നൈജീരിയയില്‍ തടവിലായിരുന്ന കപ്പല്‍ ജീവനക്കാരായ മൂന്നു മലയാളികള്‍ സുരക്ഷിതരായി നാട്ടില്‍ തിരിച്ചെത്തിയത് കഴിഞ്ഞ ദിവസമാണ്. എണ്ണ മോഷണവും സമുദ്രാതിര്‍ത്തി ലംഘനവും ആരോപിച്ച് പത്ത് മാസം മുന്‍പാണ് 26 ജീവനക്കാരെ തടവിലാക്കിയത്. മലയാളികളായ മില്‍ട്ടണ്‍ ഡിക്കോത്ത, വി. വിജിത്, സനു ജോസ് എന്നിവരടക്കമുള്ളവരുടെ മോചനമാണ് മാസങ്ങള്‍ നീണ്ട പ്രയത്നത്തിനുശേഷം സാധ്യമായത്. മരണം മുന്നില്‍ കണ്ട സാഹചര്യത്തില്‍ നിന്നാണ് രക്ഷപ്പെട്ടതെന്ന് മില്‍ട്ടണ്‍ ഡിക്കോത്ത പറഞ്ഞു. അവസാനഘട്ടത്തില്‍ കുടിവെള്ളം പോലും കിട്ടാത്ത അവസ്ഥയുണ്ടായി. തന്റെ രണ്ടു ദശാബ്ദം നീണ്ട കപ്പല്‍ ജോലിക്കിടെ സംഭവിച്ച ഏറ്റവും വലിയ ദുരനുഭവമാണിതെന്നാണ് മില്‍ട്ടണ്‍ പറയുന്നത്.
കപ്പലോട്ട പ്രതിസന്ധികളും
തെറ്റിദ്ധാരണ വരുത്തിയ വിനയും
വാണിജ്യക്കപ്പലുകളുടെ വലുപ്പവും മെച്ചപ്പെട്ട രീതിയിലുള്ള നാവിക സുരക്ഷയും സമുദ്രനിയമങ്ങളുടെ കര്‍ശനമായ നടത്തിപ്പും മൂലം നേരിട്ടുള്ള കടല്‍ക്കൊള്ള ഇക്കാലത്ത് പൊതുവേ കുറവാണ്. ഇന്ന് ഇതിന്റെ സ്ഥാനം ഹൈജാക്കിങ് ഏറ്റെടുത്തിരിക്കുകയാണ്. എണ്ണ ടാങ്കറുകളോ വിലപിടിപ്പുള്ള ചരക്കുകളുള്ള കപ്പലോ തട്ടിയെടുത്ത് മോചനദ്രവ്യം നേടുകയാണ് ഇക്കാലത്ത് നടന്നുവരുന്നത്.
ആഫ്രിക്കയുടെ പടിഞ്ഞാറന്‍ ഭാഗത്തുള്ള നൈജീരിയ ആഫ്രിക്കയിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയാണ്. ഈ മേഖലയിലെ സമൃദ്ധമായ വിഭവശേഖരങ്ങളും ഷിപ്പിംഗ് ട്രാഫിക്കും ഈ രാജ്യമാണ് നിയന്ത്രിക്കുന്നത്. അതേസമയം കടല്‍ക്കൊള്ളക്കാരുടെ ശല്യവും ഇവിടെ ഏറിവരുന്നു. സമുദ്രത്തിലൂടെയുള്ള ചരക്ക് ഗതാഗതത്തിന് ഏറ്റവും അപകടകരമായ മേഖലകളിലൊന്നായി ഈ മേഖലയെ കണക്കാക്കുന്നു. കടല്‍കൊള്ളയും കപ്പലുകള്‍ തട്ടിക്കൊണ്ടു പോകലും ഈ മേഖലയില്‍ വ്യാപകമാണ്. അസംസ്കൃത എണ്ണ മോഷണമാണ് മറ്റൊരു പ്രശ്നം. എണ്ണ മോഷണം നൈജീരിയയുടെ സമ്പദ്വ്യവസ്ഥയെ വളരെയധികം ബാധിച്ചിരുന്നു. നൈജീരിയയിലെ പ്രധാന എണ്ണ കയറ്റുമതി ടെര്‍മിനലുകളിലൊന്നില്‍ നിന്നുള്ള അനധികൃത എണ്ണമോഷണം അടുത്തിടെ കണ്ടെത്തിയിരുന്നു. ഒമ്പത് വര്‍ഷമായി തുടര്‍ച്ചയായി ഈ മോഷണം നടന്നുവരികയായിരുന്നു.
