രാഷ്ട്രീയ പരിപ്രേക്ഷ്യം എന്തായാലും, ഈസ്റ്റര്‍ ഞായറാഴ്ച ഡല്‍ഹി റോമന്‍ കത്തോലിക്കാ അതിരൂപതയുടെ തിരുഹൃദയ കത്തീഡ്രലില്‍ ഉത്ഥിതനായ ക്രിസ്തുനാഥന്റെ തിരുസ്വരൂപത്തിനു മുമ്പില്‍ മെഴുകുതിരി തെളിച്ചു വണങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു നല്കിയ പ്രത്യക്ഷ സാക്ഷ്യം മഹത്വപൂര്ണമായിരുന്നു. ഒന്‍പതു വര്‍ഷമായി രാജ്യം ഭരിക്കുന്ന മോദി ഹിമാലയത്തിലെ കേദാര്‍നാഥിലും ബദരീനാഥിലും വാരാണസിയിലെ കാശി വിശ്വനാഥ് ധാമിലും അയോധ്യയില്‍ സരയൂ നദിക്കരയിലെ രാംലല്ലാ വിരാജ്മാനിലും ഉജ്ജയിനിയിലെ മഹാകാലേശ്വര്‍ ജ്യോതിര്‍ലിംഗ ക്ഷേത്രത്തിലുമൊക്കെ പൂജാവിധികള്‍ അനുഷ്ഠിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഔദ്യോഗിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും അദ്ദേഹം ആദ്യമായാണ് ഡല്‍ഹി ഗോള്‍ഡാക്ഖാനയിലെ ഈ കത്തീഡ്രല്‍ സന്ദര്‍ശിക്കുന്നത് – മതനിരപേക്ഷ രാഷ്ട്രത്തിലെ ഒരു പ്രധാനമന്ത്രിയും ഇതുവരെ രാജ്യതലസ്ഥാനത്തെ ഈ ഭദ്രാസനദേവാലയത്തിലെ ഒരു ശുശ്രൂഷയിലും പങ്കെടുത്തിട്ടില്ലെന്ന് ബിജെപി വക്താക്കള്‍ എടുത്തുപറയുന്നുണ്ട്. രാഷ്ട്രപതി ദ്രൗപദി മുര്‍മു കഴിഞ്ഞ ക്രിസ്മസിന്റെ തലേന്നും അതിനു മുന്‍പത്തെ ക്രിസ്മസിന് രാഷ്ട്രപതിയായിരുന്ന രാംനാഥ് കോവിന്ദും സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലില്‍ പ്രാര്‍ഥന അര്‍പ്പിക്കുകയുണ്ടായി.
ഏതാണ്ട് 25 മിനിറ്റ് നീണ്ട സന്ദര്‍ശനത്തില്‍, അള്‍ത്താരയ്ക്ക് അഭിമുഖമായി ഉപവിഷ്ടനായ മോദി പെണ്‍കുട്ടികളുടെ ഗായകസംഘം ആലപിച്ച മൂന്ന് ഈസ്റ്റര്‍ ഗീതങ്ങള്‍ കേട്ടു. ഡല്‍ഹി ആര്‍ച്ച്ബിഷപ് അനില്‍ ജോസഫ് തോമസ് കൂട്ടോ, സഹായമെത്രാന്‍ ദീപക് വലേറിയന്‍ തൗരോ, ഫരീദാബാദ് സീറോ മലബാര്‍ എപ്പാര്‍ക്കിയിലെ ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, ഗുഡ്ഗാവിലെ സെന്റ് ജോണ്‍ ക്രിസോസ്റ്റം സീറോ മലങ്കര എപ്പാര്‍ക്കി ബിഷപ് തോമസ് മാര്‍ അന്തോണിയോസ് എന്നിവര്‍ ചേര്‍ന്നാണ് പ്രധാനമന്ത്രിയെ വരവേറ്റത്.
