95ാ-മത് ഓസ്കര് പുരസ്കാര വേദി ഇന്ത്യക്കാര്‍ക്ക് അഭിമാനത്തിന്റെ വേദിയായി. മികച്ച ഒറിജിനല്‍ വിഭാഗത്തില്‍ എം.എം കീരവാണി സംവിധാനം ചെയ്ത ആര്‍ആര്‍ആറിലെ നാട്ടുനാട്ടു ഗാനം പുരസ്കാരം നേടിയപ്പോള്‍ മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്കാരം ‘ദി എലഫന്റ് വിസ്പറേഴ്സ്’ സ്വന്തമാക്കി.
കാടു വലുതാക്കണോ നാട് വലുതാക്കണോ എന്ന തര്‍ക്കം പുരോഗമിക്കുന്ന നമ്മുടെ ഇന്നത്തെ നാടിന്റെ പരിസരത്തിലിരുന്നു വേണം ഓസ്കര് നേടിയ’ ദി എലിഫന്റ ്വിസ്പെറേഴയ്സ്’കാണാന്‍. മുതുമലയിലെ തെപ്പക്കാട് ആന പരിശീലന കേന്ദ്രത്തിലെ പാപ്പാന്മാരായ ബൊമ്മന്റെയും ബെള്ളിയുടെയും അവരുടെ മക്കളായ രഘുവിന്റെയും അമ്മുവിന്റെയും അവരുടെ വീടായ കാടിന്റെയും കൂടി കഥയാണ് ഇത്.
കാടു നോവിച്ചവര്‍ കാടിന്റെ നോവ് അകറ്റി
ബൊമ്മന് ഒരു കൊമ്പന് കുത്തിയതിന്റെ നോവുണ്ട്. ബെള്ളിക്കു തന്റെ ആദ്യ കണവനെ കടുവ കൊന്നതിന്റെ നോവുണ്ട്. എന്നിട്ടും അവരുടെ പ്രേമം ആന കുട്ടികളോട്. പരുക്ക് പറ്റിയും കൂട്ടംതെറ്റിയും അനാഥമായി പോയ ആനകുട്ടികളെ ഉയിരും പാലും കൊടുത്തു കാടിന്റെ നോവകറ്റുന്നവര്. രഘുവിന്റെ ‘അമ്മ നാടുവെച്ച വൈദ്യുതി കമ്പിയിലെ ഷോക്കേറ്റാ മരിച്ചത്. രഘുവിനന്നു ആറുമാസം പ്രായം. അവനും മുറിവേറ്റിരുന്നു. ഫോറസ്റ്റ് അധികൃതര്‍ രഘുവിനെ ബൊമ്മന് കൈമാറുമ്പോള്‍ അവന്റെ തിരിച്ചുവരവിന് ഒരു പ്രതീക്ഷയുമുണ്ടായിരുന്നില്ല. പക്ഷേ, പകലവന്‍ പാലുകൊടുത്തും തണുത്ത രാത്രിയില്‍ തീകൂട്ടി ഉറങ്ങാതെ അവനു ചൂട് കൊടുത്തും കൈവിട്ട ഉയിര് തിരുമ്പി കൊടുത്തു ഒരാനയോളം സ്നേഹമുള്ള മാതാപിതാക്കള്‍.
ബൊമ്മന്റെ പ്രതിജ്ഞ
ഡോക്യുമെന്ററി ആരംഭിക്കുന്നത് ബൊമ്മന് തന്നെ തന്നെ പരിചയപെടുത്തികൊണ്ടാണ്. ഞാന്‍ കാട്ടുനായ്ക്കന്‍. കാടു എന്റെ വീടാണ്. സ്കൂള്‍ അസംബ്ലിയിലെ പ്രതിജ്ഞ ഓര്മിപ്പിച്ചുകളയും ആ ഏറ്റുപറച്ചില്‍. കാട്ടിലൂടെ ഇയാള്‍ നടക്കുന്നത് ചെരുപ്പില്ലാതെയാണ്. എന്തുകൊണ്ട് ചെരുപ്പില്ല എന്ന ്ചോദിച്ചാല്‍ ഈ കാട്ടുനായ്ക്കന്‍ പറയും. ‘ഇത് കടവുള്‍ ഇരിക്കുന്നിടം. ചെരിപ്പിടാന്‍ മുടിയുമാ?’ മാസത്തിലൊരിക്കല്‍ രഘുവിന്റെ നെറ്റിയില്‍ പല നിറത്തിലുള്ള ചോക്കു കൊണ്ട് കളംവരച്ച് അമ്പലത്തില്‍ കൊണ്ടു പോകും. അവിടെ ബൊമ്മന് പാപ്പാന് പുജാരിയാവും. രഘുവിന് ചന്ദനം ചാര്‍ത്തി ആരതി ഉഴിഞ്ഞു പൂജിക്കും. ബൊമ്മന് പറയും ‘എന്റെ ഇഷ്ടദൈവം ഗണപതി. എനിക്കെന്റെ രഘുവും ഗണപതിയും ഒരുപോലെ. രണ്ടും കടവുള്‍ താനേ. ഞാന്‍ രഘുവിനെ പൂജിക്കുന്നു കാരണം എന്റെ മേശയില്‍ അന്നം കൊണ്ടുവരുന്നത് അവനല്ലേ?’ നമ്മുടെ നാട് ഇനിയും പഠിക്കാത്ത പാഠം ബൊമ്മന് തരുന്നു. ‘കാട്ടിലുള്ളത് ഞങ്ങളെടുക്കും. അതേകാടിനു കാവലും ഞങ്ങളാ. പക്ഷേ ഒരിക്കലും ആവശ്യത്തില്‍ കൂടുതല്‍ ഞങ്ങളെടുക്കില്ല.’
