പ്രിയപ്പെട്ട കര്ദിനാള്മാരേ, മെത്രാന്മാരേ,
ഇന്ന്, ഇന്ത്യയിലെ ജനങ്ങള്‍, പുറംതള്ളപ്പെട്ടവരും ചൂഷിതരും പാര്‍ശ്വവത്കരിക്കപ്പെട്ടവരും ന്യൂനപക്ഷങ്ങളും, വിശേഷിച്ച് ക്രൈസ്തവര്‍, നിങ്ങളെ വിളിച്ച് കേഴുകയാണ്: നിങ്ങളുടെ പ്രവാചക ശബ്ദം കേള്‍ക്കാന്‍, സത്യത്തിനും നീതിക്കും വേണ്ടി പ്രത്യക്ഷ നിലപാട് സ്വീകരിക്കുന്നവരായി, യേശുവിനെ പോലെ സ്വന്തം ജീവന് പോലും ബലിയര്‍പ്പിക്കാന്‍ സന്നദ്ധരായ യഥാര്‍ഥ നല്ല ഇടയന്മാരായി നിങ്ങളെ കാണാന്‍ അവര്‍ വെമ്പുകയാണ്.
മണിപ്പുരില്‍ ഒരു മാസത്തിലേറെയായി ഗോത്രവര്ഗക്കാര്ക്കുനേരേ, വിശേഷിച്ച് ക്രൈസ്തവര്‍ക്കെതിരേ നടക്കുന്നത് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണ്. ഗോത്രവര്‍ഗക്കാരെയും ക്രിസ്ത്യാനികളെയും സംഘടിതമായി തിരഞ്ഞുപിടിച്ച് കൊല്ലുന്നത്, ക്രൈസ്തവ ദേവാലയങ്ങളും സ്ഥാപനങ്ങളും തകര്‍ക്കുന്നത് തികഞ്ഞ കാടത്തവും കൊടുംക്രൂരതയുമാണ്. വസ്തുതകളും കണക്കുകളും എല്ലാം വെളിപ്പെടുത്തുന്നുണ്ട്. മണിപ്പുരിലെ മലമ്പ്രദേശങ്ങളില്‍ വസിച്ചുവന്ന ആയിരകണക്കിന് ആളുകള്‍ തങ്ങളുടെ വീടുകളിലും വസ്തുവകകളിലും നിന്നു തുരത്തപ്പെട്ട് താത്കാലിക ദുരിതാശ്വാസകേന്ദ്രങ്ങളില്‍ അഭയം തേടിയിരിക്കുന്നു. അധികാരത്തിലിരിക്കുന്നവരുടെ പൂര്‍ണ ഒത്താശയോടെ അവിടെ നടക്കുന്ന വംശീയ ഉന്മൂലനം, ഗുജറാത്തില്‍ 2002 ഫെബ്രുവരിയില്‍ ആരംഭിച്ച് മാസങ്ങളോളം നീണ്ടുനിന്ന കൂട്ടക്കൊലയ്ക്കു സമാനമാണ്. അവിടെ മുസ്ലിംകളായിരുന്നു ഇരകള്‍. മണിപ്പുരിലെ ഗോത്രവര്‍ഗക്കാരും ക്രൈസ്തവരും തീക്ഷ്ണമായി ആവശ്യപ്പെടുന്നത് നിയമാനുസൃതവും ന്യായയുക്തവുമായ ആവശ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള സുസ്ഥിര സമാധാനമാണ്.
എന്തുകൊണ്ടാണ് ഈ അതിക്രമങ്ങള്‍ നടക്കുന്നതെന്നും അതിനു പിന്നില്‍ ആരാണെന്നും ഗ്രഹിക്കാന്‍ വലിയ റോക്കറ്റ് ശാസ്ത്രജ്ഞനൊന്നും ആവണമെന്നില്ല!
