ദക്ഷിണ കൊറിയയില്‍ നിന്നുള്ള പുതിയ ക്ലാസിക് സിനിമയായി ‘ഡിസിഷന്‍ ടു ലീവ്’ പരിഗണിക്കപ്പെടുന്നു. പാര്‍ക്ക് ചാന്-വൂക്ക് സംവിധാനം ചെയ്ത ചിത്രം.
റൊമാന്റിക് മിസ്റ്ററിയാണ്. ഒരു അസാധാരണ മരണവും അതിന്റെ അന്വേഷണവുമാണ് പ്രമേയമെങ്കിലും സാധാരണ വയലന്‍സ് നിറഞ്ഞ കൊറിയന്‍ ചിത്രങ്ങളുമായി ഡിസിഷന്‍ ടു ലീവിന് സാമ്യതകളൊന്നുമില്ല. 2022ല്‍ റിലീസ് ചെയ്ത ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധായകനുളള പുരസ്കാരം നേടി. 95-ാമത് ഓസ്കര് അക്കാദമി അവാര്‍ഡില്‍ മികച്ച ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിമിനുള്ള ദക്ഷിണ കൊറിയന്‍ എന്‍ട്രിയായിരുന്നു. മറ്റു നിരവധി രാജ്യാന്തര പുരസ്കാരങ്ങള്‍ നേടി. നാഷണല്‍ ബോര്‍ഡ് ഓഫ് റിവ്യൂ 2022-ലെ മികച്ച 5 അന്താരാഷ്ട്ര ചിത്രങ്ങളില്‍ ഒന്നായി ‘ഡിസിഷന്‍ ടു ലീവ്’ തിരഞ്ഞെടുത്തു.
ഹേ-ജൂന്‍ (ടാങ് വെയ്) ബുസാനില്‍ ഒരു കുറ്റാന്വേഷകനായി ജോലി ചെയ്യുന്നു. അയാളൊരു ഇന്‍സോമ്നിയ ബാധിതനാണ്(ഉറക്കം കുറവായ അവസ്ഥ). അയാളുടെ ഭാര്യ ജംഗ്-ആന്‍ ന്യൂക്ലിയര്‍ പവര്‍ പ്ലാന്റ് ജീവനക്കാരിയാണ്. ഭാര്യാഭര്ത്താക്കന്മാര് ആഴ്ചയില്‍ ഒരിക്കലാണ് കണ്ടുമുട്ടാറുള്ളത്. ഒരു പര്‍വതാരോഹകനായ കി ദോ സൂവിനെ അയാള്‍ പലപ്പോഴും കയറുന്ന ഒരു പര്‍വതത്തിന്റെ ചുവട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നു. കേസന്വേഷണ ചുമതല ഹേ-ജൂനും അയാളുടെ ചെറുപ്പക്കാരിയായ പങ്കാളി സൂ-വാനുമാണ്. മരിച്ച കി ദോ സൂവിന്റെ സുന്ദരിയായ ഭാര്യ സീയോ-റേയെ (പാര്‍ക്ക് ഹേ-ഇല്) അവര്‍ ചോദ്യം ചെയ്യുന്നു. അവള് പ്രായമായവരെ ശുശ്രൂഷിക്കുന്ന ജോലിയാണ് ചെയ്യുന്നത്. ഭര്‍ത്താവിന്റെ മരണത്തില്‍ അവള്‍ക്ക് വലിയ വിഷമമൊന്നുമില്ലെന്ന് അവര്‍ മനസിലാക്കുന്നു. അവളുടെ കൈകാലുകളിലെ മുറിവുകളും സംശയാസ്പദമാണ്.