കടല്‍ക്കൊള്ള ആക്രമണങ്ങളുടെയും എണ്ണ മോഷണത്തിന്റെയും ഇരട്ട പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ നൈജീരിയ തീവ്രമായ ശ്രമത്തിലായിരുന്ന ഘട്ടത്തിലാണ് മില്‍ട്ടണ്‍ ഡിക്കോത്ത ജോലി ചെയ്തിരുന്ന ‘എംടി ഹീറോയിക് ഐഡുന്‍’ കപ്പല്‍ തെറ്റിദ്ധാരണയുടെ പേരില്‍ പിടിയിലാകുന്നത്. മില്‍ട്ടണ്‍ ഡിക്കോത്തയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നിന്ന്.
മില്‍ട്ടന്റെ വീട്, കുടുംബാംഗങ്ങള്‍ ?
എറണാകുളം പൊന്നാരിമംഗലത്തായിരുന്നു കുടുംബവീട്. വീട്ടുപേര് മേത്തശേരി ഹൗസ്. ഇപ്പോള്‍ താമസിക്കുന്നത് എറണാകുളത്തു തന്നെ മുളവുകാടാണ്. വലിയകാട്ടാത്ത്ഹൗസ് എന്നാണ് വീട്ടുപേര്. വരാപ്പുഴ അതിരൂപതയില്‍ ബോള്‍ഗാട്ടി സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ചാണ് ഇടവക. ഡാഡിയുടെ പേര് റോബര്‍ട്ട് ഡിക്കോത്ത.് മമ്മിയുടെ പേര് ഫിട്രി ഡിക്കോത്ത്. മമ്മി മരിച്ചു. ഭാര്യ: എയ്ലിന് ശീതള്‍ ഡിസില്‍വ, മകന്: ക്ലയിന്‍ ഹാഡ്വിന്‍ ഡിക്കോത്ത്.
പഠനം എവിടെയെക്കെയായിരുന്നു?
10-ാം ക്ലാസും പ്രിഡിഗ്രിയും എറണാകുളം സെന്റ് ആല്‍ബര്‍ട്സിലായിരുന്നു. കളമശേരി ലിറ്റില്‍ ഫ്ളവര്‍ എന്‍ജിനിയറിങ്ങ് കോളജില്‍ ഐടിഎ ഫിറ്റര്‍ കോഴ്സ് പഠിച്ചു. അതു കഴിഞ്ഞ് ട്രയിനിങ്ങിനു പോയി. പിന്നീട് ഷിപ്പില്‍ ഫിറ്ററായി ജോലിക്കു ചേര്‍ന്നു.
മില്ട്ടന് എന്നുമുതല്‍ കപ്പലില്‍ ജോലിക്കു പോയിതുടങ്ങി? ഇപ്പോള്‍ എത്രവര്‍ഷമായി?
എന്റെ ആദ്യത്തെ ഷിപ്പ് യാത്ര 2002ലാണ്. 21 വര്‍ഷത്തോളമായി ഷിപ്പിംഗ് ഫീല്‍ഡിലുണ്ട്. കുറെയധികം രാജ്യത്ത് പോയിട്ടുണ്ട്.
മില്‍ട്ടണ്‍ അടക്കമുള്ളവര്‍ ജോലി ചെയ്തിരുന്ന കപ്പലിന്റെ പേര് എന്തായിരുന്നു? ആരുടെ ഉടമസ്ഥതയിലുള്ളതായിരുന്നു കപ്പല്‍?
ഇറാനിയന്‍ ഓണറിന്റെയായിരുന്നു കപ്പല്‍. ഒഎസ്എം എന്ന കമ്പനിയുടേത്. ഒഎസ്എം, ഷിപ്പ് വാടകയ്ക്ക് എടുത്തിട്ടു ഓടിക്കുന്നതാണ്. ഞാന്‍ പോയ ഷിപ്പിന്റെ പേര് എംടി ഹീറോയിക് ഐഡുന്‍ എന്നാണ്.
എത്രപേര്‍ കപ്പലിലുണ്ടായിരുന്നു? മറ്റ് രാജ്യക്കാര്‍ എത്രപേരുണ്ടായിരുന്നു?
കപ്പലില്‍ 26 പേരുണ്ടായിരുന്നു. അതില്‍ 16 ഇന്ത്യക്കാരും 8 ശ്രീലങ്കക്കാരുമുണ്ടായിരുന്നു. ഒരു പോളണ്ടുകാരനും ഒരു ഫിലിപ്പിനിയുമുണ്ടായിരുന്നു.
ഏതുവര്‍ഷം എവിടെ വച്ചായിരുന്നു സംഭവം? ഏതു ഭാഗത്തേക്കാണ് കപ്പല്‍ പോയിക്കൊണ്ടിരുന്നത്? അന്നത്തെ കാര്യങ്ങള്‍ വിശദീകരിക്കാമോ?