സന്ദര്‍ശനത്തിന്റെ ഓര്‍മയ്ക്കായി കത്തീഡ്രല്‍ വളപ്പില്‍ അദ്ദേഹം ഒരു വൃക്ഷതൈ നട്ടു; വെള്ളം പാഴാക്കാതെ ഇസ്രയേലി മാതൃകയില്‍ തുള്ളിനനയാണ് ഉത്തമമെന്ന് ആര്‍ച്ച്ബിഷപ് കൂട്ടോയ്ക്ക് ഒരു ഉപദേശവും നല്കി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവ സമൂഹങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും പ്രേഷിതശുശ്രൂഷകര്ക്കും നേരെ നടക്കുന്ന സംഘടിത ആക്രമണങ്ങള്‍ക്കും വിദ്വേഷപ്രചാരണത്തിനും മതപരിവര്‍ത്തനത്തിന്റെ പേരിലുള്ള വേട്ടയാടലിനും കള്ളക്കേസുകള്‍ക്കുമെതിരെ വിവിധ ക്രൈസ്തവ വിഭാഗങ്ങള്‍ ഒരുമിച്ചുചേര്‍ന്ന് ഡല്‍ഹി ജന്തര്‍മന്തറില്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ സംഘടിപ്പിച്ച അഭൂതപൂര്‍വമായ പ്രതിഷേധ സംഗമത്തില്‍ ആര്‍ച്ച്ബിഷപ് കൂട്ടോയും ആര്‍ച്ച്ബിഷപ് ഭരണികുളങ്ങരയും മുന്‍നിരയിലുണ്ടായിരുന്നു. അന്ന് സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലില്‍ കത്തിച്ച മെഴുകുതിരിയുമായി വിശ്വാസികള്‍ ആ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്തു. തീവ്രഹിന്ദുത്വത്തിന്റെയും വര്‍ഗീയ ധ്രുവീകരണത്തിന്റെയും പ്രത്യയശാസ്ത്രം സായുധസന്നാഹങ്ങളോടെയും ഭരണകൂട ഒത്താശയോടെയും നടപ്പാക്കുന്ന സംഘപരിവാര്‍ ശൃംഖലകളുടെ അതിക്രമങ്ങളെ ഇന്നുവരെ തള്ളിപ്പറയാത്ത പ്രധാനമന്ത്രി, ”സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ്” എന്ന പഴയ മുദ്രാവാക്യത്തിന്റെ ഓര്‍മയില്‍ ഏവരെയും ഉള്‍ച്ചേര്‍ക്കുന്ന ന്യൂനപക്ഷ സംരക്ഷണത്തിന്റെ പുതിയ മന്ത്രങ്ങള്‍ ഉരുവിടുമെന്നു പ്രതീക്ഷിച്ചവര്‍ക്ക് പ്രത്യാശാപ്രവാഹത്തിന്റെ തുള്ളിനന പോലെ ട്വിറ്ററില്‍ ഊഷ്മളമായൊരു ഈസ്റ്റര്‍ സന്ദേശം കുറിച്ചു: ”ഈസ്റ്റര്‍ മംഗളങ്ങള്‍! ഈ വിശേഷ അവസരത്തില്‍ നമ്മുടെ സമൂഹത്തില്‍ ഒത്തൊരുമയുടെ ചൈതന്യം ഗാഢമാകട്ടെ. സമൂഹത്തെ സേവിക്കാനും ദുര്‍ബലരെ ശക്തിപ്പെടുത്താനും ഇത് ജനങ്ങള്‍ക്കു പ്രചോദനമാകട്ടെ. ഈ ദിനത്തില്‍ നമ്മള് ക്രിസ്തുനാഥന്റെ പുണ്യചിന്തകള്‍ അനുസ്മരിക്കുന്നു.”
