മാനസികരോഗമുള്ളവരെ പരിചരിക്കുന്നവരില്‍ രോഗമുണ്ടാക്കിയേക്കാവുന്ന അനന്തമായ ആഘാതങ്ങളെക്കുറിച്ച് സിനിമ ഇടയ്ക്കിടെ ഓര്‍മപ്പെടുത്തുന്നുണ്ട്. രോഗിയായ ഒരു കുടുംബാംഗം, പ്രത്യേകിച്ച് ഒരു കുട്ടി, തന്നെ ഏറ്റവും ശ്രദ്ധിക്കുന്നവരുടെ ഹൃദയത്തെ എങ്ങനെ തകര്ക്കുന്നുവെന്നൊക്കെ.
മാനസിക രോഗങ്ങളുള്ള ചിലരുടെ ക്രൂരമായ കൗശലങ്ങളും അവര്‍ക്ക് ചികിത്സ നല്കുന്നതില് നിന്ന് വേണ്ടപ്പെട്ടവരെ തടയാനുള്ള അവരുടെ വൈദഗ്ധ്യത്തെയും ദി സണ്‍ സ്പര്‍ശിക്കുന്നു.
ഫ്ളോറിയന്‍ സെല്ലര്‍ സംവിധാനം ചെയ്ത ചിത്രമാണ് ദി സണ്‍. സെല്ലറുടെ 2018 ലെ അതേ പേരിലുള്ള നാടകത്തെ അടിസ്ഥാനമാക്കിയുള്ളതാണ് സിനിമ. ഹ്യൂ ജാക്ക്മാന്, ലോറ ഡെര്‍ണ്‍, വനേസ കിര്‍ബി, സെന്‍ മഗ്രാത്ത്, ഹ്യൂ ക്വാര്‍ഷി എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. ആന്റണി ഹോപ്കിന്‍സ് ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തിന്റെ പിതാവായി അഭിനയിക്കുന്നു. 2020ലാണ് സെല്ലറുടെ ദി ഫാദര്‍ എന്ന ചിത്രം പുറത്തറിങ്ങുന്നത്. മറവിരോഗം ബാധിച്ച വൃദ്ധനായ തകര്‍ത്തഭിനയിച്ച ആന്റണി ഹോപ്കിന്‍സ് മികച്ച അഭിനയത്തിന് ഓസ്കര് അടക്കം നിരവധി പുരസ്കാരങ്ങള്‍ നേടി. പേരിലുള്ള ബന്ധവും ഹോപ്കിന്സിന്റെ സാന്നധ്യവുമൊഴിച്ചാല് ദി സണ്‍, ദി ഫാദറിന്റെ തുടര്‍ച്ചയാണെന്നു പറയാനാകില്ല. 2022ല്‍ വെനീസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ദി സണ്‍ പ്രഥമ പ്രദര്‍ശനം നടത്തി.