2022 ആഗസ്റ്റ് 8ാം തീയതിയായിരുന്നു സംഭവം നടന്നത്. നൈജീരിയില്‍ നിന്നു ക്രൂഡ് ഓയില്‍ ലോഡ് ചെയ്തിട്ട് ആംസ്റ്റര്‍ഡാമില്‍ ഡിസ്ചാര്ജിങ്ങിനു പോകുവാനായിട്ടാണ് എത്തിയത്. അതുസംബന്ധിച്ച എല്ലാ പേപ്പറും ഉണ്ടായിരുന്നു. എണ്ണ ലോഡിങ്ങിനുവേണ്ടിയാണ് ഷിപ്പ് വന്നത.് പക്ഷേ ലോഡിങ്ങിനു പോര്‍ട്ടില്‍ എത്തിയപ്പോള്‍ ലോഡിംഗ് പോര്‍ട്ടില്‍ നിന്നുമൊരു മെസേജ് വന്നിട്ടുണ്ടായിരുന്നു, ലോഡ് ചെയ്യാനിരിക്കുന്ന (കാര്‍ഗോ) ഇന്ധനം റഡിയായിട്ടില്ല പിറ്റേദിവസമേ റഡിയാകൂ എന്ന്. അതിനാല്‍ നിങ്ങള്‍ ഔട്ടര്പോര്ട്ട് ലിമിറ്റിലേക്കു പോയ്ക്കൊള്ളാനായിരുന്നു സന്ദേശം. അതനുസരിച്ച് ഞങ്ങള്‍ അവിടേയ്ക്കു പോയി ഡ്രിഫ്റ്റ് ചെയത്- എന്ജിന് ഓഫ് ചെയ്തു കിടക്കുകയായിരുന്നു. അന്ന് രാത്രി നൈജീരിയന്‍ നേവിയില്‍ നിന്നാണെന്ന് അറിയിച്ചുകൊണ്ട് ഒരു പട്രോളിംഗ് ബോട്ട് ഞങ്ങളെ സമീപിച്ചു. ആ ബോട്ട് സംശയാസ്പദമായി ഞങ്ങളുടെ ക്യാപ്റ്റനു തോന്നി. അതോടെ മെയിന്‍ എന്ജിന് സ്റ്റാര്‍ട്ട് ചെയ്തിട്ടു ഷിപ്പ് പുറപ്പെടുകയായിരുന്നു. ഷിപ്പ് എടുക്കുന്നതു കണ്ടിട്ട് ബോട്ട് വളരെ അടുത്തു വന്നു. കപ്പല്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. നിങ്ങളുടെ ഷിപ്പ് സര്‍ച്ച് ചെയ്യണമെന്നും പറഞ്ഞു. വിഎച്ച്എഫിലാണ് സംസാരിച്ചത് (വെരി ഹൈ ഫ്രീക്വന്‍സി -റേഡിയോ). ക്യാപ്റ്റന്‍ ഞങ്ങളുടെ കമ്പനിയേയും ഏജന്റിനേയും വിളിച്ചു ചോദിച്ചു. എന്നാല്‍ ഇങ്ങനെയൊരു പട്രോളിങ്ങിനെപ്പറ്റി അവര്‍ക്ക് ആര്‍ക്കും വ്യക്തതയില്ലായിരുന്നു. ക്യാപ്റ്റനോട് അവര്‍ പറഞ്ഞു, ഞങ്ങള്‍ക്ക് അതനുസരിച്ചുള്ള ഇന്‍സ്ട്രക്ഷന്‍സ് ഒന്നും കിട്ടിയിട്ടില്ല. നിങ്ങള്‍ ഷിപ്പുമായി പൊയ്ക്കോള്ളൂ എന്ന്.
ചിലപ്പോള്‍ കടല്കൊള്ളക്കാരാകാന് സാധ്യതയുണ്ടെന്നും പറഞ്ഞു. ആ മേഖലയിലൊക്കെ പൈറസി അറ്റാക്കുകളും ഹൈജാക്കിങ്ങുമൊക്കെ നടക്കുന്ന സ്ഥലമാണ്.
അതുകൊണ്ട് ക്യാപ്റ്റന്‍ അവരോടു പറഞ്ഞു, നിങ്ങളുടെ റഡാര്‍ സിസ്റ്റം ഓണായിട്ടില്ല. അതു ഓണായിരുന്നുവെങ്കില് ഞങ്ങള്‍ക്ക് നിങ്ങളുടെ ബോട്ടിനെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ പറ്റുമെന്ന്. അതായത് ഒരു വാഹനത്തിന്റെ ആര്‍സി ബുക്ക് കാണുന്നത് പോലെയാണത്. സമീപത്തുള്ള ബോട്ടുകളുടേയോ കപ്പലുകളുടേയോ എല്ലാ വിവരങ്ങളും നമ്മുടെ റഡാറില്‍ വരും. അത് ഏതു ഷിപ്പാണെന്നും അതിന്റെ പേരും, ഉണ്ടാക്കിയ വര്‍ഷവും, ഉടമസ്ഥന്, കാര്‍ഗോ ലോഡ് ചെയ്തിരിക്കുന്നതുമടക്കം എല്ലാ വിവരങ്ങളും വരും. അവരുടെ റഡാര്‍ സിസ്റ്റം ഓണാക്കാന്‍ പറഞ്ഞപ്പോള്‍, സിസ്റ്റം കേടാണ് എന്നാണ് അവര്‍ പറഞ്ഞത്. അതുകൊണ്ടാണ് റഡാര്‍ ഓഫ് ചെയ്തിരിക്കുന്നതെന്നും.
അപ്പോള്‍ ഞങ്ങളുടെ ക്യാപ്റ്റനു കൂടുതല്‍ സംശയമായി. കപ്പല്‍ നിര്‍ത്താതെ ഓടിച്ചുപോയി. അരമണിക്കൂറോളം അവര്‍ ഞങ്ങളെ ചേസ് ചെയ്തു. ഷിപ്പ് നിര്‍ത്തുന്നില്ല എന്നു കണ്ടപ്പോള്‍ അവര്‍ പോയി. ഡിസട്രസ്് മെസേജ് (അപകട അറിയിപ്പ്) എന്നൊരു സംഭവമുണ്ട്. അതവര് പാസ് ചെയ്തു (ഏതെങ്കിലും കുറ്റകൃത്യമോ അപകടമോ ഉണ്ടാകുമ്പോള്‍ വാഹനം നിര്‍ത്താതെ രക്ഷപ്പെടുമ്പോള്‍ സമീപത്തുള്ള പൊലീസ് ഫ്ളൈയിംഗ് സ്ക്വാഡ് മെസേജ് അയക്കുന്നതുപോലെ) അതു കിട്ടിയത് നൈജീരിയയുടെ സമീപമുള്ള ഇക്വറ്റോറിയന്‍ ഗിനിയ എന്ന രാജ്യത്തിന്റെ നാവികസേനയ്ക്കാണ്. പിറ്റേന്ന് ഗിനിയന്‍ നേവല്‍ ഷിപ്പ് ഞങ്ങളുടെ ഷിപ്പിനു ക്ലോസായി വന്നു. റോക്കറ്റ് ലോഞ്ചര്‍ കപ്പലിനു നേരെ വച്ചിട്ടു പറഞ്ഞു, ഇന്‍വെസ്റ്റിഗേഷന്റെ ഭാഗമായി നിങ്ങള്‍ ഗിനിയയിലേക്കു വരണം. അല്ലാത്തപക്ഷം അവര്‍ ഷൂട്ട് ചെയ്യുമെന്ന്. ക്യാപ്റ്റന്‍ വെറെ നിര്‍വാഹമില്ലായിരുന്നു. അങ്ങനെ ഷിപ്പ് ഗിനിയയിലേക്കു കൊണ്ടുപോകുകയായിരുന്നു. അവിടെ ഇന്‍വെസ്റ്റിഗേഷന്റെ പേര് പറഞ്ഞ് മൂന്നര മാസം പിടിച്ചു വച്ചു. അവര്‍ ആവശ്യപ്പെട്ട തുക കമ്പനി ഫൈന്‍ അടച്ചു. അപ്പോള്‍ ഷിപ്പ് അവര്‍ നൈജീരിയക്ക് ഹാന്‍ഡ് ഓവര്‍ ചെയ്യുകയായിരുന്നു. നൈജീരിയയില്‍ ഏഴുമാസം തടങ്കലിലായി.
തെറ്റിദ്ധാരണയുടെ പേരിലായിരുന്നോ കപ്പല്‍ തടഞ്ഞുവച്ചത്?
എന്നു പറയാം. ബോട്ടിലുണ്ടായിരുന്നത് നൈജീരിയന്‍ നേവിയാണെന്നുള്ള ഒരു ധാരണ ഞങ്ങള്‍ക്കില്ലായിരുന്നു. റഡാര്‍ സിസ്റ്റത്തിന്റെ അപാകതയാണ് കാരണം. ക്യാപ്റ്റന്‍ വിചാരിച്ചത് പൈറസി ബോട്ടാണെന്നാണ്. ആ തെറ്റിദ്ധാരണയുടെ പുറത്താണ് ക്യാപ്റ്റന്‍ കപ്പലോടിച്ചു പോയത്. അതേസമയം കപ്പല്‍ നിര്‍ത്താതെ പോയപ്പോള്‍ അവര്‍ക്കും സംശയമുണ്ടായി. നേവിയുടെ ഓഡര്‍ അനുസരിച്ചില്ല എന്ന കുറ്റത്തിനാണ് നൈജീരിയില്‍ അവര്‍ പിടിച്ചുവച്ചത്. കള്ളക്കടത്ത് നടത്താനുള്ള നീക്കം നടന്നു എന്നും ആരോപിച്ചു. ഞങ്ങളുടെ ഷിപ്പില്‍ എല്ലാ പേപ്പേഴ്സും ഉണ്ടായിരുന്നെങ്കിലും ഈ സംഭവത്തിന്റെ പുറത്താണ് അവര്‍ ഞങ്ങളെ കുടുക്കിയത്.
