഒരു കരട് ജനങ്ങളുടെ മുമ്പില്‍ ഹാജരാക്കാന്‍ കഴിയുമോ?
അടുത്ത അങ്കം ഏകീകൃത സിവില്‍ കോഡിന്മേലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശിലെ ഭോപാലില്‍ ഇക്കഴിഞ്ഞ ദിവസം ബിജെപി ബൂത്ത് പ്രവര്‍ത്തകരുടെ സമ്മേളനത്തില്‍ വ്യക്തമായ സൂചന നല്കി. അയോധ്യയിലെ രാമക്ഷേത്രം, രാജ്യത്തെ ഏക മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായിരുന്ന ജമ്മു-കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി റദ്ദാക്കല്‍ എന്നിങ്ങനെ ബിജെപിയുടെ പരമ പ്രധാന തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളില്‍ ആദ്യത്തെ രണ്ടെണ്ണം പൂര്‍ത്തിയായിരിക്കെ ഇനി അവശേഷിക്കുന്നത് ‘ഒരു രാഷ്ട്രം ഒരു നിയമം’ എന്ന ബൃഹല്സൂത്രത്തിലടങ്ങുന്ന യൂണിഫോം സിവില്‍ കോഡ് (യുസിസി) എന്ന ബ്രഹ്മാസ്ത്രമാണ്. മധ്യപ്രദേശ്, രാജസ്ഥാന്, തെലങ്കാന, ഛത്തീസ്ഗഢ്, മിസോറം എന്നിവിടങ്ങളില്‍ ഈവര്‍ഷാവസാനം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനും 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുമായി ബിജെപി വ്യക്തിനിയമങ്ങളുടെ പേരില്‍ വര്‍ഗീയധ്രുവീകരണത്തിന്റെ രാഷ്ട്രീയ ആയുധങ്ങള്‍ക്ക് പിന്നെയും മൂര്ച്ചകൂട്ടുകയാണെന്ന ആശങ്കകള്‍ കലശലാക്കുംവണ്ണമാണ് പ്രധാനമന്ത്രിയുടെ കുയുക്തി പ്രയോഗങ്ങള്‍.
ഭര്‍ത്താവിന്റെ താല്പര്യപ്രകാരം തല്‍ക്ഷണം വിവാഹമോചനം സാധ്യമാക്കുന്ന മുത്തലാഖ് നിയമവിരുദ്ധമാണെന്നു പ്രഖ്യാപിച്ച് സുപ്രീം കോടതി 2017 ഓഗസ്റ്റില്‍ നിരോധിച്ചതിനുശേഷം, സിവില്‍ നിയമത്തിന്റെ പരിധിയില്‍ വരുന്ന ആ മൊഴിചൊല്ലലിനെ ക്രിമിനല്‍ കുറ്റമായി നിര്‍വചിച്ച് ഒരു കൊല്ലത്തിനിടെ മൂന്നുതവണ ഓര്‍ഡിനന്‍സ് ഇറക്കിയ മോദി ഗവണ്മെന്റ്മുസ് ലിം സ്ത്രീകളുടെ വിവാഹാവകാശ സംരക്ഷണ നിയമം എന്ന പേരില്‍ അത് 2019 ജൂലൈയില്‍ പാര്‍ലമെന്റില്‍ പാസാക്കുകയും ചെയ്തതാണ്. ആറുവര്‍ഷം മുമ്പ് രാജ്യത്ത് നിരോധിക്കപ്പെട്ട മുത്തലാഖിനെ കേന്ദ്രീകരിച്ചാണ് ഇപ്പോഴും നമ്മുടെ പ്രധാനമന്ത്രി മുസ് ലിം പെണ്മക്കള് നേരിടുന്ന കടുത്ത സാമൂഹിക അനീതിയുടെ പ്രമേയത്തില്‍ ചുറ്റിത്തിരിയുന്നത്. മുസ് ലിം വ്യക്തിനിയമത്തിന്റെ പ്രശ്നമായി യുസിസി വിഷയം പരിമിതപ്പെടുത്തിക്കൊണ്ടാണ് മോദി മറ്റുള്ളവരുടെ വോട്ടുബാങ് രാഷ്ട്രീയത്തെയും പ്രീണന നയത്തെയും വിമര്‍ശിക്കുന്നത്.