മധ്യപ്രദേശിലെ സാഗറിലും ജബല്‍പുരിലും ഛത്തീസ്ഗഢിലും രാജ്യത്ത് പല ഭാഗങ്ങളിലും ക്രൈസ്തവര്‍ക്കെതിരേ ഇത്തരത്തില്‍ ആസൂത്രിതമായ ആക്രമണങ്ങളും വിദ്വേഷ പ്രസംഗങ്ങളും മറ്റു തരത്തിലുള്ള കടന്നാക്രമണങ്ങളും നടക്കുന്നുണ്ട്. റാഞ്ചിയിലെ ഒരു പ്രേഷിതസമൂഹത്തില്‍ പുതുതായി വ്രതവാഗ്ദാനം നടത്തിയ സന്ന്യാസിനിയെ അവളുടെ അമ്മയോടും മറ്റു ചില ബന്ധുക്കളോടുമൊപ്പം ഛത്തീസ്ഗഢിലെ ജാഷ്പുര്‍ രൂപതയിലെ സ്വന്തം സ്ഥലത്ത് കൃതജ്ഞതാബലിയര്പ്പിച്ചതിന് മറ്റു ചിലരുടെ ”മതവികാരം വ്രണപ്പെടുത്തി” എന്നതിന് ഇക്കഴിഞ്ഞ ജൂണ്‍ ആറിന് അറസ്റ്റുചെയ്യുകയുണ്ടായി. ഇതൊക്കെ ഭയാനകമാംവണ്ണം ഇടവിടാതെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഇത്രയും ഹീനമായ അതിക്രമങ്ങളിലും കുറ്റകൃത്യങ്ങളിലും മുഴുകുന്നവര്‍ക്ക് യാതൊന്നും സംഭവിക്കുന്നില്ല, അവര്‍ നീതിവ്യവസ്ഥയ്ക്കെല്ലാം അതീതരാണ്. ഈ കുറ്റവാളികള്‍ക്ക് പ്രേരണ നല്‍കുന്നതും അവരെ ന്യായീകരിക്കുന്നതും നിയമനടപടികളില്‍ നിന്ന് അവര്‍ക്കു പൂര്‍ണ സംരക്ഷണം നല്‍കുന്നതും രാജ്യത്തെ ഏറ്റവും പ്രബലശക്തികളാണെന്ന് സ്ഥിരീകരിക്കുന്ന തെളിവുകള്‍ തികച്ചും നിഷ്പക്ഷരായ, പ്രഫഷണല്‍ സത്യസന്ധതയുള്ള വ്യക്തികളും ഗ്രൂപ്പുകളും നടത്തിയിട്ടുള്ള വിശദമായ ഗവേഷണ പഠനങ്ങളില്‍ നിന്നു ലഭിച്ചിട്ടുണ്ട്. ഇത് തീര്‍ച്ചയായും രാഷ്ട്ര രഹസ്യമല്ല! മിക്ക കേസുകളിലും ഇരകള്‍ കുറ്റക്കാരാക്കപ്പെടുന്നു. വ്യാജ കേസുകളില്‍ കുടുക്കി അവരെ തടങ്കലിലാക്കുകയും ചെയ്യുന്നുണ്ട്. ഇതിന് ധാരാളം ഉദാഹരണങ്ങളുണ്ട്.
രാജ്യത്തെ ബഹുസ്വര ജനാധിപത്യ ചട്ടക്കൂടിനെ തകര്‍ക്കാനുള്ള നിരവധി നടപടികള്‍ ഉണ്ടാകുന്നുണ്ട്. നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ (യേശുവിന്റെ സുവിശേഷത്തില്‍ പ്രതിഷ്ഠിതമായ മൂല്യങ്ങള്‍ തന്നെയാണവ) ചവിട്ടിമെതിക്കപ്പെടുന്നു. സമൂഹത്തിലെ ഒരു ചെറിയ വരേണ്യ വിഭാഗത്തിന്റെ താല്പര്യങ്ങള്ക്കായി ജനവിരുദ്ധ നയങ്ങളും നിയമങ്ങളും നടപ്പാക്കുന്നു. പാവപ്പെട്ടവരുടെയും പാര്ശ്വത്കൃതരുടെയും നിയമാനുസൃതമായ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നതെങ്ങനെയെന്ന് നാം കാണുന്നുണ്ട്. ഏതാനും ചിലരുടെ ലാഭക്കൊതിക്കുവേണ്ടി പരിസ്ഥിതിയെയും നമ്മുടെ അതിലോല ആവാസവ്യവസ്ഥകളെയും കൊള്ളയടിക്കുന്നതെങ്ങനെയെന്ന് നാം അറിയുന്നുണ്ട്. ന്യൂനപക്ഷങ്ങള്‍ നിന്ദിക്കപ്പെടുകയും പൈശാചികക്ഷുദ്രജീവികളായി മുദ്രകുത്തപ്പെടുകയും കൊടിയ വിവേചനത്തിന് ഇരകളാവുകയും ചെയ്യുന്നു. അഴിമതിയും ചങ്ങാത്ത മുതലാളിത്തവും രാജ്യത്തെ ഞെക്കിക്കൊല്ലുകയാണ്. ഇത്തരം ദൃഷ്ടാന്തങ്ങള്‍ ഒടുങ്ങുന്നില്ല.