ഇക്വറ്റോറിയല്‍ ഗിനിയ എന്ന രാജ്യം ഏതു ഭാഗത്താണ്? എന്തുകൊണ്ടാണ് നൈജീരിയന്‍ നേവിക്കു നിങ്ങളെ കൈമാറിയത്?
മധ്യ ആഫ്രിക്കയിലെ ഒരു ചെറിയ രാജ്യമാണ് ഇക്വറ്റോറിയല്‍ ഗിനി (ഔദ്യോഗിക നാമം: റിപ്പബ്ലിക്ക് ഓഫ് ഇക്വറ്റോറിയല്‍ ഗിനി). ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളില്‍ ഒന്നാണ്. നേരത്തെ സ്പാനീഷ് കോളനിയായിരുന്നു. ഗിനി ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന ദ്വീപുകള്‍ കൂടിച്ചേര്‍ന്ന പ്രദേശമാണിത്. ആഫിക്കന്‍ വന്‍കരയില്‍ സ്പാനിഷ് ഔദ്യോഗികഭാഷയായി ഉള്ള ഏക രാജ്യമാണ് ഇക്വറ്റോറിയല്‍ ഗിനി. അടുത്തകാലത്ത് ഇവിടെ വലിയതോതില്‍ എണ്ണനിക്ഷേപങ്ങള്‍ കണ്ടെത്തിയത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയില്‍ ഗണ്യമായ മാറ്റങ്ങള്‍ വരുത്തുന്നുണ്ട്.
എന്തുകൊണ്ടാണ് അവര്‍ നൈജീരിയന്‍ നേവിക്ക് കൈമാറിയത് എന്നത് ഇന്നുവരെ നമുക്ക് അറിയില്ല. കാരണം ഗിനി നേവി ഇന്‍വസ്റ്റിഗേഷന്റെ ഭാഗമായിട്ടാണ് കപ്പല്‍ പിടിച്ചുകൊണ്ട് പോയത്. ഇന്വസ്റ്റിഗേഷനൊന്നും കാര്യമായി നടന്നിട്ടില്ല. അവര്‍ ഷിപ്പില്വന്നു കാര്‍ഗോ ടാങ്ക്സ് എല്ലാം പരിശോധിച്ചു. അവര്‍ക്ക് അതില്‍ നിന്നും ഒരു തുള്ളി ഓയില്‍ പോലും കിട്ടിയില്ല. അവര്‍ക്ക് കുറ്റം ആരോപിക്കാന്‍ പറ്റിയില്ല. പക്ഷേ എന്തിന്റെ പേരിലാണ് അവര്‍ പിടിച്ചുവച്ചത് എന്നത് അറിയില്ല. അവര്‍ക്ക് ചോദിച്ച ഫൈനെല്ലാം കമ്പനി കൊടുക്കുകയായിരുന്നു. അത് എത്രയായിരുന്നെന്ന് ക്യാപ്റ്റനു പോലും അറിയില്ല. കമ്പനി അതു പുറത്തുവിട്ടിട്ടില്ല.
ഏകദേശം ഒരു വര്‍ഷത്തോളം നീണ്ടു നിന്ന തടവു ജീവിതത്തിലെ അനുഭവങ്ങള്‍ എന്തെല്ലാമായിരുന്നു? ഏതെങ്കിലും വിധത്തിലുള്ള പീഡനം ഏല്‍ക്കേണ്ടി വന്നോ? ഭക്ഷണവും മറ്റു അവശ്യവസ്തുക്കളും ലഭിച്ചിരുന്നോ?