പീഡാനുഭവങ്ങളിലൂടെ വിശ്വാസം ജീവിക്കുന്ന മനുഷ്യര്‍ ഉപവാസവും പ്രായശ്ചിത്ത കര്‍മങ്ങളും അനുതാപ പ്രകരണവുമൊക്കെയായി യേശുവിന്റെ രക്ഷാകര രഹസ്യങ്ങള്‍ ധ്യാനിക്കുന്ന വിശുദ്ധവാരത്തില്‍, രാജ്യം ഭരിക്കുന്ന ബിജെപി കേരളത്തിലെ ക്രൈസ്തവരെ ലക്ഷ്യമിട്ട് തട്ടുപൊളിപ്പന്‍ രാഷ്ട്രീയ നാടകാവിഷ്കാരത്തിനാണ് കോപ്പുകൂട്ടിയത്. കേരളത്തിലെ തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകന് അനില്‍ ആന്റണി പെസഹാവ്യാഴാഴ്ച ഡല്‍ഹിയില്‍ ബിജെപിയുടെ ദേശീയകാര്യാലയത്തില് പാര്‍ട്ടി അംഗമായി ചേരുന്നു. സംസ്ഥാനതലത്തിലും ദേശീയതലത്തിലും കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ എന്ന പദവിയില്‍ പ്രതിഷ്ഠിക്കപ്പെട്ടുവെങ്കിലും അടിസ്ഥാനപരമായി രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഒരു പശ്ചാത്തലവുമില്ലാത്ത, ‘ഐടി സംരംഭകനും നയവിശകലനവിദഗ്ധനും’ എന്നു സ്വയംവിശേഷിപ്പിക്കുന്ന ആ ചെറുപ്പക്കാരനിലൂടെ കേരളത്തിലെ ക്രൈസ്തവ സമൂഹത്തിലേക്ക് പാര്‍ട്ടിക്ക് ഇറങ്ങിച്ചെല്ലാനാകും എന്നൊക്കെ പറയുന്ന സംഘപരിവാര്‍ വിശാരദന്മാര് അറക്കപ്പറമ്പില്‍ ആന്റണി സഭയോട് എന്ത് ആഭിമുഖ്യമാണ് കാട്ടിയിരുന്നതെന്ന് ഓര്‍ക്കുന്നുണ്ടാവില്ല!
കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സ്നേഹസംവാദ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഹൈദരാബാദില്‍ ചേര്‍ന്ന ബിജെപിയുടെ ദേശീയ നിര്‍വാഹക സമിതിയില്‍ പ്രധാനമന്ത്രി മോദി നിര്‍ദേശിച്ചതിന്റെ വെളിച്ചത്തില്‍ ഈസ്റ്ററും വിഷുവും ഈദുല്‍ ഫിത്റും പ്രമാണിച്ച് വിപുലമായ സമ്പര്‍ക്ക പരിപാടിയാണ് ആസൂത്രണം ചെയ്തത്. മോദിയുടെ ഈസ്റ്റര്‍ സന്ദേശവുമായി സംസ്ഥാന നേതാക്കള്‍ ക്രൈസ്തവ മേലധ്യക്ഷന്മാരെ സന്ദര്‍ശിച്ചു. പതിനായിരം ബിജെപി പ്രവര്‍ത്തകര്‍ ഒരു ലക്ഷം ക്രൈസ്തവ വീടുകളില്‍ സന്ദര്‍ശനം നടത്താനും, ഏപ്രില്‍ 15ന് വിഷുനാളില്‍ ക്രിസ്ത്യാനികളെ ബിജെപിക്കാരുടെ വീടുകളിലേക്കു ക്ഷണിക്കാനും പദ്ധതി തയ്യാറാക്കിയിരുന്നു. കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോണ്‍ ബര്‍ല വിവിധ സഭാ നേതൃത്വങ്ങളുമായി ഇതിനിടെ പലവട്ടം കൂടിക്കാഴ്ചകള്‍ നടത്തി.
റബറിന്റെ വില 300 രൂപയായി പ്രഖ്യാപിച്ചാല്‍ ബിജെപിക്ക് കേരളത്തില്‍ ഒരു എംപി ഇല്ല എന്ന വിഷമം കുടിയേറ്റ ജനത മാറ്റിത്തരും എന്ന് തലശേരിയിലെ സീറോ മലബാര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി ഉറപ്പുനല്‍കിയത് പാര്‍ട്ടിക്ക് വലിയ ഊര്‍ജം പകര്‍ന്നുനല്‍കിയതായി കേരളം പിടിക്കാന്‍ നിയോഗിക്കപ്പെട്ട മുന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കറും രാജ്യസഭാ എംപി രാധാമോഹന്‍ അഗര്‍വാളും വിലയിരുത്തുന്നു. റബര്‍ ബോര്‍ഡ് വൈസ് ചെയര്മാന് കെ.എം. ഉണ്ണികൃഷ്ണനും പിന്നീട് റബര്‍ ബോര്‍ഡ് ചെയര്മാന് ഡോ. സാവര്‍ ധന്നിയയും ആര്‍ച്ച്ബിഷപ്പിനെ കാണാനെത്തി. താങ്ങുവിലയുടെ കാര്യം കേന്ദ്ര ഗവണ്മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് അവര്‍ ഉറപ്പുനല്‍കിയത്രേ.
