കന്യകാലയത്തിന്റെ ആവൃതിയുടെ ഉള്ളില്‍ നിന്ന് കവിതയിലൂടെ സ്നേഹത്തിന്റെയും സമര്‍പ്പണത്തിന്റെയും ജീവിതയാഥാര്‍ത്ഥ്യങ്ങളുടെയും ഉള്‍പ്പൊരുള്‍ അറിയിക്കുന്ന സിസ്റ്റര്‍ ജാനറ്റിന്റെ ‘ദര്‍പ്പണം’ കവിതയുടെ പുതുവഴികളിലൂടെ സഞ്ചരിക്കുന്നു. ചെറുതും വലുതുമായ 87 കവിതകളുടെ സമാഹാരം. എഴുത്തിന്റെ വക്രതകളില്ലാത്ത, അഴിയാകെട്ടുകളില്ലാത്ത കവിതകള്‍. അധ്യാപികയായിരുന്ന സിസ്റ്റര്‍ ജാനറ്റ് കാറള്‍ സിടിസി തന്റെ കവിതകളെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. പ്രകൃതിയും വ്യക്തി ബന്ധങ്ങളും വായനാനുഭവവും ആനുകാലിക സംഭവങ്ങളും ചേര്‍ന്ന് ഹൃദയത്തില്‍ തെളിച്ചതാണ് ഈ കവിതകള്‍. ഈ വാക്കുകള്‍ക്ക് അവതാരികയില്‍ ഷെവലിയര്‍ ഡോ. പ്രിമൂസ് പെരിഞ്ചേരി നല്കുന്ന വിശദീകരണം ഈ വാക്കുകള്‍ക്ക് കൂടുതല്‍ വ്യക്തത നല്കുന്നു. ‘ദര്‍പ്പണം കണ്ണാടിയാണ്. പ്രതിഫലിപ്പിക്കുകയാണ് ദര്‍പ്പണത്തിന്റെ ദൗത്യം. ബിംബം എങ്ങനെയാണോ, അങ്ങനെ തന്നെ പ്രതിബിംബിക്കുക. ഒന്നും കൂട്ടിച്ചേര്‍ക്കുന്നില്ല. ഒന്നുമേ വിട്ടു കളയുന്നുമില്ല. എഴുത്തുകാരിയുടെ മനസ്സിന്റെ നേര്‍ചിത്രമാണ് കവിതകള്‍ എന്നര്‍ത്ഥം. ആത്മാര്‍ത്ഥതയാണ് ഇവിടെ ദൃശ്യമാവുക.’
കവിയുടെ രചനാരീതിയും അവതാരികയില്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
സിസ്റ്റര്‍ ജാനറ്റ് കാറള്‍ പനക്കല്‍ സിടിസി സാമ്പ്രദായികമായ കവിതാവഴികളില്‍ ഒരിക്കലും സഞ്ചരിക്കുന്നില്ല. ഛന്ദോനിഷ്ഠമായ വൃത്തബദ്ധയോ അല്ലാത്ത പുതുവഴി തേടുന്ന കവിതകള്‍. രചനയില്‍ ദീക്ഷിച്ചിരിക്കുന്ന ലാളിത്യവും വൈശദ്യവും ആര്‍ക്കും സ്വീകാര്യമാകാനാണ് സാധ്യത. ഭാവനയുടെ കനവും പലേടത്തും അനുഭവമാകും.
സാക്ഷ്യപ്പെടുത്തലുകള്‍ക്ക് നിരവധി ഉദാഹരണങ്ങള്‍ സമാഹാരത്തിലുണ്ട്.
നേരമില്ലെന്നാര്ക്കും ‘നമ്മള്’ ഒന്നാണെന്നും
ഞാനും നിങ്ങളും ഒന്നു ചേര്‍ന്നാലേ
‘ഞങ്ങളും’ ‘ നമ്മളു’ മാകുയെന്നറിയാന്!
(കവിത/ഞാന്‍)
സാമൂഹ്യ വിമര്‍ശത്തിന്റെ കവിതകളും സിസ്റ്റര്‍ക്ക് അന്യമല്ല. തൊഴിലാളി എന്ന കവിത ഉദാഹാരണം.
ഉറക്കം തീരാത്ത കണ്ണുകളും
മുറുക്കിച്ചുവന്ന ചുണ്ടുകളും
വാരിച്ചുറ്റിയ ചേലയും
മുടിയില്‍ തിരുകിയ വാടിയപൂവും
കൂടെ കരുതിയ പണിയായുധങ്ങളും പല ഭാഷകളില്‍ കുശലം പറഞ്ഞാ –
വഴിക്കവലയില്‍ കൂട്ടമായ്
ആരെയോ കാത്തുനില്ക്കുന്നവര്
മറുനാടന്‍ തൊഴിലാളി സ്ത്രീകള്‍!
കൂടെയവരുടെ പുരുഷ പ്രജകളും
ജീവിതമവര്ക്കു കഠിനമെന്നും
എങ്കിലുമവര്ക്കു സന്തോഷം,
ഈ മലയാളമണ്ണിലെന്നും അന്നം മുടങ്ങാതെ കിട്ടും.
ഇവിടെയാര്‍ക്കും വേണ്ടാ
മെയ്യനങ്ങുന്നോരു പണിയും!
‘കവിതയുടെ അമ്മദര്പ്പണങ്ങള്’ എന്നാണ് സമാഹാരത്തിന്റെ പ്രവേശികയ്ക്ക് കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല പിതാവ് നല്‍കിയിട്ടുള്ള ശീര്‍ഷകം.
ഒലിവിലക്കൊമ്പുകള്‍ ഇല നീര്‍ത്തിയാടുന്ന ഓര്‍ശ്ലേം വീഥിയിലൂടെ ഓശാനപ്പാട്ടുകള്‍ പാടിനീങ്ങിയവരുടെ കൂട്ടത്തിലെ അമ്മ മനസ്സാണ് ഈ കവിതയിലും ഉയര്‍ന്നു നില്‍ക്കുന്നത്.