ഇക്വറ്റോറിയല്‍ ഗിനിയയിലെ നേവി എന്നുവച്ചാല്‍ പട്ടാളം തന്നെയാണ്. ആര്‍മിയുടെ കസ്റ്റഡിയിലായിരുന്നു കപ്പലും ഞങ്ങളും. അവിടെ കുറച്ചു പ്രശ്നമായിരുന്നു. പട്ടാളക്കാര്‍ എപ്പോഴും മദ്യത്തിലും കഞ്ചാവിലും ആയിരുന്നു. ബോധം ഉണ്ടാവില്ല. ഫുഡ് എല്ലാം തന്നിരുന്നത് ഞങ്ങളുടെ കമ്പനി തന്നെയായിരുന്നു. ഗിനിയന്‍ പട്ടാളം നമുക്കൊന്നും തരില്ലായിരുന്നു. പ്രഭാതഭക്ഷണമെന്നും ഇല്ലായിരുന്നു. ചിലപ്പോഴൊക്കെ കിട്ടിയാല്‍ കിട്ടി. വിസിറ്റേഴ്സിനെ അനുവദിച്ചിരുന്നില്ല. കമ്പനി ഏജന്റ് ഭക്ഷണവുമായി ഉച്ചയ്ക്കുവരും. അതില്‍ നിന്ന് രാത്രിക്കുള്ളതു കൂടി കരുതി വച്ചിട്ടാണ് കഴിച്ചിരുന്നത്. അവസാനമൊക്കെ വെള്ളത്തിന്റെ പ്രശ്നമുണ്ടായിരുന്നു. വെള്ളമൊക്കെ വളരെ മോശമായി. കുളിക്കലൊക്കെ ബുദ്ധിമുട്ടായിരുന്നു.
കുടിക്കാനുള്ള വെള്ളം ടാങ്കില്‍ നിന്നും എടുക്കാനാണ് പറഞ്ഞിരുന്നത്. അതില്‍ പലപ്പോഴും പുഴുക്കളെയൊക്കെ കണ്ടിരുന്നു.
പക്ഷേ ദേഹോപദ്രവമൊന്നും ഉണ്ടായിരുന്നില്ല. നൈജീരിയിലെ നേവി കുറെക്കൂടി നല്ലതായിരുന്നു. അവരുമായി പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല. നൈജീരിയന്‍ നേവിയിലെ ഓഫീസര്‍ ആദ്യമേ ഷിപ്പില്വന്നപ്പോള് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതിന്റെ പശ്ചാത്തലത്തില്‍ അവര്‍ക്കു മനസിലായി ഞങ്ങള്‍ തെറ്റുകാരല്ല എന്ന്. അതുകൊണ്ട് നല്ല രീതിയിലാണ് അവര്‍ പെരുമാറിയത്. ഭക്ഷണത്തിനൊന്നും കുഴപ്പമുണ്ടായിരുന്നില്ല. അവര്‍ വളരെ മാന്യമായാണ് പെരുമാറിയത്.
നിങ്ങള്‍ കപ്പലിലായിരുന്നോ അതോ ജയിലില്‍ അടക്കപ്പെട്ടോ?
ഷിപ്പില്‍ തന്നെയായിരുന്നു തടവിലാക്കിയിരുന്നത്. പുറത്തു ജയിലിലൊന്നും പോകേണ്ടിവന്നില്ല.
വീട്ടുകാരുമായി ബന്ധപ്പെടാന്‍ സാധിച്ചിരുന്നോ?
വീട്ടുകാരുമായി സംസാരിക്കാന്‍ ഇക്വറ്റോറിയല്‍ ഗിനിയയില്‍ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ കപ്പല്‍ തടഞ്ഞുവച്ച വിവരമെല്ലാം എല്ലാവരേയും അറിയിക്കാന്‍ പറ്റി. അവര്‍ക്ക് ഫോണിന്റെ കാര്യം അറിയാന്‍ പാടില്ലാഞ്ഞിട്ടാണോ എന്നു അറിയില്ല. ഫോണ്‍ അവര്‍ വാങ്ങി വച്ചിരുന്നില്ല. പക്ഷേ നൈജീരിയില്‍ വന്നപ്പോള്‍ ഫോണ്‍, ലാപ്പ് എല്ലാം വാങ്ങിവച്ചു. അതൊരു ബുദ്ധിമുട്ടായിരുന്നു. നമുക്ക് നാളെ എന്തു സംഭവിക്കുമെന്നോ വീട്ടിലോ നാട്ടിലോ എന്താണ് നടക്കുന്നതെന്നോ ഒന്നും അറിയില്ലായിരുന്നു.
എന്തായിരുന്നു ആ ദിവസങ്ങളില്‍ മനസിലെ വിചാരങ്ങള്‍? തടവില്‍ നിന്നു രക്ഷപ്പെടാന്‍ സാധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നോ? ജീവന് അപകടമുണ്ടാകുമെന്ന് കരുതിയിരുന്നോ?
