ഒരാള്‍ക്ക് ജന്മം നല്‍കുന്നത് നിങ്ങളെ അമ്മയും അച്ഛനുമാക്കുമോ? സഹോദരന്മാരാക്കുമോ?
ഹിരോകാസു കോറെ-എഡ സംവിധാനം ചെയ്ത ജാപ്പനീസ് സിനിമയായ ഷോപ് ലിഫ്റ്റേഴ്സ് ആരംഭിക്കുന്നത് ടോക്കിയോവിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങള്‍ അടിച്ചുമാറ്റുന്ന അച്ഛനും മകനില്നിന്നുമാണ്. അത്തരം സമ്പന്ന രാജ്യങ്ങളില്‍ ഇപ്രകാരം മോഷണം നടക്കുന്നുവെന്ന വസ്തുത നമ്മെ അദ്ഭുതപ്പെടുത്തും. സിനിമ പുരോഗമിക്കുമ്പോള്‍ പുറമേയ്ക്കു കാണുന്ന പല കാര്യങ്ങളും പല രാജ്യങ്ങളിലും ഊതിവീര്പ്പിച്ചവയാണെന്നു തോന്നിപ്പോകും. അച്ഛന് മധ്യവയസ്കനാണ്. മകനാകട്ടെ ഏകദേശം പത്തുവയസ്സില്‍ താഴെ മാത്രം പ്രായം. മോഷണശേഷം അവര്‍ കളിച്ചു ചിരിച്ച് വീട്ടിലേക്കു മടങ്ങുകയാണ്. അച്ഛന്റെ പേര് ഒസാമു. മകന് ഷോട്ടോ. ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ ടോക്കിയോവിലെ ചേരിപോലുള്ള ഒരു പ്രദേശത്തെ ഒരു കൊച്ചുകുടിലിലാണ് അവര്‍ താമസിക്കുന്നത്. വീട്ടിലെ വൃദ്ധയായ സ്ത്രീയെ (ഹാറ്റ്സു) എല്ലാവരും മുത്തശ്ശി എന്നു വിളിക്കുന്നു. വീടിന്റെ ഉടമസ്ഥാവകാശം ഹാറ്റ്സുവിനാണ്. മരിച്ചുപോയ തന്റെ ഭര്‍ത്താവിന്റെ പെന്ഷന് കൊണ്ടാണ് ഈ കുടുംബം താന്‍ പുലര്‍ത്തുന്നതെന്ന് അവര്‍ സൂചിപ്പിക്കുന്നുണ്ട്. ഒസാമുവിന്റെ ഭാര്യയെന്നു കരുതാവുന്ന നോബുയോ അലക്കുശാലയില്‍ ജോലി ചെയ്യുകയാണ്. വസ്ത്രങ്ങളുടെ പോക്കറ്റുകളില്‍ ഉടമസ്ഥര്‍ മറന്നുവയ്ക്കുന്ന സാധനങ്ങള്‍ അവളെടുക്കും. മറ്റൊരു യുവതി കൂടി അവിടെ ഉണ്ട് – ഒരു നൈറ്റ് ക്ലബ്ബില്‍ മോശമായ ജോലി ചെയ്യുന്ന അക്കു. അവള് നോബുയോയുടെ സഹോദരിയായിരിക്കാം.
കുടുംബം ദാരിദ്ര്യത്തിലാണെങ്കിലും സന്തോഷത്തിലും സമാധാനത്തിലും കഴിഞ്ഞുപോകുന്നു. അവിടെ തമാശകളും പരിഭവങ്ങളും പൊട്ടിച്ചിരികളുമുണ്ട്. കടയില്‍ നിന്ന് അവര്‍ അടിച്ചുമാറ്റുന്നത് ഭക്ഷണസാധനങ്ങളാണ്. രാത്രിയില്‍ അവരുടെ അത്താഴം അതാണ്. കടകളിലെ വില്ക്കാത്ത സാധനങ്ങള്‍ മോഷ്ടിക്കുന്നത് മോശമായ കാര്യമല്ല, കാരണം അവ ആരുടേയും സ്വന്തമല്ല എന്നാണ് ഒസാമു ഷോട്ടോയെ പഠിപ്പിക്കുന്നത്.