തലശേരി അതിരൂപതയുടെ സാമന്തരൂപതകളായി കര്‍ണാടകയിലുള്ള ബെല്‍ത്തങ്ങാടി, മാണ്ഡ്യ എപ്പാര്ക്കികളിലെ മലയോര കര്‍ഷകരുടെ പ്രശ്നങ്ങള്‍ പ്രദേശത്തെ ബിജെപി കേന്ദ്രമന്ത്രിയും എംപിമാരും സംസ്ഥാനം ഭരിച്ച ബിജെപിയും പരിഹരിച്ചതായി എന്തെങ്കിലും സൂചനയുണ്ടെങ്കില്‍ അതു പങ്കുവയ്ക്കുന്നത് താരതമ്യപഠനങ്ങള്‍ക്ക് ഉപകരിക്കും.
സാമാന്യം ദീര്‍ഘമായ ഒരു അഭിമുഖ സംഭാഷണത്തില്‍, ആര്‍ച്ച്ബിഷപ് പാംപ്ലാനിയുടെ നിലപാടിനോട് വിയോജിപ്പു പ്രകടിപ്പിക്കുമ്പോഴും, ബിജെപി ഭരണത്തിന് കീഴില്‍ ക്രൈസ്തവര്‍ യാതൊരു തരത്തിലുള്ള അരക്ഷിതാവസ്ഥയും നേരിടുന്നില്ലെന്നും കേരളത്തില്‍ യുഡിഎഫിനും എല്‍ഡിഎഫിനും ബദലായി ബെജെപി മുന്നണിക്ക് സാധ്യതയുണ്ടെന്നും വ്യാഖ്യാനിക്കാവുന്ന തരത്തിലുള്ള സീറോ മലബാര്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നിരീക്ഷണവും, ഡല്‍ഹിയില്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ വച്ച് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരനോടൊപ്പം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ഓര്‍ത്തഡോക്സ് സഭയുടെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ മോദിയുടെ വികസന രാഷ്ട്രീയത്തോടു കാട്ടുന്ന മതിപ്പും സംസ്ഥാനത്തെ മുന്നാക്ക ക്രൈസ്തവ വിഭാഗങ്ങളുടെ രാഷ്ട്രീയ നിലപാടുമാറ്റത്തിന്റെ സൂചനകളായി ചിലരെങ്കിലും ആഘോഷിക്കുന്നുണ്ട്. ”ബിജെപി എന്ന രാഷ്ട്രീയ പാര്‍ട്ടിയോട് ക്രൈസ്തവ ജനതയ്ക്ക് ഒരുതരത്തിലുമുള്ള അകല്‍ച്ചയും ആവശ്യമില്ലെന്ന ഈ നിലപാട് കേരള രാഷ്ട്രീയത്തില്‍ മാറ്റത്തിന്റെ പുതിയൊരു കാറ്റ് വീശാന്‍ ഇടയാക്കുമെന്ന് തീര്‍ച്ചയായും പ്രതീക്ഷിക്കാം” എന്നാണ് ‘ജന്മഭൂമി’ മുഖപ്രസംഗത്തില്‍ പറയുന്നത്.
