40 കാരിയായ റേച്ചല്‍ എന്ന അധ്യാപികയാണ് മുഖ്യകഥാപാത്രം. റേച്ചല്‍ (വിര്‍ജീനി എഫിറ) ഒരു ഹൈസ്കൂളില്‍ ജോലി ചെയ്യുന്നു. അര്‍പ്പണബോധമുള്ള ഒരു അധ്യാപിക. വലിയ സൗഹൃദക്കൂട്ടായ്മയുടെ ഉടമയാണവള്‍. ഗിറ്റാര്‍ പഠിക്കാനും സമയം കണ്ടെത്തുന്നു. ചുരുക്കിപ്പറഞ്ഞാല്‍ തന്റെ ജീവിതം ഈ രീതിയില്‍ ജീവിച്ചു തീര്‍ക്കുന്നതില്‍ തികച്ചും സന്തുഷ്ട. ഒരിക്കല്‍ അവള് ഒരു പ്രേമത്തില്‍ കുരുങ്ങുന്നിടത്താണ് വഴിത്തിരിവ്. ഒരു വ്യാവസായിക ഡിസൈനറാണ് അലി. അവള് സായാഹ്ന ക്ലാസ്സില്‍ ഗിറ്റാര്‍ പഠിക്കുമ്പോഴാണ് അയാളെ കണ്ടുമുട്ടുന്നത്. അവര്‍ മധ്യവയസ്കരാണെങ്കിലും കൗമാരക്കാരെപ്പോലെ ശൃംഗരിക്കുകയും രാത്രികള്‍ ഒരുമിച്ച് ചെലവഴിക്കുകയും താമസിയാതെ സ്നേഹത്തില്‍ നിമഗ്നരാകുകയും ചെയ്യുന്നു.
അലിയുമായുള്ള (റോഷ്ഡി സെം) പ്രണയം അവളെ അയാളുടെ നാല് വയസ്സുള്ള മകള്‍ ലൈലയുമായും (കാലി ഫെറേറ ഗോണ്‍കാല്‍വ്സ്) അടുപ്പിക്കുന്നു. റേച്ചല്‍ സ്വയം കുടുംബജീവിതത്തിലേക്ക് ഇറങ്ങുകയാണ്. ലൈലയോട് കഥകള്‍ പറഞ്ഞ് അവളെ ജൂഡോ ക്ലാസുകളിലേക്ക് കൊണ്ടുപോകുന്നു; ഒരു കുഞ്ഞിനായി കൊതിക്കുന്നു. റേച്ചലിന്റെ സഹോദരി അവള് ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. റേച്ചലിന് അത് ഒരു കയ്പേറിയ ആവേശമാണ്. റേച്ചലിന് 9 വയസ്സുള്ളപ്പോള്‍ അവരുടെ അമ്മ മരിച്ചിരുന്നു, പക്ഷേ അവരുടെ പിതാവിനൊപ്പം സന്തോഷകരമായി ജീവിച്ചു. കുടുംബം അവളുടെ പിതാവിനും സഹോദരിക്കുമൊപ്പം സിനഗോഗിന് പുറത്ത് ജൂതന്മാരുടെ പുതുവത്സര ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിലൂടെ സിനിമയില്‍ കാലം അടയാളപ്പെടുത്തിയിരിക്കുന്നു. അലിക്ക് അറബി പശ്ചാത്തലമുണ്ടെന്ന കാര്യം ഒരിക്കലും പരാമര്‍ശിച്ചിട്ടില്ലെങ്കിലും അത് തീര്‍ച്ചയായും ശ്രദ്ധേയമാണ്. മരണം, കുടുംബം, നഷ്ടം എല്ലാം ചിത്രത്തിലടങ്ങിയിരിക്കുന്നു.
