പുരോഹിതനാകാന്‍ തീരുമാനിച്ചയാളാണ് ജെറി അമല്‍ദേവ്. അതിലേക്കുള്ള യാത്രയ്ക്കിടയില്‍ അതല്ല തന്റെ വഴിയെന്നു തിരിച്ചറിഞ്ഞ് സംഗീതത്തിലേക്ക് തിരിഞ്ഞയാള്‍. ദൈവത്തിന്റെ തൊട്ടടുത്തു നില്‍ക്കുന്നയാളാണ് പുരോഹിതന്. എന്നാല്‍, സംഗീതമാകട്ടെ ദൈവംതന്നെയാണ്. ആ സത്യം ജെറി തന്റെ ജീവിതംകൊണ്ട് തെളിയിച്ചു. സൗമ്യസംഗീതം പോലെ ശാന്തനായ മനുഷ്യന്!
ഇന്ത്യകണ്ട ഏറ്റവും വലിയ സംഗീതജ്ഞരില്‍ ഒരാളായ നൗഷാദ് സാഹിബിന്റെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിനു ഭാഗ്യമുണ്ടായി. പിന്നെ, യു.എസില്‍ പോയി പാശ്ചാത്യസംഗീതം ആഴത്തില്‍ പഠിക്കുകയും ചെയ്തു. ”മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ എന്ന സിനിമയുടെ ഏറ്റവും ആകര്‍ഷകമായ ഘടകം അതിലെ ഗാനങ്ങള്‍ തന്നെയാണ്. അതിനുമുന്പും ഹിറ്റുഗാനങ്ങള്‍ എഴുതിയ കവിയാണ് ബിച്ചുതിരുമല. എന്നാല്‍, ജെറിയുമായി ചേര്‍ന്നപ്പോള്‍ ബിച്ചുവിന്റെ എല്ലാ വരികളും മികച്ചതായി. അങ്ങനെ വളരെ പെട്ടെന്ന് ഒരു ‘ജെറി അമല്‍ദേവ് തരംഗം’ ഉടലെടുത്തു. ആ തരംഗം എന്തുകൊണ്ട് ദീര്‍ഘകാലം നിലനിന്നില്ല എന്ന ചോദ്യത്തിന്, കാലത്തിന്റെ തമാശയെന്നേ ഉത്തരം പറയാന്‍ കഴിയൂ. ആരാണ് ജെറി അമല്‍ദേവ് ? എന്ന ചോദ്യത്തിന് ഏറ്റവും നല്ല ഉത്തരമാണ് ശ്രീകുമാരന്‍ തമ്പിയുടെ വാക്കുകള്‍.
ജെറി അമല്‍ദേവിനെ കൂടുതലറിയാനുള്ള അതിമനോഹരമായ ഒരു പുസ്തകം പി.വി. ആല്‍ബി എഴുതിയിട്ടുണ്ട്. സംഗീത വിദ്യാര്‍ഥികള്‍ക്കും സംഗീതത്തെ ഗൗരവമായി സമീപിക്കുന്നവര്‍ക്കും വഴികാട്ടിയാണ് ‘ജെറി അമല്‍ ദേവ്; മഞ്ഞില്‍ വിരിഞ്ഞ സംഗീതം’ എന്ന ആല്‍ബിയുടെ പുസ്തകം. എറണാകുളത്തെ ബോസ്കോ കലാസമിതിയില്‍ നിന്ന് ആരംഭിക്കുന്ന ജെറി മാഷിന്റെ സംഗീതസപര്യ ‘സിംഗ് ഇന്ത്യ’ വരെ എത്തി നില്ക്കുന്നു. ഈ ജീവിതയാത്രയിലെ അതിമനോഹരങ്ങളായ വൈകാരിക മുഹൂര്‍ത്തങ്ങളാണ് ആല്‍ബി നമുക്ക് വേണ്ടി സമാഹരിച്ചിട്ടുള്ളത്. ജെറി മാഷിന്റെ അര്‍ത്ഥപൂര്‍ണ്ണമായ സംഗീത ജീവിതവും പാശ്ചാത്യ പൗരസ്ത്യ സംഗീത ശാസ്ത്രങ്ങളുടെ സൗരഭ്യപൂര്ണമായ ലയനവും അനാവരണം ചെയ്യുന്ന കൃതി. ഡോ. അബ്ദുല്‍ കലാമിന്റെ ‘അഗ്നിച്ചിറകുകള്‍’ എഴുതി മലയാളികള്‍ക്ക് സുപരിചിതനായ ആല്‍ബി അതീവ ശ്രദ്ധയോടെയാണ് ഈ പുസ്തകവും രചിച്ചിട്ടുള്ളത്. പന്ത്രണ്ട് അധ്യായങ്ങളാണ് ഈ പുസ്തകത്തിനുള്ളത്.
