ആസൂത്രിതമായ വംശീയ ഉന്മൂലനം എന്നാണ് ഇന്ത്യയുടെ വടക്കുകിഴക്കന്‍ അതിര്‍ത്തിയിലെ മണിപ്പുരില്‍ മേയ് മൂന്ന്, നാല് തീയതികളില്‍ ആളിപ്പടര്‍ന്ന വര്‍ഗീയ കലാപത്തെ ചുരാചാന്ദ്പുര്‍ സായ്കോട്ടിലെ കുക്കി ഗോത്രവര്‍ഗക്കാരനായ ബിജെപി എംഎല്‍എ പാവോലിയന്ലാല് ഹവോകിപ് വിശേഷിപ്പിക്കുന്നത്.
തലസ്ഥാന നഗരമായ ഇംഫാല്‍ ഉള്‍പ്പെടുന്ന സമതലപ്രദേശത്തെയും മലയോരങ്ങളിലെയും കുക്കി ജനവിഭാഗത്തിന്റെ വീടുകളും കടകളും പള്ളികളും കോണ്‍വെന്റുകളും തിയോളജിക്കല്‍ കോളജും സ്കൂളുകളും ആശുപത്രികളും മറ്റു സ്ഥാപനങ്ങളും വാഹനങ്ങളും വസ്തുവകകളും തിരഞ്ഞുപിടിച്ച് കൊള്ളിവയ്ക്കാനും കൂട്ടക്കൊലയ്ക്കും കൊള്ളയ്ക്കും ചിലയിടങ്ങളില്‍ സംസ്ഥാന പൊലീസ് കമാന്‍ഡോകളും അക്രമിസംഘങ്ങള്ക്കൊപ്പം കൂടിയെന്ന് ആ ഭരണകക്ഷി എംഎല്‍എ സ്ഥിരീകരിക്കുന്നു.
വംശീയ വിരോധങ്ങളുടെയും സ്വത്വസംഘര്ഷങ്ങളുടെയും മുറിപ്പാടുകളുമായി ജീവിക്കുന്ന ജനസമൂഹങ്ങളെ വിദ്വേഷത്തിന്റെ സംസ്ഥാപിത ആവാസവ്യവസ്ഥയില്‍ പരസ്പരം വെട്ടിക്കീറാന്‍ പ്രേരിപ്പിക്കുന്ന കുടില രാഷ്ട്രീയതന്ത്രത്തിന്റെ മറ്റൊരു ദൃഷ്ടാന്തമാണ് മണിപ്പുരിലെ അക്രമസംഭവങ്ങള്‍. മലമ്പ്രദേശത്തെ വനവാസികളായ ക്രൈസ്തവ ഗോത്രവര്‍ഗക്കാര്‍ക്കും അടിവാരത്തെ ഭൂരിപക്ഷ ഹൈന്ദവ മൈതേയ് ജനവിഭാഗങ്ങള്‍ക്കുമിടയില്‍ ഭൂമിശാസ്ത്രപരമായും ചരിത്രപരമായും സാമൂഹിക, സാമ്പത്തിക, സാംസ്കാരിക കാരണങ്ങളാലും പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന സ്ഫോടനാത്മക ഭ്രംശരേഖകളിലുരസി വര്‍ഗീയ ധ്രുവീകരണത്തിന്റെ ജ്വാലാമുഖം തുറക്കാനുള്ള ബിജെപിയുടെ രാഷ്ട്രീയ തീക്കളിയുടെ ദുരന്തകാണ്ഡങ്ങളിലൊന്നാണ് മണിപ്പുര്‍ കണ്ടത്. ഇത്രയും രൂക്ഷമായ വര്‍ഗീയ സംഘര്‍ഷവും ക്രൈസ്തവ വേട്ടയും കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഈ നാടിനെ ഉലച്ചിട്ടില്ല.