പീറ്റര്‍ മില്ലര്‍ (ഹ്യൂ ജാക്ക്മാന്) വിജയം വരിച്ച ഒരു ബിസിനസ്കാരനാണ്. വിശാലമായ ചില്ലു ജാലകത്തിലൂടെ പുറത്തേക്കു നോക്കിയാല്‍ മനോഹരനഗരകാഴ്ചകളുള്ള ഒരു വലിയ ഓഫീസാണ് അയാളുടേത്. പീറ്റര്‍ ബെത്തിനെ (വനേസ കിര്‍ബി) വിവാഹം കഴിച്ചു, അവര്‍ക്ക് തിയോ എന്ന് പേരുള്ള ഒരു കുട്ടിയുണ്ട്. അവരുടെ സാമ്പത്തിക സ്ഥിതിക്ക് ഉതകുംവിധം മനോഹരമായ ഒരു അപ്പാര്‍ട്ട്മെന്റിലാണ് അവര്‍ താമസിക്കുന്നത്. സിനിമ ആരംഭിക്കുമ്പോള്‍, ബെത്ത് കുഞ്ഞുതിയോയെ കളിപ്പിക്കുകയാണ്. പീറ്റര്‍ അവര്‍ക്കരികിലുണ്ട്. ഒരു സന്തുഷ്ട കുടുംബമാണവരുടേതെന്ന് ഈ രംഗങ്ങളിലൂടെ മനസിലാകും. അവരുടെ സന്തുഷ്ട ജീവിതത്തിന് വിരാമമിടാനെന്നോണം ഡെര്ബെല് അടിക്കുന്നു. കേറ്റ് (ലോറ ഡെര്‍ണ്‍) എന്ന പീറ്ററിന്റെ ആദ്യ ഭാര്യയായിരുന്നു അവിടെ. അവര്‍ക്ക് പീറ്ററിന്റേയും അവളുടേയും മകനായ 17 വയസ്സുള്ള നിക്കോളാസിനെ (സെന്‍ മഗ്രാത്ത്) കുറിച്ച് മോശം വാര്‍ത്തയുണ്ട്. കഴിഞ്ഞ ഒരു മാസമായി അവന് സ്കൂളില്‍ പോകുന്നില്ല. അവന് വിഷാദ രോഗത്തിന് അടിമയാണ്.
ആലോചനകള്‍ക്കു ശേഷം നിക്കൊളാസിനെ തന്നോടൊപ്പം താമസിപ്പിക്കുവാന്‍ പീറ്റര്‍ തീരുമാനിക്കുന്നു. തന്റെ പിതാവ് (ആന്റണി ഹോപ്കിന്‍സ്) തനിക്കൊരു നല്ല മാതൃകയായിരുന്നില്ലെന്ന് അയാള്‍ക്കറിയാം. പക്ഷേ നിക്കൊളാസിന് ഒരു നല്ല നല്ല അച്ഛനാകാന്‍ തനിക്കു കഴിയണമെന്ന് പീറ്റര്‍ പ്രതിജ്ഞയെടുക്കുന്നു.
എന്താണ് നിക്കൊളാസിന്റെ യഥാര്‍ത്ഥ പ്രശ്നം? മാതാപിതാക്കളുടെ തകര്‍ന്ന ദാമ്പത്യബന്ധം തന്നെ. തന്റെ അമ്മയെ പീറ്റര്‍ വഞ്ചിച്ചുവെന്നാണ് നിക്കോളാസ് കരുതുന്നത്. പക്ഷേ, കേറ്റിനെ വഞ്ചിച്ചുകൊണ്ട് നിക്കൊളാസിനെ താന്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ചതായി അംഗീകരിക്കാന്‍ പീറ്റര്‍ വിസമ്മതിക്കുന്നു. ദിവസങ്ങള്‍ക്കൊടുവില്‍ നിക്കൊളാസ് ആത്മഹത്യക്കു ശ്രമിക്കുന്നു. അവനെ ഒരു ചികിത്സാകേന്ദ്രത്തില്‍ പ്രവേശിപ്പിക്കുന്നു. മകനോടുള്ള തന്റെ ബന്ധത്തിന്റെ ആഴവും ഉത്തരവാദിത്വവും പീറ്ററിന് മനസിലാകുന്നത് അപ്പോഴാണ്. തന്റെ ചെയ്തികളില്‍ നിക്കൊളാസും പശ്ചാത്തപിക്കുന്നു. പീറ്ററും കേറ്റും അവനെ വീട്ടിലേക്ക് കൊണ്ടുവരുന്നു. വീട്ടില്‍ തിരിച്ചെത്തിയ നിക്കോളാസ് അവര്‍ക്ക് ചായ ഉണ്ടാക്കിക്കൊടുക്കുകയും സന്തോഷത്തോടെ സംസാരിക്കുകയും ചെയ്യുന്നു. അവന് കുളിക്കാന്‍ പോകുന്നു. കാര്യങ്ങള്‍ എങ്ങനെ മെച്ചപ്പെടുന്നുവെന്ന് പീറ്ററും കേറ്റും സന്തോഷത്തോടെ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുമ്പോള്‍ നിക്കോളാസ് സ്വയം വെടിവച്ചു മരിക്കുന്നു.