മോഹന്‍ലാല്‍, ശ്രീകുമാരന്‍ തമ്പി, സത്യന് അന്തിക്കാട് എന്നിവരുടെ ആമുഖക്കുറിപ്പുകളുമുണ്ട്. വായനക്കാരനെ അദ്ഭുതപ്പെടുത്തുന്ന നിരവധി മുഹൂര്‍ത്തങ്ങള്‍ കൊണ്ട് സമ്പന്നമാണീ പുസ്തകം. കൊച്ചിയിലെ മൂഞ്ഞപ്പിള്ളി കുടുംബത്തില്‍ നിന്ന് സംഗീതത്തിന്റെ വിശാലമായ വിഹായസ്സിലേക്ക് ഉയരുകയും അവിടെ നക്ഷത്രമായി പ്രശോഭിക്കുകയും ചെയ്യുന്ന ജെറി അമല്‍ദേവിന്റെ ജീവിതം അറിയേണ്ടതുതന്നെ.
ഫാസില്‍ സംവിധാനം ചെയ്ത ‘എന്നെന്നും കണ്ണേട്ടന്റെ’ എന്ന ചിത്രത്തിലെ അതിപ്രശസ്തമായ ഒരു സെമിക്ലാസിക് ഗാനമുണ്ട്. ദേവദുന്ദുഭി സാന്ദ്രലയം….അതിന്റെ ഉത്ഭവത്തെക്കുറിച്ച് ഫാസില്‍ പറയുന്നത് ഇങ്ങനെയാണ്: ഒരു വീട്ടിലിരുന്ന് ഗുരു ശിഷ്യരെ സംഗീതം പഠിപ്പിക്കുന്ന അന്തരീക്ഷത്തിനിണങ്ങുന്ന ക്ലാസിക് സ്പര്‍ശമുള്ള ഒരു ഗാനം വേണമെന്നാണ് ഞാന്‍ ആവശ്യപ്പെട്ടത്. ഇതിന്റെ തന്നെ വിഷാദപൂര്‍ണ്ണമായ ഒരു വേര്‍ഷനും ആവശ്യമായിരുന്നു. ഇതുകേട്ട് ജെറി തന്റെ പതിവ് രീതി വിട്ട് രാഗാധിഷ്ഠിതമായ ഒരു ഈണം ഉണ്ടാക്കി. ‘ഭീംപലാസി’ എന്ന ഹിന്ദുസ്ഥാനി രാഗമാണ് അതിന് അദ്ദേഹം ഉപയോഗിച്ചത്. കാരണം അത് ഉപയോഗിച്ച് ഏത് ഭാവവും സൃഷ്ടിക്കാമായിരുന്നു. ജെറി മാഷ് കൈതപ്രത്തിന് ഈണം മൂളി കൊടുത്തപ്പോള്‍ ഉടന്‍തന്നെ വരികള്‍ എഴുതി കിട്ടി. പക്ഷേ, ദേവദുന്ദുഭി എന്ന വാക്ക് ജെറി മാഷ് പ്രതീക്ഷിച്ചതേയില്ലായിരുന്നു. തുടക്കത്തില്‍ തന്നെയുള്ള ആ വാക്ക് യാതൊരു കല്ലുകടിയും ഉണ്ടാക്കിയില്ല എന്ന് മാത്രമല്ല മാഷിന്റെ ഈണത്തെ വാനോളം ഉയര്‍ത്തുകയും ചെയ്തു. രാഗങ്ങളും ഭാഷയും ഹൃദയത്തിലുള്ള സംഗീത സംവിധായകനെ നാം ഇവിടെ ദര്‍ശിക്കുന്നു.
പുസ്തകത്തിലെ പതിനൊന്നാം അധ്യായം ദൈവാലയ സംഗീതം അഥവാ ആരാധനക്രമ സംഗീതത്തിന് ജെറി മാഷ് നല്കിയ സംഭാവനകള്‍ അനാവരണം ചെയ്യുന്നു. 1986ല്‍ കേരളം സന്ദര്‍ശിച്ച വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന് പാപ്പ മൂന്ന് പൊതുവേദികളില്‍ ദിവ്യബലി അര്‍പ്പിച്ചു. അതില്‍ കളമശേരിയില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ കാഴ്ചവെയ്പു ഗാനം തയ്യാറാക്കിയത് ജെറി മാഷാണ്. ജീവിതാര്ച്ചനാ വേളയായിതാ മാനസങ്ങളില്‍ പൂജയായി…..റവ. ഡോ. ചെറിയാന് കുനിയന്തോടത്ത് എഴുതിയ ആ ഗാനം ഇന്നും ദൈവാലയങ്ങളില്‍ ആലപിക്കുന്നു. സിനിമാ സംഗീതത്തില്‍ ഉപയോഗിക്കുന്ന ശൈലി അല്ല ദൈവാലയ സംഗീതത്തില്‍ ജെറി മാഷ് ഉപയോഗിക്കുന്നത്. ആരാധനയ്ക്കായി വന്നു കൂടിയിരിക്കുന്ന സമൂഹത്തിന് ഒന്നായി ആലപിക്കാന്‍ ഉള്ളതാണ് ദൈവാലയ ഗാനങ്ങള്‍ എന്ന ബോധ്യം ജെറി മാഷിനുണ്ട്. ‘മഞ്ഞണിക്കൊമ്പില്‍ ‘ എന്ന ചലച്ചിത്ര ഗാനവും അത് സൃഷ്ടിച്ച ഏതാണ്ട് അതേ കാലയളവില്‍ തന്നെ ഒരുക്കിയ ‘നിര്‍മ്മലമായ ഒരു ഹൃദയം എന്നില്‍ ‘ എന്ന ആരാധന ഗീതവും തമ്മിലുള്ള വ്യത്യാസം പരിശോധിച്ചാല്‍ നമുക്കിത് മനസ്സിലാകും.
