മനോഹരമായ ഗദ്യത്തില്‍ കേരളത്തിന്റെ ആറേഴു ദശകങ്ങളിലെ സാംസ്കാരിക ജീവിതം ഓര്‍മ്മപ്പെടുത്തുന്ന കൃതി പ്രഫ. സി. ആര്. ഓമനക്കുട്ടന് രചിച്ചിട്ടുണ്ട്. നീ സത്യം ജ്ഞാനം ആനന്ദം. 600 ഓളം പുറങ്ങളില്‍ അദ്ദേഹം എഴുതിയ പുസ്തകം പലവിധത്തില്‍ സവിശേഷതകള്‍ നിറഞ്ഞതാണ്. വ്യക്തിയെ പരിചയപ്പെടുത്തുന്ന അതിമനോഹരമായ ഭാഷയുടെ കൈയടക്കം ഈ പുസ്തകത്തിന്റെ പ്രധാന സവിശേഷതയാണ്. തനിക്കുചുറ്റും അധികമാരാലും വേണ്ടവിധം ശ്രദ്ധിക്കപ്പെടാതെ പോയ പ്രതിഭകളായ നിരവധി പേരുടെ ജന്മങ്ങളിലേക്ക് ഈ പുസ്തകം വായനക്കാരെ ആകര്‍ഷിച്ചു എടുക്കുന്നു. ശിഷ്യന് ഗുരുവിന്റെ പുസ്തകത്തിന് അവതാരിക എഴുതി എന്ന പ്രത്യേകതയും ഈ ഗ്രന്ഥത്തിനുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ എഡിറ്ററും എറണാകുളം മഹാരാജാസ് കോളേജിലെ സി.ആര്. ഓമനക്കുട്ടന്റെ ശിഷ്യനുമായ സുഭാഷ് ചന്ദ്രനാണ് പുസ്തകത്തിന് അവതാരിക എഴുതിയിട്ടുള്ളത്. ഓര്മ്മക്കുറിപ്പുകളെകാള് ആത്മകഥ എന്ന ഗണത്തിലാണ് പുസ്തകത്തെ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
സുഭാഷ് ചന്ദ്രന്റെ അവതാരികയില്‍ നിന്ന് ഒരു ഭാഗം ഉദ്ധരിക്കട്ടെ.
‘വൈരുദ്ധ്യങ്ങളെ ഏറ്റവും ഭംഗിയായി ചേര്‍ത്ത് കെട്ടുന്നതാണ് സര്‍ഗസാഹിത്യകാരന്റെ മിടുക്ക് ‘ എന്നു പറഞ്ഞത് പ്ലേറ്റോ ആണ്. ഇക്കാര്യം ഓര്‍മക്കുറിപ്പുകള്‍ക്കും ചേരുന്ന ഒന്നാണ് എന്നു തെളിയിക്കുന്നു ഈ പുസ്തകത്തിലെ പല ഭാഗങ്ങളും. ചങ്ങമ്പുഴയുടെയും എം.പി. പോളിന്റേയും കുടുംബാംഗങ്ങളെ, പ്രത്യേകിച്ചും അവരുടെ സഹധര്‍മിണിമാരെ, ഒരേ ദിവസത്തില്‍ ചെന്നുകണ്ടത് വിവരിക്കുമ്പോള്‍ ആ വൈരുധ്യഭംഗി നമ്മെ കരയിച്ചേക്കും. ജീവിതത്തിന്റെ രണ്ടു വിരുദ്ധ ധ്രുവങ്ങളെ ഒരൊറ്റദിവസത്തെ രണ്ടു കാഴ്ച്ചകളായി അവതരിപ്പിക്കുന്നതില്‍ എഴുത്തുകാരന് കാണിക്കുന്ന വൈഭവത്തിന് നാം അന്തരാ സ്തുതി പറഞ്ഞേക്കും. ‘മലയാളം കണ്ടിട്ടുള്ള ഏറ്റവും വലിയ നാടകകൃത്ത് ജഗതി എന്‍. കെ. ആചാരിയാണെന്ന് ഞാന്‍ പറയും’ തുടങ്ങിയ പ്രകോപനപരമായ പ്രസ്താവനകള്‍ നമ്മള് ഈ പുസ്തകത്തില്‍ വായിക്കും. പക്ഷേ തികച്ചും യുക്തിസഹമായ രീതിയില്‍ തന്റെ വാദമുഖങ്ങള്‍ അദ്ദേഹം നിരത്തുമ്പോള്‍ ആദ്യം അസംബന്ധമെന്നു തോന്നിയത് പിന്നെപ്പിന്നെ മഹാസത്യമായി പരിണമിക്കുന്നത് നാം അറിയുന്നു.