മതസ്വാതന്ത്ര്യവും വിശ്വാസപാരമ്പര്യങ്ങളും ആചാരാനുഷ്ഠാനങ്ങളും ഓരോ ജനസമൂഹത്തിന്റെയും സാംസ്കാരികത്തനിമയും പ്രാദേശിക സമ്പ്രദായങ്ങളും സംരക്ഷിക്കാനുള്ള ഭരണഘടനയിലെ മൗലികാവകാശങ്ങളുമായി അപരിച്ഛിന്നമായി ബന്ധപ്പെട്ടതാണ് വ്യത്യസ്തങ്ങളായ കുടുംബനിയമങ്ങളും വ്യക്തിനിയമങ്ങളും. വിവാഹം, വിവാഹമോചനം, കുട്ടികളുടെ സംരക്ഷണം, ദത്തെടുക്കല്‍, പിന്തുടര്ച്ചാവകാശം എന്നിവ സംബന്ധിച്ച വ്യക്തിനിയമങ്ങളും പാരമ്പര്യങ്ങളും ഭരണഘടനയ്ക്കു വിധേയമായി എല്ലാ പൗരന്മാര്ക്കും ഉറപ്പുനല്‍കേണ്ടതുണ്ട്. ഹൈന്ദവര്ക്കിടയില്തന്നെ നാലായിരത്തോളം ഉപജാതിവിഭാഗങ്ങളുടെ ആചാരപാരമ്പര്യങ്ങളുണ്ട്. കേരളത്തിലും തമിഴ്നാട്ടിലും ആന്ധ്രപ്രദേശിലും തെലങ്കാനയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയില്‍ വിവാഹം, പിന്തുടര്ച്ചാവകാശം തുടങ്ങിയ വിഷയങ്ങളില്‍ നിലനില്‍ക്കുന്ന പാരമ്പര്യങ്ങളുടെ വൈവിധ്യം അതിശയിപ്പിക്കുന്നതാണ്. ഒരു മതത്തില്‍ തന്നെ നിരവധി അവാന്തരവിഭാഗങ്ങള്‍ക്ക് വേറിട്ട നിയമങ്ങളുണ്ടാകാം. ന്യൂനപക്ഷ സമുദായങ്ങള്‍ക്കും ഗോത്രങ്ങള്‍ക്കും സവിശേഷമായ പരമ്പരാഗത വിവാഹസമ്പ്രദായങ്ങളും ആചാരങ്ങളും സ്വത്തവകാശ നിയമങ്ങളും നിലവിലുണ്ട്. കുടുംബ നിയമങ്ങള്‍ ഉള്‍പ്പെടെ സാംസ്കാരികവും മതപരവുമായ അവകാശങ്ങളും ജീവിതവ്യവഹാരങ്ങളും ദേശീയതലത്തില്‍ ഒരേ വാര്‍പ്പുമാതൃകയില്‍ സമീകരിക്കുക സാധ്യമാണെങ്കില്തന്നെ മതനിരപേക്ഷ രാഷ്ട്രത്തിലെ ബഹുത്വത്തിനും നാനാത്വത്തിനുമുള്ള ഇടം നിഷേധിക്കലാകുമത്.
പൊതു സിവില്‍ കോഡ് വരാതെ രാജ്യത്ത് എല്ലാ സ്ത്രീകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയില്ല, ലിംഗസമത്വവും തുല്യനീതിയും സാധ്യമാവുകയില്ല എന്നാണ് ബിജെപിയുടെ വാദം. 2016 ജൂണില്‍ കേന്ദ്ര നിയമകാര്യ മന്ത്രാലയം രാജ്യത്തെ ലോ കമ്മിഷനോട് ഏകീകൃത സിവില്‍ കോഡിന്റെ കാര്യം വിശദമായി പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. ജസ്റ്റിസ് ബല്‍ബീര്‍ സിങ് ചൗഹാന് ചെയര്‍മാനായ ഇന്ത്യയുടെ 21-ാമത് നിയമ കമ്മിഷന് രണ്ടുവര്‍ഷത്തെ പഠനത്തിനൊടുവില്‍ 2018 ഓഗസ്റ്റില്‍, രാജ്യത്തെ കുടുംബ നിയമങ്ങള്‍ പരിഷ്കരിക്കുന്നതു സംബന്ധിച്ച് 185 പേജ് വരുന്ന നയരേഖ കേന്ദ്രത്തിനു സമര്‍പ്പിച്ചു. നിലവിലെ സാഹചര്യത്തില്‍ ഏകീകൃത സിവില്‍ നിയമം ”ആവശ്യമോ അഭികാമ്യമോ അല്ല” എന്നാണ് അതില്‍ അസന്ദിഗ്ധമായി രേഖപ്പെടുത്തിയത്.
മതങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ഏകീകരിക്കുന്നതിനു പകരം വ്യക്തിനിയമങ്ങളിലെ എല്ലാത്തരം വിവേചനങ്ങള്‍ക്കും, പ്രത്യേകിച്ച് സ്ത്രീകളെ ബാധിക്കുന്നവയ്ക്ക്, അറുതിവരുത്തുകയും എല്ലാ മതവിഭാഗങ്ങളുടെയും വ്യക്തിനിയങ്ങളില്‍ വിവാഹം, വിവാഹമോചനം എന്നിവ സംബന്ധിച്ച് പൊതുതത്ത്വങ്ങള്‍ അംഗീകരിക്കുകയും വേണം എന്ന് കമ്മിഷന് നിര്‍ദേശിച്ചിരുന്നു. മുസ് ലിം വ്യക്തിനിയമങ്ങള്‍ ക്രോഡീകരിക്കുന്നത് അടക്കം ലിംഗനീതി നടപ്പാക്കാനായി 21-ാമത് നിയമ കമ്മിഷന് ശുപാര്‍ശ ചെയ്ത ഒരു കാര്യവും മോദി സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ നടപ്പാക്കിയില്ല.
ദേശീയ നിയമ കമ്മിഷനെ കുറച്ചുകാലത്തേക്ക് മോദി ഭരണകൂടം പാടേ മറന്നതുപോലെയാണ്, 2020 ഫെബ്രുവരിയില്‍ മൂന്നു വര്‍ഷത്തേക്ക് 22-ാമത് കമ്മിഷന് രൂപീകരിച്ചെങ്കിലും ചെയര്‍മാനായി കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന റിതുരാജ് അവസ്തി ചുമതലയേറ്റത് 2022 നവംബറിലാണ്. കഴിഞ്ഞ ഫെബ്രുവരി 20ന് അവസാനിക്കേണ്ടിയിരുന്ന കമ്മിഷന്റെ കാലാവധി 2024 ഓഗസ്റ്റ് അവസാനം വരെ നീട്ടിയത് ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്‍പ് യുസിസിയുടെ കാര്യത്തില്‍ ഒരു തീര്പ്പുണ്ടാക്കാനാവുമോ? കര്‍ണാടകയിലെ ബിജെപി സര്‍ക്കാരിന്റെ ഹിജാബ് നിരോധന കേസ് കൈകാര്യം ചെയ്തത് ജസിറ്റിസ് അവസ്തിയാണ്. ലോ കമ്മിഷന് അംഗമായ ജസ്റ്റിസ് കെ.ടി ശങ്കരന് കേരള ഹൈക്കോടതിയില്‍ ജഡ്ജിയായിരിക്കെ 2009-ല്‍ ആദ്യമായി ‘ലൗ ജിഹാദ്’ എന്ന പ്രയോഗം കോടതിവ്യവഹാരഭാഷയ്ക്കു സംഭാവനചെയ്തതായി കരുതപ്പെടുന്നു. എന്തായാലും, 21-ാമത് ലോ കമ്മിഷന് വിശദമായി പഠിച്ച് അന്തിമമായി തള്ളിക്കളഞ്ഞ ഏകീകൃത സിവില്‍ കോഡ് നിര്‍ദേശം മൂന്നുവര്‍ഷത്തിനുശേഷം വീണ്ടും ജനങ്ങള്‍ക്കു മുമ്പാകെ അവതരിപ്പിക്കുകയാണ്. ഇതു സംബന്ധിച്ച് വിവിധ മതവിഭാഗങ്ങള്‍ക്കും സിവില്‍ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ബോധിപ്പിക്കാനുള്ളത് അടുത്ത ജൂലൈ 14ന് അകം ലോ കമ്മിഷന് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കയാണ്. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രി നേരിട്ട് ”ഏക നിയമത്തിന്റെ അനിവാര്യത” മുസ് ലിം സഹോദരിമാരെയും മറ്റു ഉദ്ബോധിപ്പിക്കുന്നത്.