ആനേടെ ‘അമ്മ ബെള്ളി
ബൊമ്മനെ പോലെ കാട്ടുജീവികളുമായി ബെള്ളിക്കൊരു പരിചയവും ഇല്ല. ആദ്യകണവനെ കടുവ പിടിച്ചത് മുതല്‍ കാടു പേടിയായി. പക്ഷേ രഘുവിനെ ആദ്യമായി കണ്ടപ്പോള്‍ തന്നെ ഒരു കുഞ്ഞിനെ പോലെ എന്റെ സാരി തുമ്പില്‍ പിടിച്ചു അവന് വലിച്ചു. ഞാന്‍ അവന്റെ സ്നേഹമറിഞ്ഞു. ‘അമ്മ നഷ്ടപെട്ട കുട്ടിയല്ലേ എന്റെ സ്നേഹമെല്ലാം അവനു കൊടുക്കാന്‍ ഞാന്‍ തീരുമാനിച്ചു. രഘുവിനെ പരിചരിക്കുമ്പോള്‍ എന്റെ ദുഖമെല്ലാം മാഞ്ഞു പോകും. രഘുവിനെ കുറിച്ച് പറയുമ്പോള്‍ ബെള്ളി അമ്മയ്ക്ക് നൂറു നാവാണ്. ‘ഈയടുത്തു എന്റെ മകള്‍ മരിച്ചു. ഞാന്‍ കരഞ്ഞു കൊണ്ടിരിക്കുമ്പോള്‍ രഘുവന്നു തുമ്പികൈകൊണ്ടു എന്റെ കണ്ണ് തുടച്ചു. അവനെല്ലാം മനസ്സിലാവും. എല്ലാകാര്യത്തിലും നമ്മളെ പോലെയാണ്. സംസാരിക്കാന്‍ അറിയില്ലാന്നേ ഉള്ളു. ഇവിടെയുള്ളവര്‍ എന്നെ ആനേടെ അമ്മയെന്നാണ് വിളിക്കുന്നത്. അത് കേള്‍ക്കുമ്പോള്‍ എന്ത് സന്തോഷമാണെന്നറിയാമോ?’
ആനയെടുത്ത മൂന്നാന് പണി
ബൊമ്മന് ഫോറെസ്റ്റുകാരാണ് രഘുവിനെ പരിചരിക്കാന്‍ ഈ മേഖലയില്‍ ഒരു പരിചയവുമില്ലാത്ത ബെള്ളിയെ സഹായത്തിനായി കൊടുക്കുന്നത്. ഭര്‍ത്താവും മകളും മരിച്ചുപോയ ബെള്ളിയുടെ ജീവിതത്തിലേക്ക് മകള്‍ ഒഴിച്ചിട്ട സ്ഥലത്തേക്കാണ് രഘു കയറി വരുന്നത്. വിധി കരിച്ചുണക്കിയ ബെള്ളിയുടെ ജീവിതം അതോടെ പൂത്തുതുടങ്ങി. രഘുവിനെ കുളിപ്പിച്ചും കളിപ്പിച്ചും ഊട്ടിയും ഉറക്കിയും ബൊമ്മനും ബെള്ളിയും ഒപ്പം നടന്നപ്പോള്‍, കാണുന്ന എല്ലാവര്ക്കും തോന്നി അവര്‍ ദമ്പതികളാണെന്നു. രഘുവിനും തോന്നി അവരവന്റെ മാതാപിതാക്കളാണെന്ന്. ആറുമാസം പ്രായമുള്ള അമ്മു കൂടിവന്നപ്പോള്‍ ഒരു കംപ്ലീറ്റ് ഫാമിലിയായി. അങ്ങനെ ആന കുഞ്ഞുങ്ങളുടെ ആഗ്രഹപ്രകാരം ബൊമ്മനും ബെള്ളിയും കല്യാണംകഴിച്ചു. അനാഥ ആനകുഞ്ഞുങ്ങളെ വിജയകരമായി എടുത്തുവളര്‍ത്തിയ സൗത്ത് ഇന്ത്യയിലെ ആദ്യത്തെ കപ്പിള്‍സായി ബൊമ്മനും ബെള്ളിയും. രഘുവാകട്ടെ ആനക്കൂട്ടത്തിലെ ആദ്യത്തെ മൂന്നാനും.