ഹേ-ജൂന്‍ അന്വേഷണത്തിന്റെ ഭാഗമായി സിയോ-റേയുമായി കൂടെക്കൂടെ കൂടിക്കാഴ്ചകള്‍ നടത്തുന്നു. അയാളറിയാതെ അവളുമായി പ്രണയത്തിലാകുന്നു; അന്വേഷണം മുറയ്ക്ക് നടക്കുന്നുമുണ്ട്. തിരിച്ച് സിയോ-റേ കുറ്റാന്വേഷകനെ അയാളറിയാതെ നിരീക്ഷിക്കുന്നു. സിയോ-റേയുടെ ഒരു ക്ലൈന്റ് അവള്‍ക്കനുകൂലമായി മൊഴി കൊടുക്കുന്നു. ഭര്‍ത്താവ് മരിച്ച ദിവസം സിയോ-റേ അവള്ക്കൊപ്പമുണ്ടായിരുന്നുവെന്ന് അവര്‍ പറയുന്നു. മരണത്തിന് തൊട്ടുമുമ്പ് സിയോ-റേ ക്ലൈന്റിന്റെ വീടിന് പുറത്ത് നില്ക്കുന്നതായുള്ള ക്യാമറ ദൃശ്യങ്ങളും കുറ്റാന്വേഷകര്‍ക്കു ലഭിക്കുന്നു.
സിയോ-റേയുടെ പശ്ചാത്തലത്തെ കുറിച്ച് അന്വേഷകര്‍ അവളോട് ആരായുന്നു. അവളൊരു ചൈനീസ് കുടിയേറ്റക്കാരിയാണ്. ചോദ്യം ചെയ്യലിനിടയില്‍ താന്‍ തന്റെ അമ്മയെ കൊന്നുവെന്ന് സിയോ-റേ സമ്മതിക്കുന്നു. മാരകമായ അസുഖം ബാധിച്ച അമ്മ ദയാവധത്തിന് തന്നെ വിധേയമാക്കണമെന്ന് മകളോട് ആവശ്യപ്പെടുകയായിരുന്നുവത്രേ. മരിക്കുന്നതിനു മുമ്പ് കൊറിയക്കാരനായ മുത്തച്ഛന്റെ അടുത്തേക്കു പോകാന്‍ അമ്മ അവളോട് ആവശ്യപ്പെടട്ടെന്നും അവള് പറയുന്നു. തെളിവുകള്‍ പലതും എതിരായിട്ടും സിയോ-റേ നിരപരാധിയാണെന്ന് ഹേ-ജൂണ്‍ പറയുന്നു. അയാളുടെ സഹായിക്ക് ഇതൊട്ടും ദഹിക്കുന്നില്ല.
സിയോ-റേയും ഹേ-ജൂനും ഒരു ബുദ്ധക്ഷേത്രത്തില്‍ കണ്ടുമുട്ടുന്നു. അവര്‍ പരസ്പരം വീടുകള്‍ സന്ദര്‍ശിക്കുകയും അടുത്തിടപഴകുകയും ചെയ്യുന്നു. തന്റെ അപ്പാര്‍ട്ട്മെന്റ് സന്ദര്‍ശിക്കുന്നതിനിടെ, സിയോ-റേ തന്റെ ഭര്‍ത്താവിന്റെ കേസിലെ ഹേ-ജൂണിന്റെ തെളിവുകള്‍ നശിപ്പിച്ചു. അതിനിടെ സിയോ റേക്ക് അനുകൂലമായി മൊഴി നല്കിയ ക്ലൈന്റിന് മറവി രോഗമുണ്ടെന്ന് കണ്ടെത്തുന്നു.
സിയോ-റേ തന്റെ ഭര്‍ത്താവിനെ മലമുകളില്‍ നിന്നു തളളിയിട്ടതാണെന്ന് ഹേ-ജൂണ്‍ മനസിലാക്കുന്നു. അവളുടെ ശരീരത്തിലെ മുറിവുകള്‍ അപ്പോള്‍ സംഭവിച്ചതാണ്. മരിച്ചയാളില്‍ നിന്നു ലഭിച്ച ആത്മഹത്യകുറിപ്പും സിയോ-റേ വ്യാജമായി നിര്‍മിച്ചതായിരുന്നു. തെളിവുകള്‍ നശിപ്പിക്കാനാണ് സിയോ-റേ തന്നോട് അടുപ്പം കാണിച്ചതെന്ന് അയാള്‍ കുറ്റപ്പെടുത്തുന്നു. തൊഴിലിനോടുള്ള തന്റെ ആത്മാര്‍ത്ഥത അവള് നശിപ്പിച്ചുവെന്നും അയാള്‍ ആരോപിക്കുന്നു. എങ്കിലും, അവള്‍ക്കെതിരായ തെളിവുകള്‍ താന്‍ മറച്ചുവക്കുമെന്നും, അവള്‍ക്കെതിരായ തെളിവുകളുള്ള ഫോണ്‍ കടലില്‍ എറിഞ്ഞു കളയാനും അയാള്‍ നിര്‍ദേശിക്കുന്നു.
വിഷാദരോഗവും കഠിനമായ ഉറക്കമില്ലായ്മയും കൂടിയതിനെ തുടര്‍ന്ന് ഹേ-ജൂണ്‍ ഭാര്യ ജംഗ്-ആനിനൊപ്പം ജീവിക്കാന്‍ പുറപ്പെടുന്നു. അവിടെ ഒരു മത്സ്യമാര്‍ക്കറ്റില്‍ പുതിയ ഭര്‍ത്താവ് ഇം ഹോ-ഷിനുമായി അയാള്‍ സിയോ-റേയെ കണ്ടുമുട്ടുന്നു. അടുത്ത ദിവസം തന്നെ പുതിയ ഭര്‍ത്താവ് ഹോ-ഷിനെ തന്റെ മാളികയിലെ നീന്തല്‍ക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹേ-ജുന് കേസ് ഏറ്റെടുക്കുകയും സിയോ-റേ കുറ്റവാളിയാണെന്ന് കരുതുകയും ചെയ്യുന്നു. ഈ സന്ദര്‍ഭത്തില്‍ മറ്റൊരു ചൈനീസ് കുടിയേറ്റക്കാരനായ സാ ചിയോള്‍-സിയോങ്, താനാണ് കൊലയാളി എന്നു സമ്മതിക്കുന്നു. തന്റെ പരേതയായ അമ്മയെ ദശലക്ഷക്കണക്കിന് ഡോളര്‍ വഞ്ചിച്ചതിനുള്ള പ്രതികാരമായിരുന്നു അത്.
സിയോ-റേയെ അന്വേഷിച്ച് ഹേ-ജൂന്‍ ഒരു ബീച്ചിലെത്തുന്നു. അവളുടെ ഒഴിഞ്ഞ കാറും സെല്‍ ഫോണും കണ്ടെത്തുന്നു, സിയോ-റേ മണലില്‍ ഒരു വലിയ കുഴി കുഴിച്ച് വേലിയേറ്റം വരുമ്പോള്‍ അതില്‍ കയറിക്കിടക്കുന്നു. അവളാ കുഴിയിലെ വെള്ളത്തില്‍ മുങ്ങുമ്പോള്‍ മണല്വന്ന് കുഴി നിരപ്പാക്കുന്നു. ഹേ-ജൂന്‍ കടല്‍ത്തീരത്ത് അലഞ്ഞു നടന്ന് അന്വേഷിച്ചിട്ടും സിയോ-റേയെ കണ്ടെത്താനായില്ല. അവള് തന്റെ കാലുകള്‍ക്കടിയില്‍ അന്ത്യവിശ്രമം കൊള്ളുന്നത് അയാളറിയുന്നില്ല. അവന് അവളെ തീവ്രമായി അന്വേഷിക്കുന്നു, കാണാനാകാതെ വേദനയോടെ കരയുന്നു.
നിഗൂഢതയേക്കാള്‍ കൂടുതല്‍ പ്രണയം നിറഞ്ഞ ഒരു നിശബ്ദ സിനിമയാണ് പാര്‍ക്ക് ചാന്-വുക്ക് കഥപറച്ചില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് നിര്‍മിച്ചിട്ടുള്ളത്. മനുഷ്യമനസിലെ സങ്കീര്‍ണ്ണതകളെയും വൈരുദ്ധ്യങ്ങളെയും കുറിച്ചുള്ള കാഴ്ചപ്പാടുകളാണ് അദ്ദേഹം പറയുന്നത്. കിം ജി-യോങ്ങിന്റെ കയ്യടക്കമുള്ള ഛായാഗ്രഹണം സിനിമയുടെ പ്രത്യേകതരത്തിലുള്ള ആഖ്യാനത്തിന് വലിയ പിന്തുണയാണ് നല്‍കുന്നത്. ഹേ-ജൂണ്‍ സിയോ-റേയെ ചോദ്യം ചെയ്യുന്ന രംഗം, കണ്ണാടിയില്‍ പ്രതിഫലിപ്പിക്കുന്ന കഥാപാത്രങ്ങള്‍ ഉപയോഗിച്ച് ചിത്രീകരിച്ചിരിക്കുന്നത് ഉദാഹരണം.
കൊലപാതകത്തിന്റെയും പരിഹരിക്കപ്പെടാത്ത നിഗൂഢതകളുടെയും നിഴിലില്‍ നമ്മള് മുമ്പ് പലതവണ കണ്ടിട്ടുള്ള ഒരു ക്ലാസിക്കല്‍ കഥയുടെ കഥപറച്ചില്‍ പുനര്നിര്മ്മിക്കുയാണ് പാര്‍ക്ക് ചാന്-വുക്ക് എന്നു തോന്നിപ്പോകും. പഴയ ഹോളിവുഡ് സിനിമകളില്‍ പലതിലും കണ്ടിട്ടുള്ള ഒരു പ്രമേയമാണ് കേസന്വേഷകന്‍, കേസിലെ പ്രതിയായ സുന്ദരിയില്‍ വീണുപോകുന്നത്.
ഹിച്ച്കോക്കിന്റെ മഹത്തായ 1958 ലെ ക്ലാസിക് ചിത്രമായ വെര്‍ട്ടിഗോ ആയിരിക്കാം പാര്‍ക്കിന്റെ പ്രചോദനമെന്നു നമുക്കു തോന്നിപ്പോകും. പ്രത്യേകിച്ചും രണ്ടു ചിത്രങ്ങളിലും കണ്ണുകള്‍ക്കു നല്‍കിയിട്ടുള്ള പ്രാധാന്യം. ‘വെര്‍ട്ടിഗോ’യിലെ ഡിറ്റക്ടീവിനെപ്പോലെ, ഇടയ്ക്കിടെ കണ്ണില്‍ മരുന്ന് തുള്ളികള്‍ ഉപയോഗിക്കുന്നുണ്ട് ഹേ-ജൂണ്‍. ഡിസിഷന്‍ ടു ലീവിന്റെ ആദ്യ നിമിഷങ്ങളില്‍, മരിച്ച പര്‍വതാരോഹകന്റെ കണ്ണില്‍ ഉറുമ്പുകള്‍ ഇഴയുന്നതിന്റെ അസ്വസ്ഥതയുണ്ടാക്കുന്ന ക്ലോസപ്പ് ഷോട്ടുണ്ട്. കണ്ണുകള്‍ തുറന്ന കാഴ്ചകളെ പ്രതിനിധീകരിക്കുന്നു. എന്നാല്‍ കാണുന്നതെല്ലാം സത്യമാണോ എന്ന ചോദ്യവും സിനിമ ഉയര്‍ത്തുന്നു. ഒരു കുറ്റാന്വേഷകന് തന്റെ മുന്നില്‍ അനാവരണം ചെയ്യപ്പെടുന്ന സത്യത്തിലേക്കല്ല തന്റെ കാഴ്ചകളെ നയിക്കുന്നത്. ഇവിടെ കാഴ്ചയേയും സത്യത്തേയും വിമര്‍ശനാത്മകമായി സിനിമ കൈകാര്യം ചെയ്യുന്നു. ഹേ-ജൂണ്‍ തന്റെ ഭാര്യയോട് അവിശ്വസ്തനാണ്. കേസ് പരിഹരിക്കാന്‍ തന്റെ ടീമിനെ സഹായിക്കാന്‍ മനഃപൂര്‍വം കാര്യമായൊന്നും ചെയ്യുന്നില്ല. ധാര്‍മ്മികമായി ദുര്‍ബലമായ വഴികളിലൂടെയാണ് നായികനായകന്മാര് സഞ്ചരിക്കുന്നത്.
കുടിയേറ്റക്കാരുടെ പിരിമുറുക്കങ്ങള്‍, ദുരൂഹത, ദുര്‍ബല പ്രണയം, ആധുനിക ജീവിതത്തിന്റെ ഒറ്റപ്പെടല്‍ എന്നിവയെല്ലാം ഈ സിനിമയുടെ അരികുകളില്‍ ഉണ്ടെങ്കിലും അവ ഒട്ടും പ്രസക്തമല്ല. സിനിമയുടെ സാവധാനത്തിലുള്ള പ്രയാണം എല്ലാ പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെട്ടുവെന്നു വരില്ല.