സിനഡാത്മക പ്രക്രിയ പുരോഗമിക്കുമ്പോഴും ഇന്ത്യയിലെ കത്തോലിക്കാ സഭ ഇന്നും ഹയരാര്‍ക്കിയിലും പുരുഷമേധാവിത്വത്തിലും പൗരോഹിത്യത്തിലും കേന്ദ്രീകൃതമാണെന്ന് വിനയപൂര്‍വം നാം സമ്മതിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ്, പ്രിയ മെത്രാന്മാരേ, ഏറെ വേദനയോടെ ഞാന്‍ ഈ കത്ത് എഴുതുന്നത്: ഉടന്‍ എന്തെങ്കിലും ചെയ്യണം, അല്ലെങ്കില്‍ ഏറെ വൈകിപ്പോകും! തീര്‍ച്ചയായും നാം പ്രാര്‍ഥിച്ചുകൊണ്ടേയിരിക്കണം. എന്നാല്‍ യേശു നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട്, ”കര്‍ത്താവേ, കര്‍ത്താവേ എന്നു വിളിച്ചാല്‍ മാത്രം പോരാ” എന്ന്. നമ്മളില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്താണെന്ന് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാനുള്ള ബുദ്ധിശക്തി നമുക്കേവര്‍ക്കുമുണ്ട്. നിര്‍ഭാഗ്യവശാല്‍, നിങ്ങളുടെ സംഘാത മൗനം, കാതടപ്പിക്കുന്ന അലര്‍ച്ചയാകുന്നു! പലരെയും ഇത് ആശ്ചര്യപ്പെടുത്തുന്നുണ്ട്. ഏതാനും മെത്രാന്മാരും ചില കത്തോലിക്കാ സന്ന്യാസ സമൂഹങ്ങളുടെ നേതൃത്വവും കുറെ അല്മായരും പ്രവാചക ധീരത പ്രകടിപ്പിച്ച് മണിപ്പുരിലെ അക്രമങ്ങളില്‍ ഉള്‍പ്പെടെ അതീവഗുരുതരമായ വിഷയങ്ങളെ സംബന്ധിച്ച് പ്രത്യക്ഷമായും അതിശക്തവുമായ നിലപാട് എടുക്കുന്നുണ്ട് എന്നത് ആശ്വാസകരമാണ്. ഇക്കൂട്ടരെ പ്രണമിക്കുകതന്നെവേണം, അത്രമേല്‍ ഭീഷണമായ ശത്രുത നിലനില്‍ക്കേ തങ്ങളുടെ ജീവന് പോലും അപകടത്തിലാക്കിയാണ് അവര്‍ ഇത്ര ധീരമായി പ്രതികരിക്കുന്നത്!
ഹയരാര്‍ക്കിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം വീണ്ടെടുക്കുന്നതിന് സഹായകമായ, മണിപ്പുരില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് തെല്ലെങ്കിലും സമാധാനം കൈവരിക്കാന്‍ സഹായകമായ, നമ്മുടെ രാഷ്ട്രവ്യവസ്ഥയെ വെട്ടയാടുന്ന ചില സങ്കീര്ണപ്രശ്നങ്ങള്ക്കു പ്രതിവിധി കാണാന്‍ സഹായകമായേക്കാവുന്ന ചില നിര്‍ദേശങ്ങള്‍ – അവ ചിലപ്പോള്‍ അപഹാസ്യമെന്നു തോന്നിയാല്‍ തന്നെ – ഇവിടെ കുറിക്കട്ടെ:
1. വാര്‍ത്താസമ്മേളനം ഉടന്‍ വിളിച്ചുകൂട്ടുക: ഡല്‍ഹിയിലും വിവിധ സംസ്ഥാന തലസ്ഥാനങ്ങളിലും മാധ്യമസമ്മേളനം നടത്തുക. ഡല്‍ഹിയില്‍ നടത്തുന്ന സമ്മേളനത്തെ സിബിസിഐ ഭാരവാഹികള്‍ അഭിസംബോധന ചെയ്യണം. വാര്‍ത്താസമ്മേളനങ്ങളില്‍ ഉന്നയിക്കേണ്ട പ്രധാന ആവശ്യങ്ങള്‍ ഇവയാണ്:
* മണിപ്പുരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ സത്വര നടപടി വേണം.
