അപ്രിയ സത്യങ്ങളും തമസ്കരിക്കപ്പെട്ട മനുഷ്യരും ഈ പുസ്തകത്തിലൂടെ നമ്മുടെ മുന്നില്‍ വന്നു നില്ക്കുന്നു.
പത്രപ്രവര്‍ത്തകനായ എം.ജി രാധാകൃഷ്ണന് ഉയര്‍ത്തിയ ഒരു ചോദ്യമുണ്ട്. 2020 ഫെബ്രുവരിയിലെ മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് ആ ചോദ്യം അദ്ദേഹം ഉന്നയിച്ചത്.
പാലക്കാട് മണി അയ്യര്‍, പാലക്കാട് രഘു, പഴനി സുബ്രഹ്മണ്യപിള്ള, രാമനാഥപുരം സി.എസ്. മുരുഗഭൂപതി, പുതുക്കോട്ടെ ദക്ഷിണാമൂര്ത്തിപ്പിള്ള, മാവേലിക്കര കൃഷ്ണന്‍കുട്ടി നായര്‍, ടി.വി. ഗോപാലകൃഷ്ണന്, മാവേലിക്കര വേലുക്കുട്ടി നായര്‍, ഗുരുവായൂര്‍ ദൊരൈ …. കര്‍ണാടകസംഗീതത്തില്‍ തല്പരായ എല്ലാവര്ക്കും മഹാപ്രതിഭകളായ ഈ മൃദംഗരാജാക്കന്മാരുടെ പേരുകളെല്ലാം സുപരിചിതം.
എന്നാല്‍ ഇവരെയോ?
ആരോഗ്യം, സെവിട്ടിയാന്, പര്ലാണ്ട്, സെല്‍വ രാജ്, സെങ്കോല്‍, മെല്ജീസ്, ശൗരിയാര്, രാജമാണിക്യം …
ഒരിക്കലെങ്കിലും ഈ പേരുകള്‍ കേട്ടിട്ടുള്ളവര്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാകും. എന്നാല്‍ ഇവരാണ് ആദ്യം പറഞ്ഞ മൃദംഗവിദ്വാന്മാരുടെ അവിസ്മരണീയമായ നാദം യാഥാര്‍ഥ്യമാക്കിയവര്‍. തെളിച്ചു പറഞ്ഞാല്‍ അവരുടെ മൃദംഗം ഉണ്ടാക്കിയവര്‍. എന്നിട്ടും എന്തുകൊണ്ടു ലോകം ഇവരെക്കുറിച്ച് അറിഞ്ഞില്ല? മൃദംഗം ഇവരെക്കൊണ്ടുതന്നെ ഉണ്ടാക്കിക്കിട്ടാന്‍ എന്തും ചെയ്യുമായിരുന്ന വിഖ്യാത മൃദംഗവാദകര്‍ പോലും ലോകത്തോട് ഇവരെക്കുറിച്ച് പറഞ്ഞില്ല. കര്‍ണാടക സംഗീത ലോകത്തില്‍ ആരും തന്നെ ഇവരെക്കുറിച്ചൊന്നും പുറഞ്ഞില്ല എന്നു മാത്രമല്ല അവരുടെ പേരുപോലും തെറ്റായി പ്രചരിപ്പിച്ചു. സെവിട്ടിയാന് എന്ന് സെബാസ്റ്റ്യനെയും പര്ലാണ്ട് എന്ന് ഫെര്‍ണാണ്ടസിനേയും വിളിച്ചു.
തമസ്കരിക്കപ്പെട്ട ഈ മഹാശില്പികളുടെ കഥ ആദ്യമായി ലോകത്തെ അറിയിച്ചത് തൊഡൂര്‍ മാഡബുസി കൃഷ്ണ എന്ന പ്രശസ്തനായ സംഗീതജ്ഞന് ടി.എം. കൃഷ്ണയാണ്. അദ്ദേഹത്തിന്റെ സെബാസ്റ്യന്‍ ആന്‍ഡ് സണ്‍സ് എന്ന പുസ്തകത്തിലൂടെ (Sebastian and Sons, A brief history of Mridangam makers). മൃദംഗം ഉണ്ടാക്കുന്നവരുടെ സംക്ഷിപ്ത ചരിത്രം അങ്ങനെ പുറത്തുവന്നു.
