തമിഴ് സിനിമയിലെ പുതിയ പ്രതിഭകളിലൊരാളായാണ് തിരക്കഥാകൃത്തും സംവിധായകനുമായ വെട്രിമാരനെ കണക്കാക്കുന്നത്. പൊല്ലാധവന്‍ എന്ന ചിത്രത്തിലൂടെയാണ് വെട്രിമാരന് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. അദ്ദേഹത്തിന്റെ രണ്ടാമത്തെ ഫീച്ചര്‍ ചിത്രമായ ആടുകളം ആറ് ദേശീയ അവാര്‍ഡുകള്‍ നേടി. വിസാരണൈ (2016) എന്ന ചിത്രം ഓസ്കര് അക്കാദമി അവാര്‍ഡുകളിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടു. അസുരന് (2019) അവതരണത്തിലെ പുതുമ കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. മണിരത്നത്തിന്റെ മെഗാ സിനിമയായ പൊന്നിയന്‍ സെല്‍വനിലെ കേന്ദ്ര കഥാപാത്രമായ രാജേന്ദ്ര ചോഴര്‍ ഒരു ഹൈന്ദവ രാജാവായിരുന്നില്ലെന്ന തന്റെ ചരിത്രപരമായ നിരീക്ഷണം ധൈര്യപൂര്‍വം പങ്കുവയ്ക്കാന്‍ തയ്യാറായി എന്നത് അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളുടെ പ്രത്യേകത തന്നെയായി വിലയിരുത്തണം.
ജയമോഹന് എഴുതിയ തൂയവന്‍ എന്ന കഥയെ അടിസ്ഥാനമാക്കിയാണ് വിടുതലൈ എന്ന വെട്രിമാരന്റെ പുതിയ ചിത്രം രണ്ടു ഭാഗങ്ങളായി ചിത്രീകരിച്ചിരിക്കുന്നത്. കാടിനുള്ളില്‍ താമസിച്ച് നിലവിലെ വ്യവസ്ഥിതികളോടു പൊരുതുന്ന ഒരു കൂട്ടരും അവരെ നിശേഷം തുടച്ചുനീക്കാന്‍ ശ്രമിക്കുന്ന അധികാരികളും തമ്മിലുള്ള സംഘര്‍ഷമാണ് ആദ്യ ഭാഗത്തില്‍. രണ്ടു സംഘങ്ങള്‍ക്കിടയില്‍ പെട്ടുപോകുന്ന കാട്ടുവാസികളുടെ ജീവിതവും പ്രതിപാധിക്കുന്നു. 1987ലാണ് കഥാ പശ്ചാത്തലം. വിദേശ കമ്പനിക്ക് തമിഴ്നാട്ടിലെ വനപ്രദേശത്ത് റോഡ് നിര്‍മ്മിക്കാനും ഖനനം നടത്താനുമുള്ള അനുമതി സര്‍ക്കാര്‍ നല്കി. ‘മക്കള്‍ പടൈ’ എന്നൊരു സംഘം അതിനെ എതിര്‍ക്കുന്നു. വിടുതലൈ എന്ന പേര് പഴയ ശ്രീലങ്കന്‍ വിടുതലൈ പുലികളെ ഓര്‍മിപ്പിക്കുന്നുണ്ട്. കർണാടകയിലേയും ആന്ധ്രയിലേയും കാടുകള്ക്കുളളില് പ്രവര്‍ത്തിക്കുന്ന നക്സലൈറ്റ് സംഘങ്ങളായോ വീരപ്പന്റെ സംഘമായോ ഇവരെ കരുതാം.
