ജെറി അമല്‍ദേവിന്റെ ഏത് പാട്ടു കേട്ടാലും ഇത് ജെറി മാഷിന്റെ പാട്ടാണല്ലോ എന്ന് ആസ്വാദകള്‍ പറയും. എല്ലാ പാട്ടുകള്‍ക്കും തന്റെ കയ്യൊപ്പു ചാര്‍ത്തിയാണ് ജെറി അമല്‍ദേവ് നമ്മെ കേള്‍പ്പിച്ചത്. 2023 ഏപ്രില്‍ 15ന് 84-ാം ജന്മദിനം ആഘോഷിച്ച ജെറി അമല്‍ദേവ് ക്രൈസ്തവ ഭക്തിഗാനശാഖയിലും തന്റെ കയ്യൊപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ക്രൈസ്തവ ഭക്തിഗാനശാഖയിലേയും ദേവാലയ സംഗീതത്തിലേയും തെറ്റായ യാത്രകള്‍ക്കെതിരെ കൃത്യമായ സിഗ്നലുകള്‍ എന്നും നല്‍കിയിട്ടുള്ള സംഗീതജ്ഞനാണ് ജെറി അമല്‍ദേവ്.
ആരാധനക്രമത്തിലെ പാട്ടുകളുടെ രചന മുതല്‍ സംഗീതം നല്കി ആലപിക്കുന്നതു വരെ സംഗീത വിദഗ്ദരും സഭാപണ്ഡിതന്മാരും കൃത്യമായ നിരീക്ഷണങ്ങള്‍ നടത്തേണ്ടതാണെന്നും നിഷ്കര്‍ഷിച്ചിട്ടുണ്ട് ജെറി അമല്‍ദേവ്. ദേവാലയങ്ങളില്‍ ഉച്ചഭാഷിണിയുടെ അമിതശബ്ദ പ്രയോഗം, ദേവാലയ ഗായക സംഘത്തിന്റെ ഗാനമേള പോലുള്ള ഗായക പ്രകടനം, വൈദികര്‍ മൈക്കിനു ഉമ്മ കൊടുക്കുന്നതുപോലെയുള്ള ഉപയോഗം എന്നിവയെല്ലാം അദ്ദേഹം പലപ്പോഴും വിമര്‍ശനബുദ്ധ്യാ നിരീക്ഷിച്ചിട്ടുണ്ട്.
”ദിവ്യബലി പുസ്തകത്തിലെ ഓരോ വാക്കും ദീര്‍ഘകാലമെടുത്ത് വിദഗ്ദരായിട്ടുള്ളവര് തയ്യാറാക്കിയിട്ടുള്ളതാണ്. അതില്‍ ഒരുവാക്ക് കൂട്ടിച്ചേര്‍ക്കാന്‍ പാടില്ല. ഇത്രയേറെ കണിശത പാലിക്കുന്ന ദിവ്യബലിയില്‍ പാടുന്ന പാട്ടുകള്‍ക്കും സൂക്ഷ്മമായ നിരീക്ഷണവും നിയന്ത്രണവും ആവശ്യമാണ്. നിര്‍ഭാഗ്യവശാല്‍ കേരളസഭയില്‍ ഒരിടത്തും അതിനുള്ള ശ്രമങ്ങള്‍ നടക്കുന്നില്ല. ദേവാലയ സംഗീതം പഠിക്കാന്‍ കഴിയുന്ന വൈദികരേയും അല്മായരേയും വിദേശത്തുള്ള സര്‍വകലാശാലകളില്‍ അയക്കണം” ജെറി മാഷ് പറയുന്നു.
ദിവ്യബലിക്കുവേണ്ടി പാട്ടുകളുടെ മൈനസ്ട്രാക്ക് (കരോക്കൊ) ഉപയോഗിക്കുന്നതും കര്‍ശനമായി നിരോധിക്കണമെന്നും അദ്ദേഹം എപ്പോഴും പറയാറുണ്ട്. തിരുക്കര്‍മങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഗാനങ്ങള്‍ എങ്ങനെയുള്ളതാകണമെന്നു വ്യക്തമായി അറിയാവുന്ന ജെറി അമല്‍ദേവ് തന്റെ സൃഷ്ടികള്‍ കൊണ്ടു തന്നെ നമ്മെ അത് പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്.
