കേരള സമൂഹത്തിന്റെ രൂപീകരണത്തിലും വളര്‍ച്ചയിലും നവോത്ഥാനത്തിലും ജാതി-മത പ്രസ്ഥാനങ്ങള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അതിന് നേതൃത്വം നല്കിയ പ്രസ്ഥാനങ്ങളും നേതാക്കളും ചരിത്രത്തില്‍ വിവിധ രൂപത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതിന് ഒരു അപവാദമാണ് കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ സമുദായം.
കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ രാഷ്ട്രീയ സാമൂഹ്യ മുന്നേറ്റങ്ങള്‍ ഉചിതമാംവിധം രേഖപ്പെടുത്തപ്പെടുകയോ ഓര്മ്മിക്കപ്പെടുകയോ ചെയ്യുന്നില്ല.
പക്ഷേ, ലത്തീന്‍ സഭയുടെ ചരിത്രം കൃത്യമായി രേഖപ്പെടുത്തുകയും ചെയ്തു. അതിനൊരു ഉദാഹരണം മാത്രമാണ് ഉദയംപേരൂര്‍ സൂനഹദോസ്. പത്തൊമ്പതാം നൂറ്റാണ്ടില്‍ നടന്ന മലയാളി മെമ്മോറിയല്‍, പൗരസമത്വ പ്രക്ഷോഭം, നിവര്‍ത്തന പ്രക്ഷോഭം, സ്വാതന്ത്ര്യ സമരം, നിയമനിര്‍മ്മാണ സഭകള്‍ തുടങ്ങിയ ചരിത്ര സംഭവങ്ങളിലൊക്കെ ലത്തീന്‍ കത്തോലിക്കരുടെ സംഭാവനകള്‍ നിര്‍ണായകമായിരുന്നു. എന്നാല്‍ വേണ്ട രീതിയില്‍ അത് രേഖപ്പെടുത്താതെ പോയി.
ആ കുറവ് പരിഹരിക്കാനുള്ള തുടക്കമാണ് റവ. ഡോ. ആന്റണി പാട്ടപ്പറമ്പില്‍ തയ്യാറാക്കിയ
‘കേരള ലത്തീന്‍ കത്തോലിക്കര്‍ ചരിത്ര രചനകളുടെ വിജ്ഞാനകോശം’.
ലത്തീന്സമുദായത്തെക്കുറിച്ച് എഴുതപ്പെട്ടതെല്ലാം ഓര്‍മ്മപ്പെടുത്തുന്ന ഗ്രന്ഥമാണ് ഇത്. 1329സ്ഥാപിതമായ ഭാരതത്തിലെ ആദ്യ കത്തോലിക്കാ രൂപതയായ കൊല്ലം രൂപതയുടെ പ്രഥമ മെത്രാന് ജോര്‍ദാനൂസ് കത്തലാനിയുടെ യാത്രാവിവരണ ഗ്രന്ഥമായ ‘മിറാബിലിയ ദെസ്ക്രിപ്ത’ കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുമായി ബന്ധപ്പെട്ട പ്രഥമ ഗ്രന്ഥമാണ്. 1330ലാണ് ആ ഗ്രന്ഥം രചിക്കപ്പെട്ടത്. ചുരുക്കത്തില്‍ 1330 മുതല്‍ 2022 വരെ ലത്തീന്കത്തോലിക്കരുമായി ബന്ധപ്പെട്ട ചരിത്രരചനകളുടെ സൂചികയാണ് ഈ വിജ്ഞാന കോശം. സഭാചരിത്ര ഗവേഷണങ്ങള്‍, ചരിത്ര ഗവേഷണ ഗ്രന്ഥങ്ങള്‍, ഗ്രന്ഥങ്ങള്‍, ലേഖനങ്ങള്‍, സ്മരണകള്‍, സര്‍ക്കുലറുകള്‍, യാത്രാവിവരണങ്ങള്‍, വാര്‍ത്തകള്‍, ആത്മകഥാ രചനകള്‍, ഓര്‍മ്മക്കുറിപ്പുകള്‍, നിയമാവലി, ഡയറക്ടറി, നോവല്‍, നാളാഗമം, ജീവചരിത്രം, പ്രസംഗങ്ങള്‍, എഡിറ്റോറിയല്‍ എന്നുതുടങ്ങി ഈ സമൂഹത്തെക്കുറിച്ച് എഴുതപ്പെട്ടതൊക്കെയും കാലാനുക്രമമായി ഈ റഫറന്‍സ് ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ചരിത്രകാരനും ഗവേഷകനുമായ റവ. ഡോ. ആന്റണി പാട്ടപറമ്പിലച്ചന് പുസ്തകത്തെക്കുറിച്ച് പറയുന്നത് അനുബന്ധമായി ചേര്‍ക്കുന്നു.