* തങ്ങളുടെ വീടുകളില്‍ നിന്നും വാസസ്ഥലങ്ങളില്‍ നിന്നും പുറത്താക്കപ്പെട്ട ഗോത്രവര്‍ഗക്കാരെ/ ക്രൈസ്തവരെ സുരക്ഷിതരായി തിരിച്ചെത്തിക്കണം.
* നശിപ്പിക്കപ്പെട്ട വീടുകളും ദേവാലയങ്ങളും സ്ഥാപനങ്ങളും പുനര്‍നിര്‍മിക്കുന്നതിന് ആവശ്യമായ സാമ്പത്തിക നഷ്ടപരിഹാരം നല്‍കണം.
* അക്രമങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരേ – അവര്‍ എത്ര ഉന്നത ബന്ധമുള്ളവരാണെങ്കിലും ശരി – നിയമനടപടിയെടുക്കുകയും ശിക്ഷിക്കുകയും വേണം.
2. കര്‍ദിനാള്‍മാരും ആര്‍ച്ച്ബിഷപ്പുമാരും ബിഷപ്പുമാരും ഒരുമിച്ച് ജൂണ്‍ 25ന് അകം രണ്ടു ദിവസത്തേക്ക് മണിപ്പുര്‍ സന്ദര്‍ശിക്കണം. പോകാന്‍ പറ്റുന്നവരൊക്കെ പങ്കെടുക്കണം, നൂറുപേരാണെങ്കില്‍ അത്രയും നന്ന്! ഇതര ക്രൈസ്തവ സമൂഹങ്ങളുടെ നേതാക്കളെയും നിങ്ങളോടൊപ്പം ചേരാന്‍ ക്ഷണിക്കുക. ആഭ്യന്തരമായി ചിതറിക്കപ്പെട്ടവരോടൊപ്പം കഴിയുക. ”ആടുകളുടെ മണമുള്ള ഇടയന്” എന്ന് ഫ്രാന്‍സിസ് പാപ്പാ നിരന്തരം നമ്മെ ഓര്‍മിപ്പിക്കുന്നുണ്ടല്ലോ. യേശു ജനിച്ച കാലിത്തൊഴുത്തും അവന്റെ കുരിശുമരണവും അനുസ്മരിക്കാം. ദുരിതമനുഭവിക്കുന്നവരുടെ മധ്യത്തില്‍ നിങ്ങളുടെ സാന്നിധ്യം അതിശക്തമായ ഒരു സന്ദേശമാകും എല്ലാവര്ക്കും നല്‍കുന്നത്.
3. ജൂണ്‍ മാസത്തില്‍ തന്നെ ദേശീയ പ്രതിഷേധ ദിനം സംഘടിപ്പിക്കുക. ന്യൂനപക്ഷങ്ങള്‍ക്കും ആദിവാസികള്‍ക്കും ദളിതര്‍ക്കും രാജ്യത്തെ മറ്റു വ്രണിത വിഭാഗങ്ങള്‍ക്കും നേരെ നടക്കുന്നതെന്തെന്ന് എടുത്തുകാട്ടാനാകണം ദേശീയതലത്തില്‍ ഈ പ്രതിഷേധ ദിനം ആചരിക്കുന്നത്. ന്യൂഡല്‍ഹിയിലെ പൊതുമൈതാനത്ത്, കഴിയുന്നത്ര മെത്രാന്മാരുടെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ജനങ്ങളുടെയും സാന്നിധ്യത്തില്‍ വേണം ഇതു സംഘടിപ്പിക്കാന്‍. സിവില്‍ സമൂഹസംഘടനകളുടെയും സാമൂഹിക പ്രസ്ഥാനങ്ങളുടെയും പങ്കാളിത്തം അഭ്യര്‍ഥിക്കാവുന്നതാണ്. ദേശീയ പ്രതിഷേധ ദിനം നടക്കുമ്പോള്‍ രാജ്യത്തെ വിവിധ രൂപതകളിലും പൊതു പ്രതിഷേധ പരിപാടികള്‍ നടത്താവുന്നതാണ്.
