ഗോവയില്‍ കഴിഞ്ഞ നവംബറില്‍ നടന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ സമാപനവേദിയില്‍ ജൂറി ചെയര്മാന് ആയിരുന്ന ഇസ്രയേലി സംവിധായകന് നദാവ് ലപീദ്, മേളയിലെ മത്സരവിഭാഗത്തില്‍ ഇന്ത്യയുടെ എന്‍ട്രിയായ ‘ദ് കശ്മീര്‍ ഫയല്‍സ്’ തികഞ്ഞ ”അശ്ലീല, പ്രൊപ്പഗാന്‍ഡ” ചിത്രമാണെന്നു തുറന്നടിച്ചത് വലിയ കോളിളക്കം സൃഷ്ടിച്ചു. ഉന്നത നിലവാരമുള്ള മറ്റു 14 ഫിലിമുകള്ക്കൊപ്പം തീരെ കൊള്ളരുതാത്ത ഈ പടം രാജ്യാന്തര ജൂറി അംഗങ്ങള്‍ കണ്ടത് അസ്വസ്ഥതയോടെയും ഞെട്ടലോടെയുമാണെന്നാണ് ലപീദ് പറഞ്ഞത്. അഞ്ചംഗ ജൂറിയില്‍ അന്ന് ലപീദിന്റെ പ്രസ്താവനയോട് വിയോജിപ്പു പ്രകടിപ്പിച്ചു രംഗത്തുവന്ന ഇന്ത്യയുടെ പ്രതിനിധി സുദീപ്തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘ദ് കേരള സ്റ്റോറി’ ലപീദ് കാണാനിടയായാല്‍ എന്താകും പുകില്!
കശ്മീരില്‍ 1980-1990 കാലത്തുണ്ടായ വര്‍ഗീയ സംഘര്‍ഷങ്ങളെ തുടര്‍ന്ന് കശ്മീരി പണ്ഡിറ്റുകള്‍ എന്ന ഹൈന്ദവ വിഭാഗം കൂട്ടത്തോടെ താഴ് വരയില്‍ നിന്നു പലായനം ചെയ്തതാണ് കശ്മീര്‍ ഫയല്‍സിന്റെ ഇതിവൃത്തം. ഇന്ത്യന്‍ സിനിമാചരിത്രത്തില്‍ മറ്റൊരു ഫീച്ചര്‍ ഫിലിമിനും കിട്ടാത്ത അംഗീകാരവും ഔദ്യോഗിക പിന്തുണയും പ്രചാരണവുമാണ് കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ബിജെപി ഗവണ്മെന്റുകളില് നിന്ന് ഇതിനു ലഭിച്ചത്. ചിത്രം റിലീസ് ചെയ്തതിന്റെ പിറ്റേന്ന് സംവിധായകന് വിവേക് അഗ്നിഹോത്രിയെയും ഭാര്യ പല്ലവി ജോഷിയെയും നിര്‍മാതാവ് അഭിഷേക് അഗ്രവാലിനെയും പ്രധാനമന്ത്രി മോദി സ്വീകരിച്ച് അഭിനന്ദനം അറിയിച്ചു. പാര്‍ലമെന്റില്‍ പ്രധാനമന്ത്രി ഈ ചിത്രത്തെ പുകഴ്ത്തി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ചിത്രത്തിന് നികുതി ഇളവ് അനുവദിച്ചതിനു പുറമെ പലയിടങ്ങളിലും പാര്‍ട്ടി നാട്ടുകാര്‍ക്കായി സൗജന്യ പ്രദര്‍ശനങ്ങള്‍ക്ക് സൗകര്യമൊരുക്കി. ബോക്സ് ഓഫിസില്‍ അതിവേഗം 330 കോടി രൂപ നേടാനായ ഈ ചിത്രം പ്രദര്‍ശിപ്പിച്ച ഉത്തരേന്ത്യയിലെ പല തിയറ്ററുകളിലും സംഘപരിവാര്‍ അണികള്‍ ജയ് ശ്രീറാം വിളികള്‍ക്കൊപ്പം കാണികളെക്കൊണ്ട് മുസ്ലിംവിരുദ്ധ മുദ്രാവാക്യങ്ങളും വിളിപ്പിച്ചു.