ഓടിക്കൊണ്ടിരുന്ന ആലപ്പുഴ-കണ്ണൂര്‍ എക്സിക്യുട്ടീവ് എക്സ്പ്രസിലെ കോച്ചില്‍ എലത്തൂര്‍ വച്ച് യാത്രക്കാരുടെമേല്‍ പെട്രോളൊഴിച്ച് തീവയ്ക്കുകയും പ്രാണരക്ഷാര്‍ഥം തീവണ്ടിയില്‍ നിന്നു ചാടിയ മൂന്നുപേര്‍ ദാരുണമായി കൊല്ലപ്പെടുകയുംചെയ്ത സംഭവത്തിലെ പ്രതിയുടെ തീവ്രവാദിബന്ധം ഇനിയും തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും ഗുജറാത്തിലെ ഗോധ്രയില്‍ സാബര്‍മതി എക്സ്പ്രസിലുണ്ടായ തീവയ്പിന്റെ ഓര്‍മയുണര്‍ത്തി വര്‍ഗീയ വിദ്വേഷത്തിന്റെ അഗ്നി ആളിപ്പടര്‍ത്താനും ശ്രമങ്ങളുണ്ട്. സംസ്ഥാനത്ത് മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കുന്ന ക്രൈസ്തവനാമമുള്ള തീവ്രവാദികളായ സൈബര്‍ പോരാളി ഗ്രൂപ്പുകള്‍ സംഘപരിവാറിന്റെ ചട്ടുകങ്ങളായി മാറി സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുകയാണ്.
ഇതിനിടെ, ഹിന്ദുത്വ രാഷ്ട്രനിര്‍മാണത്തിന് വിലങ്ങുതടിയാകുന്ന ആഭ്യന്തര ഭീഷണിയാണ് ഇസ്ലാമും ക്രിസ്തുമതവും കമ്യൂണിസവും എന്ന ഗോള്‍വാള്‍ക്കറുടെ ‘വിചാരധാര’ പ്രത്യയശാസ്ത്രത്തെ തുറന്നുകാട്ടാനും കേരളത്തില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ സുരക്ഷിതരായി കഴിയുന്നത് ഇടതുമുന്നണിയുടെ പ്രതിരോധശക്തികൊണ്ടാണെന്ന് സമര്‍ത്ഥിക്കാനും നിയുക്തനാകുന്നത് മന്ത്രി മുഹമ്മദ് റിയാസ് ആകുന്നത് യാദൃഛികമാകാം! ജാതീയതയും വര്‍ഗീയതയും പങ്കിട്ടെടുക്കുന്ന രാഷ്ട്രീയ അന്തര്‍ധാര ഇടതുപക്ഷത്തിനത്ര അന്യമല്ലല്ലോ.
ഗോവയില്‍ ഒരു തത്വദീക്ഷയുമില്ലാത്ത കൂറുമാറ്റത്തിലൂടെയാണ് ബിജെപി അധികാരം പിടിച്ചെടുത്തത്. ക്രൈസ്തവ ഭൂരിപക്ഷമുള്ള നാഗാലാന്‍ഡിലും (ജനസംഖ്യയില്‍ 87.93% ക്രൈസ്തവര്‍) മേഘാലയയിലും (74.59%) സഖ്യകക്ഷിഭരണത്തില് തുടരാനായെങ്കിലും വോട്ടുവിഹിതത്തില്‍ ബിജെപിക്ക് പ്രത്യേകിച്ച് ഒരു നേട്ടവും അവകാശപ്പെടാനില്ല. ഈ വടക്കുകിഴക്കന്‍ ക്രൈസ്തവ മേഖലയിലെ ”വിജയം ആഘോഷിച്ചുകൊണ്ടാണ്” ഇനി കേരളത്തിലേക്ക് എന്ന് മോദി പ്രഖ്യാപിച്ചത്.
ഹിജാബ്, ഹലാല്‍, അസാന്, മതപരിവര്‍ത്തനം തുടങ്ങിയ വിഷയങ്ങളിലൂടെ വര്‍ഗീയ ധ്രുവീകരണത്തിന്റെയും വിദ്വേഷത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്ന ബിജെപിയുടെ വിഭജന രാഷ്ട്രീയത്തിന്റെ ഏറ്റവും നല്ല ദൃഷ്ടാന്തം കര്‍ണാടകയാണ്.
നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിന് തൊട്ടുമുന്‍പ്, ബസവരാജ് ബൊമ്മെ മന്ത്രിസഭയുടെ അവസാനത്തെ തീരുമാനം, സംസ്ഥാനത്തെ ഒബിസി സംവരണത്തിലെ മുസ്ലിംകളുടെ നാലു ശതമാനം വിഹിതം റദ്ദാക്കി അത് വൊക്കലിഗ, വീരശൈവ ലിംഗായത്ത് സമുദായങ്ങള്‍ക്കായി പകുത്തുനല്കാനാണ്. മുസ്ലിംകള് ഇനി ബ്രാഹ്മണര്‍, ജൈനര്‍, ആര്യവൈശ്യര്‍, നഗര്ത്താ, മുതലിയാര്‍ തുടങ്ങിയ വിഭാഗങ്ങളുമായി 10% ഇഡബ്ല്യുഎസ് ക്വാട്ടയില്‍ മത്സരിക്കണം. ഹിന്ദുത്വ അജന്‍ഡയുടെ ഭാഗമായി കഴിഞ്ഞ ഒക്ടോബറില്‍ പട്ടികജാതി സംവരണം 15 ശതമാനത്തില്‍ നിന്ന് 17 ശതമാനമായും പട്ടികവര്‍ഗ ക്വാട്ട അഞ്ചില്‍ നിന്ന് ഏഴു ശതമാനമായും ഉയര്‍ത്തിയിരുന്നു. മുസ്ലിംകളില് നിന്നു കവര്‍ന്നെടുത്ത നാലു ശതമാനം ഒബിസി ക്വാട്ടയില്‍ രണ്ടു ശതമാനം വീതം വൊക്കലിഗയ്ക്കും ലിംഗായത്തിനും സമ്മാനിച്ചതോടെ അവരുടെ സംവരണവിഹിതം യഥാക്രമം ആറും ഏഴും ശതമാനമായി ഉയര്‍ന്നു. എന്തൊരു സാമൂഹിക നീതി!
രാജ്യത്ത് ക്രൈസ്തവര്‍ ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെടുന്ന സംസ്ഥാനങ്ങളില്‍ മൂന്നാം സ്ഥാനം കര്‍ണാടകയ്ക്കാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാനെന്ന പേരില്‍ 2022-ല്‍ അവിടെ നടപ്പാക്കിയ മതസ്വാതന്ത്ര്യ സംരക്ഷണ നിയമത്തിനെതിരെ ബാംഗളൂര്‍ ആര്‍ച്ച്ബിഷപ് പീറ്റര്‍ മച്ചാഡോ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ കേന്ദ്ര ഗവണ്മെന്റിനോട് സുപ്രീം കോടതി ആവശ്യപ്പെടുന്നത് ആര്‍ച്ച്ബിഷപ് മച്ചാഡോയുടെ ഹര്ജിയിന്മേലാണ്.
ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടി എന്നു വിശേഷിപ്പിക്കപ്പെടുന്ന ബിജെപിയുടെ സമൂഹമാധ്യമ ശൃംഖല വ്യാജവാര്ത്താനിര്മിതിയില് ഏറെ ശ്രദ്ധനേടിയിട്ടുള്ളതാണ്. പ്രധാനമന്ത്രി മോദി പ്രയാഗ് രാജില്‍ മഹാകുംഭമേളക്കാലത്ത് അഞ്ച് ശുചീകരണതൊഴിലാളികളെ കാലുകഴുകി ആദരിക്കുന്ന പഴയൊരു ശുചിത്വമിഷന് വീഡിയോ ഈ വിശുദ്ധവാരത്തിലും പെസഹായോടനുബന്ധിച്ച് ക്രൈസ്തവ മണ്ഡലങ്ങളെ ലക്ഷ്യമാക്കി പ്രചരിപ്പിച്ചിരുന്നു.
ന്യൂനപക്ഷ മോര്‍ച്ച നേതാക്കള്‍ക്കൊപ്പം ദുഃഖവെള്ളിയാഴ്ച മലയാറ്റൂര്‍ കുരിശുമുടി കയറാന്‍ പുറപ്പെട്ട ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണനും കൂട്ടരും കുരിശിന്റെ വഴിയിലെ ഒന്നാംസ്ഥലം എത്തിയപ്പോഴേക്കും ദൗത്യം മതിയാക്കി തിരിച്ചിറങ്ങിയത് മറ്റൊരു ഡാര്‍ക് കോമഡിയായി ട്രോളുകള്‍ ഏറ്റെടുക്കുന്നു!