ദിവ്യബലിയില്‍ പാടാന്‍ ഒരു പാട്ടെഴുതാന്‍ പറഞ്ഞതില്‍ തന്നെ സന്തോഷം. അപ്പോള്‍ പോപ്പിന്റെ കുര്‍ബാനയ്ക്ക് പാടാനൊരു ദിവ്യകാരുണ്യഗീതം ആവശ്യപ്പെട്ടാലോ? അങ്ങനെയൊരു സന്തോഷകരമായ ചോദ്യത്തെക്കുറിച്ചു ഷെവ. ഡോ. പ്രീമൂസ് പെരിഞ്ചേരി മനസു തുറക്കുന്നു.
”ഞാന്‍ അന്ന് സെന്റ് ആല്‍ബട്സ് കോളജില്‍ പഠിപ്പിക്കുകയാണ്. ഒഴിവു സമയം കിട്ടുമ്പോഴെല്ലാം തൊട്ടടുത്തുള്ള കലാകേന്ദ്രമായ സിഎസിയില്‍ പോകുക പതിവായിരുന്നു. അന്ന് ഫാ. മൈക്കിള്‍ പനക്കലായിരുന്നു സിഎസിയുടെ അമരത്ത്. അച്ചന്റെ കയ്യില്‍ ലഭിക്കുന്ന പുതിയ എഴുത്തുകാരുടെ സൃഷ്ടികള്‍ പലപ്പോഴും എന്നെ ഏല്‍പ്പിച്ചിട്ടുണ്ട്. ഭാഷാപരമായ തെറ്റുകള്‍ ഉണ്ടെങ്കില്‍ തിരുത്താന്‍ അച്ചന് പറയുമായിരുന്നു. അങ്ങനെ ഒരു ദിവസം ഉച്ചയ്ക്ക് അവിടെ എത്തിയപ്പോള്‍ അച്ചന് എനിക്ക് ഒരു ദിവ്യകാരുണ്യഗീതം വേണം, വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് പാപ്പ കളമശേരിയില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ പാടാനാണ് എന്ന് ആവശ്യപ്പെട്ടു. ജീവിതത്തില്‍ ഇന്നുവരെ കേട്ടതില്‍ വച്ച് ഏറ്റവും സന്തോഷമുള്ളൊരു കാര്യമായിരുന്നു അത്. ഞാന്‍ അച്ചന്റെ മുന്നില്‍ വിനീതനായി കൈകള്‍ കൂപ്പി പറഞ്ഞു, അതിയായ സന്തോഷത്തോടെ ഞാന്‍ ഇതെഴുതും….
ആദ്യ നാലുവരികള്‍ എഴുതിക്കഴിഞ്ഞ് കുറെ നേരത്തെ പ്രാര്‍ഥനയ്ക്കുശേഷം ഞാനെഴുതി:
പട്ടാംബരം വിരിച്ചീടാം
ചിത്രകംമ്പളം ഞാന്‍ നിരത്തീടാം
പട്ടുപോലുള്ള കാലിണ വയ്ക്കാന്‍
പാദുകം ഞാനൊരുക്കീടാം… നാഥാ….
ഒലിവില കൈകളിലേന്തി നിന്റെ ഓര്‍മകള്‍ പുല്കി ഞാന്‍ നില്ക്കാം
ഓശാന ഗീതകം പാടാം
ഓര്‍ശ്ലെമിന്‍ നായകന് വരുമോ… നാഥാ…
”പാട്ട് എഴുതിക്കഴിഞ്ഞ് ഉടനെ തന്നെ സിഎസിയില്‍ എത്തി ഫാ. മൈക്കിള്‍ പനക്കലിനെ ഏല്‍പ്പിച്ചു. ആരാണ് സംഗീതം ചെയ്യുന്നതെന്നറിയാന്‍ എനിക്ക് ആകാംക്ഷ ഉണ്ടായിരുന്നു. പക്ഷേ അച്ചന് ഒന്നും പറഞ്ഞില്ല. വരികള്‍ വാങ്ങി കയ്യില്‍ വച്ചു.”
