മരണമടഞ്ഞ് നാലു വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്ക്കുന്ന സന്ന്യാസിനിയാണ് മദര്‍ മേരി വില്‍ഹെല്‍മിന ലാങ്കാസ്റ്റര്‍. മദറിന്റെ അഴുകാത്ത മൃതദേഹം ദര്‍ശിക്കാന്‍ പതിനായിരങ്ങളാണ് അമേരിക്കയിലെ മിസോറിയിലെ ഗോവര്‍ ഗ്രാമീണ മേഖലയില്‍ എഫേസുസിലെ നമ്മുടെ നാഥയുടെ ബെനഡിക്റ്റൈന്‍ ആബിയില്‍ എത്തിക്കൊണ്ടിരിക്കുന്നത്. മദര്‍ വില്‍ഹെല്‍മിന ഒരു പാട്ടെഴുത്തുകാരി കൂടിയാണ്. മദര്‍ രചിച്ച ഹിം ടു ക്രൈസ്റ്റ് ദ് കിങ് എന്ന ട്രാക്ക് അടങ്ങുന്ന ക്രൈസ്റ്റ് ദ് കിങ് അറ്റ് എഫേസുസ് എന്ന പുതിയ ആല്‍ബം ബില്‍ബോര്‍ഡ് ക്ലാസിക്കല്‍ ചാര്‍ട്ടില്‍ പ്രഥമ സ്ഥാനത്ത് എത്തിയിരുന്നു.
സംഗീത ഉപാസനയ്ക്കും പ്രാമുഖ്യം നല്കുന്ന ഈ ബെനഡിക്റ്റൈന്‍ ആബിയിലെ യുവസന്ന്യാസിനികള് റെക്കോഡ് ചെയ്ത ഒരു ഡസന്‍ ആല്‍ബങ്ങളില്‍ നാലെണ്ണം 2021-ല്‍ ബില്‍ബോര്‍ഡ് ക്ലാസിക്കല്‍ ചാര്‍ട്ടില്‍ ടോപ്പായി. 2013-ല്‍ ബില്‍ബോര്‍ഡിന്റെ ക്ലാസിക്കല്‍ ആര്‍ട്ടിസ്റ്റ് ഓഫ് ദി ഇയര്‍ അവാര്‍ഡ് ഈ ബെനഡിക്റ്റൈന്‍ സന്ന്യാസിനികള്ക്കായിരുന്നു. എയ്ഞ്ജല്‍സ് ആന്‍ഡ് സെയിന്റ്സ് ഓഫ് എഫേസുസ് എന്ന എല്‍പി ബില്‍ബോര്‍ഡ് ചാര്‍ട്ടില്‍ ടോപ്സെല്ലര് ഗണത്തില്‍ ഉള്‍പ്പെട്ടു. ഏഴാഴ്ചയിലേറെ ഒന്നാം സ്ഥാനത്ത് തുടര്‍ന്നു.
മിസോറിയിലെ ആവയില്‍ സെന്റ് ജോസഫ് മൊണാസ്ട്രി എന്ന പേരില്‍ രണ്ടാമത്തെ ഭവനം സ്പ്രിങ്ഫീല്‍ഡ് കേപ് ജിറാര്ഡോ രൂപതയില്‍ സ്ഥാപിച്ചു. മദര്‍ വില്‍ഹെല്‍മിന രചിച്ച ഹിം ടു ക്രൈസ്റ്റ് ദ് കിങ് എന്ന ട്രാക്ക് അടങ്ങുന്ന ക്രൈസ്റ്റ് ദ് കിങ് അറ്റ് എഫേസുസ് എന്ന പുതിയ ആല്‍ബം രണ്ടു മഠങ്ങളും ചേര്‍ന്നാണ് ഒരുക്കിയത്.