സ്ഫോടനത്തില്‍ തകര്‍ന്ന ഒരു ട്രെയ്നില്‍ നടക്കുന്ന രക്ഷാപ്രവര്ത്തനങ്ങളോടെയാണ് സിനിമയുടെ തുടക്കം. ഏറെ ദൈര്‍ഘ്യമുള്ള ഈ രംഗം ഒറ്റഷോട്ടിലാണ് ചിത്രീകരിച്ചിരിക്കുന്നത്. 8 കോടി രൂപയാണ് ഈ രംഗത്തിന്റെ ചിത്രീകരണത്തിന് ചെലവാക്കിയതെന്നാണ് അറിയുന്നത്. ആര്. വേല്‍രാജിന്റെ ഛായാഗ്രഹണം സംവിധായകന്റെ ആഖ്യാന രീതിയെ നന്നായി പിന്തുണക്കുന്നുണ്ട്. ക്ലൈമാക്സ് രംഗവും ഉദാഹരണമാണ്. മക്കള്‍ പടൈ എന്ന തീവ്രവാദി സംഘമാണ് സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. തമിഴ് നാട് പൊലീസില്‍ പുതിയ റിക്രൂട്ട്മെന്റായ കുമരേശന്‍ (സൂരി) തമിഴ്നാട്-കര്‍ണാടക അതിര്‍ത്തിക്കടുത്തുള്ള ഈ കാട്ടുപ്രദേശത്തേക്ക് എത്തുന്നതാണ് അടുത്തതായി കാണിക്കുന്നത്. കാടിന്റേയും മലകളുടേയും സങ്കീര്‍ണമായ കയറ്റങ്ങളും ഇറക്കങ്ങളും കാല്‍നടയാത്രയുടെ ദുര്‍ഘടങ്ങളും കുമരേശന്റെ ഈ യാത്രയിലൂടെ സംവിധായകന് വ്യക്തമാക്കുന്നു. കുമരേശന്‍ പൊലീസ് ഡ്രൈവറുടെ ജോലിയാണ് ലഭിക്കുന്നത്. പണി തീരാത്തതെന്നു തോന്നിപ്പിക്കുന്ന സിമന്റ് കെട്ടിടങ്ങളാണ് പൊലീസ് ക്യാമ്പ്.
കാട്ടിലേക്ക് ജീപ്പുമായുളള ഒരു യാത്രക്കിടയില്‍ അസുഖം ബാധിച്ച ഒരു ആദിവാസി സ്ത്രീയെ കുമരേശന്‍ ജീപ്പില്‍ കയറ്റി രക്ഷപ്പെടുത്തുന്നുണ്ട്. ഇതേ ജീപ്പില്‍ വാധ്യാര് എന്ന് ജനങ്ങള്‍ക്കിടയിലും പെരുമാളെന്ന് പൊലീസുകാര്‍ക്കിടയിലും അറിയപ്പെടുന്ന
മക്കള്‍ പടൈയുടെ നേതാവുമുണ്ട്. വിജയ് സേതുപതിയാണ്് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കുമരേശന്‍ ഇയാളെ അപ്പോള്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കിലും മിന്നായം പോലെ വാധ്യാരുടെ മുഖം അയാള്‍ കണ്ടിരുന്നു. സ്ത്രീയെ രക്ഷപ്പെടുത്തിയത് കുമാരേശന്റെ സീനിയര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇഷ്ടപ്പെടുന്നില്ല. ക്യാമ്പിന്റെ ചാര്‍ജുള്ള ഉദ്യോഗസ്ഥനാകട്ടെ അതോടെ അയാളെ തന്റെ ഗുഡ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഒരു മന്ദബുദ്ധിയും ഉപകാരമില്ലാത്തവനുമായാണ് അയാള്‍ പിന്നീട് കുമാരേശനെ കാണുന്നത്. കുമാരേശന് ഡ്രൈവ് ചെയ്യുന്ന ജീപ്പില്‍ കയറാന്‍ പോലും അയാള്‍ ഇഷ്ടപ്പെടുന്നില്ല. പൊതുമധ്യത്തില്‍ അയാളെ അപമാനിക്കാനും ഉദ്യോഗസ്ഥന് ശ്രമിക്കുന്നുണ്ട്.