ചിത്രത്തിനു പിന്നിലെ വര്‍ഗീയ ധ്രുവീകരണത്തിന്റെ ഫാഷിസ്റ്റ് രാഷ്ട്രീയം കൃത്യമായി ഗ്രഹിച്ചതുകൊണ്ടാകണം ഡല്‍ഹിയിലെ ഇസ്രയേലി അംബാസഡര്‍ നവോര്‍ ഗിലോണ്‍ ഗോവയില്‍ നദാവ് ലപീദ് ”ഇന്ത്യയെ അപമാനിച്ചതിന്” ഖേദം പ്രകടിപ്പിച്ചത്. ലപീദിന് അങ്ങനെ ”ധീരമായി സംസാരിച്ച്” സുരക്ഷിതനായി മടങ്ങിപ്പോകാം, എന്നാല്‍ ഇവിടെയുള്ള ഇസ്രയേലി നയതന്ത്ര ഉദ്യോഗസ്ഥര്‍ ഇതിന്റെ പേരില്‍ ഭീഷണിയും അധിക്ഷേപവും നേരിടേണ്ടിവരുമെന്ന ആശങ്കയും അംബാസഡര്‍ ഗിലോണ്‍ പങ്കുവച്ചു. അനുപം ഖേറിനെ പോലുള്ളവര്‍, നാത് സി ജര്‍മനിയിലെ യഹൂദരുടെ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട ഷിന്‍ഡ്ലേഴ്സ് ലിസ്റ്റുമായാണ് കശ്മീര്‍ ഫയല്‍സിനെ താരതമ്യം ചെയ്തത്!
കശ്മീര്‍ പോലെ കേരളവും ഇസ്ലാമിക ഭീകരതയുടെയും മുസ്ലിം തീവ്രവാദത്തിന്റെയും ഹബ്ബാണെന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പോലുള്ള ചില ഉത്തരേന്ത്യന്‍ ബിജെപി നേതാക്കള്‍ തിരഞ്ഞെടുപ്പു റാലികളില്‍ ആക്ഷേപിക്കാറുണ്ട്. അടുത്തയാഴ്ച നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന കര്‍ണാടകയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കന്നഡിഗ വോട്ടര്‍മാരെ ഓര്‍മിപ്പിക്കുന്നുണ്ട്: തൊട്ടപ്പുറത്താണ് കേരളം; മുസ്ലിം ന്യൂനപക്ഷ പ്രീണനത്തിന്റെ ദുരന്താഘാതങ്ങളില് നിന്നു നിങ്ങളെ രക്ഷിക്കാന്‍ ബിജെപി ഭരണകൂടത്തിനേ കഴിയൂ.
ടിപ്പു സുല്‍ത്താന്റെ അധിനിവേശചരിത്രത്തിന്റെ അപനിര്‍മിതിയില്‍ നിന്നു തുടങ്ങി ഭീകരവാദം, ലവ് ജിഹാദ്, ഹിജാബ്, ഹലാല്‍, അസാന്, സാമുദായിക സംവരണം എന്നിങ്ങനെ വിദ്വേഷപ്രചാരണത്തിന്റെ സംഘപരിവാര്‍ തീച്ചൂള അവിടെ എരിഞ്ഞുകൊണ്ടേയിരിക്കുന്നു. വോട്ടെടുപ്പിന് മുന്‍പായി, ഹിന്ദുത്വ വികാരം ആളിപ്പടര്‍ത്താന്‍ പാകത്തില്‍, പ്രണയക്കെണിയില്‍ അകപ്പെട്ട് മതപരിവര്‍ത്തനത്തിനു വിധേയരായി അഫ്ഗാനിസ്ഥാനിലും സിറിയയിലും യമനിലും ഇസ്ലാമിക സ്റ്റേറ്റ് (ഐഎസ്ഐഎസ്) ജിഹാദി ക്യാമ്പില്‍ എത്തിപ്പെട്ട മലയാളി പെണ്‍കുട്ടികളുടെ ”ഹൃദയഭേദകമായ യഥാര്‍ഥ ജീവിതകഥ” അവതരിപ്പിക്കുന്ന ‘ദ് കേരള സ്റ്റോറി’ എന്ന ഹിന്ദി ചിത്രം റിലീസിന് ഒരുങ്ങുന്നു. തത്കാലം കന്നഡ പതിപ്പില്ലെങ്കിലും തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലും ഈ ചിത്രത്തിന് ‘എ’ സര്ട്ടിഫിക്കേഷന് പ്രദര്ശനാനുമതിയുണ്ട്.