ഒരു നോവലിനോളം വൈചിത്ര്യഭാസുരങ്ങളായ കഥാപാത്രങ്ങളാല്‍ നിബിഢമായ ഒന്നാണ് ഈ ഗ്രന്ഥമെന്ന് ഞാന്‍ ആദ്യം സൂചിപ്പിച്ചതിനെ ഒന്നുകൂടി സ്പഷ്ടമാക്കേണ്ടതുണ്ടെന്നു തോന്നുന്നു. ചെമ്മീന്‍ സിനിമ എടുക്കും മുമ്പേ ചെമ്പന്‍കുഞ്ഞായി കൊട്ടാരക്കരയേയും കറുത്തമ്മയായി ഷീലയേയും ഷീലയുടെ കാമുകനായി അഭിനയിക്കാനുള്ള ഗൂഢമോഹം കൊണ്ട് പരീക്കുട്ടിയായി തന്നെത്തന്നെയും വരച്ചുവച്ച ആര്‍ട്ടിസ്റ്റ് ശങ്കരന്‍കുട്ടി ഈ പുസ്തകത്തില്‍ പ്രത്യക്ഷമാകുന്ന ആയിരം മുഴുത്ത കഥാപാത്രങ്ങളില്‍ ഒരാള്‍ മാത്രമാണ്.
എഴുത്തിന്റെ വിലയും നിലയും എന്ന അധ്യായത്തില്‍ ആശാന്, വള്ളത്തോള്‍, ഉള്ളൂര്‍ എന്ന കവിത്രയത്തെ പരിചയപ്പെടുത്തുന്നത് ഈ പുസ്തകത്തിന്റെ രചനാരീതിയെ വെളിപ്പെടുത്തുന്നു.
ആത്മാഭിമാനത്തിന്റെ ഉജ്ജ്വലാവതാരങ്ങളായിരുന്നു കുമാരനും നാരായണനും പരമേശ്വരനും. മഹാകവിത്രയം എന്ന് വാഴ്ത്തി മലയാളം അവരുടെ മുന്നില്‍ സാഷ്ടാംഗം നമസ്ക്കരിക്കുന്നു. ഒരു കാളക്കൂറ്റന്റെ എടുപ്പായിരുന്നു ആശാനെന്ന് എന്റെ അമ്മൂമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. രൂപത്തില്‍ പുരുഷര്ഭന് തന്നെയായിരുന്നു വള്ളത്തോളും. മൂവരില്‍ അദ്ദേഹത്തെ മാത്രം കാണാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട് എനിക്ക്. നീണ്ടുനിവര്‍ന്ന് ശിരസുയര്‍ത്തി നിന്ന സ്വര്‍ണ്ണ വിഗ്രഹം. കഴുത്തില്‍ ചുറ്റിയിട്ട കസവുനേര്യതും തിളങ്ങുന്ന ഊന്നുവടിയും. സരസ്വതിയുടെ പുരുഷജന്മം തന്നെ.തലപ്പാവും ഷെര്‍വാണിയും കാല്ശരായിയുമണിഞ്ഞ ഉള്ളൂര്‍ സ്വാമിയെ ചിത്രത്തിലേ ദര്‍ശിച്ചിട്ടുള്ളൂ. അപ്പോഴൊക്കെ ഭക്തിപൂര്‍വ്വം നമിച്ചിട്ടുണ്ട്.
പദ്യത്തിലും ഗദ്യത്തിലുമായി മഹാകവിത്രയം എഴുതിക്കൂട്ടിയതെല്ലാമൊന്നും വായിച്ചിട്ടില്ല. കുറേ കവിതകള്‍, ഉപന്യാസങ്ങള്‍, വിവര്‍ത്തനങ്ങള്‍, നാടകങ്ങള്‍, നിരൂപണങ്ങള്‍, മുഖപ്രസംഗങ്ങള്‍ വായിക്കുകയും പഠിക്കുകയും ചെയ്തു. ആശാന് ഇരുപത്തഞ്ചും ഉള്ളൂരിന് അന്‍പതും വള്ളത്തോളിന് അറുപതും വര്‍ഷങ്ങള്‍ സാഹിത്യജീവിതമുണ്ടായി. സ്വകാര്യ ജീവിതത്തില്‍ ശ്രീനാധപ യോഗം കാര്യദര്‍ശിയും ദിവാന് പേഷ്കാരും കലാമണ്ഡലം സ്ഥാപനാധികാരിയുമായിരുന്നു മഹാകവികള്‍. എന്നിട്ടും സമ്പൂര്‍ണ്ണകൃതികളുടെ വലുപ്പത്തില്‍ കുഞ്ചതുഞ്ചന്മാരെ കടത്തിവെട്ടി. അയ്യനേത്തും പുതൂരും രാധാകൃഷ്ണനും എത്ര പാടുപെട്ടാലും കുമാരനാരായണപരമേശ്വരന്മാരുടെ ഒത്തിരി കീഴിലേ നില്ക്കൂ…
എഴുതുക മാത്രമല്ല അതെല്ലാം അച്ചടിച്ചുവിറ്റ പ്രസാധകന്മാരുമായി ഈ പ്രതിഭാധനന്മാര് എന്നതാണ് എന്നെ വിസ്മയം കൊള്ളിക്കുന്നത്. മൂവരും സ്വന്തം പ്രസാധനസ്ഥാപനങ്ങള് നടത്തി. ശാരദാ ബുക്ക് ഡിപ്പോ തോന്നയ്ക്കലും വള്ളത്തോള്‍ ഗ്രന്ഥാലയം ചെറുതുരുത്തിയിലും ഉള്ളൂര്‍ പബ്ലിഷേഴ്സ് ജഗതിയിലും. മഹാകവികള്‍ക്ക് സ്വന്തം റോയല്‍റ്റിക്കായി ഒരുത്തന്റെ മുന്നിലും ഓച്ഛാനിച്ചു നില്‍ക്കേണ്ടി വന്നിട്ടില്ല; പിച്ചക്കാശിനായി കൈമലര്‍ത്തി ഇരക്കേണ്ടിയും വന്നില്ല.