മൈതേയ് വംശജനായ ബിജെപി മുഖ്യമന്ത്രി നോംഗ്ഥോംബം ബിരേന്‍ സിങ് 60 പേര് കൊല്ലപ്പെട്ടതിന്റെയും 231 പേര്‍ക്ക് പരിക്കേറ്റതിന്റെയും 1,700 വീടുകളും ”ഏതാനും ആരാധനാലയങ്ങളും” നശിപ്പിക്കപ്പെട്ടതിന്റെയും കണക്കു പറഞ്ഞ് നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നുണ്ട്. അക്രമങ്ങളില്‍ 70 ഗോത്രവര്‍ഗ ഗ്രാമങ്ങളാണ് കത്തിച്ചാമ്പലായത്. ഇംഫാല്‍ താഴ് വരയിലെ കുക്കി ക്രൈസ്തവ പാര്പ്പിടങ്ങളെല്ലാംതന്നെ സംഘടിതമായി ആക്രമിക്കപ്പെട്ടു. അതീവ സുരക്ഷാമേഖലയിലെ ഉന്നതരെയും ഒഴിവാക്കിയില്ല. ഗോത്രവര്‍ഗ മന്ത്രി ലെറ്റ്പാവോ ഹവോകിപ്പിന്റെയും മുന്‍ മന്ത്രി വി. ഹാങ്ഖാന്ലിയന്റെയും വസതികളും തീവച്ചു. സംസ്ഥാന ഡിജിപിയുടെ ഔദ്യോഗിക വസതിക്കടുത്തും നിയമസഭാമന്ദിരത്തിനടുത്തുമുള്ള ദേവാലയങ്ങളും തകര്‍ക്കപ്പെട്ടു. കുക്കി ബിജെപി എംഎല്‍എ വുന്ജാഗിന് വാള്ട്ടെയ്ക്ക് ഇംഫാലില്‍ ജനക്കൂട്ട ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. മണിപ്പുര്‍ യൂണിവേഴ്സിറ്റിയിലെ വനിതാ ഹോസ്റ്റലുകളില്‍ ഗോത്ര വിഭാഗക്കാരുടെ മുറികളില്‍ കയറി അക്രമികള്‍ അഴിഞ്ഞാടി.
ചുരാചാന്ദ്പുര്‍, ഉഖ്റുള്‍, ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ്, കാങ്പോക്പി ജില്ലകളിലെ കലാപമേഖലകളില്‍ നിന്നു രക്ഷപ്പെടുത്തിയ 35,000 പേര്‍ക്ക് ഇംഫാലില്‍ ഇന്ത്യന്‍ ആര്‍മിയുടെയും കേന്ദ്ര അര്‍ധസൈനിക സേനകളുടെയും മണിപ്പൂര്‍ റൈഫിള്‍സ് ബറ്റാലിയനുകളുടെയും ക്യാമ്പുകളിലും ഖുമന്‍ ലംപക് സ്പോര്‍ട്സ് കോംപ്ലക്സിലും മറ്റുമായി അഭയം നല്‍കിയിരുന്നു.
വംശഹത്യ ഭയന്ന് ആയിരകണക്കിന് ആളുകള്‍ മിസോറം, മേഘാലയ, നാഗാലാന്‍ഡ്, അസം എന്നിവിടങ്ങളിലേക്ക് പലായനം ചെയ്തു. യുദ്ധഭൂമിയിലെന്നോണം ഉടുതുണി മാത്രമായി, വെറുംകയ്യോടെ ഇംഫാല്‍ വിമാനത്താവളത്തില്‍ ആയിരങ്ങളാണ് ഏതെങ്കിലും വിമാനം കിട്ടുമെന്ന പ്രതീക്ഷയില്‍ കാത്തുകിടന്നത്.