4. ക്രൈസ്തവ സ്ഥാപനങ്ങളെ തിരഞ്ഞുപിടിച്ച് ദ്രോഹിക്കുകയും അവയുടെ ചുമതല വഹിക്കുന്ന ക്രൈസ്തവ പ്രവര്‍ത്തകര്‍ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും കള്ളക്കേസുകള്‍ കെട്ടിച്ചമയ്ക്കുകയും ചെയ്യുന്ന, കുട്ടികളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള ദേശീയ കമ്മിഷന് പ്രസിഡന്റ് പ്രിയാങ്ക് കനൂങ്കോയെ ഉടന്‍ തല്‍സ്ഥാനത്തുനിന്നു നീക്കം ചെയ്യണം.
പ്രിയ മെത്രാന്മാരേ, നിശ്ചയദാര്‍ഢ്യത്തോടെയും ഒത്തൊരുമയോടെയും ഇപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇന്നു നമ്മള് നേരിടുന്ന അതിസങ്കീര്‍ണമായ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍ അത് ഏറെ പ്രയോജനകരമാകും. ഇപ്പോള്‍ അധികാരത്തിലിരിക്കുന്നവരുമായി ചില നീക്കുപോക്കുകള്‍ക്കും ധാരണകള്‍ക്കും ശ്രമിച്ചാല്‍ ചില്ലറ ഉപകാരവും താത്കാലിക വാഗ്ദാനങ്ങളും ലഭിച്ചെന്നിരിക്കും, എന്നാല്‍ അത് ആത്യന്തികമായി സഭയ്ക്കും രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യത്തിനും അപരിഹാര്യമായ കോട്ടത്തിനും അതീവ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കും വഴിതെളിക്കും. ദയവായി കബളിപ്പിക്കപ്പെടാതിരിക്കുക!
എവാംഗേലിയീ ഗൗദിയും (സുവിശേഷത്തിന്റെ ആനന്ദം) എന്ന അപ്പസ്തോലിക പ്രബോധനത്തില്‍ ഫ്രാന്‍സിസ് പാപ്പാ നമ്മെ ഓര്‍മിപ്പിക്കുന്നു: ”സുവിശേഷം പ്രഘോഷിക്കുന്ന സമൂഹം ജനങ്ങളുടെ നിത്യ ജീവിതത്തില്‍ വചനംകൊണ്ടും പ്രവൃത്തികൊണ്ടും ഇടപെടുന്നു. അത് അകലങ്ങളെ അടുപ്പിക്കുന്ന പാലമാകുന്നു. വേണ്ടിവന്നാല്‍ തന്നെത്തന്നെ താഴ്ത്താനും അതു സന്നദ്ധമാകുന്നു. മനുഷ്യജീവനെ അത് ആശ്ലേഷിക്കുന്നു, യേശുവിന്റെ സഹനത്തിന്റെ ശരീരത്തെ മറ്റുള്ളവരില്‍ സ്പര്‍ശിക്കുന്നു. സുവിശേഷപ്രഘോഷകര്‍ ആടുകളുടെ മണമുള്ളവരായി മാറുന്നു. ആടുകള്‍ അവരുടെ സ്വരം ശ്രവിക്കാന്‍ സന്നദ്ധരാകുന്നു. സുവിശേഷം പ്രഘോഷിക്കുന്ന സമൂഹം ജനങ്ങളോടൊപ്പം ഓരോ ചുവടിലും താങ്ങായി നില്ക്കുന്നു, അത് എത്ര ബുദ്ധിമുട്ടേറിയതാണെങ്കിലും എത്രനാള്‍ നീണ്ടുപോയേക്കാമെങ്കിലും.”
സ്വന്തം സുരക്ഷയുടെ കവചത്തിനുള്ളില്‍ അള്ളിപ്പിടിച്ചുകഴിയുന്ന അനാരോഗ്യകരമായ ഒന്നിനെക്കാള്‍, തെരുവില്‍ കഴിയുന്നതിനാല്‍ മുറിവേല്‍ക്കുകയും വേദനിക്കുകയും അഴുക്കുപറ്റുകയും ചെയ്യുന്ന സഭയെയാണ് താന്‍ ഇഷ്ടപ്പെടുന്നതെന്ന് പാപ്പാ വ്യക്തമാക്കുന്നുണ്ട്.
