ഏപ്രില്‍, മേയ് മാസങ്ങള്‍ അവധിക്കാലം എന്നാണ് പഴയ കാലം മുതലുള്ള ധാരണ. കുട്ടികളുടെ സംഘം ചേര്‍ന്നുള്ള കളികള്‍, ആര്‍പ്പുവിളികള്‍, വിനോദയാത്രകള്‍, ബന്ധുവീടുകളിലെ താമസം ഇതൊക്കെ അവധിക്കാലത്തെ ജീവിതത്തിന് പുതിയ സന്തോഷം നല്കുന്നു. കാലംമാറി, കഥമാറി.
ഇപ്പോള്‍ വേനല്‍ അവധി എന്നൊക്കെ കേള്‍ക്കുന്നത് തന്നെ കൂടുതല്‍ പഠിക്കാനും ജീവിതത്തെ ഏതെങ്കിലും ഒരു ട്രാക്കില്‍ എത്തിക്കുന്നതിനുള്ള പരിശീലനങ്ങളുടെ കാലയളവാണ്.
വേനല്‍ അവധിക്കാലത്തെ സമ്പന്നമാക്കുന്ന നാടന്‍ കളികളെ കുറിച്ചുള്ള ഒരു ഗവേഷണഗ്രന്ഥമുണ്ട് മലയാളത്തില്‍. എറണാകുളം സെന്റ് ആല്‍ബര്‍ട്സ് കോളജിലെ മുന്‍ അധ്യാപകന് ഡോ. എഡ്വേര്‍ഡ് എടേഴത്താണ് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ഈ പുസ്തകത്തിന്റെ രചയിതാവ്. അവധിക്കാലത്തെ കുറിച്ചുള്ള കെ.എല്‍ മോഹനവര്‍മ്മ, സിപ്പി പള്ളിപ്പുറം, ചുമ്മാര്‍ കുഞ്ഞപ്പന്, സലിംകുമാര്‍, ഡോ. ധനലക്ഷ്മി, ഡോ. ഷാജി ജോസഫ്, ഡയാന സില്‍വസ്റ്റര്‍, ടി.എ ജോസഫ് എന്നിവരുടെ ഓര്‍മ്മക്കുറിപ്പുകളും കൂടി ആയപ്പോള്‍ പുസ്തകം ആകര്‍ഷകമായി.
കളി മറന്ന ബാല്യം വളരുന്നുവോ തളരുന്നുവോ എന്ന ഗ്രന്ഥകാരന്റെ ചോദ്യത്തോടുകൂടിയാണ് പുസ്തകം ആരംഭിക്കുന്നത്. പഴയതലമുറ അവരുടെ ബാല്യകാലം അയവിറക്കുമ്പോള്‍ വീട്ടുമുറ്റത്തും വെളിംപറമ്പിലും എല്ലാം കൂട്ടുകാരുമായി തകര്‍ത്തു കളിച്ചു നടന്ന സുന്ദരമായ ഓര്‍മ്മകളാണ് പലപ്പോഴും എടുത്ത് പറയുക. അക്കാലത്ത് കൊച്ചുകുട്ടികള്‍ ആണെങ്കില്‍ അത്തള പുത്തള തവളാച്ചി, ഈശ കൊട്ടാരം, ഒളിച്ചേ പാത്തെ ഇനി കുറച്ചു കൂടെ വലിയവര്‍ക്ക് കുട്ടിയും കോലും, കൊന്തിക്കളി, സാറ്റ്, അമ്മ. റൈറ്റ് എന്നിങ്ങനെ കളികളുടെ ലിസ്റ്റ് നീളും. പേരിലും കളിയുടെ വിശദാംശങ്ങളിലും പ്രാദേശികമായി വ്യത്യാസങ്ങള്‍ ഉണ്ടാകും. പക്ഷേ, ഒരു കാര്യം തീര്‍ച്ച. രണ്ടു മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കുട്ടികളുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ഓര്‍മ്മകള്‍ കളിക്കളങ്ങളുമായി ബന്ധപ്പെട്ടായിരുന്നു. നല്ല ബന്ധങ്ങള്‍ രൂപപ്പെട്ടതും ജീവിതത്തില്‍ അനേക കാര്യങ്ങള്‍ അവര്‍ അഭ്യസിച്ചതും അവിടെത്തന്നെ.
കുട്ടിയും കോലും പഴയ നാടന്‍കളികളില്‍ പ്രമുഖ സ്ഥാനം വഹിക്കുന്ന ഒരു കളിയാണ്. സാമൂഹ്യപ്രവര്‍ത്തകന്‍ ചുമ്മാര്‍ കുഞ്ഞപ്പന് പുസ്തകത്തില്‍ ആ കളിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുന്നത് ഇങ്ങനെയാണ്.
‘എന്റെ കുട്ടിക്കാലത്ത് ഏറ്റവും അധികം കളിച്ചിരുന്ന ഒരു വിനോദമാണ് കുട്ടിയും കോലും. കേരളത്തില്‍ മാത്രം കണ്ടിരുന്ന ഒരു വിനോദമാണിത്. ഇത് പല സ്ഥലങ്ങളിലും പല പേരുകളിലാണ് അറിയപ്പെടുന്നത്. സമാനനിയമങ്ങള്‍ തന്നെയാണ് എല്ലായിടത്തും. ഇന്ന് ഈ കളി വിസ്മൃതിയാലാണ്ടുപോകാന് തുടങ്ങിയിരിക്കുന്നു. ഈ കളി ക്രിക്കറ്റിനോടും ബാസ്ക്കറ്റ്ബോളിനോടും സമാനത പുലര്‍ത്തുന്നുണ്ട്. ഇരുപത് സെന്റീമീറ്ററോളം നീളമുളള മരക്കമ്പിനെയാണ് ”കുട്ടി” എന്ന് വിളിക്കുന്നത്. രണ്ടടിയോളം നീളമുള്ള വടിയാണ് കോല്. ഇത് ഞങ്ങള്‍ എല്ലാ ദിവസവും മുടങ്ങാതെ കളിച്ചു പോന്ന കളിയായിരുന്നു.