കഴിഞ്ഞ നവംബറില്‍ ഇറക്കിയ 58 സെക്കന്‍ഡ് വരുന്ന സിനിമയുടെ ആദ്യ ടീസറില്‍, കഥാനായികയായ ബുര്‍ഖ ധരിച്ച ഫാത്തിമ എന്ന ശാലിനി ഉണ്ണികൃഷ്ണന് (പാലക്കാട് ബന്ധമുള്ള അദാ ശര്‍മയാണ് അഭിനേത്രി), ആസൂത്രിതമായി മതംമാറ്റപ്പെട്ട് ഭീകരവാദികളുടെ ചൂഷണത്തിന് ഇരകളായ 32,000 യുവതികളില്‍ ഒരാളായി സ്വയം പരിചയപ്പെടുത്തുന്ന ദൃശ്യത്തില്‍ നിന്നു തുടങ്ങിയ വിവാദം ഏപ്രില്‍ 26ന് ഇറങ്ങിയ ട്രെയ്ലറില് എത്തുമ്പോള്‍, ”കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മൂന്നു യുവതികളുടെ യഥാര്‍ഥ കഥയായി” പരിണമിക്കുന്നു. മറച്ചുവച്ചിരിക്കുന്ന സത്യം, നമ്മുടെ പെണ്മക്കള് നേരിടുന്ന ഏറ്റവും വലിയ അദൃശ്യ ഭീഷണി; ആയിരകണക്കിന് സാധാരണക്കാരായ പെണ്‍കുട്ടികളെ അപകടകാരികളായ ഭീകരവാദികളാക്കി മാറ്റുന്ന മാരകമായ ഒരു കളി കേരളത്തില്‍ നമ്മുടെ കണ്മുന്പില് നടക്കുന്നുണ്ട് എന്നുകൂടി അതില്‍ പറഞ്ഞുവയ്ക്കുന്നുണ്ട്.
സിനിമ ഇറങ്ങുന്നതിനു മുന്‍പുതന്നെ നവമാധ്യമ ടീസറും ട്രെയ്ലറും സൃഷ്ടിച്ച കോലാഹലത്തില്‍ – 1.60 കോടി ആളുകള്‍ യുട്യൂബ് ട്രെയ്ലര് കണ്ടുവത്രേ – ദിവസങ്ങളായി ദേശീയതലത്തില്‍ മുഖ്യധാരാ മാധ്യമങ്ങളിലെ ചര്‍ച്ചകളിലും രാഷ്ട്രീയ നേതാക്കളുടെ പ്രതികരണങ്ങളിലും സുപ്രീം കോടതിയിലും കേരള ഹൈക്കോടതിയിലും സമര്‍പ്പിക്കപ്പെട്ട ഹര്ജികളിലുമൊക്കെ, കേരള പൊലീസിനോ ദേശീയ അന്വേഷണ ഏജന്‍സികള്‍ക്കോ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനോ ഇന്ത്യന്‍ പാര്‍ലമെന്റിനോ കോടതികള്‍ക്കോ ഇന്നേവരെ വസ്തുനിഷ്ഠമായി സ്ഥിരീകരിക്കാനാവാത്ത കണക്കാണ് ഐസിസ് ബന്ധമുള്ള വനിതകളുടെ ദുരന്തകഥയുമായി ബന്ധപ്പെടുത്തി ‘കേരള സ്റ്റോറി’ പ്രചാരകര്‍ പെരുപ്പിച്ചുകാട്ടുന്നതെന്ന് വ്യക്തമായിട്ടുണ്ട്. എങ്കിലും തങ്ങള്‍ ഏഴു വര്‍ഷമായി നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തിയ രേഖകളും വീഡിയോ തെളിവുകളും വച്ചുനോക്കിയാല്‍ പ്രണയക്കെണിയില്‍ കുടുങ്ങി ജിഹാദികളുടെ പീഡനങ്ങള്‍ക്ക് ഇരകളായ യുവതികളുടെ സംഖ്യ ഇപ്പറഞ്ഞതിലൊന്നും നില്‍ക്കില്ല എന്നാണ് സംവിധായകന് സുദീപ്തോ സെന്‍ ആവര്‍ത്തിക്കുന്നത്.
