ഡോ. ഫാ. രാജീവ് മൈക്കള്‍ ഒസിഡി
സെന്റ് ജോസഫ്സ് ഹോസ്പിറ്റല്‍, മഞ്ഞുമ്മല്‍
ഡോ. സിസ്റ്റര്‍ റോഷിന് കുന്നേല്‍ എസ് വിസി
സെന്റ് സെബാസ്റ്റിയന്‍സ് ഹോസ്പിറ്റല്‍, അര്‍ത്തുങ്കല്‍
രണ്ട് കട ഉദ്ഘാടനങ്ങള്‍ കേരളത്തിന്റെ രണ്ടു പ്രധാന സ്ഥലങ്ങളെ സ്തംഭിപ്പിച്ചത് ഇന്നും റെക്കോര്‍ഡാണ്-ജനത്തിരക്കിന്റെ കാര്യത്തില്‍. ഷാരൂഖ് ഖാന് കൊച്ചിയിലെ കട ഉദ്ഘാടനം ചെയ്തതും മോഹന്‍ലാല്‍ മലബാര്‍ മേഖലയിലെ ഒരു കട ഉദ്ഘാടനം ചെയ്തതുമാണ് സംഭവങ്ങള്‍. ഷാരൂഖ് ഖാന് കൊച്ചി സ്തംഭിപ്പിച്ചപ്പോള്‍ മോഹന്‍ലാല്‍ ദേശീയപാതയിലാണ് മണിക്കൂറുകള്‍ നീളുന്ന ഗതാഗത സ്തംഭനമുണ്ടാക്കിയത്. പുതിയ കാലത്ത് ഹണി റോസിനെ പോലുള്ള നടിമാരുടെ കടയുദ്ഘാടനവും ജനബാഹുല്യമേറിയതു തന്നെ. പക്ഷേ അധികാരുമറിയാത്ത ഒരു യൂ ട്യൂബര്‍ ഒരു ഉദ്ഘാടനത്തിനെത്തിയപ്പോള്‍ പരിസരമാകെ കുട്ടികളെ കൊണ്ടു നിറഞ്ഞു. അവര്‍ വീഥികള്‍ സ്തംഭിപ്പിച്ചു. ലൈവ് സ്ട്രീമില്‍ അസഭ്യം വിളമ്പുന്ന ‘തൊപ്പി’ കേരളത്തിലെ അനേകലക്ഷം കുട്ടികളുടെ ഹീറോയും എന്റര്ടെയ്നറും ആണെന്നത് പ്രബുദ്ധ കേരളം ഭയത്തോടെ തിരിച്ചറിഞ്ഞത് അവന്റെ അറസ്റ്റ് ന്യൂസ് ആയപ്പോഴാണ്. ചില വാര്‍ത്താ ചാനലുകളുടെ അവതാരകര്‍ തൊപ്പിയെക്കുറിച്ച് അറിഞ്ഞിരുന്നില്ല എന്ന് തുറന്നുപറഞ്ഞു. ലോക്ക്ഡൗണിനെത്തുടര്‍ന്ന് ഇവിടെ രൂപപ്പെട്ടുവന്ന കുട്ടികളുടെ സമാന്തര ലോകത്തെക്കുറിച്ച് മുതിര്‍ന്നവര്‍ക്ക് ഒരു പിടിപാടുമില്ല; വീടുകളില്‍ മൊബൈല്‍ ഫോണ്‍ തുറന്ന് കുട്ടികള്‍ ചെന്നെത്തുന്ന ലോകത്തെക്കുറിച്ച് മാതാപിതാക്കള്‍ക്ക് വലിയ ധാരണയില്ല.
തൊപ്പിക്കാരന്റെ കഥ ഇങ്ങനെ
പിതാവിന്റെ തല്ലും അമിത ശകാരവും കിട്ടി വളര്‍ന്ന പയ്യന്. നിയന്ത്രണങ്ങള്‍ അവനില്‍ ധിക്കാരം വളര്‍ത്തി. ദേഷ്യം വരുമ്പോള്‍ അവന് ജനല്‍ച്ചില്ല് തല്ലിപൊട്ടിക്കും. തല്ലു കിട്ടും. അടുത്ത ദിവസം ദേഷ്യം വരുമ്പോള്‍ അവന് വീണ്ടും പൊട്ടിക്കും. വീണ്ടും തല്ലു കിട്ടും. എന്നാലും ചിലനേരത്ത് പൊട്ടിക്കണമെന്നുതന്നെ വീണ്ടും അവന് തോന്നും. കടയില്‍ നിന്ന് പൈസയെടുത്തതിന് നാട്ടുകാര്‍ തല്ലിയതില്‍ പിന്നെ അവനെ സ്കൂളില്‍ നിന്നു മാറ്റി. പുതിയ സ്കൂളില്‍ അവന് ഒറ്റപ്പെട്ടു. അവന്റെ ഒരേയൊരു കൂട്ടുകാരന് ആത്മഹത്യ ചെയ്തപ്പോള്‍ വിഷാദത്തില്‍ സ്വയം ഉള്‍വലിഞ്ഞു. പത്താം ക്ലാസ് മുഴുവനാക്കാതെ മുഴുനേരം മുറിയിലിരുന്ന് പബ്ജി കളിച്ചു.