മുസ് ലിംകള്‍ക്കിടയിലെ ബഹുഭാര്യത്വം, മുത്തലാഖ്, വിവാഹമോചിതരായ മുസ് ലിം സ്ത്രീകള്‍ക്കുള്ള ജീവനാംശം, മുസ് ലിം ജനസംഖ്യാ വര്‍ധന എന്നീ പല്ലവിയാണ് മോദിയും സംഘപരിവാര്‍ വൃന്ദങ്ങളും എന്നും പാടുന്നത് – മുസ് ലിംകളെ അപരവത്കരിച്ചും, ന്യൂനപക്ഷങ്ങളുടെ മത-സാംസ്കാരിക അടയാളങ്ങളെ നിന്ദിച്ചും വേണമല്ലോ ഭൂരിപക്ഷ ഹിന്ദുത്വ ശക്തികളെ ഏകോപിപ്പിക്കാന്‍! ഭൂരിപക്ഷ സമുദായത്തിന്റെ ഹിന്ദുത്വ കോഡ് സാര്‍വത്രികമായി നടപ്പാക്കാമെന്ന വ്യാമോഹം ആര്‍ക്കുമുണ്ടാകാതിരിക്കട്ടെ. ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, അസം, കര്‍ണാടക എന്നിവിടങ്ങളില്‍ ബിജെപി സംസ്ഥാന ഭരണകൂടം സിവില്‍ കോഡ് ഏകീകരണ പദ്ധതി പ്രഖ്യാപിച്ച് സംഘാത നീക്കങ്ങള്‍ ത്വരിതപ്പെടുത്തുകയുണ്ടായി. ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനായി ദേശീയ പരിശോധന കമ്മിറ്റി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ രാജസ്ഥാനില്‍ നിന്നുള്ള ബിജെപി അംഗം കിരോഡി ലാല്‍ മീണ അവതരിപ്പിച്ച സ്വകാര്യ ബില്ലിന് കഴിഞ്ഞ ഡിസംബറില്‍ 23ന് എതിരേ 63 വോട്ടിന് അവതരണാനുമതി ലഭിച്ചത് പ്രതിപക്ഷത്തെ ഞെട്ടിച്ചു. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ മണ്‍സൂണ്‍ സെഷനില്‍ അതിലും വലിയ നാടകീയ മുന്നേറ്റങ്ങള്‍ അരങ്ങേറുമെന്നാണ് സൂചനകള്‍.
തിരഞ്ഞെടുപ്പിനു മുമ്പ് ലൗ ജിഹാദിന്റെയും മതപരിവര്‍ത്തനത്തിന്റെയും പേരില്‍ ചില പ്രത്യേക മേഖലകളില്‍ കലാപം ആസൂത്രണം ചെയ്യുന്ന പതിവുണ്ട്. മതപരിവര്‍ത്തന നിരോധന നിയമം ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്കും ആയുധമാക്കുന്നു. യുപിയില്‍ നൂറിലേറെ പാസ്റ്റര്‍മാര്‍ മതപരിവര്‍ത്തനത്തിന്റെ പേരിലുള്ള കള്ളക്കേസുകളില്‍ ജയിലിലാണ്. കര്‍ണാടകയില്‍ ബിജെപി ബൊമ്മൈ സര്‍ക്കാര്‍ നടപ്പാക്കിയ 2022-ലെ മതസ്വാതന്ത്ര്യ അവകാശ സംരക്ഷണ നിയമം പിന്‍വലിക്കാന്‍ സിദ്ധരാമയ്യയുടെ കോണ്‍ഗ്രസ് മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഝാര്‍ഖണ്ഡ്, രാജസ്ഥാന്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലും മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ കെണികള്‍ പരക്കെയുണ്ട്. സിവില്‍ കോഡിന്റെ പേരിലാകും ഇനി തിരഞ്ഞെടുപ്പുരാഷ്ട്രീയത്തിന്റെ അങ്കക്കലി.
