ഒരുപാട് തലങ്ങളും മാനങ്ങളുമുള്ള സിനിമ, സാധാരണ മലയാളി പ്രേക്ഷകന് ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള ഫാസ്റ്റ്മോഷനാണ്. ചിത്രം ഫാന്റസിയില്‍ അധിഷ്ഠിതമാണ്. ആക്ഷനും അഡ്വഞ്ചെറും കോമഡിയും പുട്ടിനു പീരപോലെ ചേര്‍ത്തിരിക്കുന്നു. അസ്തിത്വവാദം, ശൂന്യതാവാദം, അസംബന്ധവാദം തുടങ്ങിയ ദാര്‍ശനിക ആശയങ്ങള്‍, തലമുറകളുടെ അന്തരം, ആഘാതം, ഏഷ്യന്‍-അമേരിക്കന്‍ അസ്തിത്വം, ഇടനിലക്കാരുടെ ജീവിതം, സ്ത്രീകളടെ സമൂഹത്തിലെ സ്ഥാനം തുടങ്ങിയ വിഷയങ്ങളോടുള്ള സമീപനവും രണ്ട് മണിക്കൂറും ഇരുപതു മിനിറ്റും ദൈര്‍ഘ്യമുളള ചിത്രത്തില്‍ വിശകലനം ചെയ്യപ്പെട്ടിട്ടുണ്ട്.
‘സൂപ്പര്മാന്’, ‘ദി മാട്രിക്സ്’ ‘ദി ഫാള്‍’, ‘2001: എ സ്പേസ് ഒഡീസി’, ‘ഇന്‍ ദി മൂഡ് ഫോര്‍ ലവ്’, ‘ഡോക്ടര്‍ സ്ട്രേഞ്ച്’, ‘നോ വേ ഹോം’ തുടങ്ങി നിരവധി സിനിമകള്‍ക്ക് പ്രമേയമായ മള്‍ട്ടിവേഴ്സ് (ബഹുപ്രപഞ്ചം) എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് ‘എവ്രിതിംഗ് എവ്രിവേര്‍ ഓള് അറ്റ്വണ്‍സ്’ നിര്‍മിച്ചിരിക്കുന്നത്.
മിഷേല്‍ യോ, സ്റ്റെഫനി സു, കെ ഹുയ് ക്വാന്‍, ജെന്നി സ്ലേറ്റ്, ഹാരി ഷും ജൂനിയര്‍, ജെയിംസ് ഹോങ്, ജാമി ലീ കര്‍ട്ടിസ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. കഥയിങ്ങനെ: എവ്ലിന് ക്വാന്‍ വാങ് (മിഷേല്‍ യോ) മധ്യവയസ്കയായ ചൈനീസ്-അമേരിക്കന്‍ കുടിയേറ്റക്കാരിയാണ്. അവള് തന്റെ ഭര്‍ത്താവ് വെയ്മണ്ടിനൊപ്പം (കെ ഹുയ് ക്വാന്‍) ഒരു അലക്കുശാല നടത്തുന്നു. രണ്ടു പതിറ്റാണ്ടുകള്‍ക്കു മുമ്പ് അമേരിക്കയില്‍ എത്തിയവരാണവര്‍. ജോയ് എന്ന മകളും മുത്തച്ഛനുമടങ്ങുന്നതാണ് കുടുംബം. ഇന്റേണല്‍ റവന്യൂ സര്‍വീസ് (ഐആര്‍എസ്) അലക്കുശാലയെ ഓഡിറ്റ് ചെയ്യാനൊരുങ്ങുന്നതാണ് സിനിമയുടെ തുടക്കം. എവ്ലിന് തന്റെ പ്രാരബ്ധങ്ങളുടെ ഭാണ്ഡം പേറി മടുത്തിരിക്കുന്നു. ചിത്രത്തിന്റെ ആദ്യ പതിനഞ്ചു മിനിറ്റോളം ഭാഗം സാധാരണ സിനിമപോലെ നീങ്ങുന്നു.