ലോക്ക്ഡൗണ്‍ വന്നതോടെ ലോക്കോ ലൈവ് സ്ട്രീമിംഗ് വഴി പബ്ജി കളിച്ച് യൂട്യൂബ് ചാനലില്‍ അപ് ലോഡ് ചെയ്യാന്‍ തുടങ്ങി. വീട്ടുകാരുടെ ശകാരവര്‍ഷം കിട്ടുമ്പോള്‍ മുറിയില്‍ കയറി ലൈവ് ആകും. മനസ്സില്‍ തോന്നുന്നതെന്തും വിളിച്ചുപറഞ്ഞ് വിഷമം തീര്‍ക്കും. കലിയും തീര്‍ക്കാം, പണവും നേടാം. ലൈവായാല്‍ എന്തും പറയാനും ചെയ്യാനും മടിക്കാത്ത അവന്റെ ശൈലിയില്‍ ഹരം പിടിച്ചും അവന്റെ പബ്ജി കളിയില്‍ രസം പിടിച്ചും ലക്ഷക്കണക്കിന് കുട്ടികള്‍ അവനെ ഫോളോ ചെയ്തു. മറ്റൊരു യൂട്യൂബര്‍ അവനുമായി നടത്തിയ ഇന്റര്‍വ്യൂ പത്തു മണിക്കൂറില്‍ അഞ്ചുലക്ഷം പേര് കണ്ടു (ഇപ്പോള്‍ 50 ലക്ഷം കവിഞ്ഞു). അവന്റെ ഫാന്‍ ബെയ്സ് തിരിച്ചറിഞ്ഞ് വളാഞ്ചേരിയിലെ പെപെ ജീന്‍സിന്റെ ന്യൂജെന്‍ തുണിക്കട ഉദ്ഘാടനം ചെയ്യാന്‍ വിളി വന്നു. അവന് ചെന്നപ്പോള്‍ ടീനേജ് കുട്ടികളുടെ ജനസമുദ്രം ടൗണ്‍ നിറഞ്ഞ് വഴിമുടങ്ങി. പുറത്തിറങ്ങിയാല്‍ അവനെക്കാണാന്‍ പതിനായിരക്കണക്കിന് കുട്ടിഫാന്‍സ് കൊച്ചിയിലും ആലപ്പുഴയിലും തടിച്ചുകൂടി. വളാഞ്ചേരിയില്‍ വഴിമുടക്കിയതിനും വളിപ്പാട്ടുപാടിയതിനും പൊലീസ് കേസെടുത്തു. അറസ്റ്റും നടത്തി. ഇതാണ് മെര്‍സ് തൊപ്പി എന്ന യൂട്യൂബറെക്കുറിച്ച് അയാള്‍ തന്നെ പറയുന്ന കഥ. പശ്ചാത്തലം കൊറോണ തന്നെ
രണ്ടു കൊല്ലത്തോളം പ്രത്യേകിച്ച് കേരളത്തിലെ കുട്ടികള്‍ വീടിനുള്ളില്‍ ലോക്ക്ഡൗണില്‍ കഴിഞ്ഞു. അന്ന് വലിയൊരു തലമുറ ഡിജിറ്റല്‍ മാധ്യമലോകത്ത് നന്നേ ചെറുപ്രായത്തില്‍ പ്രവേശിച്ചു. ഗെയിമിങിന്റെയും സോഷ്യല്‍ മീഡിയയുടെയും കൊറിയന്‍ കഥകളുടെയും ലോകത്ത് അവര്‍ വളര്‍ന്നു. സമയക്രമവും ഉറക്കവും താളം തെറ്റി. കൂട്ടുകൂടലും ശാരീരിക ഉല്ലാസങ്ങളും ഇല്ലാതായി. കൂടുതല്‍ നേരം വീട്ടില്‍ ഒരുമിച്ചായപ്പോള്‍ മുതിര്‍ന്നവരും കുട്ടികളും തമ്മിലുള്ള അകലം വലുതായി. ബാല്യത്തിലെ കുട്ടികുറുമ്പുകളല്ല, ഗൗരവമായ സ്വഭാവപ്രശ്നങ്ങള്‍ തല പൊക്കിയപ്പോള്‍, മാതാപിതാക്കള്‍ അവര്‍ക്കറിയാവുന്ന ഉപദേശവും ശകാരവും ശിക്ഷണ രീതികളും പ്രയോഗിച്ചു. കുട്ടികള്‍ കൂടുതല്‍ അകന്നു. മനസിന് കട്ടി കൂടി. ശ്രദ്ധ, ക്ഷമ, വികാരനിയന്ത്രണം, യാഥാര്‍ത്ഥ്യ ബോധം എന്നിവ കുറഞ്ഞു. സ്ഥിരം പബ്ജി കളിച്ച് ശീലിച്ച കുട്ടി സ്വയം കളി നിര്‍ത്തുന്നത്, സ്ഥിരം മദ്യപിക്കുന്ന അപ്പന് സ്വയം കുടി നിര്‍ത്തുന്നതുപോലെ ദുഷ്കരമാണെന്ന് മാതാപിതാക്കള്‍ മനസിലാക്കിയില്ല. വീണ്ടും വീണ്ടും ശകാരിച്ചു. കുട്ടികള്‍ ഓണ്‍ലൈന്‍ ലോകത്തേക്ക് ഉള്‍വലിഞ്ഞു. അവരുടെ മുന്‍പിലാണ് ഗെയിമിംഗ് ആഘോഷിക്കുന്ന, കളിച്ച് പണമുണ്ടാക്കുന്ന, രാത്രിയില്‍ ഉറങ്ങാത്ത, പഠിക്കാന്‍ പോകാത്ത തൊപ്പിയെപ്പോലുള്ളവര് ഹീറോ ആകുന്നത്. നമ്മള് ചെയ്യാനാഗ്രഹിക്കുന്നതും നമുക്ക് ചെയ്യാന്‍ കഴിയാത്തതും വേറൊരാള് ചെയ്യുമ്പോഴാണല്ലോ അയാള്‍ ഹീറോ ആകുന്നത്.