ജനസംഖ്യയുടെ 68% ക്രൈസ്തവരുള്ള ഗോവയാണ് എല്ലാ ജാതിമതസ്ഥര്‍ക്കുമായി പൊതു സിവില്‍ കോഡ് പ്രാബല്യത്തിലുള്ള ഇന്ത്യയിലെ ഏക സംസ്ഥാനം. 1870-ല്‍ പോര്‍ച്ചുഗീസുകാര്‍ നടപ്പാക്കിയ കുടുംബ നിയമം 1961-ല്‍ ഗോവ വിമോചനത്തിനുശേഷവും നിലനില്ക്കുന്നു. മതത്തിന്റെ അടിസ്ഥാനത്തില്‍ വിവാഹബന്ധം വേര്‍പെടുത്താന്‍ വ്യവസ്ഥയില്ല. 1880-ലെ ജെന്റൈല്‍ ഹിന്ദു ആചാരങ്ങളും രീതികളും സംബന്ധിച്ച ഡിക്രിയില്‍, സന്തതിയില്ലെങ്കില്‍ ഹിന്ദു ഭര്‍ത്താവിന് രണ്ടാമതൊരു ഭാര്യയാകാം എന്നു പറയുന്നു. ഇത് ഹിന്ദു വിവാഹനിയമത്തിനും ഇന്ത്യന്‍ പീനല്‍ കോഡിനും വിരുദ്ധമാണ്.
ഏകീകൃത സിവില്‍ കോഡ് മുസ് ലിംകളെക്കാള്‍ ഏറെ ദോഷകരമായി ബാധിക്കുക ഹിന്ദുക്കളെയാകും എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അവിഭക്ത ഹിന്ദു കുടുംബത്തിന് മാത്രം ഇപ്പോള്‍ ലഭിക്കുന്ന നികുതി ഇളവുകള്‍ പുതിയ കോഡില്‍ തുടരാനാകുമോ? ഗോത്രവര്‍ഗക്കാരുടെയും ദളിതരുടെയും പാരമ്പര്യങ്ങള്‍ക്കും ആചാരങ്ങള്‍ക്കും കുടിയിരിപ്പ് അവകാശങ്ങള്‍ക്കും സിവില്‍ നിയമ ഭേദഗതി വലിയ കോട്ടം വരുത്തുമെന്ന ആശങ്കയുണ്ട്. മേഘാലയയില്‍ ബിജെപിയുടെ സഖ്യകക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ മുഖ്യമന്ത്രി കൊണ്‍റാഡ് സാങ്മ പറയുന്നത് യുയുസി സംസ്ഥാനത്തെ ജനങ്ങളുടെ സംസ്കാരത്തെ ബാധിക്കുമെന്നാണ്. ഏറ്റവും ഇളയ മകള്‍ക്ക് കുടുംബസ്വത്തിന്മേല്‍ അധികാരം ലഭിക്കുന്ന മേഘാലയയിലെ ഖാസി ഗോത്രത്തിലും പെണ്വഴിക്കുള്ള പിന്തുടര്ച്ചാക്രമം നിലനില്‍ക്കുന്ന ഗാരോ, ജയന്തിയ ഗോത്രങ്ങളിലും യുയുസി നടപ്പാക്കില്ലെന്ന് ഹില്‍സ് കൗണ്‍സില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മിസോറമില്‍ എന്‍ഡിഎ സഖ്യകക്ഷിയായ മിസോ നാഷണ്‍ ഫ്രണ്ട് നിയമസഭയില്‍ നിര്‍ദിഷ്ട ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി. ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യത്തെ ബാധിക്കുമെന്നതിനാല്‍ യുയുസി സ്വീകാര്യമല്ലെന്ന് നാഗാലാന്‍ഡ് ബാപ്റ്റിസ്റ്റ് ചര്‍ച്ച് കൗണ്‍സിലും നാഗാലാന്‍ഡ് ട്രൈബല്‍ കൗണ്‍സിലും വ്യക്തമാക്കിയിട്ടുണ്ട്.