അക്രമം പടര്‍ന്നപ്പോള്‍ നോര്‍ത്ത് ഈസ്റ്റ് ഫ്രണ്ടിയര്‍ റെയില്‍വേ മണിപ്പുരിലേക്കുള്ള രണ്ടു ട്രെയിനുകളും റദ്ദാക്കിയിരുന്നു. സെന്‍ട്രല്‍ അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി, നാഷണല്‍ സ്പോര്‍ട്സ് യൂണിവേഴ്സിറ്റി, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, സേനാപതിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നിവിടങ്ങളിലെ ഇതര സംസ്ഥാന വിദ്യാര്‍ഥികളെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യാന്‍ ദിവസങ്ങളെടുത്തു.
കേന്ദ്ര സായുധ പൊലീസ് സേനയുടെ 52 കമ്പനിയും ഇന്ത്യന്‍ ആര്‍മിയുടെയും അസം റൈഫിള്‍സിന്റെയും 105 കോളവും ഇറങ്ങി ഫ്ളാഗ് മാര്‍ച്ച് നടത്തുകയും അക്രമികളെ കണ്ടാല്‍ വെടിവയ്ക്കാന്‍ സംസ്ഥാന ഗവര്‍ണര്‍ ഉത്തരവിടുകയും ചെയ്തതോടെയാണ് സ്ഥിതിഗതികള്‍ നിയന്ത്രണാധീനമായത്. പാങ്ങേയി മണിപ്പുര്‍ പൊലീസ് ട്രെയ്നിങ് കോളജിലെ ആയുധപ്പുരയില്‍ നിന്ന് 1,041 തോക്കുകള്‍ അക്രമികള്‍ കൊണ്ടുപോയതായി മുഖ്യമന്ത്രി പറയുന്നുണ്ട്. ക്രമസമാധാനവും നിയമവാഴ്ചയും തകരുന്നത് നോക്കി നിന്ന സംസ്ഥാന ഭരണകൂടത്തില്‍ നിന്ന് ആഭ്യന്തര സുരക്ഷയുടെ ചുമതല ഭരണഘടനയുടെ 355-ാം വകുപ്പ് പ്രകാരം കേന്ദ്രം ഏറ്റെടുത്തതായി ഔദ്യോഗിക വിജ്ഞാപനമൊന്നും ഇറങ്ങിയില്ല. എന്നാല്‍ അടിയന്തരാവസ്ഥ പരിഗണിച്ച് സിആര്‍പിഎഫ്, എന്‍ഐഎ മുന്‍ ഡയറക്ടര്‍ ജനറല്‍ കുല്‍ദീപ് സിങ്ങിനെ സംസ്ഥാന സുരക്ഷാ ഉപദേഷ്ടാവായി നിയമച്ചതായി സൂചനയുണ്ടായി. ബിരേന്‍ സിങ് മന്ത്രിസഭ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്പ്പെടുത്തകയാണ് വേണ്ടിയിരുന്നത്.
സംസ്ഥാന ജനസംഖ്യയില്‍ 53% വരുന്ന മൈതേയ് വിഭാഗങ്ങള്‍ക്ക് പട്ടികവര്‍ഗ പദവി നല്‍കണമെന്ന ആവശ്യം അടിയന്തരമായി പരിഗണിച്ച് നാലാഴ്ചയ്ക്കകം കേന്ദ്ര ഗവണ്മെന്റിന് ശുപാര്‍ശ നല്‍കണമെന്ന മണിപ്പൂര്‍ ഹൈക്കോടി ആക്ടിങ് ചീഫ് ജസ്റ്റിസ് എം.വി മുരളീധരന്റെ സിംഗിള്‍ ബെഞ്ച് ഉത്തരവ്, ജനസംഖ്യയില്‍ 24% വരുന്ന നാഗ,