പല ഓപറേഷനുകള്‍ നടത്തിയിട്ടും മക്കള്‍ പടൈയെ കീഴടക്കാന്‍ പൊലീസിനു കഴിയുന്നില്ല. പുതിയ ഒരു ഉദ്യോഗസ്ഥന് വാധ്യാരെ വേട്ടയാടി പിടിക്കലാണ് മക്കള്‍ പടൈ കീഴടക്കാന്‍ ഏറ്റവും നല്ല മാര്‍ഗമെന്ന് കരുതുന്നു. വാധ്യാരുടെ ഒരു ചിത്രം പോലും പൊലീസിന്റെ കയ്യിലില്ല താനും. അതിനിടെ ഒരു ആദിവാസി പെണ്‍കുട്ടിയുമായി (ഭവാനി ശ്രീ) കുമരേശന്‍ പരിചയത്തിലാകുകയും പരിചയം പ്രണയത്തില്‍ കലാശിക്കുകയും ചെയ്യുന്നു. പൊലീസില്‍ ജോലി ചെയ്യുന്നയാള്‍ പൊലീസ് ശത്രുപക്ഷത്ത് നിര്‍ത്തിയിരിക്കുന്ന വിഭാഗത്തിലെ പെണ്‍കുട്ടിയുമായി അടുപ്പത്തിലാകുന്നത് കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കുന്നുണ്ട്. ഗ്രാമത്തില്‍ പോകുന്ന കുമാരേശന് അവിടെ ഒരു വീട്ടില്‍ ഒളിവില്‍ താമസിക്കുന്ന വാധ്യാരെ കണ്ടു. വാധ്യാരെ കണ്ട കാര്യം തന്റെ മേലുദ്യോഗസ്ഥനോട് കുമാരേശന് പറഞ്ഞെങ്കിലും ക്യാമ്പ് ചാര്‍ജുള്ള ഉദ്യോഗസ്ഥനോട് റിപ്പോര്‍ട്ട് ചെയ്യാന്‍ അയാള്‍ കുമാരേശനെ അനുവദിക്കുന്നില്ല, അതിന്റെ കാരണം ചിത്രത്തിന്റെ അവസാനത്തിലാണ് വെളിപ്പെടുത്തുന്നത്.
വാധ്യാരെ പിടികൂടാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ പൊലീസ് സംഘം ഗ്രാമീണരെ കണ്ണില്‍ച്ചോരയില്ലാതെ പീഡിപ്പിക്കുകയും വെടിവെച്ച് കൊല്ലുകയും ചെയ്യുന്നുണ്ട്. വെടികൊണ്ടു മരിച്ച ഒരു സ്ത്രീയെ കത്തിച്ചുകളയുന്നതും പൊലീസുകാരന്റെ കയ്യും ശിരസും വാധ്യാര് വെട്ടിമാറ്റുന്നതും പീഡിപ്പിക്കപ്പെട്ട സ്ത്രീകള്‍ വിവസ്ത്രരായി വിലപിക്കുന്നതും സിനിമയിലെ കടുത്ത വയലന്‍സ് രംഗങ്ങളാണ്. ആദിവാസി കുടിലുകളില്‍ നിന്നു സ്ത്രീകളെ കൂട്ടത്തോടെ പൊലീസ് ക്യാമ്പില്‍ പിടിച്ചുകൊണ്ടു വന്ന് അത്രിക്രൂരമായി മര്‍ദിക്കുകയും അവരുടെ വസ്ത്രങ്ങളും ആഭരണങ്ങളും ഊരിമാറ്റുകയും ചെയ്യുന്നു. ഇക്കൂട്ടത്തില്‍ കുമാരേശന് സ്നേഹിക്കുന്ന പെണ്‍കുട്ടിയുമുണ്ട്. അവളെ രക്ഷപ്പെടുത്താന്‍ കുമാരേശന് പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും കഴിയുന്നില്ല. ക്യാമ്പ് ചാര്‍ജുള്ള ഉദ്യോഗസ്ഥന് അവരെ വെടിവെച്ചു കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയപ്പോള്‍ മറ്റു മാര്‍ഗങ്ങളില്ലാതെ വാധ്യാരെ വേട്ടയാടാന്‍ പോയ സംഘത്തില്‍ ഒരു ആയുധം പോലുമില്ലാതെ കുമാരേശനും പങ്കു ചേരുകയാണ്. ഇരു കൂട്ടരുടേയും വെടിവയ്പിനിടയില്‍ പെട്ടുപോകുന്നുണ്ടെങ്കിലും അയാള്‍ പിന്മാറാതെ വാധ്യാരെ പിന്തുടരുകയും പിടികൂടുകയും ചെയ്യുന്നു. പൊലീസ് ക്യാമ്പില്‍ വാധ്യാരുടെ വിചാരണ ആരംഭിക്കുന്നതോടെ ഒന്നാം ഭാഗത്തിന് തിരശീല വീഴുകയാണ്.