തകര്‍ന്ന ദാമ്പത്യബന്ധങ്ങളിലെ കുട്ടികള്‍ പഴയതും പുതിയതുമായ അവരുടെ മാതാപിതാക്കളുടെ ഇടയില്‍ മാറിമാറി ജീവിക്കുന്നതും അവരുടെ മാതാപിതാക്കളുടെ മുന്‍ ബന്ധങ്ങളില്‍ നിന്നുള്ള അര്ദ്ധസഹോദരങ്ങളുമായി അവരുടെ ജീവിതം ചെലവഴിക്കുന്ന മിശ്രിത കുടുംബങ്ങളായിരിക്കുന്നതും പാശ്ചാത്യനാടുകളില്‍ ഇപ്പോള്‍ വളരെ സാധാരണമാണ്, കയ്പേറിയ വേര്പിരിയലുകള്, പുതിയ കിടക്കകള്‍, അവയില്‍ പ്രത്യക്ഷപ്പെടുന്ന പുതിയ ആളുകള്‍, മുതിര്‍ന്നവരുടെ സുഖങ്ങളില്‍, സ്വാര്‍ത്ഥതകളില്‍ കുട്ടികള്‍ അനുഭവിക്കുന്ന വേദനകള്‍, അവരുടെ അമ്മയോടും പിതാവിനോടും അടുത്ത്് ഇടപഴകുന്ന പുതിയ പങ്കാളികള്‍: എല്ലാം സാധാരണമാണ് എന്നു പറയുമ്പോഴും ഇതൊന്നും എളുപ്പമല്ല, ഏറ്റവും കുറഞ്ഞത് നമ്മുടെ ഇന്ത്യന്‍ സാഹചര്യങ്ങളിലെങ്കിലും.
റേച്ചലിന്റെ ജീവിതത്തിന്റെ റെബേക്ക സ്ലോടോവ്സ്കി ശൈലിയിലുള്ള ചിത്രീകരണം വ്യത്യസ്തമാണ്. ഒരുപക്ഷേ, ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീയെ, അവളുടെ വികാരവിചാരങ്ങളെ എളുപ്പം തിരിച്ചറിയാനാകും എന്നിടത്താണ് ഇതു പ്രസക്തമാകുക. റേച്ചല്‍ ഒരു സങ്കീര്ണകഥാപാത്രമായിരിക്കുമെന്ന പ്രേക്ഷകന്റെ ധാരണ പലപ്പോഴും അട്ടിമറിക്കപ്പെടുകയാണ്. സംയോജിത വികാരങ്ങളാണ് റേച്ചലിന്റെ കഥാപാത്രത്തെ മുന്നോട്ടു നയിക്കുന്നത്. അവളുടെ സൂക്ഷ്മമായ ശരീരഭാഷയിലൂടെയാണ് അതു വ്യക്തമാക്കപ്പെടുന്നത്. പ്രതിഭാധനയായ ഒരു ചലച്ചിത്രകാരനെ നമുക്കവിടെ കണ്ടെത്താം. നാടകീയമായ ക്ലീഷേകളും സ്റ്റീരിയോടൈപ്പുകളും സമര്‍ത്ഥമായി ഒഴിവാക്കുകയും ചെയ്യുന്നു.
റേച്ചലിന്റെ സ്വഭാവം നിര്‍വചിക്കുന്നത് അവളുടെ ഉത്കണ്ഠകളാണെന്നു പറയാം. കുട്ടികളുണ്ടാകുക, സ്നേഹം കണ്ടെത്തുക, ഒരു നിശ്ചിത പ്രായത്തില്‍ സ്നേഹിക്കപ്പെടുക എന്നിങ്ങനെ നീളുന്നു അത്. ധാര്‍ഷ്ട്യക്കാരനും പഠിക്കാന്‍ മോശവുമായ തന്റെ വിദ്യാര്‍ഥി ഡിലനെ കുറിച്ചും (വിക്ടര്‍ ലെഫെബ്വ്രെ) തന്റെ വളര്‍ത്തുമകളായ ലൈലയെ കുറിച്ചും അവള് വിഷമിക്കുന്നുണ്ട്. അലിയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് റേച്ചല്‍ ആശങ്കാകുലയാണ്, അവന് ആദ്യമായി ‘ഞാന്‍ നിന്നെ സ്നേഹിക്കുന്നു’ എന്ന് പറയുമ്പോള്‍ അവളുടെ മറുപടി, ‘എനിക്ക് നിന്നോട് ദേഷ്യമുണ്ട്’ എന്നാണ്. അലി മറുപടി പറഞ്ഞു, ‘എനിക്കറിയാം.’ ആ രംഗം അവിടെ അവസാനിക്കുന്നില്ല; പകരം, ‘നിങ്ങള്‍ക്കറിയാമെന്ന് എനിക്കറിയാം’ എന്ന് റേച്ചല്‍ കൂട്ടിച്ചേര്‍ക്കുന്നു.