പാവപ്പെട്ടവരെ നിശബ്ദരാക്കിയോ പ്രീണിപ്പിച്ചോ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുന്ന ധനികര്‍ക്കുവേണ്ടി സൃഷ്ടിക്കപ്പെടുന്ന സാമൂഹിക വ്യവസ്ഥിതിയില്‍ നിന്ന് യഥാര്‍ഥ സമാധാനം ഉണ്ടാവുകയില്ല. സമ്പത്തിന്റെ വിതരണം, പാവപ്പെട്ടവരെക്കുറിച്ചുള്ള കരുതല്‍, മനുഷ്യാവകാശങ്ങള്‍ എന്നിവ വരേണ്യവിഭാഗത്തിന്റെ സംതൃപ്തിക്കായുള്ള സമവായത്തില്‍ അടിച്ചമര്‍ത്താനാവില്ല. മനുഷ്യവ്യക്തിത്വത്തിന്റെ അന്തസും പൊതുനന്മയും ഉള്‍പ്പെടെയുള്ള മൂല്യങ്ങള്‍ ഭീഷണി നേരിടുമ്പോള്‍ പ്രവാചകശബ്ദം ഉയര്‍ത്തേണ്ടതുണ്ടെന്ന് പാപ്പാ ഓര്‍മിപ്പിക്കുന്നു.
ആതുരസേവനത്തിനും വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്കും ഉപരിയായി മാനവിക മുന്നേറ്റത്തിനും സാര്‍വത്രിക സാഹോദര്യത്തിനുമായി പ്രവര്‍ത്തിക്കാന്‍ സഭയ്ക്കു ബാധ്യതയുണ്ടെന്ന് ‘ഫ്രത്തേല്ലി തൂത്തി’ (സോദരര്‍ സര്‍വരും) എന്ന ചാക്രികലേഖനത്തില്‍ ഫ്രാന്‍സിസ് പാപ്പാ ആവര്‍ത്തിക്കുന്നുണ്ട്. രാഷ്ട്രീയ ജീവിതത്തിന്റെ സ്വയംഭരണ സ്വഭാവത്തെ മാനിക്കുമ്പോഴും മെച്ചപ്പെട്ട ലോകവും നല്ലൊരു സമൂഹവും കെട്ടിപ്പടുക്കുന്നതിനുള്ള ആധ്യാത്മിക ഊര്‍ജം ഉണര്‍ത്തിയെടുക്കുന്നതില്‍ സഭയുടെ പങ്ക് അവഗണിക്കപ്പെടാതെ നോക്കണം. ”ഭവനങ്ങളില്‍ നിന്നും ആരാധനാലയങ്ങളില്‍ നിന്നും സങ്കീര്‍ത്തിയില്‍ നിന്നും പുറത്തേക്കു പോകുന്നതാകണം സഭ, അത് ജീവിതത്തെ അനുഗമിക്കുന്നതാകണം, പ്രത്യാശ നിലനിര്‍ത്തുന്നതാകണം, ഐക്യത്തിന്റെ അടയാളമാകണം, പാലങ്ങള്‍ നിര്മിക്കുന്നതാകണം, മതിലുകള്‍ ഇടിച്ചുതകര്ക്കുന്നതാകണം, അനുരഞ്ജനത്തിന്റെ വിത്തുകള്‍ പാകുന്നതാകണം.”
പരിശുദ്ധ പിതാവിന്റെ മാര്‍ഗദര്‍ശനം സുവ്യക്തമാണ്. എന്നിട്ടും അത് നടപ്പാക്കുന്നതില്‍ നാം അമാന്തിക്കുന്നത് എന്തുകൊണ്ടാണ്? ഇനിയും ഏറെ എഴുതാനുണ്ടെങ്കിലും ആദ്യമേ ഉന്നയിച്ച ആ യാചനയോടെ ഈ കുറിപ്പ് ചുരുക്കാം:
പ്രിയ മെത്രാന്മാരേ, ജനങ്ങളുടെ നിലവിളിയോട് പ്രതികരിക്കുന്ന ഇടയന്മാരാകുക. ജര്‍മന്‍ ദൈവശാസ്ത്രജ്ഞന് മാര്ട്ടിന് നീമൊളറുടെ അനശ്വരമായ ആ വാക്കുകള്‍ നമുക്ക് മറക്കാതിരിക്കാം: ”ഒടുവില്‍ അവര്‍ എന്നെ തേടി വന്നു, അപ്പോള്‍ എനിക്കുവേണ്ടി സംസാരിക്കാന്‍ ആരും അവശേഷിച്ചിരുന്നില്ല!” സംഘാതമായും വ്യക്തിപരമായും ഇപ്പോള്‍ ഉറക്കെ സംസാരിക്കൂ, യാതന അനുഭവിക്കുന്ന സഹോദരീസഹോദരന്മാര്‍ക്കുവേണ്ടി ശക്തമായി സ്വരം ഉയര്‍ത്തേണ്ട സമയമാണിത്.