ഒരേ കഥാപാത്രങ്ങള്‍ വിവിധ പ്രപഞ്ചങ്ങളില് വ്യത്യസ്ത ജീവിതമാണ് നയിക്കുന്നത്. എവ്ലിന്റെ ഭര്‍ത്താവായ വെയ്മണ്ട് ഈ പ്രപഞ്ചത്തില്‍ പാവത്താനാണെങ്കില് മറ്റൊന്നില്‍ വീരശൂരപരാക്രമിയാണ്. മറ്റൊരു പ്രപഞ്ചത്തില്‍ നിന്നുള്ള (ആല്‍ഫ എന്നാണ് ഈ പ്രപഞ്ചത്തിന്റെ പേര്) വെയ്മണ്ട്, എവ്ലിനെ ചില പ്രധാന കാര്യങ്ങള്‍ ഗ്രഹിപ്പിക്കുന്നതോടെയാണ് സിനിമയുടെ രൂപവും ഭാവവും മാറുന്നത്. നിരവധി സമാന്തര പ്രപഞ്ചങ്ങള്‍ നിലവിലുണ്ടെന്ന് വെയ്മണ്ട് എവ്ലിനെ ധരിപ്പിക്കുന്നു. ബഹുപ്രപഞ്ചത്തിന് ദോഷം വരുത്തുന്ന ജോബു ടുബാക്കി എന്ന വില്ലനെ നേരിടാന്‍ എവ്ലിനു മാത്രമേ കഴിയൂ എന്നാണ് വെയ്മണ്ട് പറയുന്ന കാര്യം.
എല്ലാ പ്രപഞ്ചങ്ങളിലും ഓരോരുത്തര്‍ക്കും പകരക്കാരുണ്ട്. അവരുടെ ശരീരത്തിലേക്ക് പരകായപ്രവേശം നടത്തുക എന്നതാണ് പ്രധാനം. ‘വേഴ്സ്-ജംപിംഗ്’ എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് ആളുകളെ അവരുടെ മറ്റു പ്രപഞ്ചങ്ങളുടെ കഴിവുകളും ഓര്‍മ്മകളും ശരീരങ്ങളും പ്രാപ്തമാക്കാന്‍ കഴിവുറ്റരാക്കുന്നു. ഒരാളുടെ മറ്റ് പ്രപഞ്ചങ്ങളിലുള്ള ജീവിതങ്ങള്‍ എങ്ങനെയാണ് വ്യത്യസ്തമാകുന്നതെന്നും, ആ ജീവിതത്തെക്കുറിച്ചുള്ള അറിവുകള്‍ ഒരാളെ എങ്ങനെയൊക്കെ മാറ്റാമെന്നും ചിത്രം വിശദീകരിക്കുന്നു. എവ്ലിന് എന്ന സാധാരണക്കാരിയായ വീട്ടമ്മ ആയോധനകലയിലെ വിദഗ്ധയായും നടിയായും ഷെഫ് ആയുമൊക്കെ മാറുന്നത് ഉദാഹരണം. നേരത്തെ സൂചിപ്പിച്ചതുപോലെ പല തരത്തില്‍ വ്യാഖ്യാനിക്കാന്‍ കഴിയുന്നതും അതിസങ്കീര്‍ണ്ണവുമാണ് ചിത്രത്തിന്റെ കഥാഘടന. എന്നാല്‍ അതിനെ ആകര്‍ഷകമായി അവതരിപ്പിക്കാന്‍ കഴിഞ്ഞതാണ് ഡാനിയേല്‍സിനെ ഉയരങ്ങളിലെത്തിച്ചത്.
