1985 ജനുവരി.
ആലപ്പുഴ കാഞ്ഞിരം ചിറയിലെ പൊള്ളയിൽ തറവാട്.
മലയാള നാടക ചലച്ചിത്ര വേദിയിലെ മുടിചൂടാമന്നൻ സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർക്ക് അപ്പോൾ പ്രായം 84 വയസ്സ്. ഒരു നടന്റെ ആത്മകഥയിൽ ജീവിതത്തിൻറെ രേഖാചിത്രം കൃത്യമായി എഴുതി തീർത്തു കലാവേദിയിൽ മൺമറഞ്ഞ വരും ജീവിതാന്ത്യത്തിൽ എത്തിയവരുമായ കലാകാരന്മാരെ നന്ദിപൂർവം സ്മരിച്ചു.
ഗൗരവമുള്ള മൂന്നാമത്തെ പുസ്തകത്തിൻറെ പണിപ്പുരയിലാണ് ഭഗവതർ,സംഗീത നാടകങ്ങൾ മുതലുള്ള മലയാളത്തിലെ പ്രൊഫഷണൽ നാടകങ്ങളിലെ കലാകാരന്മാരെ എല്ലാം അർഹമാംവിധം രേഖപ്പെടുത്താനുള്ള ശ്രമം.നാടക സംഘങ്ങൾ, അണിയറ പ്രവർത്തകർ, നടി നടന്മാർ തുടങ്ങി നാടകത്തിനു വേണ്ടി ജീവിതം സമർപ്പിച്ചവരെ കൃത്യമായി രേഖപ്പെടുത്തുന്ന പുസ്തകം. എഴുതുന്നത് മലയാള നാടകവേദിയുടെ ചരിത്രമാണ് പ്രായാധിക്യം മൂലമുള്ള ഓർമ്മ പിശകുകൾ ഉണ്ടാകരുതെന്ന കഠിനമായ നിർബന്ധം ഭാഗവതർക്കുണ്ട്.ശ്രമകരമായ ദൗത്യം ആധികാരികവുംനിഷ്പക്ഷവുമായി പൂർത്തിയാക്കി. പുസ്തകത്തിന് പേര് നൽകി നാടക സ്മരണകൾ.
ജനുവരി 19
രാവിലെ ഏഴുമണിയായിട്ടും ഭാഗവതർ ഉറക്കമുണർന്നില്ല. ഇത് മകൻ ദാസിനെ അത്ഭുതപ്പെടുത്തി. അഭിനയരംഗത്തുനിന്നും വിടവാങ്ങിയ ശേഷം ഇങ്ങനെയൊരു പതിവില്ല. എന്തുവന്നാലും പുലർച്ചെ എഴുന്നേൽക്കാറുള്ളതാണ്. രാത്രി താമസിച്ചു കിടന്നതാവും കാരണമെന്നു കരുതി അദ്ദേഹത്തെ ഉണർത്താൻ ആരും ശ്രമിച്ചതുമില്ല.
അല്പം കഴിഞ്ഞതും ദാസ് അച്ഛന്റെ മുറിയിലെത്തി. ഗ്ലാസിലെ വെള്ളം പകുതി കുടിച്ചിട്ടുണ്ട്. കട്ടിലിൽ അച്ഛന്റെ കൂർക്കംവലി കേൾക്കാനുമുണ്ട്. പെട്ടെന്നാണ് ആ കൂർക്കം വലിയിൽ എന്തോ ഒരപാകത ദാസിനു തോന്നിയത്. ശബ്ദം തൊണ്ടയിൽ എവിടെയോ തടയുന്നു. അദ്ദേഹം ഭാഗവതരുടെ അടുത്തു ചെന്നിരുന്നു. അപ്പോഴാണതു കണ്ടത്, ആ കണ്ണുകൾ പാതി തുറന്നിരിക്കുന്നു. ശ്രമപ്പെട്ട് ശ്വാസം കഴിക്കുന്നതി നിടയിൽ നെഞ്ച് ഉയർന്നുതാഴുന്നു. അടുത്ത നിമിഷം. അർദ്ധനിമീലിത കൊണ്ട് മകനെ ഒന്നുകൂടി നോക്കി ആ ശരീരം ചലനമറ്റു.
ദാസിന്റെ കണ്ണുകളിൽ ഇരുട്ടുകയറി.
അവിടെ സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതരെന്ന ഇതിഹാസം ഭൗതികമായി അവസാനിക്കുകയായിരുന്നു.
അപ്പോൾ സമയം 7.10.
എഴുത്തുമേശയിൽ പണിപൂർത്തിയായ “നാടകസ്മരണ’കളുടെ കൈയ്യെഴുത്ത് പ്രതി.