പ്രേക്ഷകന് എന്തെങ്കിലും നല്ല സന്ദേശം നല്‍കാനാണോ ചില സിനിമകളുടെ ഉദ്യമമെന്ന് ദി സണ്‍ കാണുമ്പോള്‍ സംശയിച്ചുപോകും. സദുദ്ദേശ്യപരം, എന്നാല്‍ മോശമായി നിര്‍മ്മിച്ചതുമായ സിനിമയെന്ന് ഇതേക്കുറിച്ചു പറയാം. മാനസികരോഗമുള്ളവരെ പരിചരിക്കുന്നവരില്‍ രോഗമുണ്ടാക്കിയേക്കാവുന്ന അനന്തമായ ആഘാതങ്ങളെക്കുറിച്ച് സിനിമ ഇടയ്ക്കിടെ ഓര്‍മപ്പെടുത്തുന്നുണ്ട്. രോഗിയായ ഒരു കുടുംബാംഗം, പ്രത്യേകിച്ച് ഒരു കുട്ടി, തന്നെ ഏറ്റവും ശ്രദ്ധിക്കുന്നവരുടെ ഹൃദയത്തെ എങ്ങനെ തകര്ക്കുന്നുവെന്നൊക്കെ. മാനസിക രോഗങ്ങളുള്ള ചിലരുടെ ക്രൂരമായ കൗശലങ്ങളും അവര്‍ക്ക് ചികിത്സ നല്കുന്നതില് നിന്ന് വേണ്ടപ്പെട്ടവരെ തടയാനുള്ള അവരുടെ വൈദഗ്ധ്യത്തെയും ദി സണ്‍ സ്പര്‍ശിക്കുന്നു. ബെന്‍ സ്മിതാര്ഡിന്റെ ഛായാഗ്രഹണവും ഹോപ്കിന്സിന്റെ ചെറിയ വേഷത്തിന്റെയും മേന്മക്കപ്പുറം ചിത്രം ഹൃദയത്തെ സ്പര്‍ശിക്കുന്നില്ല. സെല്ലറും സഹ-എഴുത്തുകാരന് ക്രിസ്റ്റഫര്‍ ഹാംപ്ടണും ചേര്‍ന്നെഴുതിയ തിരക്കഥയുടെ പാളിച്ച മുഴച്ചുനില്ക്കുന്നു. തിരക്കഥ ഉപരിപ്ലവവും കൃത്രിമവുമായതാണ് സിനിമയുടെ പോരായ്മ.
കുടുംബങ്ങളുടെ ശിഥിലതയും അത് അടുത്ത തലമുറയെ ബാധിക്കുന്നതുമെല്ലാം ധാരാളം സിനിമകള്‍ക്ക് വളരെ വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ പ്രമേയമായിട്ടുള്ളതാണ്. ജാക്ക്മാന് ഒരു ഓസ്കര് ലഭിക്കുമെന്ന പ്രലോഭനം ഉണ്ടായിരുന്നുവെന്ന് തോന്നുന്നു. സിനിമയുടെ ഭൂരിഭാഗം രംഗങ്ങളിലും നിറഞ്ഞുനിന്നിട്ടും മനസിന്റെ ഭാവങ്ങള്‍ പുറമേക്ക് കാണിക്കാനായി നിരവധി ക്ലോസ് അപ്പ് ഷോട്ടുകള്‍ എടുത്തിട്ടും ഒരു പ്രധാനപ്പെട്ട പുരസ്കാരം പോലും അദ്ദേഹത്തിന് ലഭിച്ചില്ല.