പഞ്ചാബില്‍ ബിജെപി സഖ്യകക്ഷിയായിരുന്ന ശിരോമണി അകാലി ദളും, പഞ്ചാബിലും ഹിമാചല്‍ പ്രദേശിലും ചണ്ഡിഗഢിലും സിഖ് ഗുരുദ്വാരകളുടെ മേല്‍നോട്ടം വഹിക്കുന്ന ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയും ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനെതിരെ പ്രമേയം പാസാക്കി. ഹിന്ദു രാഷ്ട്രമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നാണ് അവരുടെ ആക്ഷേപം. ഹിന്ദു വിവാഹ നിയമം അനുസരിച്ചാണ് സിഖുകാരുടെ വിവാഹം നടത്തിവന്നിരുന്നത്. 1909-ലെ ആനന്ദ് കാരജ് വിവാഹ നിയമം 2012-ല്‍ ഭേദഗതി ചെയ്ത് രജിസ്ട്രേഷന് സാധ്യമാക്കിയതോടെ സിഖ് പാരമ്പര്യരീതിയില്‍ വിവാഹം ആഘോഷിക്കാന്‍ അവര്‍ക്കാകുന്നുണ്ട്.
കേരളത്തിലെ സുറിയാനി ക്രൈസ്തവകുടുംബങ്ങളിലെ പെണ്മക്കള്ക്ക് പിതൃസ്വത്തില് തുല്യാവകാശം ലഭിക്കുന്നതിന് വഴിതെളിച്ച മേരി റോയി കേസ് (1986) ഇന്ത്യയില്‍ ലിംഗസമത്വത്തിനായുള്ള നിയമപോരാട്ടത്തിലെ വലിയൊരു വഴിത്തിരിവായി കണക്കാക്കപ്പെടുന്നു. ക്രൈസ്തവ ദമ്പതിമാര്‍ക്ക് പരസ്പര സമ്മതപ്രകാരം കോടതി മുഖാന്തരം ബന്ധം വേര്പെടുത്തലിനുശേഷം വിവാഹമോചനത്തിന് രണ്ടുവര്‍ഷം വേര്‍പിരിഞ്ഞ് കാത്തിരിക്കണം, മറ്റു മതസ്ഥര്‍ക്ക് ഒരു വര്‍ഷം കാത്തിരുന്നാല്‍ മതി എന്നതാണ് സുപ്രീം കോടതിയെ അടുത്തകാലത്ത് വേവലാതിപ്പെടുത്തിയത്. വിവാഹ രജിസ്ട്രേഷന്, വിവാഹമോചനം, അനന്തരാവകാശം തുടങ്ങി പല കാര്യങ്ങളിലും ക്രൈസ്തവ സഭകള്‍ക്ക് ഏകീകൃത സിവില്‍ നിയമം വിഷമസന്ധി സൃഷ്ടിക്കുമെന്ന ആശങ്കയുണ്ട്.
ന്യൂനപക്ഷ വിരുദ്ധതയുടെ ആക്രോശങ്ങള്‍ക്കപ്പുറം, യഥാര്‍ഥത്തില്‍ മോദിക്ക് ഇപ്പറയുന്ന ഏക സിവില്‍ കോഡിന്റെ ഒരു കരട് ജനങ്ങളുടെ മുമ്പില്‍ ഹാജരാക്കാന്‍ കഴിയുമോ?
വര്‍ഷങ്ങള്‍ക്കു മുമ്പ്, ബിജെപിയുടെ സമാദരണീയനായ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി പൊതു സിവില്‍ നിയമം അനിവാര്യമാണെന്ന വാദവുമായി പ്രകോപനം സൃഷ്ടിച്ചപ്പോള്‍, ”അങ്ങയുടെ സിവില്‍ കോഡിന്റെ കരട് ഒന്നു കാണിക്കൂ, ആദരണീയനായ പ്രധാനമന്ത്രി, ഞങ്ങള്‍ അപ്പോള്‍ പ്രതികരിക്കാം” എന്നാണ് ഡല്‍ഹിയിലെ അന്നത്തെ ആര്‍ച്ച്ബിഷപ് അലന് ഡി ലാസ്റ്റിക് അദ്ദേഹത്തിന്റെ മുഖത്തുനോക്കി പറഞ്ഞത്. ഒരു കരടുരേഖ പോലുമില്ലാതെ മോദി ഇപ്പോള്‍ കോഡ് റെഡ് കടലാസ് പുലിയെ കാട്ടി പേടിപ്പിക്കുന്നത് ആരെയാണ്?