ഒസാമുവും ഷോട്ടോയും മോഷണശേഷം മടങ്ങുമ്പോള്‍ അവരുടെ അയല്‍വാസിയുടെ വീട്ടില്‍ ഒരു കൊച്ചുപെണ്‍കുട്ടി (യൂറി) വിഷാദനിമഗ്നയായി ബാല്‍ക്കണിയില്‍ പൂട്ടിയിട്ടിരിക്കുന്ന നിലയില്‍ കാണാറുണ്ട്. വീട്ടില്‍ നിന്ന് ഒച്ചയും ബഹളവും കേള്‍ക്കാം. ഒരു ദിവസം ഒസാമു അവള്‍ക്കൊരു ചോക്കലേറ്റ് കൊടുക്കുന്നു, തന്റെ വീട്ടിലേക്കു ക്ഷണിക്കുന്നു. അവളുടനെ അവരുടെ കൂടെ പോരുകയാണ്. അവള് വിശന്നിരിക്കുകയാണെന്നും ഒരു നേരത്തെ അത്താഴം നല്‍കിയതിനു ശേഷം തിരികെ കൊണ്ടാക്കാമെന്നുമാണ് ഒസാമു കരുതിയത്. എന്നാല്‍ അവളുടെ വീട്ടിലെ സ്ഥിതിഗതികള്‍ വ്യത്യസ്തമായിരുന്നു. അവളെ അവിടെ ആവശ്യമില്ലെന്ന് ഒസാമുവിനു തോന്നി. യൂറിക്കും തന്റെ പുതിയ വീടിനോടായിരുന്നു താല്പര്യം. യൂറിയെ വീട്ടിലെ എല്ലാവരും ഹൃദയങ്ഗമമായി സ്വാഗതം ചെയ്യുന്നു. കുട്ടിയെ കൊണ്ടുവന്നത് ഒരു കുറ്റകൃത്യമാണോ എന്നവര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. അവളുടെ രക്ഷിതാക്കളോട് മോചനദ്രവ്യം ആവശ്യപ്പെടുന്നില്ലെങ്കില്‍ അത് തട്ടിക്കൊണ്ടുപോകലല്ലെന്ന് പറഞ്ഞ് നോബുയോയും ഒസാമുവും തങ്ങളുടെ നടപടിയെ ന്യായീകരിക്കുന്നു. കടകളില്‍ നിന്ന് മോഷ്ടിക്കുന്നതിനെ ഒസാമു എങ്ങനെ ന്യായീകരിക്കുന്നു എന്നതിന് സമാനമായ യുക്തിയാണിത്. യൂറി ആ വീട്ടിലെ ഓമനയായി മാറി. അവളുടെ മുടി മുറിച്ച് രൂപമാറ്റം വരുത്തുകയും അവളുടെ പഴയ വസ്ത്രങ്ങള്‍ കത്തിക്കുകയും ലിന് എന്ന് പുതിയ പേരു നല്‍കുകയും ചെയ്യുന്നു.
കുട്ടിയെ മോഷണം പഠിപ്പിക്കാന്‍ ഷോട്ടോയോട് ഒസാമു ആവശ്യപ്പെടുന്നു. അവനത് ഇഷ്ടപ്പെടുന്നില്ലെങ്കിലും മനസ്സില്ലാ മനസോടെ ചെയ്യുന്നു. അവളെ സഹോദരിയായി കാണണമെന്ന് ഒസാമു ഷോട്ടോയോട് പറയുന്നു. നോബുയോ തന്നെ അമ്മയെന്നു വിളിക്കാന്‍ അഭ്യര്‍ത്ഥിച്ച കാര്യം അപ്പോള്‍ ഷോട്ടോ അയാളോടു പറയുന്നു. അങ്ങനെയെങ്കില്‍ നിനക്ക് എന്തുകൊണ്ട് എന്നെ അച്ഛാ എന്നു വിളിച്ചുകൂടാ എന്ന് ഒസാമു ചോദിക്കുമ്പോഴാണ് ഷോട്ടോ അവരുടെ മകനല്ലെന്ന് നമുക്കു മനസിലാകുന്നത്. വീട്ടുടമസ്ഥയായ മുത്തശ്ശിയുമായും ആര്‍ക്കും ഒരു രക്തബന്ധവുമില്ല. എവിടെ നിന്നോ എത്തിയ ഏതാനും പേര് ഒരു കുടുംബമായി അവിടെ താമസിച്ചുവരികയാണ്.