‘ഈ പരിശ്രമം സമഗ്രമെന്നോ അന്യൂനമെന്നോ ഒന്നും അവകാശപ്പെടാനില്ല. എങ്കിലും ലത്തീന്‍ സമൂഹത്തിന്റെ ചരിത്രവും പൈതൃകവും ഇതിലുണ്ട്. ഈ സമൂഹത്തിന്റെ കുതിപ്പില്‍ നിര്‍ണായക പങ്കാളികളായ വൈദിക-അല്മായ സഹോദരങ്ങളുടെ സംഘാത പ്രവര്‍ത്തനങ്ങളും വ്യക്തിഗത നേട്ടങ്ങളും പ്രവാസാനുഭവങ്ങളും സംഘടനകളുടെ രൂപപ്പെടലും മുന്നേറ്റങ്ങളും രൂപതകളുടെ വികാസപരിണാമങ്ങളുമെല്ലാം ഒരു പരിധിവരെയെങ്കിലും ഈ നാള്‍വഴികളില്‍ ലഭ്യമാണ്. ഈ ഗ്രന്ഥം ഒരു ചരിത്ര ദിശാസൂചിക മാത്രമാണ്. ആഴത്തിലുള്ള പഠനമോ പ്രതിപാദ്യവിഷയത്തില്‍ അറിവു നല്കലോ ഈ ഗ്രന്ഥത്തിന്റെ ലക്ഷ്യമല്ല.
എങ്കിലും, രണ്ടു സഹസ്രാബ്ദങ്ങളുടെ പൈതൃകത്തിനവകാശികളായ കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ ശരി ചരിത്രം അറിയാന്‍ ഗവേഷണ ബുദ്ധിയോടെ ഉദ്യമിക്കുന്നവര്‍ക്ക് ഈ ഗ്രന്ഥം ഇന്ന് ലഭ്യമാവുനവയില് വച്ച് ഏറ്റവും മികച്ച ഒരു ഗൈഡായിരിക്കും.
ഇതിനു മുമ്പ് ഇത്തരത്തില്‍ ഒരു പരിശ്രമം ഉണ്ടായിട്ടില്ല. ലാഘവബുദ്ധിയോടെ ചരിത്രത്തെ സമീപിക്കുന്നവര്‍ക്കു വരെ ഈ ഗ്രന്ഥം ഏറെ ഉപകാരപ്രദമാകും. ഈ ചരിത്രരചനാ നാള്‍വഴികളിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ ഈ സമുഹത്തിന്റെ ഉദ്ഭവവികാസപരിണാമങ്ങളുടെ ഒരു സൂക്ഷ്മപരിച്ഛേദം നിശ്ചയമായും ലഭിക്കും. ചുരുക്കത്തില്‍, കേരള ലത്തീന്‍ കത്തോലിക്കരുടെ ഗൂഗിള്‍ ആണ് വിജ്ഞാനകോശം.
കാലാനുക്രമമായാണ് ഈ വിജ്ഞാന കോശത്തിലെ വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഓരോ പേജിന്റെയും വലതുവശത്തായി മുകളില്‍ വലുതായി ആ പേജിലെ രചനകളുടെ പൊതുകാലയളവ് വര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ട്.
ഓരോ രചനയുടെയും സ്വഭാവം ‘ഇനം’ തിരിച്ച് അതാത് രചനകളുടെ ഇടതുവശത്ത് രേഖപ്പെടുത്തിയിട്ടുണ്ട്.
ഗ്രന്ഥത്തിന്റെ അനുബന്ധമായി മലയാള അക്ഷരമാല ക്രമത്തില്‍ സമഗ്രമായ ഒരു പദസൂചികയുമുണ്ട്. ലേഖകരെ കുറിച്ചും വിവിധ വിഷയങ്ങളെക്കുറിച്ചും എളുപ്പത്തിലും വ്യക്തമായും അറിയാന്‍ ഇത് സഹായകരമാകും.
കേരള ലത്തീന്‍ കത്തോലിക്കരെക്കുറിച്ച് എഴുതപ്പെട്ട ഗ്രന്ഥങ്ങള്‍ കുറെയുണ്ടെങ്കിലും വൈവിധ്യമാര്‍ന്ന ഈ സമൂഹത്തെ സൂക്ഷ്മമായി രേഖപ്പെടുത്തിയവ വിരളമാണ്. രേഖപ്പെടുത്തപ്പെട്ട പല ഗ്രന്ഥങ്ങളുടെയും മുഖ്യഫോക്കസ് സഭാനേതൃത്വത്തിന്റെ ദിശയില്‍ നിന്നായതും ഒരു പോരായ്മയാണ്, അല്മായ നേതൃത്വവും അവരുടെ പൊതുസമൂഹത്തിലെ നേട്ടങ്ങളും സമുദായ ശക്തിമത്കരണ പോരാട്ടങ്ങളും ഒരുപരിധിവരെ പുകമറയ്ക്കുള്ളിലാണ്. ലത്തീന്‍ സമൂഹത്തിന്റെ സമ്പന്നമായ മഹിതപൈതൃകം സമഗ്രമായി രേഖപ്പെടുത്തുക എന്ന ലക്ഷ്യം ഇനിയും അനന്തമായി നീളുമ്പോള്‍ അത്തരം ഒരു സംരംഭത്തിന് സഹായകമാകുന്ന ഒരു സംവിധാനമൊരുക്കാന്‍ പരിശ്രമിച്ചതിന്റെ ഫലമാണ് ഈ ഗ്രന്ഥം.
അയിന് പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ചിട്ടുള്ള 528 പേജുള്ള പുസ്തകത്തിന്റെ വില 600 രുപയാണ്.