കോപ്പിറൈറ്റ് ആര്‍ക്കും അവര്‍ എഴുതിക്കൊടുത്തില്ല. അവര്‍ക്ക് അറിയാമായിരുന്നു സ്വന്തം എഴുത്തിന്റെ വിലയും നിലയും. (ഉള്ളൂരിന്റെ ‘കേരളസാഹിത്യ ചരിത്രം’ മാത്രം കേരള സര്‍വ്വകലാശാലയ്ക്ക് പകര്‍പ്പവകാശം കിട്ടി). നമുക്ക് വളരെ നിസ്സാരര്‍ എന്ന് തോന്നുന്ന നിരവധി പേര് ഈ പുസ്തകത്തിലുണ്ട്. മഞ്ഞുമ്മല്‍ സ്വദേശിയായ കെ.എസ്. ആന്റണി അതില്‍ ഒരാളാണ്. അദ്ദേഹത്തെ പരിചയപ്പെടുത്തുന്ന വാചകങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ. ശ്രീനാരായണീയമായ ഒരു സര്‍ഗ്ഗസൃഷ്ടി ആദ്യം നിര്‍വഹിച്ചത് കെ.എസ്. ആന്റണിയാണ് ‘കാല്‍പ്പാടുകള്‍’ എന്ന സിനിമ. പത്ത് നാല്പത്തഞ്ച് വര്‍ഷം മുമ്പ്.
എറണാകുളം മഞ്ഞുമ്മല്‍ സ്വദേശിയായിരുന്നു ആന്റണി. ചെറുപ്പത്തിലേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെത്തി. ബാലാനന്ദന്റെ നേതൃത്വത്തില്‍ ഒളിവ് പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടാളി. ഏതോ കേസില്‍പ്പെട്ട് ഇടപ്പള്ളി പൊലീസ് സ്റ്റേഷന് ആക്രമണ പ്രതികള്‍ക്ക് ഒപ്പം ആലുവ ജയിലില്‍ ആയി. കാല്‍പ്പാടുകളുടെ കഥയും സംവിധാനവും ആന്റണിയുടെതായിരുന്നു. ആര്. നമ്പിയത്ത് സംഭാഷണ രചനയില്‍ സഹായിച്ചു. എലൈറ്റ് ശ്രീനിവാസന് നിര്‍മ്മാതാവ്. പ്രേംനവാസ്, ശാന്തി, സുകുമാരി ആലുവക്കാരനായ ആന്റി ജോസ് തുടങ്ങിയവര്‍ അഭിനയിച്ചു. തൃശൂര്‍ പോള്‍ ആയിരുന്നു ഗുരുദേവന്. നല്ല വേഷചേര്ച്ച.
എം.ബി ശ്രീനിവാസന് പാട്ടുകള്‍ക്ക് ഈണം നല്കി. യേശുദാസ് ആദ്യമായി സിനിമയില്‍ പാടി. ജാതിഭേദം ഏതുമില്ലാതെ സര്‍വരും ….
ശ്രീനാരായണഗുരുവിന്റെ കാലവും ദര്‍ശനവും സര്‍ഗ്ഗാത്മകമായി ദൃശ്യവല്‍ക്കരിച്ചു ആന്റണി. കേരള ടൈംസ് പത്രത്തിന്റെ തിരുവനന്തപുരം പ്രതിനിധിയായി ആന്റണി പിന്നീട്. കടവും കഷ്ടപ്പാടും കേസും ജപ്തിയും. ദുരന്തമായി ആ ജീവിതം. ദീര്‍ഘകാലം കേരളത്തിലെ പ്രശസ്തമായ കലാലയങ്ങളില്‍ മലയാളം അധ്യാപകനായി ജീവിച്ച സി.ആര്. ഓമനക്കുട്ടന് തനിക്ക് ചുറ്റും താന്‍ കണ്ട അസംഖ്യം മനുഷ്യാത്മാക്കളില്‍ നിന്ന് ഗ്രഹിച്ച സത്യ ജ്ഞാന ആനന്ദങ്ങളുടെ സമ്പൂര്‍ണ്ണ പുനരാഖ്യാനമാണ് ഈ ഗ്രന്ഥം.