ഇന്ത്യയിലെ വര്‍ത്തമാനകാല ശാസ്ത്രീയ സംഗീതപ്രതിഭകളില്‍ മുന്‍നിരക്കാരനായ ടി.എം. കൃഷ്ണയുടെ പുസ്തകം ഇപ്പോള്‍ മലയാളത്തില്‍ ലഭ്യമാണ്. ‘സെബാസ്റ്റ്യനും പുത്രന്മാരും മൃദംഗമുണ്ടാക്കുന്നവരുടെ സംക്ഷിപ്ത ചരിത്രം.’ കലാചരിത്രകാരന്, എഴുത്തുകാരന്, കലാചരിത്ര അധ്യാപകന്, പത്രപ്രവര്ത്തകന്, ക്യൂറേറ്റര്‍ എന്നീ നിലകളില്‍ പ്രശസ്തനായ എം.എല്‍ ജോണി വിവര്‍ത്തനം ചെയ്തിട്ടുള്ള പുസ്തകം മാതൃഭൂമിയാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
രണ്ടു മുഖങ്ങളുള്ള ഒരു കൊട്ടുവാദ്യമാണല്ലോ മൃദംഗം. അത് കര്‍ണ്ണാടക സംഗീതത്തിനും ഭരതനാട്യത്തിനും അകമ്പടിയായി വായിക്കുന്നതാണ്. പ്ലാവിന്റെ തടിയില്‍ത്തീര്‍ത്ത ഉരുണ്ട ഒരു പ്രതിദ്ധ്വനിപേടകമാണ് അതിന്റെ ഉടല്. അതിന്റെ ആകൃതി മധ്യം വളഞ്ഞതും വശങ്ങളിലേക്ക് നേര്ത്തുപോകുന്നതുമാണ്. ഈ മരച്ചട്ടത്തിന്റെ പ്രധാനവശം (സദസ്സിനെ അഭിമുഖീകരിക്കുന്ന ഭാഗം) മൂന്നു പാളി തോല് സങ്കീര്ണ്ണമാംവിധം ചേര്‍ത്ത് ഇഴപാകിയെടുത്തതാണ്. ഏറ്റവും മുകളിലത്തെ അടര് ഉണ്ടാക്കി യിരിക്കുന്നത് പശുവിന്റെ തോല് വൃത്താകൃതിയില്‍ വെട്ടിയിട്ടാണ്. അതിനു തൊട്ടുതാഴെ ആട്ടിന്‍ തോലാണ്. അതാണ് മൃദംഗമുഖത്തിന്റെ മധ്യഭാഗം. ഈ വായിക്കപ്പെടുന്ന രണ്ട് അടരുകളുടെയും അടിയിലായി പശുത്തോലു കൊണ്ടു തന്നെ ഉണ്ടാക്കിയ, വീതികുറഞ്ഞ ഒരു താങ്ങുവളയമുണ്ട്. തുറന്നിരിക്കുന്ന ആട്ടിന്‍ തോലിനുമേല് (രണ്ടാമത്തെ അടര്) കറുത്തതോ ഇരുണ്ട ചുവപ്പുനിറമുള്ളതോ ആയ ഒരു മിശ്രിതം ഒട്ടിച്ചിരിക്കുന്നു. വേവിച്ച ചോറും പൊടിച്ചെടുത്ത പ്രത്യേകതരം കല്ലും ചേര്‍ത്താണ് ഈ മിശ്രിതം ഉണ്ടാക്കുന്നത്. മുകളിലത്തെ രണ്ട് അടരുകള്ക്കിടയിലായി, ചൂലൊക്കെ ഉണ്ടാക്കാനുപയോഗിക്കുന്നതരം പുല്ലിന്റെ തണ്ട് നേര്‍മ്മയായി അരിഞ്ഞെടുത്തതോ, നേരത്തേ പറഞ്ഞതരം കല്ലിന്റെ ചെറുതരികളോ, ധ്വനിയും ശബ്ദസുഖവും ലഭിക്കുന്നതിനായി വെച്ചിരിക്കുന്നു.