സൂരി എന്നറിയപ്പെടുന്ന രാമലക്ഷ്മണന് മുത്തുച്ചാമി തമിഴ്സിനിമയിലെ കോമഡി നടനാണ്. തന്റെ സിനിമയിലെ നായകനായി വെട്രിമാരന് സൂരിയെ തിരഞ്ഞെടുത്തപ്പോള്‍ പലരും ആശ്ചര്യം പ്രകടിപ്പിച്ചിരുന്നു. സൂപ്പര്‍താരമായ വിജയ് സേതുപതി ഏതാനും രംഗങ്ങളില്‍ മാത്രമാണ് സിനിമയിലെത്തുന്നത്. സൂരിയുടെ പ്രകടനം വെട്രിമാരന്റെ തിരഞ്ഞെടുപ്പിനെ നൂറു ശതമാനവും ന്യായീകരിക്കുന്നു. കുമരേശനായ സൂരിയില്‍ ഊര്‍ജ്ജവും നിഷ്കളങ്കതയും നിറഞ്ഞുനില്ക്കുന്നു.
പൊലീസിന്റെ ക്രൂരതകളുടെ ഉദാഹരണങ്ങള്‍ കാണിക്കുന്നുണ്ടെങ്കിലും ക്യാമ്പിലെ പൊലീസുകാരുടെ ദയനീയാവസ്ഥയും സംവിധായകന് വ്യക്തമാക്കുന്നുണ്ട്. തീവ്രവാദി സംഘത്തോടും പൊലീസിനോടും നിഷ്പക്ഷ സമീപനമാണ് കൈക്കൊളളുന്നത്. ആരാണ് യഥാര്‍ത്ഥ നായകരെന്നും വില്ലന്മാരെന്നും വേര്തിരിച്ചറിയുന്നേയില്ല. ജീവിക്കാന്‍ പോരാടിക്കൊണ്ടിരിക്കുന്ന അധഃസ്ഥിതരുടെ ഭാഗത്താണ് സംവിധായകന്. ഇളയരാജയുടെ പശ്ചാത്തലസംഗീതം ശ്രദ്ധേയമായ മറ്റൊരു സവിശേഷതയാണ്. ചേതന്‍, രാജീവ് മേനോന്, ഗൗതം മേനോന് എന്നിവരുള്‍പ്പെടെയുള്ള മറ്റ് അഭിനേതാക്കളും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്നുനില്‍ക്കുന്നതാണ് വെട്രിമാരന്റെ അവതരണ ശൈലി. സംഘട്ടന രംഗങ്ങള്‍ പോലും സ്വാഭാവികമായി ചിത്രീകരിച്ചിരിക്കുന്നു.
സര്‍ക്കാര്‍ കാര്യങ്ങളും അവയ്ക്ക് പിന്നിലെ രാഷ്ട്രീയവും അവയുമായി ബന്ധപ്പെട്ട സാമൂഹിക പ്രശ്നങ്ങളും ചര്‍ച്ച ചെയ്യുന്നുണ്ടെങ്കിലും വിടുതലൈ അതിന്റെ ശരികളിലേക്കും തെറ്റുകളിലേക്കും കടക്കുന്നില്ല. പകരം പൊലീസും തീവ്രവാദി സംഘവും തമ്മിലുള്ള സംഘട്ടനത്തിലും, തന്റെ ജോലിയില്‍ നിരപരാധിത്വത്തിന്റെയും ധാര്‍മ്മികതയുടെയും വഴികള്‍ കണ്ടെത്തുകയെന്ന പ്രയാസകരമായ റോള്‍ നിര്‍വഹിക്കേണ്ടി വരുന്ന സാധാരണ പൊലീസുകാരന്റെ ജീവിതവുമാണ് രേഖപ്പെടുത്തുന്നത്. താന്‍ തൊഴില്‍ ചെയ്യുന്ന സംവിധാനത്തിന്റെ ഏറ്റവും താഴെ നില്‍ക്കുന്നയാളാണെങ്കിലും തെറ്റു ചെയ്യാന്‍ അയാള്‍ തയ്യാറാകുന്നില്ല.
ചിത്രം സീ ഫൈവില്‍ സ്ട്രീമിങ് ഉണ്ട്.