സെന്‍ 2018-ല്‍ ഡല്‍ഹി ജെഎന്‍യുവില്‍ പ്രദര്‍ശിപ്പിച്ച 52 മിനിറ്റ് ദൈര്‍ഘ്യമുള്ള ‘ഇന്‍ ദ് നെയിം ഓഫ് ലവ്’ എന്ന ഡോക്യുമെന്ററിയുടെ വിഷയം ഇതുതന്നെയായിരുന്നു. ഈ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് ഇന്റര്‍നെറ്റ് മൂവി ഡാറ്റാബേസില്‍ 32,000 ഇരകളുടെ കണക്ക് കാണാം: ”ആനുകാലിക റിപ്പോര്‍ട്ട് പ്രകാരം, 2009 മുതല്‍ കേരളത്തില്‍ നിന്ന് 17,000 പെണ്‍കുട്ടികളും മംഗലാപുരത്തുനിന്ന് 15,000 പെണ്‍കുട്ടികളും ഹൈന്ദവ, ക്രൈസ്തവ സമുദായങ്ങളില്‍ നിന്ന് ഇസ്ലാമിലേക്കു മതപരിവര്‍ത്തനത്തിനു വിധേയരായിട്ടുണ്ട്. അവരില്‍ ഏറെപ്പേരും സിറിയയിലും അഫ്ഗാനിസ്ഥാനിലും ഐസിസിനും താലിബാനും സ്വാധീനമുള്ള മറ്റു മേഖലകളിലും എത്തിച്ചേര്‍ന്നു.”
സോണിയ സെബാസ്റ്റിയന് (ആയിഷ), മെറിന് ജേക്കബ് (മിറിയാം), നിമിഷ (ഫാത്തിമ ഈസ), റഫേല എന്നിവര്‍ 2016-2018 കാലയളവില്‍ ഖൊറാസാന്‍ ഖിലാഫത്ത് മേഖലയില്‍ ഇസ്ലാമിക സ്റ്റേറ്റില്‍ ചേരാന്‍ പോയ ഭര്ത്താക്കന്മാര്ക്കൊപ്പം അഫ്ഗാനിസ്ഥാനിലെ നംഗര്ഹാറിലെത്തിയതായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ നാലുപേര്‍ അഫ്ഗാനിസ്ഥാന് ജയിലില്‍ കഴിയുന്നതായി 2021 ജൂണില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു. ‘ഖൊറാസാന്‍ ഫയല്‍സ്: ഇന്ത്യക്കാരായ ഇസ്ലാമിക സ്റ്റേറ്റ് വിധവകളുടെ പ്രയാണം’ എന്ന പേരില്‍ സ്ട്രാറ്റ്ന്യൂസ്ഗ്ലോബല് വെബ്സൈറ്റില്‍ 2019 ഡിസംബറില്‍ ഇവരുടെ അഭിമുഖം പ്രസിദ്ധീകരിക്കുകയുണ്ടായി.
ഇതല്ലാതെ കേരളത്തില്‍ നിന്നോ, ഇനിയും കൃത്യമായി നിര്‍വചിക്കപ്പെടാത്ത ലവ് ജിഹാദിനെതിരെ നിയമനിര്‍മാണം നടത്തിയിട്ടുള്ള 11 സംസ്ഥാനങ്ങളില്‍ നിന്നോ ഐസിസ് വനിതകള്‍ ഉള്ളതായി ഒരു തെളിവും ആരും കണ്ടെത്തിയിട്ടില്ല. അതിനാലാണ് മുസ്ലിംകളെ അപരവത്കരിക്കുന്ന സംഘ്പരിവാറിന്റെ ഗീബല്‍സിയന്‍ പ്രൊപ്പഗാന്‍ഡയുടെ പെരുംനുണ ഫാക്ടറിയുടെ ഉല്പന്നമാണ് കേരള സ്റ്റോറി എന്ന വാദം ശക്തമാകുന്നത്.