ഇഷ്ടമുള്ളത് മാത്രം ചെയ്യുക എന്ന മനോഭാവം
കൊച്ചുകുട്ടികള്‍ പൊതുവെ ഇഷ്ടമുള്ളത് ചെയ്യും. ഇഷ്ടമുള്ളത് കിട്ടിയില്ലെങ്കില്‍ വാശി പിടിക്കും. ഇഷ്ടമുള്ളത് മാറ്റിവച്ച്, ആവശ്യമുള്ളതും, കൂടുതല്‍ പ്രാധാന്യമുള്ളതും ചെയ്യാന്‍ കഴിയുന്നത് വളര്‍ന്ന് ഉത്തരവാദിത്തം വന്നതിന്റെ ലക്ഷണമാണല്ലോ. എന്നാല്‍ ചിലര്‍ക്ക് കൗമാരത്തിലും അതിനുശേഷവും കുട്ടിമനസ്സ് വിട്ടുമാറുന്നില്ല. ഇഷ്ടമുള്ളതും സുഖമുള്ളതും മാത്രം ചെയ്യുക. മറ്റുള്ളവര്‍ക്ക് അസൗകര്യമായാലും തന്റെ സൗകര്യം മാത്രം നോക്കുക. അതിനു തടസ്സം വന്നാല്‍ നിയന്ത്രണം വിട്ടു പെരുമാറുക. ദേഷ്യവും വാശിയും കാട്ടി കാര്യം നേടുക. ഉത്തരവാദിത്തങ്ങള്‍ അവഗണിക്കുക. കൗമാരത്തില്‍ ഇത്തരം പ്രവണതകള്‍ കാട്ടുന്നവരുടെ എണ്ണം കൊവിഡാനന്തര കേരളത്തില്‍ കൂടിവരുന്നതായി കാണുന്നു. ഇത് ക്രമേണ ചിലരില്‍ അതിവൈകാരികതയും എടുത്തുചാട്ടവുമുള്ള വ്യക്തിത്വ വൈകല്യമായി (emotionally unstable perosnality) രൂപപ്പെടുന്നു.
പഠിക്കുന്നതും സ്കൂളില്‍ പോകുന്നതും ബുദ്ധിമുട്ടാണ്, പകലുറങ്ങുന്നതും പബ്ജി കളിക്കുന്നതുമാണ് സുഖം എന്ന മനോഭാവമുള്ള കുട്ടിക്ക് പഠിച്ചില്ലെങ്കിലും പണമുണ്ടാക്കാം എന്ന ആശയം ആകര്‍ഷകമായി തോന്നാം.
മുഴുനേരം കളിച്ച് പണം നേടുന്ന തൊപ്പിമാരോട് ആരാധന തോന്നാം. ഇന്ത്യയിലെ ഏറ്റവും വലിയ പബ്ജി കളിക്കാരനാകണം എന്ന അയാളുടെ ആഗ്രഹം കൊള്ളാമല്ലോ എന്ന് തോന്നാം. മോശം വാക്കുകള്‍ നിയന്ത്രിക്കാത്തതിന്റെ പേരില്‍ ശകാരം കിട്ടുന്ന കുട്ടി, അത്തരം വാക്കുകള്‍ തീരെ സങ്കോചമില്ലാതെ ആഘോഷിക്കുന്ന യൂട്യൂബറുടെ ഫാന്‍ ആകുന്നത് സ്വാഭാവികം. മസ്തിഷ്ക വളര്‍ച്ച പുരോഗമിക്കുന്ന കൗമാരപ്രായത്തില്‍ സ്വാധീനിക്കുക എളുപ്പമാണല്ലോ.
തോന്നുന്നത് ചെയ്യുന്ന പ്രവണത ഇംപള്‍സീവ് സ്വഭാവമായി രൂപപ്പെടുന്നു. മാതാപിതാക്കള്‍ അതിനെക്കുറിച്ച് വഴക്കുപറയുമ്പോള്‍ തൊപ്പികളെ വാഴ്ത്തുന്ന സോഷ്യല്‍ മീഡിയയില്‍ അതിനു ന്യായീകരികരണവും സാധൂകരണവും കിട്ടുന്നു. മാറ്റാനാവാത്ത സ്വഭാവ പ്രശ്നങ്ങളും ടോക്സിക് പേരെന്റിങ്ങും ചേരുമ്പോള്‍ ഒരു കുട്ടി താന്‍ ഒന്നിനും കൊള്ളില്ല എന്ന അപകര്‍ഷതാ ബോധം ഉള്ളില്‍ രൂപപ്പെടുത്തിയേക്കാം. അങ്ങനെയൊരാള്‍ക്ക് എല്ലാം അനുവദനീയമായ, എന്തിനും സാധൂകരണം (alidation) കിട്ടുന്ന സോഷ്യല്‍ മീഡിയാലോകം വളരെ ആകര്‍ഷകമായി തോന്നുന്നു. വൈകാരിക നിയന്ത്രണം നഷ്ടപ്പെട്ട് തോന്നുന്നതു ചെയ്യുക അഥവാ impulsivity എന്ന സ്വഭാവവൈകൃതമാണ് ഇത്തരം സോഷ്യല്‍ മീഡിയ ആഘോഷമാക്കുന്നത്.
കുട്ടിക്കാലത്തെ ട്രോമകള്‍
ചെറുപ്പത്തിലെ തിക്താനുഭവങ്ങളാകാം തൊപ്പിയെന്ന നിഹാദിന്റെ സ്വഭാവ പ്രശ്നങ്ങള്‍ക്ക് കാരണമായത്. കുട്ടിക്കാലത്തെ അമിതശിക്ഷയും ട്രോമയും ആന്റിസോഷ്യല്‍ സ്വഭാവം രൂപപ്പെടാന്‍ കാരണമാകാം. തെറ്റുചെയ്യുമ്പോള്‍ വീട്ടില്‍ നിന്ന് കിട്ടിയ ശിക്ഷകളും ദേഹോപദ്രവങ്ങളും അയാള്‍ വിവരിക്കുന്നുണ്ട്. ശിക്ഷിച്ചു എന്നതല്ല, സ്നേഹിക്കുന്നില്ല എന്ന് തോന്നിച്ചതാണ് ഇത്തരം ഓര്‍മ്മകളെ ട്രോമാറ്റിക് ആക്കുന്നത്. ഒരിക്കല്‍ ഒരു പ്ലസ് ടു വിദ്യാര്‍ഥി തനിക്ക് മൂന്നു വയസുള്ളപ്പോള്‍ മുതല്‍ അപ്പന് അടിച്ചതും ദേഷ്യത്തോടെ നോക്കിയതും പേടിച്ചപ്പോള്‍ അവഗണിച്ചതും എണ്ണിയെണ്ണി ഓര്‍ത്തുപറഞ്ഞു. സ്നേഹിക്കുന്നില്ല എന്ന് തോന്നിയപ്പോള്‍ കൗമാരമനസ്സ് പഴയ കാര്യങ്ങള്‍ ചികഞ്ഞെടുത്ത് ആ തോന്നല്‍ ഉറപ്പിക്കാന്‍ ശ്രമിച്ചതാകാം.
ഉറ്റകൂട്ടുകാരന്റെ പെട്ടെന്നുള്ള ആത്മഹത്യ നിഹാദിന്റെ മനസിന് വലിയ ആഘാതമുണ്ടാക്കി. അവന് വിഷാദത്തിലേക്ക് വീണത് വീട്ടുകാര്‍ തിരിച്ചറിഞ്ഞില്ല. മറ്റൊരു പ്ലസ് ടു വിദ്യാര്‍ഥി കൂട്ടുകാരന്റെ ആത്മഹത്യക്കു ശേഷം മുറിയിലൊതുങ്ങി ഗെയിമിംഗ് അഡിക്റ്റായ കഥ സമാനമാണ്. മുന്‍പെല്ലാം അത്തരം അവസരങ്ങളില്‍ കൂട്ടുകാരനെ പറഞ്ഞു പിന്തിരിപ്പിച്ചിരുന്നെങ്കിലും ഇത്തവണ ഓടിയെത്താന്‍ കഴിഞ്ഞില്ല. കൂട്ടുകാരന്റെ മരണം രണ്ടാഴ്ചകൊണ്ട് മറക്കാവുന്നതേയുള്ളു എന്നാണ് വീട്ടുകാര്‍ കരുതുന്നത്. അവന് കൂട്ടുകൂടാന്‍ ഭയമായി, പുറത്തു പോകാതായി. ഉള്ളിലെ ദുഃഖം പുറമെ അമിത ദേഷ്യമായി പ്രകടിപ്പിക്കുമ്പോള്‍ മാതാപിതാക്കള്‍ തിരിച്ചും ശകാരിക്കും. അതൊഴിവാക്കാന് കൂടുതലായി മുറിയിലൊതുങ്ങും, പകലുറങ്ങും. തിരിച്ചറിയാതെ പോകുന്ന ഇത്തരം വിഷാദവും ഭയങ്ങളും കുട്ടികളെ ചെന്നെത്തിക്കുന്നത് ഗെയിമിംഗ് ആപ്പുകളും കൊറിയന്‍ സീരീസും പോര്‍ണോഗ്രഫിയും നല്കുന്ന താത്കാലിക ആശ്വാസത്തിന്റെ, എന്നാല്‍ വലിയ കെണിയുടെ ഓണ്‍ലൈന്‍ ലോകത്താണ്.
തന്റെ പ്രശ്നങ്ങള്‍ക്ക് ചികിത്സയും സഹായവും കിട്ടാതിരുന്നപ്പോള്‍, നിഹാദ് സ്വയം കണ്ടെത്തിയ പരിഹാരം അവന്റെ ആന്റിസോഷ്യല്‍ പ്രവണതകള്‍ക്കുള്ള ചാനല്‍ ആയിമാറി. താന്‍ ഗെയിം കളിക്കുന്നത് ലൈവ് ആയി സ്ട്രീം ചെയ്തപ്പോള്‍ അത്യാവശ്യം വരുമാന മാര്‍ഗമായി. വ്യൂവറിന്റെ സ്ക്രീന്‍ ടൈം വ്ളോഗറുടെ മാര്‍ക്കറ്റ് ആണല്ലോ. തന്നെപ്പോലെ ഗെയിമിംഗ് അഡിക്ഷന് ഉള്ള കുട്ടികളെ (മുതിര്‍ന്നവരെയും) ആകര്‍ഷിക്കുന്ന ദൈര്‍ഘ്യമുള്ള വിഡിയോകള്‍ ഉണ്ടാക്കി വിട്ടു. ലൈംഗിക ചുവയുള്ള കമന്റുകള്‍ ഇടയ്ക്ക് മസാല പോലെ ചേര്‍ത്ത് കൂടുതല്‍ ‘എന്റര്‍ടെയ്നിങ്’ ആക്കി. ശരിയുടെ പരിധികളില്ലാത്ത, കുറ്റബോധം തീണ്ടാത്ത ആന്റിസോഷ്യല്‍ മനസ്സിന്റെ ലക്ഷണങ്ങളാണ് ഇവിടെ മറനീങ്ങിയത്.