സിനിമയിലെ കഥാപാത്രങ്ങള്‍ക്കെല്ലാം ആനന്ദിന്റെ നോവലുകളിലെ കഥാപാത്രങ്ങളെ പോലെ സമ്പന്നമായ ആന്തരിക ജീവിതമുണ്ട്. അല്ലെങ്കില്‍ സംവിധായിക അത് ഉറപ്പാക്കുന്നുണ്ട്. ‘ഞാന്‍ ഗുളിക കഴിക്കുന്നില്ല’ എന്ന് റേച്ചല്‍ പറയുമ്പോള്‍ ‘മറ്റു വഴികളുണ്ട്’ എന്ന് റേച്ചലിനെ ആശ്വസിപ്പിച്ച ശേഷം അലി അവരെ രണ്ടുപേരെയും ഒരു പുതപ്പ് കൊണ്ട് മൂടുന്നു. നിങ്ങള്‍ ഒരു ആദര്‍ശവാദിയാണ്, ഞാന്‍ ഒരു പ്രായോഗികവാദിയാണ്’ എന്നാണ് റേച്ചല്‍ അലിയോടു പറയുന്നത്.
പ്രശസ്ത അമേരിക്കന്‍ ഡോക്യുമെന്റേറിയന്‍ ഫ്രെഡറിക് വൈസ്മാന് സിനിമയില്‍ രണ്ട് സീനുകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട് (വൈസ്മാന്റെ കഥാപാത്രത്തിന്റെ പേര് വൈസ്മാന് എന്നു തന്നെ). റേച്ചലിന് സ്വന്തമായി കുട്ടികളുണ്ടാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, സമയം ഇപ്പോഴാണ് എന്ന് അവളോട് ഉപദേശിക്കുന്ന ഒരു വയോധികനായാണ് അദ്ദേഹം അഭിനയിക്കുന്നത്. തനിക്ക് എത്ര സമയമുണ്ടെന്ന് റേച്ചല്‍ വൈസ്മാനോട് ചോദിക്കുമ്പോള്‍, അയാള്‍ പറയുന്നു: ‘എല്ലാ ദിവസവും രാവിലെ ഞാന്‍ എന്നോട് തന്നെ ആ ചോദ്യം ചോദിക്കുന്നു.’ ‘ജീവിതം ചെറുതും ദീര്‍ഘവുമാണ്’ എന്ന് അവള് നെടുവീര്‍പ്പിടുമ്പോള്‍, അയാള്‍ സമ്മതിക്കുന്നു.
ഒരു കുടുംബം കെട്ടിപ്പടുക്കുന്നതിനെ കുറിച്ചുള്ള റേച്ചലിന്റെ സങ്കല്പങ്ങള് വിജയിച്ചേക്കാം, അല്ലെങ്കില്‍ വിജയിച്ചേക്കില്ല. സിനിമയില്‍ അതിന് പ്രസക്തിയേയില്ല. അദര്‍ പീപ്പിള്‍സ് ചില്‍ഡ്രനില്‍ അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങളുണ്ട്. ഒരു കുടുംബചിത്രമാണ് എന്നു തോന്നിക്കുമെങ്കിലും നമ്മുടെ സങ്കല്പത്തിലെ ഒരു കുടുംബചിത്രമാകുന്നില്ല; കുട്ടികളോടൊത്ത് കാണാന്‍ കഴിയുന്ന സിനിമയല്ല. അതൊരര്ത്ഥത്തില് വലിയ വിജയമാണ്. സാമ്പ്രദായിക മുന്‍ധാരണകളെ തിരുത്താന്‍ അതു സഹായിച്ചേക്കും.