കൊച്ചിയില്‍ സംഘടിപ്പിച്ച ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ കേന്ദ്രാശയഗീത (തീംസോങ്) മായിരുന്നു ഈ ഗാനം. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ പുറത്തിറങ്ങിയതില്‍ ഏറ്റവുമധികം പ്രചാരം ലഭിച്ച, ഇന്നും പതിവായി പാടുന്ന ദിവ്യകാരുണ്യഗീതമാണിത്.
ദിവ്യകാരുണ്യകോണ്‍ഗ്രസിനു വേണ്ടി ഗാനങ്ങള്‍ തയ്യാറാക്കുന്നതിനുള്ള ചുമതല നിര്‍വഹിച്ചത് ഫാ. ജോസഫ് മനക്കിലായിരുന്നു. ഇതിനായി 12 ഗാനങ്ങള്‍ അടങ്ങിയ ഒരു കസ്സെറ്റ് പുറത്തിറക്കാന്‍ തീരുമാനിച്ചു.
ഇങ്ങനെ ഒരു ഗാനം ഒരുങ്ങിയതിനെക്കുറിച്ചു രചയിതാവ് ഷെവ. ഡോ. പ്രിമൂസ് പെരിഞ്ചേരി പറയുന്നു. ‘കസ്സെറ്റിലേക്ക് രണ്ടു പാട്ടുകള്‍ എഴുതി നല്കാന് എന്നോട് പറഞ്ഞത് ഫാ. ജോസഫ് മനക്കില് ആയിരുന്നു. പറഞ്ഞതിന് പ്രകാരം ഞാന്‍ വരികള്‍ നല്കി. ഇതില്‍ ഒരു ഗാനം സംഗീതം നല്കാന് ബേണി – ഇഗ്നേഷ്യസ് സഹോദരന്മാരെയായിരുന്നു ഫാ. മനക്കില് ചുമതലപ്പെടുത്തിയിരുന്നത്. ആ ഗാനം ദിവ്യകാരുണ്യകോണ്‍ഗ്രസ്സിന്റെ കേന്ദ്രാശയഗീത(തീം സോങ് )മായി മാറിയെന്നത് ദൈവനിയോഗമായി കാണുകയാണ്.
ഈ ഗാനത്തിലൂടെ ‘ഭിന്നതകള്‍ മറന്നൊന്നു ചേരാന്‍ കൂട്ടായ്മയില്‍ വളര്‍ന്നീടാന്‍ ഐക്യത്തില്‍ ഞങ്ങള്‍ വാഴാന്‍ ബലിദാനചൈതന്യം യാചിക്കുകയാണ്.’ അടുത്ത വരികളില്‍ അനുരഞ്ജനവും പങ്കുവയ്പ്പും കടന്നു വരുന്നുണ്ട്. മനുഷ്യനോടും ദൈവത്തോടും അനുരജ്ഞനപ്പെടാന്‍ ദിവ്യബലി സാര്‍ത്ഥകമാകട്ടെ എന്ന പ്രാര്‍ത്ഥന
യാണ് ചേര്‍ത്തിരിക്കുന്നത്.ഈ ഗാനം ഇന്നും എല്ലാ പള്ളികളിലും പാടി കേള്‍ക്കുമ്പോള്‍ ഞാന്‍ ഉള്ളില്‍ പറയും. ‘ നന്ദി ദൈവമേ’ ‘.
ഗാനത്തിനു സംഗീതം നല്കിയ ബേണി – ഇഗ്നേഷ്യസിലെ ബേണി പറയുന്നു. ‘ ഷെവ. ഡോ. പ്രിമൂസ് പെരിഞ്ചേരി സാറുമൊത്തു അനേകം ഗാനങ്ങള്‍ ചെയ്യാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഈ വരികള്‍ കിട്ടിയപ്പോള്‍ ഞാനും ചേട്ടന് ഇഗ്നേഷ്യസ് പ്രാര്‍ത്ഥിച്ചത് ഗഹനമായ ഈ ഗാനത്തിന് നല്ലൊരു ഈണം നല്കാന് ഞങ്ങള്‍ക്ക് സാധിക്കണേ എന്നാണ്.
ഗസല്‍ ശൈലിയില്‍ ചെയ്താലോ എന്ന് ചര്‍ച്ച ചെയ്തു. വളരെ പെട്ടെന്ന് തന്നെ ഈണമിടാനും ഓര്ക്കസ്ട്രേഷന് ചെയ്യാനും കഴിഞ്ഞു. കെസ്റ്ററിന്റെ മനോഹരമായ ആലാപനവും സംഗീതോപകരണവിദഗ്ധരുടെയും സിഎസിയുടെ സാങ്കേതികമികവും ചേര്‍ന്നപ്പോള്‍ ഈ പാട്ട് വേറൊരു തലത്തിലേക്കെത്തി. ദൈവത്തിന് നന്ദി ‘.
മികവാര്‍ന്ന രചനയും സംഗീതവും ആലാപനവും ചേരുമ്പോള്‍ നല്ല ഗാനങ്ങള്‍ പിറക്കും. അതിനു പിന്നില്‍ ഏകോപനം നടത്താന്‍ അതേ പ്രതിഭയും തുറവിയുമുള്ള ആളുകളും ഉണ്ടാകണം. അപ്പോഴാണ് കാലാതിവര്‍ത്തിയായ സൃഷ്ടികള്‍ ഉണ്ടായിട്ടുള്ളത്.
ഇന്നും പ്രതിഭകള്‍ ഇവിടെയൊക്കെത്തന്നെയുണ്ട്. ഏകോപനം നടക്കുന്നുണ്ടോയെന്നു ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു.