അവിടെയാണ് ഇന്ത്യയുടെ പ്രധാനമന്ത്രി, യുഎന്‍ വാചകമടിക്കാരുടെ ഇടം ആവരുത് എന്നുള്ള നിശിതമായ വിമര്‍ശനം ഉയര്‍ത്തിയത്. അഭിമാനം തോന്നിപ്പോയി നമ്മുടെ പ്രധാനമന്ത്രിയെകുറിച്ച്.
അധികാരത്തിലേറിയ ശേഷം അമേരിക്കന്‍ പ്രസിഡന്റ് ബൈഡന് സ്വപ്നം കാണുന്നത് ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഉള്ള പരസ്പര സഹകരണവും പങ്കാളിത്തവും ആണ്. ഇതിനേക്കാള്‍ ഏറെ അമേരിക്കയുടെ അധീശത്വം ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ അരക്കിട്ടുറപ്പിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്നം. അതുകൊണ്ടുതന്നെ ജി-സെവന് ഉച്ചകോടിയുടെ പല നിര്‍ദേശങ്ങളും കര്‍മ്മപദ്ധതികളും അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ പ്രഖ്യാപനങ്ങളെ ചൂഴ്ന്നുനിന്നാണ് രൂപപ്പെട്ടത്.
2023ലെ ജി-7 ഉച്ചകോടി ജപ്പാനില്‍ മേയ് 21 വരെ സംഘടിപ്പിച്ചപ്പോള്‍ ആറ്റംബോംബ് തകര്‍ത്തെറിഞ്ഞ ഹിരോഷിമയില്‍ തന്നെയായി എന്നത് യാദൃച്ഛികമല്ല. എന്നത്തേക്കാളും കൂടുതല്‍ ഐക്യത്തോടെ ജി-7 രാഷ്ട്രങ്ങള്‍ അന്താരാഷ്ട്ര മാനവും പ്രാധാന്യവും ഉള്ള ചില വിഷയങ്ങളില്‍ തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കിയ ഒരു ഉച്ചകോടി എന്നുള്ള നിലയില്‍ ഹിരോഷിമ ഉച്ചകോടി വളരെ പ്രാധാന്യമര്‍ഹിക്കുന്നു. കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്, യുകെ, അമേരിക്ക, യൂറോപ്യന്‍ യൂണിയനിലെ രാഷ്ട്രങ്ങള്‍ തുടങ്ങിയ ലോകത്തിലെ സമ്പന്ന രാഷ്ട്രങ്ങള്‍ ചേര്‍ന്ന ഒരു അനൗദ്യോഗിക സംഘടനയാണ് ജി-7. യുക്രെയ്ന്, ചൈന ചര്‍ച്ചകളിലും സാമ്പത്തിക സുരക്ഷിതത്വം, വരുംകാലത്തെ ശുദ്ധമായ ഊര്ജ്ജസമ്പദ് വ്യവസ്ഥ (ക്ലീന്‍ എനര്‍ജി ഇക്കോണമി), ആണവനിരായുധീകരണം, ദാരിദ്ര്യനിര്‍മാര്‍ജനം തുടങ്ങിയ വിഷയങ്ങളിലും കാലാവസ്ഥാ വ്യതിയാനങ്ങള്‍ തീര്‍ക്കുന്ന ആഗോള വെല്ലുവിളികളെകുറിച്ചുള്ള നിലപാടുകളിലും ഈ ഉച്ചകോടി ഒരുമിച്ച് തീരുമാനങ്ങള്‍ കൈക്കൊണ്ടു എന്നത് ശുഭോദര്‍ക്കമായ കാര്യമാണ്. ജി-7 രാഷ്ട്രനേതാക്കള്‍ യുക്രെയ്ന് നയതന്ത്രപരവും സാമ്പത്തികവും മാനവികവും (ഹ്യുമാനിറ്റേറിയന്‍), സുരക്ഷാപരവുമായ പിന്‍ബലം പകരുന്നതിനുള്ള ശക്തമായ അജണ്ട പ്രഖ്യാപിക്കുകയുണ്ടായി. റഷ്യയെയും യുദ്ധത്തില്‍ റഷ്യയെ സഹായിക്കുന്നവരെയും ഒറ്റപ്പെടുത്താനും റഷ്യന്‍ യുദ്ധം ലോകത്തിനുമേല്‍, പ്രത്യേകിച്ച് ദരിദ്രരാജ്യങ്ങളുടെമേല്‍, ഏല്പിക്കുന്ന ആഘാതത്തെ ചെറുക്കാനുമുള്ള തീരുമാനമാണ് ഈ ഉച്ചകോടിയുടെ പ്രധാന സവിശേഷത.
റഷ്യയെ സാമ്പത്തികമായി ദുര്‍ബലപ്പെടുത്തി അതിന്റെ യുദ്ധപ്രവണതയെ ദുര്‍ബലപ്പെടുത്തുന്നതിനുള്ള തീരുമാനങ്ങളാണ് നേതാക്കള്‍ ഉച്ചകോടിയില്‍ കൈക്കൊണ്ടത്.
പഴുതുകള്‍ അടച്ചുകൊണ്ട് റഷ്യയെ ഒറ്റപ്പെടുത്താനാണ് ശ്രമം. ഊര്‍ജ്ജ മേഖലയില്‍ റഷ്യയുമായുള്ള സഹകരണം കുറയ്ക്കുക, അന്താരാഷ്ട്ര സാമ്പത്തിക വ്യവസ്ഥിതിയില്‍ റഷ്യക്കുള്ള അവകാശമില്ലാതാക്കുക, യുദ്ധത്തിലൂടെ വരുത്തിയ നഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം കൊടുക്കുന്നതുവരെ റഷ്യയുടെ ആസ്തികള്‍ (സൊവറിന്‍ അസെറ്റ്സ്) നിശ്ചലമാക്കുക, റഷ്യയില്‍ നിന്നുള്ള 70 കമ്പനികളെ വിലക്കുക തുടങ്ങി കപ്പലുകള്‍ക്കും റഷ്യന്‍ വിമാനങ്ങള്‍ക്കും, എന്തിനേറെ പറയുന്നു, റഷ്യയില്‍ നിന്നുള്ള അഭിനേതാക്കള്‍ക്കുവരെ വിലക്കേര്‍പ്പെടുത്തുക തുടങ്ങിയ വളരെ കാര്‍ക്കശ്യമുള്ള തീരുമാനങ്ങള്‍ ഹിരോഷിമ ഉച്ചകോടിയില്‍ രൂപംകൊണ്ടു.
ഭക്ഷ്യസുരക്ഷയ്ക്ക് ഒരു പ്രവര്‍ത്തനപദ്ധതി (അക്ഷന്‍ പ്ലാന്‍), പ്രാദേശിക സമഗ്രത (ടെറിറ്റോറിയല്‍ ഇന്റഗ്രിറ്റി), രാജ്യങ്ങളുടെ പരമാധികാരം, അന്താരാഷ്ട്ര നിയമങ്ങളോടുള്ള ബഹുമാനം എന്നിവയിലൂടെ മാത്രമേ ലോകത്ത് സ്ഥിരവും നീതിയിലധിഷ്ഠിതവുമായ സമാധാനം കൈവരിക്കാനാവൂ എന്ന് ഉച്ചകോടി നിരീക്ഷിച്ചു. യുക്രെയ്ന്, ഓസ്ട്രേലിയ, ബ്രസീല്‍, കുക്ക് ഐലന്‍ഡ്, കോണ്ടി മറോസ്, ഇന്ത്യ, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളുടെ നേതാക്കളുമായി ജി-7 രാഷ്ട്രങ്ങള്‍ ചര്‍ച്ച നടത്തുകയുണ്ടായി. അവിടെയാണ് ഇന്ത്യയുടെ പ്രധാനമന്ത്രി, യുഎന്‍ വാചകമടിക്കാരുടെ ഇടം ആവരുത് എന്നുള്ള നിശിതമായ വിമര്‍ശനം ഉയര്‍ത്തിയത്. അഭിമാനം തോന്നിപ്പോയി നമ്മുടെ പ്രധാനമന്ത്രിയെകുറിച്ച്.
ചൈനയുടെ മാര്‍ക്കറ്റ് നയങ്ങളെയും പ്രയോഗങ്ങളെയും നേതാക്കള്‍ വിമര്‍ശനവിധേയമാക്കി. തായ് വാനുമായുള്ള കടലിടുക്ക് പ്രശ്നങ്ങളില്‍ ചൈന സമാധാനപരമായ ഒത്തുതീര്‍പ്പിന് ശ്രമിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. ബലപ്രയോഗം നടത്തരുതെന്ന് കര്‍ശനമായ താക്കീതും നല്കി. കിഴക്കുതെക്ക് ചൈനാകടലില്‍ സമാധാനാന്തരീക്ഷം സംസ്ഥാപിക്കുന്നതിന് ചൈനയോട് ആവശ്യപ്പെടുകയും ചെയ്തു. ചൈനയിലെ മനുഷ്യാവകാശലംഘനങ്ങളെകുറിച്ചുള്ള ആശങ്ക രേഖപ്പെടുത്തുന്നതോടൊപ്പം ജനാധിപത്യപരമായ അടിസ്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള ഉപദേശവും നല്കി.
വിതരണ ശൃംഖലകള്‍ (സപ്ലൈചെയിന്സ്) വളര്‍ത്തുക, പരാധീനതകള്‍ (വള്നെറബിലിറ്റീസ്) ഉന്മൂലനം ചെയ്യുക, ക്ഷുദ്ര സമ്പ്രദായങ്ങള്‍ (മലൈന്‍ പ്രാക്റ്റീസസ്) നിര്‍ത്തലാക്കുക തുടങ്ങിയവയിലൂടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിന് ഉച്ചകോടി ഉറച്ച ചുവടുവയ്പ്പുകള്‍ നടത്തി. ഇരട്ട ഉപയോഗ സാങ്കേതികവിദ്യകള്‍ തന്ത്രപരരായ എതിരാളികളുടെ (സ്ട്രാറ്റജിക് റൈവല്‍സ്) കൈകളില്‍ വീഴാതിരിക്കാന്‍ ബൈഡന് അമേരിക്കയില്‍ ചെയ്തത് മാതൃകയാക്കാനും ജി-7 നേതാക്കള്‍ തീരുമാനങ്ങളെടുത്തു. പാരിസ് ഉടമ്പടിയുടെ ലക്ഷ്യങ്ങളിലേക്ക് മുന്നേറാനും അതോടൊപ്പം വ്യാവസായികമായി അടിത്തറ ആകാനും ആഗോളതലത്തിലുള്ള ആഹ്വാനത്തിന് മുതിര്‍ന്നു, ഹിരോഷിമ ഉച്ചകോടി.
പാരിസ് കാലാവസ്ഥാ പ്രതിജ്ഞാബദ്ധതകളിലേക്ക് (പാരിസ് ക്ലൈമറ്റ് കമ്മിറ്റ്മെന്റ്സ്) അമേരിക്ക ചുവടുവച്ചുകൊണ്ടിരിക്കയാണെന്ന് ബൈഡന് പറഞ്ഞപ്പോള്‍ ജി-7 ഉച്ചകോടികളില്‍ ഇന്നുവരെ കേട്ടിട്ടില്ലാത്ത ഒരു സുവാര്ത്തയായി ലോകം കാതോര്‍ത്ത് കേട്ടു. പുതിയ പ്രോത്സാഹനങ്ങള്‍ (ന്യൂ ഇന്‍സെന്റീവ്സ്), വ്യാവസായിക നയങ്ങള്‍, സ്വകാര്യ-പൊതു നിക്ഷേപങ്ങള്‍ മുതലായവ പാരിസ് ഉടമ്പടി നടപ്പില്‍വരുത്തുന്നതിന് അത്യാവശ്യമാണെന്ന് നേതാക്കള്‍ സംശയമില്ലാതെ പ്രഖ്യാപിക്കുകയും ഒരുമിച്ചുള്ള പ്രവര്‍ത്തനത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തു.
സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്ക് (സസ്റ്റെയ്നബിള്‍ ഡെവലപ്മെന്റ് ഗോള്‍സ്) ലോകരാഷ്ട്രങ്ങള്‍ മുന്നേറണം എന്നും വികസ്വര രാജ്യങ്ങള്‍ അത്തരം ലക്ഷ്യങ്ങളില്‍ എത്തിച്ചേരുന്നതിന് അവരെ സഹായിക്കണമെന്നും ബൈഡന് ഊന്നിപറഞ്ഞു. ഭക്ഷ്യആരോഗ്യ സമ്പ്രദായങ്ങളില്‍ വരേണ്ട മാറ്റങ്ങളും കാലാവസ്ഥാ വ്യതിയാനവും ഉച്ചകോടിയിലെ ചര്‍ച്ചാ വിഷയങ്ങളായി. താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ ദാരിദ്ര്യനിര്‍മാര്‍ജനത്തിനും മറ്റും മള്‍ട്ടിലാറ്ററല്‍ ബാങ്കുകള്‍ക്കു രൂപം കൊടുക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയുണ്ടായി.
പ്രാഥമിക ആരോഗ്യ സംരക്ഷണ സമ്പ്രദായത്തില്‍ വേണ്ട മാറ്റങ്ങളെകുറിച്ചും 2025 അവസാനത്തോടെ ‘എല്ലാവര്ക്കും സംലഭ്യമായ ആരോഗ്യമേഖല’ എന്ന ആശയവും അഭിലഷണീയം തന്നെ. അമേരിക്ക 2022ല്‍ 10 ബില്യണ്‍ ഡോളര്‍ ആരോഗ്യമേഖലയുടെ ഉന്നമനത്തിനായി ചെലവിടുന്നു. എച്ച്ഐവി ബാധിതരും എയ്ഡ്സ് രോഗികളും മലേറിയ രോഗികളും എല്ലാം ഫിസ്കല്‍ ഫണ്ടിന്റെ ഗുണഭോക്താക്കള്‍ ആയിത്തീരുന്നു. ആരോഗ്യമേഖലയിലും അമേരിക്ക ലോകരാഷ്ട്രങ്ങളുടെ മുന്നില്‍ മാതൃകയായി വിലസുന്നു. ആണവ നിരായുധീകരണത്തിലൂടെ ലോകം കൂടുതല്‍ സുരക്ഷിതമായ ഒരിടമാക്കി തീര്‍ക്കുന്നതിന് ജി-7 ഉച്ചകോടി ഒരു ഉണര്‍ത്തുപാട്ടായി, ഹിരോഷിമയുടെ മണ്ണില്‍.
പല്ലില്ലാത്ത കടുവ
ജോണ്‍ ഓസ്റ്റിന്‍ നിയമത്തെ രാജാവിന്റെ ആജ്ഞയായി (കമാന്‍ഡ് ഓഫ് ദി സൊവറിന്‍) വ്യാഖ്യാനിക്കുന്നു. നിയമം രാജാവിന്റെ ആജ്ഞയും നിയമലംഘനം നടത്തുന്നവന് രാജാവിന്റെ ആജ്ഞ ലംഘിക്കുന്നവനും ആയിത്തീരുന്നു. അങ്ങനെ നിയമലംഘകന് ശിക്ഷയ്ക്കു വിധേയനാകുന്നു. നിയമജ്ഞനായ ജോണ്‍ ഓസ്റ്റിന്റെ സിദ്ധാന്തം അന്താരാഷ്ട്ര നിയമങ്ങളെയും ഉടമ്പടികളെയും ഉച്ചകോടികളെയും, എന്തിനേറെ പറയുന്നു, അന്താരാഷ്ട്ര നീതിന്യായ കോടതിയെ പോലും കടലാസ് കടുവകള്‍ ആയി വ്യാഖ്യാനിക്കാന്‍ പോരുന്നതാണ്. കാരണം, അന്താരാഷ്ട്ര നിയമങ്ങളും ഉടമ്പടികളും ലംഘകരെ കടിക്കാത്ത പല്ലില്ലാത്ത കടുവകള്‍ ആണെന്നതുതന്നെ.