പുസ്തകം കുട്ടിയും കോലും കളിയെ ആഴത്തില്‍ പരിചയപ്പെടുത്തുന്നുണ്ട്. കളിക്കുന്ന ആള് മണ്ണില്‍ ഉണ്ടാക്കിയ കുഴിക്ക് കുറുകെ ചെറിയ കമ്പ് (കുട്ടി) വയ്ക്കുന്നു. ബാക്കിയുള്ളവര്‍ ഒരു നിശ്ചിതഅകലത്തില്‍ കളിക്കുന്ന ആള്‍ക്ക് അഭിമുഖമായി നില്‍ക്കണം. കുഴിയുടെ മുകളില്‍ വച്ചിട്ടുള്ള ചെറിയ – കോലിനെ കളിക്കുന്നയാള്‍ വലിയ കമ്പ് (കോല്) കൊണ്ട് ”കുട്ടീം കോലും കാത്താ?” എന്നു ചോദിച്ചുകൊണ്ട് ഉയര്‍ത്തി എറിയണം. ആ ചെറിയ കുട്ടി നിലത്തു മുട്ടുന്നതിനു മുന്‍പ് ആരെങ്കിലും പിടിച്ചാല്‍ കളിക്കാരന് പുറത്താകും. കുട്ടി നിലത്തു വീണാല്‍ ബാക്കിയുള്ള കളിക്കാരില്‍ ആരെങ്കിലും ഒരാള്‍ അതെടുത്ത് കുഴിയുടെ അറ്റത്ത് കുത്തിപിടിച്ചിട്ടുള്ള വലിയ കോലിനെ എറിഞ്ഞ് കൊള്ളിക്കുകയോ കുഴിയില്‍ കുട്ടി വീഴ്ത്തുകയോ ചെയ്താലും ആദ്യം കളിക്കുന്നയാള്‍ പുറത്താകും. ഇപ്രകാരം കളിക്കാരനെ പുറത്താക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അയാള്‍ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. തുടര്‍ന്ന് കളിയുടെ ഓരോ പടി /അളവ് അനുസരിച്ച് (സാദ്, മുറി, നാഴി…) കുട്ടിവച്ച്, ”അടി കാത്താ?” എന്നുചോദിച്ചുകൊണ്ട് കളിക്കുന്ന ആള് കുട്ടി വലിയ കോലുകൊണ്ട് അടിച്ചു വിടണം. കുട്ടി അടികൊള്ളാതെ നിലത്തു വീഴുകയോ, അടികൊണ്ട് കുട്ടി നിലം തൊടുന്നതിനു മുന്‍പ് ആരെങ്കിലും പിടിച്ചാലോ കളിക്കുന്നയാള്‍ പുറത്താകും. ഇത്തരത്തിലുള്ള 80 കളികള്‍ ഈ പുസ്തകത്തില്‍ ഉണ്ട്. കളിയുടെ പേര്, പങ്കെടുക്കുന്നവര്‍, പ്രായം, കളിസ്ഥലം, പങ്കാളിത്തം, കളി സാധനങ്ങള്‍, കളി കൊണ്ടുള്ള പ്രയോജനങ്ങള്‍ തുടങ്ങി ശാസ്ത്രീയവും കൃത്യതയുമാര്‍ന്ന രീതിയിലാണ് കളികളെ പുസ്തകത്തില്‍ അവതരിപ്പിച്ചിട്ടുള്ളത്.
പഴയ കളികള്‍ ഓര്‍ക്കുന്നതിനും പുതിയ തലമുറയെ അവ പഠിപ്പിക്കുന്നതിനും ഈ പുസ്തകം ഉപകരിക്കും. അവസാന അധ്യായത്തില്‍ നാടന്‍ കളിയിലെ പാട്ടുകളും ചേര്‍ത്തിട്ടുണ്ട്. കളികളുടെ ചിത്രങ്ങളും അവയെക്കുറിച്ചുള്ള ഇലസ്ട്രേഷനുകളും പുസ്തകത്തെ ആകര്‍ഷകമാക്കുന്നു.
അത്തള പുത്തള തവളാച്ചി
ചുക്കുമറിക്കുന്ന ചൂളാപ്പി
മറിയം വന്ന് വിളക്കൂതി
കൊണ്ടു സാറ മാണി കോട്ട …..ഇതൊക്കെ പാടിയവരും കളിച്ചവരും ഭാഗ്യവാന്മാര് കാരണം സ്മാര്‍ട്ട് ഫോണിലും കമ്പ്യൂട്ടറിലും ഡിജിറ്റല്‍ ഗെയിമുകളിലും നിങ്ങളുടെ വേനലവധി തീര്‍ന്നില്ല.
‘മധുരിക്കും ഓര്‍മ്മകളെ
മലര്‍മഞ്ചല്‍ കൊണ്ടുവരു….
കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടില്‍’
എന്ന കവി പാടിയത് നാടന്‍ കളികളുടെ മാധുര്യം ഓര്‍മ്മയില്‍ നിന്നുമാഞ്ഞു പോകാത്തതുകൊണ്ടു തന്നെയാണ്.