നടീനടന്മാരുടെ പ്രകടനം എടുത്തുപറയണം. കഥാപാത്രങ്ങള്‍ക്കെല്ലാം നല്ല പ്രാധാന്യം കൊടുത്തിട്ടുണ്ട്. മിഷേല്‍ യോയുടെ (എവ്ലിന്) മിന്നുന്ന പ്രകടനമാണ് ഏറ്റവും ഉയരത്തില്‍. സിനിമയുടെ ആശയം പൂര്‍ത്തിയായപ്പോള്‍ ജാക്കി ചാനെയാണ് ഡാനിയേല്‍സ് ഈ വേഷത്തിലേക്ക് കണ്ടുവച്ചിരുന്നത്. എന്നാല്‍ പിന്നീടിത് സ്ത്രീകേന്ദ്രീകൃത ചിത്രമാകുകയും മിഷേലിന് നറുക്കു വീഴുകയുമായിരുന്നു. തന്റെ കഥാപാത്രത്തില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ സംഭവിക്കുന്ന ഭാവമാറ്റങ്ങള്‍ മിഷേല്‍ ശരീരഭാഗങ്ങളിലും കണ്ണുകളിലും പകര്ത്തിയാടുന്നു. അവരുടെ ആയോധനകലയിലെ വൈദഗ്ധ്യം മുതല്‍ മികച്ച കോമിക് ടൈമിംഗും വികാരങ്ങള്‍ പലപ്പോഴും ഒറ്റനോട്ടത്തില്‍ നിന്നോ പ്രതികരണത്തില്‍ നിന്നോ വ്യക്തമാക്കാനുള്ള കഴിവും സംവിധായകര്‍ നന്നായി ഉപയോഗിച്ചിരിക്കുന്നു. അറുപതുകാരിയായ മിഷേല്‍ യോ, മലേഷ്യന്‍ നടിയാണ്. ഹോങ്കോങ്ങിലെ തന്റെ ആദ്യകാല ചിത്രങ്ങളില്‍ മിഷേല്‍ ഖാന് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന അവരുടെ ഹോളിവുഡ് പ്രവേശനവും വിജയകരമായിരുന്നു. ജെയിംസ് ബോണ്ട് ചിത്രമായ ‘ടുമോറോ നെവര്‍ ഡൈസ്’ (1997), ആംഗ് ലീയുടെ ആയോധനകലാ ചിത്രമായ ‘ക്രൗച്ചിംഗ് ടൈഗര്‍, ഹിഡന്‍ ഡ്രാഗണ്‍’ (2000) എന്നിവയില്‍ അഭിനയിച്ചതിന് യോയ്ക്ക് മികച്ച അംഗീകാരങ്ങള്‍ ലഭിച്ചു. മികച്ച നടിക്കുള്ള ഓസ്കര് നേടുന്ന ആദ്യ ഏഷ്യക്കാരിയും ഏതു വിഭാഗത്തിലും അക്കാദമി അവാര്‍ഡ് നേടുന്ന ആദ്യത്തെ മലേഷ്യന്‍ വനിതയുമായി അവര്‍. കെ ഹുയ് ക്വാനും ജാമി ലീ കര്‍ട്ടിസും സ്റ്റെഫനി സൂവും തങ്ങളുടെ കഥാപാത്രങ്ങളെ മികവുറ്റതാക്കി മാറ്റി.
എഡിറ്റിംഗിന്റെ മേന്മയാണ് ചിത്രത്തിന്റെ മറ്റൊരു നേട്ടമായത്. പ്രേക്ഷകന് ചിന്തിക്കാന്‍ സമയം കൊടുക്കാതെ ചടുലമായ എഡിറ്റിംഗാണ് പോള്‍ റോജേഴ്സ് നിര്‍വഹിച്ചിരിക്കുന്നത്. ചുരുങ്ങിയ മുതല്‍മുടക്കിലാണ് സിനിമ നിര്‍മിച്ചിരിക്കുന്നതെന്ന തോന്നല്‍ ഒരിക്കലും ഉണ്ടാകില്ല. വിഷ്വല്‍ ഇഫക്ടുകള്‍ സംവിധായകരടക്കമുള്ള അഞ്ചംഗ ടീമാണ് നിര്‍വഹിച്ചത്. ഇതവരുടെ പ്രഥമ സംരംഭവുമായിരുന്നു. ഒരു പേപ്പര്‍ ട്രിമ്മറിന്റെ ബ്ലേഡ് മുതല്‍ ഓഡിറ്റര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡുകള്‍ വരെ പ്രപഞ്ചത്തെ രക്ഷിക്കാനുള്ള പോരാട്ടത്തില്‍ ഉപയോഗിക്കപ്പെടുന്നു. ആന്‍ഡിയും ബ്രയാന്‍ ലെയും ചേര്‍ന്ന് സംവിധാനം നിര്‍വഹിച്ച ഫൈറ്റ് സീക്വന്സുകള്ക്ക് ബാലറ്റിക് സൗന്ദര്യമുണ്ട്. ലാര്കിന് സീപ്പിളിന്റെ ഛായാഗ്രഹണം, സണ്‍ ലക്സിന്റെ സംഗീതം എന്നിവയും സിനിമയെ തുണച്ചു.