സന്ന്യാസിനിമാരുടെ സംഗീതസപര്യയുടെ പ്രത്യേകത അവര്‍ കച്ചേരികള്‍ നടത്തുകയോ വാദ്യോപകരണങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യുന്നില്ല എന്നതാണ്. നൂറ്റാണ്ടുകളായി പൊതുരംഗത്ത് സംസാരിക്കാത്ത ഒരു ഭാഷയില്‍ അവര്‍ പാടുന്നു: ലാറ്റിനില്‍. വിജയങ്ങള്‍ സഹോദരിമാരെ അദ്ഭുതപ്പെടുത്തുകയും കൂടുതല്‍ വിനയാന്വീതരാക്കുകയും ചെയ്തതായി സംഗീതസംഘത്തിന് നേതൃത്വം നല്കുന്ന സിസ്റ്റര്‍ സിസിലിയ പറയുന്നു. ആശ്രമങ്ങളില്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പ് പാടിയിരുന്ന പ്രാചീന കീര്‍ത്തനങ്ങള്‍, സ്തുതിഗീതങ്ങള്‍, ലളിതഗാനം എന്നിവയുടെ മിശ്രിതമാണ് അവരുടെ സംഗീതം.
‘ശുദ്ധസംഗീതം ആസ്വാദകര്‍ ഇപ്പോഴും ഇഷ്ടപ്പെടുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു. ദൈവവുമായി ആശയവിനിമയം നടത്താനുള്ള ഏറ്റവും ശക്തമായ മാര്‍ഗമാണിത്,’ എഫെസസിലെ പ്രിയോറിയില്‍ താമസിക്കുന്ന 21 യുവ സഹോദരിമാരില്‍ ഒരാളായ സിസ്റ്റര്‍ സ്കോളാസ്റ്റിക്ക റാഡല്‍ പറയുന്നു. കന്‍സാസ് സിറ്റിയിലെയും ചിക്കാഗോയിലെയും പിബിഎസ് സ്റ്റേഷനുകളില്‍ സംപ്രേഷണം ചെയ്ത ഒരു ഡോക്യുമെന്ററിയുടെ വിഷയമാണ് താരപദവിയിലേക്കുള്ള അവരുടെ ഉയര്‍ച്ചയ്ക്കു പ്രധാന കാരണമായതെങ്കിലും പ്രശസ്തിയില്‍ വാഴുമ്പോഴും സഹോദരിമാര്‍ അവരുടെ സംഗീതത്തെക്കുറിച്ച് പരസ്യമായി സംസാരിക്കുന്നത് അപൂര്‍വമാണ്. ‘
അഭിമുഖങ്ങളും ലേഖനങ്ങളും വരെ ഞങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നു. അങ്ങനെയാണ് നല്ലത് എന്ന് കരുതുന്നു. കാരണം ഞങ്ങള്‍ ലോകത്തെ പ്രേക്ഷകരായി കാണുന്നില്ല, മറിച്ച് ദൈവത്തെയാണ് പ്രേക്ഷകനായി കാണുന്നത്.’
സംഗീതത്തിന്റെ പ്രാര്‍ഥനാപരമായ ഗുണം അതിന്റെ ആകര്‍ഷണത്തിന്റെ ഭാഗമാണ്. ‘ചിലര്‍ പറയുന്നത് ഇത് അവരുടെ കുട്ടികളെ ശാന്തമാക്കുന്നുവെന്നാണ്. പ്രത്യേകിച്ചും വൈകല്യമുള്ള കുട്ടികളെ. മരണവീട്ടിലെ കുടുംബാംഗങ്ങള്‍ക്ക് ഞങ്ങളുടെ പാട്ടുകള്‍ വളരെ ആശ്വാസം നല്കുന്നുവെന്നു പറയാറുണ്ട്. അതിനാല്‍ സംഗീതത്തിന് ദൈവദത്തമായ എന്തെങ്കിലും ഉണ്ടെന്നു തന്നെ കരുതണം. സിസ്റ്റര്‍ സ്കോളാസ്റ്റിക്ക പറയുന്നു.
ഏകദേശം ആറാം നൂറ്റാണ്ടില്‍, സന്ന്യാസ മഠങ്ങളുടെ തുടക്കം മുതല്‍ സംഗീതം അവരുടെ ജീവിതരീതിയിലെ അവിഭാജ്യഘടകമാണ്. എളുപ്പത്തില്‍ പകര്‍ത്താന്‍ കഴിയാത്ത ഒരു സംഗീത രൂപമാണ് അതെന്നു മാത്രം.