1980 കളില്‍ കരിസ്മാറ്റിക് പ്രസ്ഥാനം സജീവമായി വന്ന കാലത്ത് ഫാ. ജോസഫ് മനക്കിലുമായി ചേര്‍ന്ന് 60 ഗാനങ്ങള്‍ അദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്. ഫാ. മനക്കിലിനെക്കുറിച്ച് ജെറി മാഷ് പറയുന്നതിങ്ങനെ. ” ആരാധനക്രമങ്ങള്ക്കുവേണ്ടിയുള്ള ഗാനങ്ങളില്‍ എന്താണ് വേണ്ടതെന്ന് അറിയാവുന്ന ഏറ്റവും മികച്ച ഗാനരചയിതാവാണ് ഫാ. ജോസഫ് മനക്കില്.”
കരിസ്മാറ്റിക് ഗീതങ്ങള്‍ എന്ന പേരില്‍ നമുക്ക് ലഭിച്ച ഗാനങ്ങള്‍ ഇന്നും തിരുക്കര്‍മങ്ങളില്‍ ഉപയോഗിച്ചു വരുന്നു. താഴെ ചേര്‍ത്തിട്ടുള്ള ഗാനങ്ങളെല്ലാം തന്നെ നമ്മുടെ ആരാധനകളെ അത്രമേല്‍ ധന്യമാക്കിയിട്ടുള്ളവയാണ്.
ജെറി അമല്‍ദേവിന്റെ ഗാനങ്ങളില്‍ നിന്നു തിരഞ്ഞെടുത്ത ഗാനങ്ങള്‍
- നാഥാ സമര്‍പ്പിക്കുന്നു എന്നെ സമര്‍പ്പിക്കുന്നു.
ജീവിതാര്ച്ചനാ വേളയായിതാ.
ക്ഷമിക്കുന്ന സ്നേഹം ദൈവീകഭാവം
എത്രയും ദയയുള്ള മാതാവേ നിന് സങ്കേതം
സുവിശേഷമവനിയിലരുളാന് അഭിഷേകം ചെയ്തെന്നെ
നിന്റെ അരുവിയിലണഞ്ഞിടുവാന്
നിര്‍മലമായൊരു ഹൃദയമെന്നില്
വരുവിന്‍ മഹേശ്വരനായ്
ഗത്സമേന്‍ തോട്ടം തേങ്ങുന്നു
മാമകാശകള് നൃത്തമാടിടും
നിര്‍വൃതി പകരും നിമിഷം
സത്യദൈവ സൂനുവേ നിത്യസ്നേഹരൂപനേ
അധ്വാനിപ്പവരെ ഭാരം വഹിച്ചിടുന്നവരേ
പാപികളെ തേടിവന്ന പാലകനേശുവേ
പരമദിവ്യകാരുണ്യമേ പരമസ്നേഹ സായൂജ്യമേ
പാവനാത്മാവേ വരൂ ദിവ്യദാനങ്ങള്‍ തരൂ
കര്ത്താവിന് മഹിമകള്‍ പാടി പാര്‍ത്തട്ടില്‍
ജീവന്റെ അപ്പമാണ് ഞാന്‍
യേശുവെന്‍ ഗേഹത്തില്‍ വന്നു
നന്ദി നന്ദി നല്ലവനേ നന്മകളരുളും വല്ലഭനേ
യേശുവിനെപ്പോലെയാകണം എനിക്കേശുവിനെപ്പോലെയാകണം.
യേശുവിളിക്കുന്നു
ആകാശവും ഭൂമിയും സൃഷ്ടിച്ച തമ്പുരാനേ
നന്മസമ്പൂര്ണനാം നല്ല ദൈവമേ…
എണ്പത്തിനാലാം വയസിലും സംഗീതലോകത്ത് ശുദ്ധ സംഗീതത്തിന്റെ സന്ദേശവുമായി ലോക പര്യടനത്തിന് ഒരുങ്ങുകയാണ് ജെറി അമല്‍ദേവ്. സിംഗ് ഇന്ത്യ വിത്ത് ജെറി അമല്‍ ദേവ് എന്ന സ്വന്തം സംഗീത സംഘവുമായി വരും ദിവസങ്ങളില്‍ അമേരിക്കയിലും കാനഡയിലും പര്യടനത്തിന് പോകുന്ന ജെറി മാസ്റ്റര്‍ക്കു നന്മകള് നേരാം… അദ്ദേഹത്തിന്റെ പാട്ടുകള്‍ കേള്‍ക്കാം…