ഷെവ. പ്രീമൂസ് പെരിഞ്ചേരി അതിനു മുന്‍പ് പാട്ടുകള്‍ എഴുതിയിട്ടുണ്ടെങ്കിലും റെക്കോര്‍ഡ് ചെയ്തു പുറത്തിറക്കിയിട്ടില്ലായിരുന്നു. ഈ ഗാനമാണ് ഷെവ. പ്രീമൂസിന്റേതായി പുറത്തിറങ്ങിയ ആദ്യ ഗാനം. ഈ ഗാനത്തിനു സംഗീതം നല്കാന് ഫാ. മൈക്കിള്‍ ചുമതലപ്പെടുത്തിയത് എം.ഇ മാനുവലിനെയായിരുന്നു. ഫ്രെഡ്ഡി പള്ളന്‍, ബാബു, ജെന്‍സി, മിന്മിനി എന്നിവരായിരുന്നു പ്രധാന ഗായകര്‍. അങ്ങനെ ഈ ഗാനവും റെക്കോര്‍ഡ് ചെയ്യപ്പെട്ടു. പക്ഷേ വലിയ നന്മകള് വരാനിരിക്കുന്നുണ്ടായിരുന്നു. അതിനെക്കുറിച്ച് ഷെവ. ഡോ. പ്രിമൂസ് ഇങ്ങനെ ഓര്‍ക്കുന്നു.
” പോപ്പിന്റെ കുര്‍ബാനയില്‍ ഗായകസംഘത്തോടൊപ്പം പങ്കെടുക്കാന്‍ എനിക്കും അവസരമുണ്ടെന്നു ഫാ. മൈക്കിള്‍ അറിയിച്ചു. സിഎസിയില്‍ എത്തിച്ചേരണം. നമുക്ക് ഒരുമിച്ച് കളമശേരിയിലേക്കു പോകാം. അങ്ങനെ ഗായക സംഘത്തോടൊപ്പം ഞാനും കളമശേരിയിലേക്കു പുറപ്പെട്ടു. നൂറുപേർ പാടുന്ന വേദിയോട് ചേര്‍ന്ന് എനിക്കും ഫാ. മൈക്കിള്‍ ഒരു ഇരിപ്പിടം നല്കി. ദിവ്യബലി തുടങ്ങി. എന്റെ പാട്ട് ദിവ്യകാരുണ്യഗീതമാണ്. ദിവ്യകാരുണ്യസമയത്ത് പാടുവാനായി ആദ്യം ക്രമീകരിച്ചിരിക്കുന്നത് പുണ്യശ്ലോകനായ ആര്‍ച്ച്ബിഷപ് ഡോ. കൊര്‍ണേലിയൂസ് ഇലഞ്ഞിക്കല്‍ എഴുതിയ ‘സ്നേഹ നാഥാ എന്നില്‍ വന്നു വാണിടുന്നീ വേളയില്‍’ എന്നു തുടങ്ങുന്ന ഗാനമാണ്. ഈ പാട്ട് പാടിക്കഴിഞ്ഞ് ദിവ്യകാരുണ്യ സ്വീകരണത്തിനു ആളുകള്‍ ഉണ്ടെങ്കിലേ എന്റെ പാട്ട് പാടുകയുള്ളൂ. അങ്ങനെ എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമെത്തി. അള്‍ത്താരയില്‍ ജോണ്‍ പോള്‍ പാപ്പ, ആയിരത്തിലധികം വൈദികര്‍, പതിനായിരക്കണക്കിനു വിശ്വാസികള്‍, ആറ് ഗായകര്‍, അന്‍പതോളം സംഗീതോപകരണ വിഭാഗങ്ങള്‍, അവിടെ മുഴങ്ങുന്നത് ഞാന്‍ എഴുതിയ പാട്ട്. ജീവിതത്തിലെ ഏറ്റവും അനുഗ്രഹദായകമായ നിമിഷത്തിലൂടെ ഞാന്‍ കടന്നു പോവുകയായിരുന്നു. ഈ നന്മയിലൂടെ എന്നെ കൊണ്ടുപോയ സര്‍വ്വശക്തനായ ദൈവത്തോട് ഞാന്‍ വിനീതമായി നന്ദി പറയുകയായിരുന്നു. അതോടൊപ്പം എന്നെ ഇവിടെ ഈ ധന്യവേളയിലേക്കു കൈപിടിച്ചു കൊണ്ടുപോന്ന മൈക്കിളച്ചനേയും നന്ദിയോടെ ഓര്‍ത്തു. ഈ ഗാനത്തിനു സംഗീതം നല്കിയ എം.ഇ മാനുവല്‍ ഇന്നു നമ്മോടൊപ്പമില്ല. മാനുവേലിനു ഞാന്‍ ഈ ഗാനം സമര്‍പ്പിക്കുകയാണ്.