ഒന്നരവര്‍ഷം ചെലവിട്ട് ജെറി മാഷ് ഇംഗ്ലീഷ് ഓര്‍ത്തോഡോക്സ് കുര്‍ബാന ചിട്ടപ്പെടുത്തിയ അനുഭവവും ഈ അധ്യായത്തില്‍ ഉണ്ട്. പരിശുദ്ധ പരുമല തിരുമേനിയെ കുറിച്ചുള്ള ഓര്‍ത്തഡോക്സ് സഭയിലെ ആദ്യത്തെ മ്യൂസിക് ആല്‍ബവും ജെറി മാഷിന്റേതാണ്. ശിവരഞ്ജനി രാഗത്തില്‍ അദ്ദേഹം ചിട്ടപെടുത്തിയ ‘മനസ്സില്‍ നിറയും മലിനതയെല്ലാം ‘സീറോ മലബാര്‍ ക്രമത്തിലുള്ള കുര്‍ബാനയിലെ ഹൃദയസ്പര്‍ശിയായ ഒന്നായി ഇന്നും നിലനില്ക്കുന്നു. അഞ്ചു സ്വരങ്ങള്‍ മാത്രമുള്ള ‘ശിവരഞ്ജിനി’യെ ഫാ. കുനിയന്തോടത്തിന്റെ കവിതയുമായി ജെറി മാഷ് കൂട്ടിയിണക്കിയപ്പോള്‍ സംഭവിച്ച വിസ്മയമാണ് അതിമനോഹരമായ ആത്മീയ അനുഭൂതി പകരുന്ന ആ ഗാനം.
കൊവിഡ് കാലത്ത് ഇറ്റലിക്കാരനായ ഒരു യുവ വൈദികന് – സിമോനെ ബര്‍ബിയേരി ഒരു മലയാള ഗാനം ആലപിച്ച് ലോകപ്രശസ്തി നേടി. 1982ല്‍ പുറത്തിറങ്ങിയ ‘നോക്കത്താ ദൂരത്ത് കണ്ണും നട്ട് ‘ എന്ന ചിത്രത്തിലെ നിത്യഹരിത ഗാനം. ‘ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാന്‍, എന്നില്‍ നിന്നും പറന്നകന്നൊരു പൈങ്കിളീ മലര് തേന്‍ കിളീ’ ന്യൂജന്‍, ഓള്‍ഡ് ജന്‍ വ്യത്യാസമില്ലാതെ മലയാളികള്‍ ഹൃദയത്തില്‍ സ്വീകരിച്ചിട്ടുള്ള ഒരു ജെറി അമല്‍ദേവ് ഗാനം. പുസ്തകത്തില്‍ ഈ കഥ വായിക്കുമ്പോള്‍ അറിയാതെ നമ്മുടെ ഓര്‍മ്മയില്‍ ഈ ഗാനം ഓടിയെത്തും. അത്തരം നിരവധി ഗാനങ്ങള്‍ ജെറി മാഷിന്റേതായിട്ടുണ്ട്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ ഗാനങ്ങള്‍ ആര്‍ക്കാണ് മറക്കാനാവുക? പുസ്തകത്തിന്റെ ആമുഖത്തിന് എഴുതിയ കുറിപ്പില്‍ മോഹന്‍ലാല്‍ കുറിക്കുന്ന വരികള്‍ അതിന് സാക്ഷ്യമാണ്. മിഴിയോരം നനഞ്ഞൊഴുകും മുകില്‍ മാലകളോ ….. ഈ പാട്ട് എപ്പോള്‍ കേട്ടാലും മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ അഭിനയിച്ച ആള് എന്ന നിലവിട്ട് ഞാനൊരു സാധാരണ ഗാനാസ്വാദകനായി മാറും. എത്ര മനോഹരമായ വരികളും ഈണവും. മനസ്സിന്റെ താഴ്വാരങ്ങളില് മഞ്ഞു വീഴിക്കുന്ന ഒരുതരം ആര്‍ദ്രതയുണ്ട് ആ പാട്ടിന്റെ സംഗീതത്തിനും ഓര്‍ക്കസ്ട്രയ്ക്കും.