ജനുവരി 20
തങ്ങളുടെ പ്രിയപ്പെട്ടവന്റെ മരണം ക്രമേണ എല്ലാവരും ഉൾക്കൊണ്ടു. ഭാഗവതരുടെ നിശേഷ്ടമായ ശരീരം ഒരു നാൾ തറവാട്ടിൽ ഉറ്റവരുടെ അന്ത്യാഞ്ജലികൾ ഏറ്റുവാങ്ങിക്കിടന്നു.
അന്നുതന്നെയായിരുന്നു നാടിന്റെ പ്രധാനപ്പെട്ട ഉത്സവവും. പ്രശസ്തമായ അർത്തുങ്കൽ പള്ളിപ്പെരുന്നാളും. നാടെങ്ങും ആഘോഷത്തിമർപ്പിലാവുന്ന ദിനം. ഭാഗവതരുടെ മരണവാർത്ത പെരുന്നാളാഘോഷ ങ്ങൾക്ക് മങ്ങലേല്പിച്ചു.
സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞ് ഭാഗവതരുടെ ജീവചരിത്ര ഗ്രന്ഥമായ
രാജാപ്പാർട്ടിൽ അദ്ദേഹത്തിന്റെ അവസാന നാളുകൾ ഡോ.കെ. ശ്രീകുമാർ വിവരിക്കുന്നത് ഇപ്രകാരമാണ്. കേരള ഹിസ്റ്ററി അസോസിയേഷൻ ഈ ഗ്രന്ഥത്തിന് പുരസ്കാരം നൽകി രചയിതാവിനെ ആദരിച്ചു. 350 പേജുള്ള പുസ്തകത്തിന് 5 ഭാഗങ്ങളുണ്ട്.കുടുംബവും കുടിപള്ളിക്കൂടവും ലിയോ തേർട്ടീന്ത് മുതൽ എറണാകുളം സെൻറ് ഹൈസ്കൂൾ വരെയുള്ള വിദ്യാഭ്യാസ കാലഘട്ടം എന്നിവയാണ് ഒന്നാം ഭാഗത്ത് (ബാല്യം), രണ്ടാം ഭാഗത്ത് തമിഴ്നാടക സംഘങ്ങൾ മുതൽ കേരളത്തിലെ വിവിധ നാടക ട്രൂപ്പു കിലുള്ള നാടകകാലം, മലയാളത്തിലെ ആദ്യത്തെ സംസാരിക്കുന്ന സിനിമ ബാലൻ മുതലുള്ള അനുഭവങ്ങളാണ് നാലാം ഭാഗം -വെള്ളിത്തിര, അവസാന ഭാഗമായ വ്യക്തിമുദ്രയിൽ കുഞ്ഞു കുഞ്ഞു ഭാഗവതർ അഭിനയിച്ച നാടകങ്ങൾ, സിനിമകൾ ,പാടിയ ഗാനങ്ങൾ അദ്ദേഹത്തിന് സുഹൃത്തുക്കളുടെ ഓർമ്മക്കുറിപ്പുകൾ എന്നിവയാണ് ഉള്ളത്.
“നാടക അഭിനയം കുലീന കുടുംബങ്ങൾക്ക് ചേർന്നതല്ല എന്ന ഒരു കൃത്രിമ സദാചാര വ്യവസ്ഥ വെച്ചുപുലർത്തിയ സമൂഹത്തിന്റെയും കുടുംബത്തിന്റെയും എതിർപ്പുകളെ അവഗണിച്ചുകൊണ്ടാണ് സെബാസ്റ്റ്യൻ കുഞ്ഞൂഞ്ഞ് ഭാഗതർ രംഗത്തെത്തിയത്. ഭൗതികമായ നേട്ടങ്ങൾ ഉണ്ടാവാത്തതിനെ ചൊല്ലി ഇവരാരും ജീവിതത്തിന്റെ അന്തിവെളിച്ചത്തിൽ നിൽക്കുമ്പോഴും ദുഃഖിക്കുന്നില്ല. മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരൻ എം ടി വാസുദേവൻ നായർ, തന്റെ ഓർമ്മകുറിപ്പിൽ ഭാഗവതർക്ക് ചാർത്തി കൊടുക്കുന്ന ബഹുമതിയാണീ വാക്കുകൾ.
പത്രപ്രവർത്തകനും നിരവധി പുസ്തകങ്ങളുടെ രചയിതാവുമായ ഡോ. കെ ശ്രീകുമാർ ആണ് ”രാജാപ്പാർട്ട് രചിച്ചത്.പത്മശ്രീ ഡോ. കെ ജെ യേശുദാസ് പുസ്തകത്തിന് അവതാരികയും എഴുതിയിട്ടുണ്ട്.