കുട്ടികള്‍ ഇരകളാണ്, കുറ്റക്കാരല്ല
ഗാര്‍ഹിക പീഡനം കണ്ടുനിന്നതിന്റെയും ശാരീരിക ശിക്ഷകള്‍ സഹിച്ചതിന്റെയും അമര്‍ഷം കുട്ടികളില്‍ ഉളവാക്കുന്ന അക്രമ സ്വഭാവത്തെ ടാര്‍ഗറ്റ് ചെയ്യുന്ന രീതിയിലാണ് ചില ഗെയിമുകള്‍ രൂപകല്പന ചെയ്യുന്നത്. ഭയവും ആത്മസന്ദേഹവും ഉള്ളവരില്‍ കൃത്രിമ ആത്മവിശ്വാസം സൃഷ്ടിച്ച് അമിതമായ ഹരം ഉളവാക്കുന്നത് ക്രമേണ പരാധീനതയ്ക്ക് (dependence) കാരണമാകുന്നു. കൗമാരപ്രായത്തില്‍ ഏതാണ്ട് അഞ്ചു മുതല്‍ പത്തു വരെ ശതമാനം കുട്ടികളില്‍ ആത്മഹത്യാവിചാരം ഉണ്ടാകാം. അവരെ ടാര്‍ഗറ്റ് ചെയ്ത ‘ബ്ലൂവെയില്‍’ പോലെയുള്ള ഗെയിമുകള്‍ക്ക് പിന്നിലുള്ള ക്രൂരത അക്ഷന്തവ്യമാണ്. പ്രശ്നങ്ങള്‍ ഇല്ലാത്ത കുട്ടികള്‍ പെട്ടുപോവില്ലായിരിക്കാം. പക്ഷേ, പ്രശ്നങ്ങള്‍ ഉള്ള ചെറിയ ശതമാനത്തെ ബോധപൂര്‍വ്വം കെണിയില്‍ വീഴ്ത്തുന്നു. ഇവിടെ കുട്ടികള്‍ കുറ്റക്കാരല്ല. മറിച്ച്, ഇത്തരം ക്രൂരതയുടെ ഇരകളാണ്. കുറ്റം കുട്ടികളെ സുരക്ഷിതരാക്കാന്‍ കഴിയാത്ത സമൂഹത്തിനാണ്; മനസിലാക്കാന്‍ ശ്രമിക്കാത്ത മാതാപിതാക്കള്‍ക്കാണ്. കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗത്തെക്കുറിച്ച് നമുക്ക് ആവശ്യമായ മാനദണ്ഡങ്ങളില്ല എന്ന കേരള ഹൈക്കോടതിയുടെ പരാമര്‍ശം ഗൗരവതരമാണ്.
സമൂഹമാധ്യമ ഡിപെന്ഡന്സിയുടെ പ്രധാന ലക്ഷണങ്ങള്‍
* സ്വയം നിയന്ത്രിക്കാനും വേണ്ടെന്നുവയ്ക്കാനും കുട്ടിക്ക് കഴിയുന്നില്ല
* ഉപയോഗിച്ച് തുടങ്ങിയാല്‍ നിശ്ചിതസമയത്തിനു ശേഷം നിര്‍ത്താന്‍ കഴിയുന്നില്ല
* മറ്റു കാര്യങ്ങളില്‍ ശ്രദ്ധിക്കാനോ താല്പര്യം എടുക്കാനോ കഴിയുന്നില്ല
* മറ്റു സമയങ്ങളില്‍ മനസ്സ് അസ്വസ്ഥവും കോപാകുലവുമായി മാറുന്നു
* ഗുരുതരമായ പരിണതഫലങ്ങള്‍ ഉണ്ടായ ശേഷവും നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല
ആര്‍ക്കാണ് റിസ്ക് കൂടുതല്‍?
ഡിജിറ്റല്‍ മാധ്യമങ്ങള്‍ കുറേസമയം ഉപയോഗിക്കുന്ന എല്ലാ കുട്ടികള്‍ക്കും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുന്നില്ല. കൊവിഡ് കാലം കടന്നുപോയതോടെ കുട്ടികളില്‍ വലിയ ശതമാനവും സാധാരണ നിലയിലേക്ക് തിരികെവന്നു. എന്നാല്‍ ചെറുതല്ലാത്തൊരു ശതമാനത്തിന് അത് സാധിച്ചില്ല. അങ്ങനെയെങ്കില്‍, ഏതു കുട്ടികള്‍ക്കാണ് ഇങ്ങനെ പെട്ടുപോകാന്‍ കൂടുതല്‍ സാധ്യതയുള്ളത്?