16% വരുന്ന കുക്കി വിഭാഗങ്ങള്‍ അടക്കം 36 ഗോത്രവര്‍ഗക്കാര്‍ക്ക് ഭരണഘടനയുടെ 371സി അനുഛേദ പ്രകാരം ലഭിക്കുന്ന സംരക്ഷണവ്യവസ്ഥകള്‍ ഇല്ലാതാക്കുമെന്ന് വ്യക്തമാക്കി ഓള് ട്രൈബല്‍ സ്റ്റുഡന്റ്സ് യൂണിയന് മണിപ്പൂര്‍ മേയ് മൂന്നിന് ആഹ്വാനം ചെയ്ത ഗോത്രവര്‍ഗ ഐക്യദാര്‍ഢ്യ മാര്‍ച്ചിനെ തുടര്‍ന്നാണ് ചുരാചാന്ദ്പുരില്‍ നിന്നു തുടങ്ങി കുക്കി-മൈതേയ് സംഘര്‍ഷം പൊടുന്നനേ ആളിപ്പടര്‍ന്നത്. മാര്‍ച്ചില്‍ നാഗ ക്രൈസ്തവ ഗോത്രവുമുണ്ടായിരുന്നുവെങ്കിലും ആ വിഭാഗത്തിനുനേരെ ആക്രമണമൊന്നും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടില്ല. ബിജെപിയോടു കൂട്ടുചേര്‍ന്ന് നാഗാലാന്‍ഡ് ഭരിക്കുന്ന നെഫിയു റിയോയുമായി പൂര്വകാലബന്ധമുള്ള മണിപ്പുരിലെ നാഗാ പീപ്പിള്‍സ് ഫ്രണ്ട് ബിരേന്‍ സിങ്ങിനെ 2017 മുതല്‍ പിന്താങ്ങുന്നവരാണ്. മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സങ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി മണിപ്പുരിലും ബിജെപിയുമായി സഖ്യത്തിലാണ്. അപ്പോള്‍ കുക്കി ക്രൈസ്തവരോട് ബിരേന്‍ സിങ്ങിനും കൂട്ടര്‍ക്കും ഇത്രമേല്‍ വിദ്വേഷം എന്തുകൊണ്ടാണ്?
മൊത്തം 60 അംഗങ്ങളുള്ള സംസ്ഥാന നിയമസഭയില്‍ 40 അംഗങ്ങള്‍ താഴ് വരയിലെ മൈതേയ് ഭൂരിപക്ഷ മണ്ഡലങ്ങളില്‍ നിന്നുള്ളവരും 20 പേര് ഗോത്രവര്‍ഗക്കാരുടെ മലനാടന്‍ മേഖലയില്‍ നിന്നുള്ളവരുമാണ്. കുക്കി ഗോത്രക്കാരുടെ മണ്ഡലങ്ങളില്‍ നിന്നുള്ള 10 എംഎല്‍എമാരില്‍ ഏഴുപേര്‍ ബിജെപി അംഗങ്ങളാണ്. ബിരേന്റെ ഒന്നാം ബിജെപി സര്‍ക്കാര്‍ കൂട്ടുകക്ഷി ഭരണമായിരുന്നു. ‘ഗോ ടു ഹില്‍സ്’ എന്ന ക്ഷേമപദ്ധതി പ്രഖ്യാപനവുമായി ഗോത്രവര്‍ഗക്കാരുടെ ഹൃദയം കവരാന്‍ ശ്രമിച്ച ബിരേന്‍ അപ്പോഴും നാഗാ മലകളിലാണ് കൂടുതലും ക്ഷേമം ചൊരിഞ്ഞത്. രണ്ടാമൂഴത്തില്‍ ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷം (32 സീറ്റ്) നേടിയതോടെ, ബാപ്റ്റിസ്റ്റ്, പ്രെസ്ബിറ്റേറിയന്‍, കാത്തലിക് തുടങ്ങി പല വിശ്വാസിഗണങ്ങളിലും പെട്ട ഗോത്രവര്‍ഗക്കാരുടെ പരമ്പരാഗത ഗ്രാമങ്ങള്‍ പലതും റിസര്‍വ് വനവും സംരക്ഷിത വനവും വന്യജീവിസങ്കേതവും നീര്‍ത്തടങ്ങളും കൈയേറിയിട്ടുള്ള അനധികൃത കുടിയേറ്റമാണെന്ന മൈതേയ്ക്കാരുടെ ആരോപണം ഏറ്റുപിടിക്കാന്‍ തുടങ്ങിയ മുഖ്യമന്ത്രി ബിരേന്‍ സിങ്, മ്യാന്മറുമായി 398 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനത്ത് തെക്കുപടിഞ്ഞാറേ കുന്നുകളിലൂടെ കുക്കി (ചിന്, സോമി, മിസോ) ഗോത്രവര്‍ഗക്കാര്‍ ബര്‍മയില്‍ നിന്നുവന്ന ‘വിദേശികള്‍’ ആണെന്നുവരെ ആക്ഷേപമുന്നയിക്കാനും മുതിര്‍ന്നു.