മോഹിപ്പിക്കുന്നൊരു സഫാരി
സംവിധായിക കാര്‍ത്തികി ഗൊണ്‍സാല്‍വസ് രണ്ടുവര്‍ഷം കാട്ടില്‍ താമസിച്ചു ഒപ്പിയെടുത്ത കാഴ്ചകള്‍ നാല്പത് മിനിറ്റിലേക്കു ചുരുക്കുമ്പോള്‍ ഒരു ഡോക്യൂമെന്ററി ത്രില്ലര്‍ സിനിമയായി രൂപപ്പെടുന്നത് നമ്മള് അറിയുന്നേയില്ല. കാടുവേഷം മാറുന്ന കാഴ്ചകള്‍ ഇതിലുണ്ട്. മരങ്ങള്‍ നിറംമാറുന്നു. പുഴ തെളിഞ്ഞൊഴുകുന്നു. വേനല്‍ കടുക്കുമ്പോള്‍ പുഴ വിണ്ടുണങ്ങുന്നതും കാടുകത്തുന്നതും വശ്യമായ കാഴ്ചകള്‍ മാത്രമല്ല വനത്തിനുളിലേക്കുള്ള മോഹിപ്പിക്കുന്ന സഫാരികൂടിയാണ്.
തമിഴിലെ കഥപറച്ചില്‍
ബൊമ്മനും ബെള്ളിയും കൂടിയാണ് തമിഴില്‍ കഥ പറയുന്നത്. കാടിന്റെ ആംബിയന്റ് സ്വരം നഷ്ടപ്പെടാതിരിക്കാന്‍ പതിവ് ഡോക്യൂമെന്ററി രീതിയിലെ പ്രൗഢഗംഭീര വിവരണങ്ങള്‍ ഒഴിവാക്കി. വളരെ അത്യാവശ്യത്തിനു മാത്രം വിവരങ്ങള്‍ എഴുതികാണിക്കും. സംവിധായിക കാര്‍ത്തികിയുടെ ‘അമ്മ പ്രിസില ഗൊണ്‍സാല്‍വസ് ആണ് ഇതിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കാടും മനുഷ്യരും ദൈവവും ഒന്നിക്കുന്ന ഒരു ഏദന്‍ തോട്ടത്തിന്റെ ഫീല്‍ ഉണ്ടാകുന്ന ഈ ഡോക്യൂമെന്ററി വീണ്ടും വീണ്ടും കണ്ടു പോകും.
കാടിനെ തൊട്ട കാര്‍ത്തികി
ഊട്ടിയില്‍ ജനിച്ച കാര്‍ത്തികി അറിയപ്പെടുന്ന വന്യജീവി ഫൊട്ടോഗ്രാഫറാണ്. അനിമല്‍ പ്ലാനറ്റ്, ഡിസ്കവറി ചാനലുകളുടെ ക്യാമറാ ഓപ്പറേറ്ററാണ്. കാര്‍ത്തികിയുടെ അഞ്ചുവര്‍ഷം നീണ്ട ദൗത്യമാണ് ഇന്ന ്ഓസ്കറില് എത്തിനില്‍ക്കുന്നത്. ഊട്ടിയില്‍ നിന്നു ബെംഗളൂരുവിലേക്കുള്ള പതിവുയാത്രയില്‍ പാപ്പന്റെ കൈയും പിടിച്ചു അനുസരണയോടെ പോകുന്ന ആനകുട്ടിയുടെ കാഴ്ച അന്നേ ഉള്ളില്‍ ഒരു കഥ നട്ടു. കാട്ടില്‍ താമസിച്ചും നാട്ടിലെ കഥ കേട്ടും കഥയെ മുളപ്പിച്ചെടുത്തു ഒരാനയോളം വളര്‍ത്തി വലുതാക്കി നെറ്ഫ്ളിക്സില്‍ ഇട്ടപ്പോള്‍ തൊട്ടു കിട്ടി തുടങ്ങിയ ഒറ്റപ്പെട്ട കൈയടികള്‍ ഇന്ന ്ഓസ്കറില് നിലയ്ക്കാത്ത കരഘോഷമായി.