കുടുംബത്തിന്റെ ചില ശൈലികള്‍
* ഒത്തൊരുമയും പരസ്പരബന്ധവുമില്ലാത്ത കുടുംബാന്തരീക്ഷം, നിരന്തരമായ വഴക്കുകള്‍, അമിതമായ വിദ്വേഷപ്രകടനം
* കുട്ടികളുടെ കാര്യങ്ങളിലുള്ള അതിനിമഗ്നതയും (over involment) കുറ്റപ്പെടുത്തലുകളും
* കുട്ടികളുമായി സമയം ചെലവിടുന്നതിലും സ്നേഹം പ്രകടിപ്പിക്കുന്നതിലും കാര്യമായ കുറവ്
* ആണ്‍കുട്ടിയുമായി അച്ഛനും പെണ്‍കുട്ടിയുമായി അമ്മയ്ക്കും നല്ല സൗഹൃദം ഇല്ലാത്തത്
* ആവശ്യമായ നിയന്ത്രണങ്ങളും ലക്ഷ്മണരേഖകളും ചെറുപ്പത്തിലേ ശീലിപ്പിക്കാത്തത്
കുട്ടിയുടെ ചില സ്വഭാവ ലക്ഷണങ്ങള്‍
* ശ്രദ്ധക്കുറവും പെരുപെരുപ്പും (attentional deficit and hyperactive)
* എടുത്തുചാട്ട (impulsive) പ്രവണത, പെട്ടെന്നുള്ള അരിശം, അക്രമ (aggressive) സ്വഭാവം, കൂട്ടുകൂടാത്ത പ്രകൃതം
* കൂടെക്കൂടെയുള്ള അസ്വസ്ഥതയും ഉത്കണ്ഠയും (nueroticism)
* അസുഖകരമായ കുടുംബാന്തരീക്ഷത്തില്‍ സ്വയം ഉള്‍വലിയുന്നത്
* സമൂഹമാധ്യമങ്ങള്‍ അമിതമായി ഉപയോഗിക്കാന്‍ അവസരം
സമാന്തര കൗമാര ലോകം
കേരളസമൂഹത്തിന്റെ അന്തര്‍ധാരയില്‍ തൊപ്പിഫാന്സിന്റെ കുട്ടിസംസ്കാരം വളര്‍ന്നുവന്നത് മുതിര്‍ന്നവര്‍ അറിഞ്ഞിരുന്നില്ല. നമ്മുടെ വീടുകളിലും പലപ്പോഴും കുട്ടികളുടെ ചിന്താലോകവും ഭാഷയും താല്പര്യങ്ങളും പേരെന്റ്സില്‍ നിന്ന് വളരെ അകലെയാണ്. ഓണ്‍ലൈന്‍ ലോകത്ത് അവര്‍ അനര്ഥങ്ങളില് വീഴാനുള്ള പ്രധാന കാരണവും ഈ അകലമാണ്. മാതാപിതാക്കള്‍ കുട്ടികളുടെ ഭാഷയറിയാനും അവരുടെ ലോകം കാണാനും കൗതുകവും ക്ഷമയും സമയവും കണ്ടെത്തണം. അവരുടെ ഓണ്‍ലൈന്‍ ലോകത്തേക്ക് മുന്‍വിധികളും ഉപദേശങ്ങളും മാറ്റിവച്ച് കൂടെ ചെല്ലണം. പത്തു വയസ്സിനു താഴെയുള്ള കുട്ടിയോട് നല്ല ബന്ധം പുലര്‍ത്താന്‍ എളുപ്പമാണ്. കൗമാരത്തിലുള്ള മകനോടും മകളോടും സ്നേഹവും സൗഹൃദവും നിലനിര്‍ത്താന്‍, മാതാപിതാക്കളുടെ സമീപനമാണ് പ്രധാനമായും മാറേണ്ടത്.
ഒരിക്കല്‍ താന്‍ ഒരു ‘വിച്ച്’ (മന്ത്രവാദിനി) ആണെന്ന് ഒന്‍പതാം ക്ലാസുകാരിയായ മകള്‍ വെളിപ്പെടുത്തിയപ്പോള്‍ അമ്മ അമ്പരന്നുപോയി. തന്റെ ഓണ്‍ലൈന്‍ സമയങ്ങളില്‍ വിവിധ രാജ്യങ്ങളിലെ അവളെപ്പോലുള്ള കുട്ടിവിച്ചുകളോടാണത്രെ അവള്‍ക്ക് സമ്പര്‍ക്കം. എന്നാല്‍, ഞെട്ടല്‍ മാറ്റി അവളെ കൂടുതല്‍ കേള്‍ക്കാന്‍ തുടങ്ങിയപ്പോള്‍ ഓണ്‍ലൈന്‍ കൂട്ടുകാരുമായി അവള് കളിക്കുന്ന ചില നിരുപദ്രവമായ കളികളാണത് എന്നു മനസ്സിലായി. അവളോടൊപ്പം ഒന്നുരണ്ടു തവണ കളിയില്‍ കൂടി. അതൊരു താത്കാലിക താല്പര്യം മാത്രമാണെന്ന് തോന്നിയതിനാല്‍ വലിയ നിയന്ത്രണമൊന്നും വച്ചില്ല. അവളും മെല്ലെ പഠിത്തത്തിലേക്കും ക്ലാസ്സിലെ കൂട്ടുകളിലേക്കും തിരികെവന്നു.
അമിത സ്ക്രീന്‍ ടൈം തെറ്റിദ്ധരിക്കപ്പെടാം
മുഴുനേരവും മൊബൈലില്‍ ആണെന്ന പരാതിയുമായി കുട്ടിയെ കൗണ്‍സലിംഗിന് കൊണ്ടുവരുമ്പോള്‍, പേരന്റ്സ് കൂടുതലൊന്നും ശ്രദ്ധിച്ചിട്ടുണ്ടാവില്ല. പലപ്പോഴും, അമിത സ്ക്രീന്‍ ടൈം ഒരു സൂചനയാകാം. ഉദാഹരണത്തിന്, വിഷാദമോ ഉത്കണ്ഠയോ മറച്ചുപിടിക്കാനും സ്വയം നേരിടാനും (coping) ശ്രമിക്കുന്നതിന്റെ ലക്ഷണമാകാം അമിത സ്ക്രീന്‍ ടൈം. ഒരു വിദഗ്ധ സഹായം ലഭിക്കുന്നതുവരെ കാര്യങ്ങള്‍ വഷളാകാതിരിക്കാന്‍ മൊബൈല്‍ ഉപയോഗം ഹ്രസ്വകാലത്തേക്ക് സഹായിക്കാറുണ്ട്. എന്നാല്‍, പിന്നീടത് അഡിക്ഷന് എന്ന പുതിയ പ്രശ്നം കൂടി ഉണ്ടാക്കുന്നു. ഇത്തരം സാഹചര്യങ്ങളില്‍ കുറ്റപ്പെടുത്താതെ, ഏറ്റവും വേഗം പ്രൊഫഷണല്‍ സഹായം നല്‍കണം.