മ്യാന്മറില് നിന്നുള്ള നുഴഞ്ഞുകയറ്റക്കാര്‍ തെക്കന്‍ മണിപ്പുരിലെ മലമടക്കുകളില്‍ കുക്കികളുടെ സംരക്ഷണത്തില്‍ വ്യാപകമായി പോപ്പിതോട്ടങ്ങളും കഞ്ചാവുകൃഷിയും കറുപ്പ്, ഹെറോയിന്‍ ഉത്പാദനവും മറ്റുമായി ലഹരിമരുന്നുകടത്തിന്റെ രാജ്യാന്തര ശൃംഖല തീര്‍ക്കുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ മറ്റൊരു കണ്ടെത്തല്‍. അനധികൃത കുടിയേറ്റക്കാരെ കണ്ടുപിടിച്ച് കൈയോടെ ജയിലില്‍ അടക്കാനുള്ള ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് സംവിധാനത്തില്‍, മുഖം തിരിച്ചറിയുന്ന അതിനൂതന എഫ്ആര്‍എസ് സാങ്കേതികവിദ്യ കൊണ്ടുവന്നിട്ടുണ്ട്. അസമിലെ പോലെ ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) നടപ്പാക്കണമെന്ന മൈതേയ്ക്കാരുടെ ശക്തമായ ആവശ്യം നടപ്പാക്കുന്നതിന്റെ ഭാഗമായി മണിപ്പുര്‍ സ്റ്റേറ്റ് പോപ്പുലേഷന്‍ കമ്മിഷന് കുടിയേറ്റക്കാരെ കണ്ടെത്താന്‍ വീടുകള്‍ തോറും സര്‍വേയും നടത്തുന്നുണ്ട്. കുപ്രസിദ്ധമായ ആംഡ് ഫോഴ്സസ് സ്പെഷല്‍ പവേഴ്സ് ആക്ട് (അഫ്സ്പ) മൈതേയ് മേഖലയില്‍ ഇളവു ചെയ്തിട്ടുണ്ടെങ്കിലും മലനാട്ടില്‍ ആ ഭീഷണി ഇനിയും ഒഴിഞ്ഞിട്ടില്ല.