ഗിനിയയില്‍ നിന്നപ്പോള്‍ വലിയ ടെന്‍ഷനായിരുന്നു. നൈജീരിയിലേക്കു പോകുമ്പോഴും വലിയ ടെന്‍ഷന്‍ ഉണ്ടായിരുന്നു. ഗിനിയയില്‍ ഏകാധിപത്യസ്വഭാവമുള്ള ഭരണമായിരുന്നു. അവിടുത്തെ പ്രസിഡന്റ് വല്ലാത്ത സ്വഭാവക്കാരനാണ്. തിയോഡോറോ ഒബിയാങ് എന്‍ഗുമ എംബാസോഗോ എന്ന പ്രസിഡന്റ് തന്നെയാണ് അവിടത്തെ പട്ടാള മേധാവിയും. നമ്മള് എതിര്‍ത്താല്‍ അവര്‍ നമ്മളെ വകവരുത്തും അതായിരുന്നു ഗിനിയയിലെ സ്ഥിതി. നിയമവിരുദ്ധമായാണ് അവര്‍ കപ്പല്‍ പിടിച്ചുകൊണ്ടുപോയത്. എക്സ്ക്ലൂസീവ് ഇക്കണോമിക് സോണ്‍ (ഇഇഇസെഡ്) വഴി യാത്ര ചെയ്തതിനാണ് പിന്നീട് പിഴ ചുമത്തിയതെന്നറിഞ്ഞു.
കപ്പലും ജീവനക്കാരും അവരുടെ കസ്റ്റഡിയാണെന്നതിന് ഒരു രേഖയും ഉണ്ടായിരുന്നില്ല. പട്ടാളമാണ് പിടിച്ചുവച്ചത്. തങ്ങള്ക്കിതിനെ പറ്റി ഒരറിവുമില്ലെന്നാണ് ഗവണ്മെന്റ് പറഞ്ഞിരുന്നത്. നൈജീരിയയില്‍ അവരുടെ ഗവണ്മെന്റിന്റെ കസ്റ്റഡിയിലായിരുന്നു. അവര്‍ നിയമപരമായിട്ടാണ് നീങ്ങിയത്. കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. അതുകൊണ്ട് ജീവനു ഭീഷണിയൊന്നും ഉണ്ടായിരുന്നില്ല.
നൈജീരിയക്കു കൈമാറി നൈജീരീയിലേയ്ക്കു പോകുമ്പോള്‍ എല്ലാവരും വലിയ ടെന്‍ഷനിലായിരുന്നു. കാരണം, ഇങ്ങനെയുള്ള കേസുകളില്‍ പെട്ടുപോയാല്‍ അവിടത്തെ ശിക്ഷ ജീവപര്യന്തം തടവാണ്. അവിടത്തെ ജീവപര്യന്തം 30 വര്‍ഷമാണ്. അതിനിടയ്ക്ക് ആരൊക്കെ ജീവനോടെ തിരിച്ചുവരും, ആരൊക്കെ മരിക്കും എന്നൊക്കെയായിരുന്നു വിചാരങ്ങള്‍. അതുകൊണ്ട് നല്ല ടെന്‍ഷന്‍ ആയിരുന്നു.
പ്രാര്ഥനമാത്രമായിരുന്നു ആശ്രയം. ഓരോ നിമിഷവും ദൈവത്തിനെ വിളിച്ചുകൊണ്ടിരുന്നു. കാരണം നമുക്ക് വേറെ ഒരു ആശയവിനിമയ സംവിധാനവും ഉണ്ടായിരുന്നില്ല. ആകെക്കൂടി ഉണ്ടായിരുന്നത് മുകളിലുള്ളയാളോട് -ദൈവത്തോട് മാത്രമായിരുന്നു.
നിങ്ങളെ രക്ഷപ്പെടുത്താന്‍ എത്രമാത്രം ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്?
എല്ലാവശത്തുനിന്നും നമ്മളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായിരുന്നു. ഇന്ത്യാ ഗവണ്മെന്റ്, പോളിഷ് ഗവണ്മെന്റ്, ശ്രീലങ്കന്‍ ഗവണ്മെന്റ് അങ്ങനെയുള്ള എല്ലാ ഗവണ്മെന്റുകളുടെ ഭാഗത്തുനിന്നും സപ്പോര്‍ട്ട് ഉണ്ടായിരുന്നു. പിന്നെ ഞങ്ങളുടെ നാട്ടുകാര്‍ ഒപ്പുശേഖരണങ്ങളൊക്കെ നടത്തി ഞങ്ങളെ രക്ഷിക്കാനായിട്ട് നിവേദനങ്ങളൊക്കെ കേന്ദ്ര സര്‍ക്കാരിനൊക്കെ കൊടുത്തു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണച്ചു. പല പ്രാര്‍ഥനാ സംഘങ്ങളും ഞങ്ങള്‍ക്കായി പ്രാര്‍ഥിച്ചു. വരാപ്പുഴ ആര്‍ച്ച്ബിഷപ് ജോസഫ് കളത്തിപറമ്പില്‍ വലിയ പിന്തുണ നല്കി. ഞങ്ങളെ മോചിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം വത്തിക്കാനിലേക്ക് കത്തയച്ചിരുന്നു. അതൊക്കെ നമുക്ക് കിട്ടിയ വലിയ സഹായങ്ങളാണ്. തിരിച്ചെത്തിയ ശേഷം ആര്‍ച്ച്ബിഷപ്പിനെ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹം അനുഗ്രഹിക്കുകയും ബൈബിള്‍ തരികയും ചെയ്തു. കാര്യങ്ങളൊക്കെ വിശദമായി ചോദിച്ചറിഞ്ഞു. എന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് ഒരു മെത്രാനെ അടുത്തുകാണുന്നത്. അതൊക്കെ നല്ല അനുഭവമായിരുന്നു. വളരെ സന്തോഷമുള്ളതായിരുന്നു. ഇത്തരം അനുഭവമാണ് അതിനൊക്കെ കാരണക്കെ അതിനായി കുറേ പരിശ്രമിച്ചു. ജാതിമതഭേദമന്യേ എല്ലാവരും നന്നായി സഹായിച്ചു.