വേണ്ട സഹായം നല്‍കാതെ മൊബൈല്‍ മാറ്റുന്നത്, മദ്യപാനിയെ മുറിയില്‍ അടച്ചിട്ട് മദ്യം കൊടുക്കാതിരിക്കുന്നതുപോലെ അപകടകരമായേക്കാം.
സ്ക്രീന്‍ ഉപയോഗം പ്രശ്നമാകാതിരിക്കാന്‍ വീട്ടില്‍ എന്തൊക്കെ ചെയ്യാം?
ഉചിതമായ സ്ക്രീന്‍ ടൈം റൂള്‍സ് പേരെന്റ്സും കുട്ടികളും ചേര്‍ന്ന് തയ്യാറാക്കുന്നത് വളരെ നല്ലതാണ്.
* പ്ലസ് ടു വരെയുള്ള കുട്ടികള്‍ക്ക് ബെഡ് ടൈം നിശ്ചയിച്ച്, അതിന് അരമണിക്കൂര്‍ മുമ്പ് സ്ക്രീന്‍ ഓഫ് നിര്‍ബന്ധമാക്കണം. രാത്രി കുട്ടികളുടെ മുറിയില്‍ സ്മാര്‍ട്ട് ഫോണ്‍ പാടില്ല
* ഡിജിറ്റല്‍ മാധ്യമ ഉപയോഗം വീട്ടിലെ അധികം പ്രൈവസി ഇല്ലാത്ത നിശ്ചിത സ്ഥലത്ത് മാത്രം ചെയ്യുക
* സ്റ്റഡി റൂമില്‍ പഠനത്തിനു മാത്രം ഡിവൈസ് ഉപയോഗിക്കുക. മുറിയിലേക്ക് കയറുമ്പോള്‍ സ്ക്രീന്‍ കാണാവുന്ന വിധം ഫോണ്സ്റ്റാന്ഡില് സ്മാര്‍ട്ട് ഫോണും ടേബിളില്‍ ലാപ്ടോപ്പും വാതിലിന് അഭിമുഖമായി വയ്ക്കേണ്ടതാണ്
* തോന്നുന്ന നേരത്തെ ഫോണ്‍ ഉപയോഗത്തിന് പകരം ഉദ്ദേശ്യപൂര്‍വ്വം (intentional) നിശ്ചിത സമയങ്ങളിലുള്ള ഫോണ്‍ ഉപയോഗവും ഗെയിമിങ്ങും ചെറുപ്പം മുതലേ ശീലിപ്പിക്കുക. ഇതിന് മാതാപിതാക്കള്‍ മാതൃകയാവുക
* കുട്ടികള്‍ ഫോണില്‍ ചെയ്യുന്നതെല്ലാം മാതാപിതാക്കള്‍ കൗതുകത്തോടെ ചോദിച്ചറിയണം. പ്ലസ് ടു വരെ കുട്ടികള്‍ക്ക് ഫോണ്‍ പ്രൈവസി ആവശ്യമില്ല. പേരെന്റല്‍ കണ്ട്രോള് ആപ്പുകളും ഫില്‍റ്ററുകളും ഉപയോഗിക്കാന്‍ മടിക്കരുത്
* സംസാരിക്കുമ്പോള്‍ സ്ക്രീനില്‍ നിന്ന് കണ്ണെടുത്ത് പരസ്പരം മുഖം കൊടുക്കാന്‍ വീട്ടില്‍ എല്ലാവരും ശീലമാക്കണം
* ഡിവൈസുകള്‍ എല്ലാം മാറ്റിവച്ച് മാതാപിതാക്കളും കുട്ടികളും ഒരുമിച്ചുകൂടുന്ന നല്ല സമയങ്ങള്‍ പതിവാക്കണം
* കുട്ടികള്‍ വളരുന്നതനുസരിച്ച് കൂടുതല്‍ ആത്മവിശ്വാസത്തോടും സുരക്ഷിതമായും സമൂഹമാധ്യമ ലോകത്തില്‍ ഇടപെടാന്‍ അവരെ ഒരുക്കുക
* സോഷ്യല്‍ മീഡിയയുടെ ഉപയോഗം എങ്ങനെയൊക്കെയാണ് കുട്ടികളെ സഹായിക്കുന്നതെന്ന് അവരോടൊത്ത് ചര്‍ച്ച ചെയ്യണം. അവരുടെ സര്‍ഗ്ഗാത്മക ശ്രമങ്ങളെയെല്ലാം പ്രോത്സാഹിപ്പിക്കണം
* ആഴ്ചയിലൊരിക്കല്‍ സമൂഹമാധ്യമ അനുഭവങ്ങളെക്കുറിച്ച് പേരെന്റ്സും കുട്ടികളും ഒരുമിച്ചുള്ള തുറന്ന ചര്‍ച്ച പതിവാക്കുക. ഫോണ്‍ ഉപയോഗത്തെക്കുറിച്ചുള്ള കൃത്യമായ നിയന്ത്രണവും പരിധികളും തീരുമാനിക്കാനും ഇത് അവസരമാക്കുക. ഇത്തരം സന്ദര്‍ഭങ്ങളിലല്ലാതെ അനവസരത്തിലുള്ള ഉപദേശങ്ങള്‍ ഒഴിവാക്കുക
* കൗമാരപ്രായത്തിലെ ലൈംഗിക കാര്യങ്ങളിലുള്ള ജിജ്ഞാസയെ കുറ്റപ്പെടുത്താതെ, അത് സ്വാഭാവികമാണെന്ന് അംഗീകരിക്കുക. ലൈംഗിക വിഷയങ്ങള്‍ കുട്ടികള്‍ തുറന്നു സംസാരിക്കണമെങ്കില്‍ മാതാപിതാക്കളും ഇത്തരം കാര്യങ്ങളില്‍ തുറന്ന സംസാരം പ്രോത്സാഹിപ്പിക്കണം