ഗോത്രവര്‍ഗക്കാരുടെ ഭരണഘടനാപരമായ സ്വയംഭരണ സംവിധാനങ്ങളായ ഹില്‍ ഏരിയാസ് കമ്മിറ്റി, ജില്ലാ കൗണ്‍സില്‍, ഗ്രാമമുഖ്യന്മാരുടെ ഫോറം എന്നിവയെ മറികടന്ന് സര്‍ക്കാര്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ വനമേഖലകളിലെ അനധികൃത കുടിയേറ്റക്കാരെ കുടിയിറക്കാന്‍ സര്‍വേയും ബയോമെട്രിക് പരിശോധനയും പ്രഖ്യാപിച്ചു. ചുരാചാന്ദ്പുര്‍, നോനി ബൗപും മേഖലയിലെ 38 കുക്കി ഗ്രാമങ്ങള്‍ സംരക്ഷിത വനഭൂമിയിലാണെന്ന് സര്‍ക്കാര്‍ കണ്ടെത്തി. കാങ്പോക്പി ജില്ലയില്‍ സംരക്ഷിത വനഭൂമിയില്‍ നിന്നുള്ള കുടിയിറക്കല്‍ ഗോത്രവര്‍ഗ വിദ്യാര്‍ഥിസംഘടനകളും സുരക്ഷാസേനയും തമ്മിലുള്ള സംഘര്‍ഷത്തില്‍ കലാശിച്ചു. ഗ്രാമമുഖ്യരുടെ ഫോറം പ്രഖ്യാപിച്ച പ്രതിഷേധ മാര്‍ച്ച് തടയാന്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രക്ഷോഭത്തിനു പിന്നില്‍ തീവ്രവാദികളാണെന്ന ആരോപണത്തിനു പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ കുക്കി നാഷണല്‍ ആര്‍മി, സോമി റവല്യൂഷണറി ആര്‍മി എന്നിവയുമായുള്ള വെടിനിര്‍ത്തല്‍ ഉടമ്പടിയില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറുന്നതായി പ്രഖ്യാപിച്ചു. അസമിലെ ബോഡോകളുമായി സമാധാന ഉടമ്പടി ഒപ്പുവച്ച മാതൃകയില്‍ മണിപ്പുരിലെ വിഘടനവാദി സംഘടനകളുമായി ത്രികക്ഷി സമാധാന ചര്‍ച്ചകള്‍ ആരംഭിക്കാനുള്ള മോദി ഗവണ്മെന്റിന്റെ 2016-ലെ പ്രഖ്യാപനമാണ് കോണ്‍ഗ്രസ് ഭരണത്തിന് അവിടെ അറുതിവരുത്താന്‍ വഴിയൊരുക്കിയത്.
വനമേഖലയിലെ കുടിയിറക്കു ഭീഷണിക്കു പിന്നാലെ കഴിഞ്ഞ ഏപ്രില്‍ 11ന് ഇംഫാല്‍ ഈസ്റ്റില്‍ ഗോത്രവര്‍ഗക്കാരുടെ മൂന്നു ക്രൈസ്തവ ദേവാലയങ്ങള്‍ ഇടിച്ചുനിരത്താന്‍ ബീരേന്‍ സിങ് യോഗി ആദിത്യനാഥ് മോഡലില്‍ ബുള്‍ഡോസര്‍ ഇറക്കി. സ്ഥലത്തിന്റെ പട്ടയം ക്രമവിരുദ്ധമാണെന്നായിരുന്നു കണ്ടെത്തല്‍. കോടതിയില്‍ നിന്നുള്ള ഇടപെടലിന് സമയം അനുവദിക്കാതെ അസ്തമയത്തിനു മുന്‍പ് ആ ദൗത്യം പൂര്‍ത്തിയാക്കി. ഇതിനിടെ, മുഖ്യമന്ത്രി ചുരാചാന്ദ്പുരില്‍ ഉദ്ഘാടനം ചെയ്യാനിരുന്ന ഓപ്പണ്‍ ജിംനേഷ്യത്തിന് ജനം തീവച്ചത് കൂടുതല്‍ പ്രകോപനങ്ങള്‍ക്ക് വഴിവച്ചു.
സംസ്ഥാനത്തെ ഭൂവിസ്തൃതിയില്‍ 10 ശതമാനം മാത്രം വരുന്ന താഴ് വാരത്ത് വസിക്കുന്ന മൈതേയ് ഹിന്ദുക്കള്‍ക്ക് ക്രൈസ്തവ വനവാസി ഗോത്രവിഭാഗങ്ങളുടെ പാരമ്പര്യ വാസസ്ഥലമായ, ഭൂവിസ്തൃതിയില്‍ 90 ശതമാനം വരുന്ന മലകളില്‍ ഭൂമി സ്വന്തമാക്കാന്‍ നിയമം അനുവദിക്കുന്നില്ല. അതേസമയം കുക്കി, നാഗ വിഭാഗങ്ങള്‍ക്ക് ഇംഫാല്‍ താഴ് വരയില്‍ മറ്റ് ഇന്ത്യക്കാരെ പോലെ ഭൂമി വാങ്ങാനാകും. ഗോത്രവര്‍ഗക്കാരുടെ വനാവകാശത്തെക്കാള് സങ്കീര്‍ണമാണ് ഭൂസ്വത്തിന്റെ കാര്യത്തില്‍ മൈതേയ് വിഭാഗത്തിന്റെ അസ്തിത്വപരമായ ഈ വിഷമവൃത്തം.