ബോളിവുഡിലെ അറിയപ്പെടുന്ന താരങ്ങളാരും ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ ധൈര്യപ്പെട്ടില്ല എന്നുവേണം കരുതാന്‍. അഫ്ഗാനിസ്ഥാന്, സിറിയ ഭൂമിക ലഡാക്കിലെ വിശേഷ ലൊക്കേഷനുകളിലാണത്രെ സൃഷ്ടിച്ചത്. സുനിധി ചൗഹാന്റെ ”നാ സമീം മിലി, നാ ഫലക് മിലാ’ ആലാപനത്തില്‍ നിന്നു തുടങ്ങി, ഇറാന് അതിര്‍ത്തിക്കടുത്തുള്ള തടങ്കല്‍പാളയത്തില്‍ അന്വേഷണ ഏജന്‍സികളുടെ ചോദ്യംചെയ്യലിന് വിധേയയാകുന്ന ഫാത്തിമയുടെ മൊഴിയും ഫ്ളാഷ്ബാക്കും ഇഴചേര്‍ത്താണ് കാസര്‍കോട്ടെ ഫാര്‍മസി കോളജില്‍ പഠിക്കാനെത്തിയ മൂന്നു പെണ്‍കുട്ടികളുടെ ജീവിതത്തിലേക്ക് പ്രണയവും ചതിയും മതപരിവര്‍ത്തനത്തിന്റെ ആത്മസംഘര്‍ഷവും കൊടുംഭീകരതയും ദുരന്തങ്ങളും കടന്നുവരുന്നത് ചിത്രീകരിക്കുന്നത്. സനാതന ധര്‍മ്മത്തെക്കുറിച്ച് വലിയ ധാരണയൊന്നുമില്ലാത്തതാണ് രണ്ടു ഹൈന്ദവ യുവതികളെ ആശയക്കുഴപ്പത്തിലാക്കുന്നതെന്ന ധ്വനിയുണ്ട്. തന്റെ പാരമ്പര്യ വിശ്വാസതീക്ഷ്ണതയുടെ പശ്ചാത്തലത്തില്‍ ചെറുത്തുനില്പിന് ശ്രമിക്കുന്ന ക്രൈസ്തവ യുവതി ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാകുന്നുമുണ്ട്. കേരളത്തിലെ ഒരു പീത്സ കടക്കാരനെയും ഗള്‍ഫിലെ ഒരു ട്രാവല്‍ ഏജന്റിനെയും തീവ്രവാദ ബന്ധമുള്ള മനുഷ്യക്കടത്തിലെ കണ്ണികളായി അവതരിപ്പിക്കുന്നു.
തീവ്രവാദ ബന്ധവും രാജ്യവിരുദ്ധ ഗൂഢാലോചനയും ഹവാല ഇടപാടുകളും ഉള്‍പ്പെടെ യുഎപിഎ വകുപ്പുകളുടെ ഊരാകുടുക്കുകളുമായി കേന്ദ്ര ഗവണ്മെന്റ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനുണ്ടായ രാഷ്ട്രീയ സാഹചര്യങ്ങളും ആഗോളതലത്തില്‍ പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ പേരിലുള്ള മുന്നേറ്റങ്ങളെചൊല്ലിയുള്ള ആശങ്കകളും കേരളസമൂഹത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ലവ് ജിഹാദ്, നാര്‍കോട്ടിക് ജിഹാദ് തുടങ്ങിയ സംജ്ഞകളിലൂടെയും സംഭ്രമജനകമായ ആഖ്യാനങ്ങളിലൂടെയും സാമുദായിക ഭിന്നിപ്പിന്റെ അന്തരീക്ഷം വഷളായിക്കൊണ്ടിരിക്കേ, ചില പ്രബല ക്രൈസ്തവ വിഭാഗങ്ങള്‍ പ്രത്യക്ഷമായി ബിജെപിയോട് അടുക്കുന്നത് മുസ്ലിം സമുദായിക, രാഷ്ട്രീയ ഐക്യനീക്കങ്ങളെ സ്വാഭാവികമായും ശക്തിപ്പെടുത്തേണ്ടതാണ്. എന്തായാലും കേരളത്തിലെ പ്രധാന ന്യൂനപക്ഷ സമുദായത്തെ മതതീവ്രവാദികളായി ചിത്രീകരിക്കാനും ലോകത്തിനു മുമ്പാകെ അപകീര്‍ത്തിപ്പെടുത്താനും വര്‍ഗീയവിദ്വേഷം വളര്‍ത്താനുമുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമെന്ന നിലയില്‍ ‘കേരള സ്റ്റോറി’ ഉയര്‍ത്തുന്ന വെല്ലുവിളിയും അപകടവും നാം തിരിച്ചറിയേണ്ടതുണ്ട്.