* ഗെയിമുകള്‍ക്ക് പിന്നിലെ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളെക്കുറിച്ച് തുറന്ന ചര്‍ച്ച വേണം. കൂടുതല്‍ നേരം കളിക്കാന്‍ പ്രേരിപ്പിക്കുന്ന രീതിയില്‍ തയ്യാറാക്കിയിരിക്കുന്നതിനാല്‍ കുറച്ചുപേര്‍ അഡിക്ട് ആവുക സ്വാഭാവികമാണെന്നും അങ്ങനെ അഡിക്ട് ആകുന്ന കുറച്ചുപേരിലൂടെ വലിയ ആദായം ഉണ്ടാക്കുക മാര്‍ക്കറ്റിംഗ് തന്ത്രത്തിന്റെ ഭാഗമാണെന്നതും ചര്‍ച്ച ചെയ്യുക. രസകരമായ ഒരു ടൈംപാസ് എന്നതിനപ്പുറം, തങ്ങളെ വീഴ്ത്താന്‍ ബോധപൂര്‍വ്വം തയ്യാറാക്കിയിരിക്കുന്ന കെണിയായും അവര്‍ ഗെയിമിങ്ങിനെ മനസ്സിലാക്കണം. അഡിക്ട് ആവാതെ ഉപയോഗിക്കാനുള്ള സ്മാര്‍ട്ട് പ്ലാന്‍ കുട്ടികളെക്കൊണ്ടുതന്നെ തയ്യാറാക്കണം. അവരെ അമിതമായി നിയന്ത്രിക്കാതെ ഡിജിറ്റല്‍ മാധ്യമങ്ങള്‍ ആരോഗ്യകരമായി ഉപയോഗിക്കാന്‍ ശക്തിപ്പെടുത്തണം.
ഒരു തൊപ്പിയെ മുക്കിയാല്‍ മറ്റൊരു തൊപ്പി പൊങ്ങും
കുട്ടികളെ വഴിതെറ്റിക്കുന്നുവെന്ന് തൊപ്പിക്കെതിരെ മുറവിളിക്കുന്നവരും, ഓണ്‍ലൈന്‍ എന്റര്ടെയ്നര് എന്ന നിലയില്‍ അവന് ചെയ്യുന്നത് അത്ര വലിയ പാതകമല്ല എന്ന് കരുതുന്നവരും ഉണ്ട്. അയാള്‍ അസഭ്യങ്ങള്‍ വിളിച്ചുപറയുന്നു. നിയന്ത്രിക്കണം. എന്നാല്‍, നമ്മളാകട്ടെ തുറന്നു സംസാരിക്കേണ്ട കാര്യങ്ങള്‍ മറച്ചുവയ്ക്കുന്നു. അതും തിരുത്തണം. ഓണ്‍ലൈന്‍ മീഡിയയുടെ ഇത്തരം നെഗറ്റീവ് സാധ്യതകളെ നിയമം നടപ്പിലാക്കി കുറെയൊക്കെ നിയന്ത്രിക്കാമെങ്കിലും പൂര്‍ണമായി ഒഴിവാക്കാനാവില്ല. ഒരു തൊപ്പിയെ മുക്കിയാല്‍ മറ്റൊരു തൊപ്പി പൊങ്ങും. മക്കളെക്കുറിച്ച് മാതാപിതാക്കള്‍ ഉത്തരവാദിത്തം എടുക്കുകയാണ് പ്രധാനം. നിഹാദ് തന്നെ പറയുന്നപോലെ, കുട്ടികള്ക്കുള്ളതല്ലാത്ത കാര്യങ്ങള്‍ പേരെന്റ്സിന്റെ മൊബൈല്‍ സെറ്റില്‍ അവര്‍ കാണുന്നതിന്റെ ഉത്തരവാദിത്തം പേരെന്റ്സിനല്ലേ?
വിഷാദം, ഉത്ക്കണ്ഠ, ശ്രദ്ധക്കുറവ്, എടുത്തുചാട്ടം, സാമൂഹ്യവിരുദ്ധത തുടങ്ങിയ വൈകാരിക പ്രശ്നങ്ങളും സ്വഭാവ വൈകൃതങ്ങളുമാണ് തൊപ്പിയുടേതുപോലുള്ള ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകളുടെ വലിയ സ്വാധീനത്തിനു പിന്നില്‍ എന്നതാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്. ചെറിയ പ്രായത്തില്‍ ഇവയെല്ലാം പരിഹരിക്കാവുന്നതും മാറ്റിയെടുക്കാവുന്നതുമായ പ്രശ്നങ്ങളാണ്. സ്വഭാവവ്യത്യാസങ്ങളും വൈകാരിക മാറ്റങ്ങളും കാണുമ്പോള്‍ പ്രൊഫഷണല്‍ സൈക്കോളജിസ്റ്റിന്റെ സഹായം തേടാന്‍ വൈകരുത്. കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ശരിയായ മാനസികാരോഗ്യ അറിവുകള്‍ നല്‍കുന്നതിനും ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും സഭയ്ക്കും സമൂഹത്തിനും ഗവണ്മെന്റിനും കൂടുതല്‍ ജാഗ്രത കാട്ടാന്‍ കഴിയട്ടെ.