ഹൈക്കോടതി ഉത്തരവിലൂടെ പട്ടികവര്‍ഗ പദവിക്കുള്ള സമ്മര്‍ദം ശക്തമാക്കാനുള്ള ശ്രമത്തിലാണ് മൈതേയ് സമൂഹവും അവരോടൊപ്പമുള്ള അധികാരിവര്‍ഗവും. അപ്പോഴാണ്, ഹൈക്കോടതിയല്ല രാഷ്ട്രപതിയാണ് ആരെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നു നിശ്ചയിക്കേണ്ടതെന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഊക്കന്‍ കൊട്ട്!
ഹിന്ദുത്വ ദേശീയതയുടെ പ്രത്യയശാസ്ത്ര തീവ്രതയിലേക്ക് മണിപ്പുരിലെ മൈതേയ് വൈഷ്ണവ ഹിന്ദുക്കളെ പരുവപ്പെടുത്തിയെടുക്കാനുള്ള ബിജെപിയുടെ സോഷ്യല്‍ എന്‍ജിനിയറിങ് അരംബായ് തെങ്ങോല്, മൈതേയ് ലീപുന്‍ തുടങ്ങിയ ആര്‍എസ്എസ് പ്രാദേശിക ഘടകങ്ങളിലൂടെ മുന്നേറുമ്പോള്‍, മൈതേയികളുടെ പ്രാചീന വിശ്വാസപാരമ്പര്യമായ സന്മാഹിയിലൂടെ മൈതേയി ദേശീയതയും പുനരുത്ഥാന പാതയിലാണ്.
വടക്കുകിഴക്കന്‍ മേഖലയിലെ ക്രൈസ്തവ ഭൂരിപക്ഷ സംസ്ഥാനങ്ങളും ബിജെപിയെ ആവേശത്തോടെ ആശ്ലേഷിക്കുന്നതു കണ്ടില്ലേ എന്നു കേരളത്തിലെ ക്രൈസ്തവ നേതൃനിരയിലെ ചിലരെ പ്രലോഭിപ്പിക്കാനായി ഉദ്ഘോഷിക്കുന്ന പ്രധാനമന്ത്രി മോദിക്ക്, ബിജെപി ഭരിക്കുന്ന മണിപ്പുരിലെ ക്രൈസ്തവ പീഡനത്തെക്കുറിച്ച് ഇനിയും ഒരു വാക്ക് ഉരിയാടാന്‍ കഴിഞ്ഞിട്ടില്ല. മണിപ്പുര്‍ കത്തുമ്പോള്‍ അദ്ദേഹം കര്‍ണാടകയിലെ തിരഞ്ഞെടുപ്പു റാലിയില്‍ ‘കേരള സ്റ്റോറി’ എന്ന വിദ്വേഷ രാഷ്ട്രീയപ്രൊപ്പഗാന്ഡ ഫിലിമിന്റെ പൊള്ളത്തരം വാഴ്ത്തി അല്പരസത്തില്‍ ആറാടുകയായിരുന്നല്ലോ! ദക്ഷിണേന്ത്യയിലെ ആ ഓപ്പറേഷന് താമര സ്റ്റോറിയുടെ ശുഭാന്ത്യമടുക്കുന്നതിന്റെ നാന്ദി!