ഇന്ത്യന്‍ അധികൃതര്‍ ഇരുരാജ്യങ്ങളുമായും വിവിധ തലങ്ങളില്‍ ചര്‍ച്ചകളില്‍ ഏര്‍പ്പെടുകയും പ്രശ്ന പരിഹാരത്തിനായി ഇരുരാജ്യങ്ങളിലും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. നൈജീരിയന്‍ ഗവണ്മെന്റുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷമാണ് ജീവനക്കാരെ കരയിലെ തടങ്കല്‍ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനുപകരം കപ്പലില്‍ തന്നെ തുടരാമെന്ന് ഉറപ്പാക്കിയത്. ക്യാപ്റ്റനടക്കമുള്ളവര്‍ക്ക് ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായും ഷിപ്പിംഗ് കമ്പനിയുമായും ബന്ധപ്പെടാന്‍ അവസരമൊരുങ്ങിയതും അങ്ങിനെയാണ്. എണ്ണ മോഷണം നടന്നിട്ടില്ലെന്നും ആവശ്യമായ അനുമതികള്‍ നേടിയ ശേഷമാണ് ജീവനക്കാര്‍ ജോലി ചെയ്യുന്നതെന്നും
നൈജീരിയന്‍ സര്‍ക്കാരിനെ ബോധ്യപ്പെടുത്തി. നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ജീവനക്കാര്‍ക്കെതിരായ കുറ്റങ്ങള്‍ ഒടുവില്‍ ഒഴിവാക്കി. മേയ് 27 ന് കപ്പല്‍ വിട്ടയച്ചു. രേഖകളും പിടിച്ചുവച്ച സാധനങ്ങളും തിരികെ നല്കി. കപ്പല്‍ 28നു പുലര്‍ച്ചയോടെ ദക്ഷിണാഫ്രിക്കയിലെ കേപ്പ് ടൗണ്‍ തുറമുഖത്തേയ്ക്ക് പുറപ്പെട്ടു. ജൂണ്‍ 10നാണ്് കപ്പല്‍ കേപ്ടൗണ്‍ തുറമുഖത്തെത്തിയത്. അവിടെ ഞങ്ങളെ ഹോട്ടലുകളില്‍ താമസിപ്പിച്ച് വൈദ്യപരിശോധന നടത്തി. കേപ്ടൗണില്‍നിന്ന് എമിറേറ്റ്സ് വിമാനത്തില്‍ ആദ്യം ദുബായിലെത്തി. ഇന്ത്യക്കാര്‍ ദുബായില്‍നിന്ന് അടുത്ത വിമാനത്തില്‍ ബംഗളൂരുവിലെത്തി. അവിടെ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലും.
രണ്ടു ദശാബ്ദത്തെ കപ്പല്‍ ജോലിക്കിടയില്‍ സമാനമായ അനുഭവങ്ങള്‍ എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ?
എന്റെ 21 വര്‍ഷത്തെ എക്സ്പീരിയന്‍സില്‍ ഇത് ആദ്യമായിട്ടാണ്. ഇങ്ങനെയൊരു അവസ്ഥ മുന്‍പ് ഉണ്ടായിട്ടില്ല. ഇങ്ങനെയൊരു സംഭവം ഇനി ജീവിതത്തില്‍ ഉണ്ടാകാതിരിക്കട്ടെ എന്നാണ് പ്രാര്‍ഥന.
എന്നു മുതല്‍ വീണ്ടും ജോലിക്കു പോയിത്തുടങ്ങും?
ജോലിക്ക് എപ്പോള്‍ വേണമെങ്കിലും പോകാം. കമ്പനി പറഞ്ഞിരിക്കുന്നത,് നിങ്ങള്‍ എപ്പോഴാണോ റിലാക്സായിട്ടുവരുന്നത് അപ്പോള്‍ നിങ്ങള്‍ക്ക് ജോലിക്കു കയറാമെന്നാണ്. ഞാന്‍ എട്ടുമാസം നില്‍ക്കാനാണ് ഉദ്ദേശിക്കുന്നത്.