മരച്ചട്ടത്തിന്റെ മറ്റു വശത്തും തുകലിന്റെ മൂന്ന് അടരുകളുണ്ട്. രണ്ടെണ്ണം പോത്തിന്റേതും ഒന്ന് ആടിന്റേതും. പോത്തിന്റെ തുകല്‍ രണ്ട് അടരുകള്‍ ഒരുമിച്ചു വെട്ടി വൃത്താകൃതിയില്‍ ഒരു പട്ട ഉണ്ടാക്കിയിരിക്കുന്നു. അതിന്റെ തൊട്ടുതാഴെയുള്ള ആട്ടിന്‍ തോലിന് കൂടുതല്‍ വ്യാപ്തി നല്കിയിരിക്കുന്നു. അടിച്ചുവായിക്കാന് കൂടുതല്‍ ഇടം നല്കുന്നതിനു വേണ്ടിയാണിത്. മൃദംഗ നിര്‍മാണത്തിലെ അസംസ്കൃത വസ്തുകളില്‍ ഒന്ന് മൃഗങ്ങളുടെ തോലാണെന്ന് മനസ്സിലായല്ലോ. അതുകൊണ്ടുതന്നെ ഉന്നതകുലജാതകരാരും ഈ തൊഴില്‍ സ്വീകരിക്കുകയുണ്ടായില്ല. അവര്‍ണ്ണര്‍ക്ക് പ്രവേശനമില്ലാത്ത ഇടങ്ങളില്‍ പോലും അവര്‍ ഉണ്ടാക്കിയ മൃദംഗത്തിന് സ്ഥാനമുണ്ടായി. ശ്രുതിമധുരമായ ശബ്ദം പുറപ്പെടുവിക്കുന്ന മൃദംഗങ്ങളുടെ പിന്നിലെ സര്‍ഗ്ഗാത്മകതയെയും തൊഴില്‍ പ്രാവീണ്യത്തെയും കുറിച്ച് ലോകം അറിഞ്ഞില്ല. ടി.എം കൃഷ്ണയുടെ അന്വേഷണവും പുസ്തകവും കലയിലെ ജാതി വിവേചനം വെളിപ്പെടുത്തുന്നതോടൊപ്പം തഞ്ചാവൂരിലെ മൃദംഗ നിര്‍മ്മാണ വൈഭവമുള്ള ദളിത് ക്രൈസ്തവരെ വരച്ചു കാണിക്കുകയും ചെയ്യുന്നു.
തഞ്ചാവൂര്‍ ജില്ലയില്‍ പത്തൊമ്പതാം നൂറ്റാണ്ടിന് ഒടുവില്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത സെബാസ്റ്റ്യനും (സെ വിട്ടിയന്) കുടുംബവും ആണ് ഈ പുസ്തകത്തിലെ പ്രധാന കഥാപാത്രങ്ങള്‍; അല്ല ചരിത്രനിര്‍മ്മാതാക്കള്‍. സെവിട്ടിയന് രണ്ടാമത്തെയോ മൂന്നാമത്തെയോ തലമുറയിലെ ക്രിസ്ത്യാനിയാണ്. പോര്‍ച്ചുഗീസ് ജെസ്യൂട്ട് മിഷനറിയായ സെന്റ് ജോണ്‍ ഡി. ബ്രിട്ടോ തമിഴില്‍ -അരുളാനന്ദര്‍ – 1693ല്‍ മരിക്കുകയും 1853ല്‍ വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. 1854ല്‍ മധുരൈ റോമന്‍ കത്തോലിക്കാ മിഷന്റെ കാവല്‍മാലാഖയായി അദ്ദേഹത്തെ പ്രഖ്യാപിച്ചു. സെവിട്ടിയന്റെ വീടിനു സമീപം പള്ളി ഉണ്ടായി. അരുളാനന്ദര്‍ പള്ളി. ഇതാണ് അവരുടെ പങ്ക് കോവില്‍ (ഇടവക പള്ളി). സെവിട്ടിയന് മൂന്നു മക്കളാണ് ഉണ്ടായിരുന്നത്. സെങ്കോല്‍, പര്ലാണ്ടു (ഫെര്‍ണാണ്ടസ്), ആന്റണി ഇവരാണ് പിന്നീട് മൃദംഗ നിര്‍മ്മാണത്തിലെ പ്രമുഖരായി മാറിയത്. പര്ലാണ്ടുവിനെ പാലക്കാട് മണി അയ്യര്‍ മറ്റാര്‍ക്കും വിട്ടുകൊടുക്കാതെ സ്വന്തമായി വീടിനോടൊപ്പം പാര്‍പ്പിച്ചു.
ഈ രംഗത്തെ സ്ത്രീകളുടെ അസാന്നിധ്യവും കൃഷ്ണ തന്റെ പുസ്തകത്തില്‍ ചര്‍ച്ചചെയ്യുന്നുണ്ട്. അപ്രിയ സത്യങ്ങളും തമസ്്കരിക്കപ്പെട്ട മനുഷ്യരും ഈ പുസ്തകത്തിലൂടെ നമ്മുടെ മുന്നില്‍ വന്നു നില്ക്കുന്നു.