രാജ്യത്ത് പലഭാഗത്തും മുസ്ലിം സമുദായത്തിനെതിരെ സ്പര്‍ധയും വിദ്വേഷപ്രചാരണവും ശക്തമാകാനും ന്യൂനപക്ഷ ജനവിഭാഗത്തിന്റെ ജീവനും ഉപജീവനവും അപകടത്തിലാകാനും ഇടവരുത്തും എന്നതിനാല്‍ തിയറ്ററിലും ഒടിടി പ്ലാറ്റ്ഫോമിലും സമൂഹമാധ്യമങ്ങളിലും ഈ സിനിമ നിരോധിക്കണമെന്ന അടിയന്തര ആവശ്യം, വിദ്വേഷപ്രസംഗത്തിനെതിരെ സംസ്ഥാനങ്ങള്‍ സ്വമേധയാ കേസെടുക്കണം എന്ന ഉത്തരവുമായി ബന്ധപ്പെട്ട ഇന്റര്ലൊക്യൂട്ടറി അപേക്ഷയായി പരിഗണിക്കാന്‍ സുപ്രീം കോടതിയില്‍ ജസ്റ്റിസ് കെ.എം ജോസഫിന്റെ ബെഞ്ച് വിസമ്മതിച്ചു. നിരോധിച്ചില്ലെങ്കിലും ഇത് കാല്പനിക കഥയാണ് എന്ന് ആമുഖത്തില്‍ എഴുതികാണിക്കണമെന്ന ആവശ്യം ഉള്‍പ്പെടെ ഒരുപറ്റം ഹര്‍ജികള്‍ കേരള ഹൈക്കോടതി പരിഗണിക്കട്ടെയെന്നാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് നിര്‍ദേശിച്ചത്.
ഗുരുതരമായ ക്രമസമാധാന പ്രശ്നങ്ങളോ വര്‍ഗീയ ലഹളയോ ഉണ്ടാകാനിടയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മതിയാകും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ പ്രദര്‍ശനാനുമതി ലഭിച്ച ചിത്രം നിരോധിക്കാന്‍. ആവിഷ്കാരസ്വാതന്ത്ര്യത്തിന് നിയതമായ പരിധികളുണ്ട്. വിഭാഗീതയും ഭിന്നിപ്പുമുണ്ടാക്കാന്‍ സിനിമയെ ഉപയോഗിക്കുന്നവരെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ന്യായീകരിക്കുന്നതു ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ യുഡിഎഫ് നേതാക്കള്‍ ആദ്യമേ ഈ സിനിമ പ്രദര്‍ശിപ്പിക്കരുതെന്ന നിലപാട് സ്വീകരിച്ചതാണ്. ഇക്കാര്യത്തില്‍ ഇരുമുന്നണികളും കാണിക്കുന്ന നിശ്ചയദാര്‍ഢ്യം ശ്ലാഘനീയമാണ്.
ന്യൂനപക്ഷത്തോടു കരുതലും മതനിരപേക്ഷ മൂല്യങ്ങളോട് പ്രതിജ്ഞാബദ്ധതയുമുണ്ടെന്നു പറയുന്ന കേരളത്തിലെ മുഖ്യധാര രാഷ്ട്രീയ കക്ഷികള്‍ക്ക് ക്രൈസ്തവരുടെ അവകാശങ്ങളുടെ കാര്യത്തില്‍ എത്രത്തോളം ജാഗ്രതയുണ്ട്?
‘കേരള സ്റ്റോറി’ ഒരു ജനവിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തുമെന്നും സാമുദായിക സ്പര്‍ധ വളര്‍ത്തുമെന്നും തിരിച്ചറിഞ്ഞ് അതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഭരണമുന്നണിയും പ്രതിപക്ഷവും പ്രഖ്യാപിക്കുമ്പോള്‍, ക്രൈസ്തവ സന്ന്യാസത്തെ അപകീര്‍ത്തിപ്പെടുത്തുകയും ഇതര മതവിഭാഗങ്ങളില്‍ തെറ്റിദ്ധാരണ ജനിപ്പിക്കുകയും ചെയ്യുന്ന ‘കക്കുകളി’ നാടകത്തിന് അവതരണാനുമതി നല്‍കരുതെന്ന കത്തോലിക്കാ സഭയുടെ ആവശ്യത്തോട് പുറംതിരിഞ്ഞുനില്‍ക്കുന്ന ഇരട്ടത്താപ്പും കാപട്യവും എങ്ങനെ ന്യായീകരിക്കാനാകും? അര്‍പ്പിത സമൂഹങ്ങളെയും സന്ന്യാസിനിമാരെയും അപമാനിക്കുന്ന ഈ നാടകം സംസ്ഥാന സര്‍ക്കാരിന്റെ രാജ്യാന്തര നാടകമേളയില്‍ എങ്ങനെയാണ് കൊണ്ടാടിയത്? കക്കുകളിയുടെ ആവിഷ്കാരസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ഭരണകൂടവും ഇടതു പുരോഗമന സംഘങ്ങളും കാണിക്കുന്ന അമിതാവേശം കുറ്റകരമായ വിവേചനമാണ്, തികഞ്ഞ അശ്ലീലവും.