യൂറിയെ വീട്ടില്‍ കൊണ്ടുവന്ന് രണ്ടുമാസത്തിനു ശേഷം അവളെ കാണാനില്ലെന്ന കാര്യം ടെലിവിഷനില്‍ കാണുന്നു. ഒസാമുവിനെയും മറ്റുള്ളവരെയും ഇതു പരിഭ്രാന്തരാക്കി. ഷോട്ടോ യൂറിയുമായി ഒരു കടയില്‍ മോഷണം നടത്തുമ്പോള്‍ കടക്കാരന് അവനെ ഉപദേശിക്കുന്നു, നിന്റെ സഹോദരിയെ മോഷ്ടിക്കാന്‍ പഠിപ്പിക്കരുതെന്ന്. അവന് കഠിനമായ കുറ്റബോധം തോന്നുന്നു. മറ്റൊരു കടയില്‍ മോഷണം നടത്തുന്ന യൂറിയെ കടക്കാര് പിടിക്കാനുള്ള സാധ്യത മനസിലാക്കി അവന് പരസ്യമായി മോഷ്ടിക്കുകയും കടക്കാരുടെ ശ്രദ്ധയില്‍ തന്നെ പെടുത്തുകയും ചെയ്യുന്നു. അവിടെ നിന്ന് ഓടിരക്ഷപ്പെടുന്നതിനിടയില്‍ ഒരു മേല്‍പ്പാലത്തിനു മുകളില്‍ നിന്നു വീണ് അവന്റെ കാലൊടിഞ്ഞു. അവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് അവനെ ചോദ്യം ചെയ്യുമ്പോള്‍ ഒസാമുവിന്റെയും മറ്റുള്ളവരുടെയും കാര്യങ്ങള്‍ അറിയുന്നു. ഇതിനിടയില്‍ മുത്തശ്ശി മരിക്കുന്നു. ഒസാമുവും നോബുയോയും ചേര്‍ന്ന് മറ്റാരുമറിയാതെ അവരെ വീട്ടിനുള്ളില്‍ സംസ്കരിക്കുന്നു. അവര്‍ മരിച്ച കാര്യമറിഞ്ഞാല്‍ പെന്ഷന് നിന്നുപോകുമെന്ന ഭയമായിരുന്നു കാര്യം.
ഷോട്ടോയെ പൊലീസ് ചോദ്യം ചെയ്യുകയും അവനെ അനാഥാലയത്തിലേക്ക് മാറ്റുകയും ചെയ്ത കാര്യം അറിയുമ്പോള്‍ വീട്ടില്‍ ശേഷിച്ചിരുന്നവര്‍ കുട്ടിയെയും കൊണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. അവരെ പൊലീസ് പിടികൂടി. ഒസാമു ഒരു പിടികിട്ടാ കുറ്റവാളിയാണെന്ന് പൊലീസ് ആരോപിക്കുന്നു. എന്നാല്‍ ഒസാമുവല്ല താനാണ് കുറ്റവാളിയെന്ന് നോബുയോ പൊലീസിനോട് കുറ്റസമ്മതം നടത്തുന്നു. നോബുയോയുടെ ഭര്‍ത്താവിനെ, അയാളുടെ ഉപദ്രവങ്ങളില്‍ നിന്ന് രക്ഷപ്പെടാനായി വധിച്ച കുറ്റം അവള് ഏറ്റെടുക്കുന്നു. നോബുയോ ശിക്ഷിക്കപ്പെട്ട് ജയിലില്‍ പോയി. ജയിലില്‍ അവളെ സന്ദര്‍ശിക്കാന്‍ ഒസാമുവിനോടൊപ്പമെത്തുന്ന ഷോട്ടോയോട് അവന് കുഞ്ഞായിരിക്കുമ്പോള്‍ ഒരു കാറില്‍ നിന്ന് പേഴ്സ് മോഷ്ടിക്കുന്നതിനിടെയാണ് അവന് അവരുടെ കൈകളില്‍ എത്തിയതെന്നു അവള് പറയുന്നു. അവന്റെ യഥാര്‍ത്ഥ മാതാപിതാക്കളെ കണ്ടെത്തണമെന്ന് അവള് അവനോട് ആവശ്യപ്പെടുന്നു. ഷോട്ടോ അനാഥമന്ദിരത്തിലേക്കു തിരികെ ബസില്‍ പോകുമ്പോള്‍ ഒസാമു കരഞ്ഞുകൊണ്ട് ബസിനു പിറകെ ഓടുന്നുണ്ട്. യൂറി പഴയപോലെ അവളുടെ സ്വന്തം വീട്ടില്‍ ബാല്‍ക്കണിയില്‍ ബന്ധിക്കപ്പെടുന്നു. അവള് താന്‍ വേര്പെട്ടുപോന്ന കുടുംബത്തിന്റെ ദിശയിലേക്ക് പ്രതീക്ഷയോടെ നോക്കിനില്ക്കുന്നു. ഷോട്ടോ തന്റെ വളര്‍ത്തച്ഛനെ ബസില്‍ നിന്ന് തിരിഞ്ഞുനോക്കുന്നു.
ജപ്പാനിലെ ദാരിദ്ര്യത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഹിരോകാസു രക്തബന്ധമില്ലാത്ത ഒരു കുടുംബത്തെ സിനിമയിലൂടെ സൃഷ്ടിച്ചിരിക്കുന്നത്. അവിടെ ദാരിദ്ര്യമുണ്ടെങ്കിലും സന്തോഷവും സമാധാനവുമുണ്ട്. അതിലൂടെയാണ് കുടുംബം രൂപപ്പെടുന്നത്. നൊബുയോയും ഒസാമുവും, ഷോട്ടോയ്ക്കും യൂറിക്കും അവരുടെ യഥാര്‍ത്ഥ മാതാപിതാക്കളെക്കാള്‍ കൂടുതല്‍ സ്നേഹം നല്കുന്നു. മുത്തശ്ശിയെ സ്നേഹിക്കുന്നു. അക്കിയെ ഒരു സഹോദരിയായി കാണുന്നു. പുതിയ കാലത്തില്‍ കുടുംബം എന്നാല്‍ കൃത്യമായി എന്താണ് അര്‍ത്ഥമാക്കുന്നത്? ഒരാള്‍ക്ക് ജന്മം നല്‍കുന്നത് നിങ്ങളെ അമ്മയും അച്ഛനുമാക്കുമോ? സഹോദരന്മാരാക്കുമോ? സംവിധായകന്റെ ആശയത്തിന്റെ ഏറ്റവും സൂക്ഷ്മമായ, ആഴമേറിയ പരിശോധനകളിലൊന്നാണിത്. ഷോപ്ലിഫ്റ്റിംഗ് അപ്പോള്‍ ഒട്ടും പ്രധാനമല്ലാത്ത വിഷയമായി മാറുന്നു. കഥയ്ക്ക് തൊങ്ങലായി തുന്നിപ്പിടിപ്പിച്ച തുണി മാത്രം.
2018ല്‍ കാന്‍ ഫിലിം ഫെസ്റ്റിവലിലാണ് ഷോപ് ലിഫ്റ്റേഴ്സ് പ്രീമിയര്‍ ചെയ്തത്. അവിടെ പാം ഡിഓര്‍ പുരസ്കാരം ലഭിച്ചു. രാജ്യാന്തരതലത്തില്‍ നിരവധി പുരസ്കാരങ്ങള്‍ ചിത്രത്തിനു ലഭിച്ചു. ഓസ്കര് മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ജപ്പാനില്‍ ചിത്രം വലിയ വാണിജ്യവിജയം നേടി. ഏറെക്കാലത്തിനു ശേഷം ഒരു കുടുംബചിത്രം കണ്ടു എന്നായിരുന്നു പ്രേക്ഷകരുടെ പ്രതികരണം.