കൊല്ലം: കൊല്ലം രൂപതയുടെ മുന്‍ മെത്രാനായിരുന്ന ബിഷപ് ഡോ. ജോസഫ് ഗബ്രിയേല്‍ ഫെര്‍ണാണ്ടസ് (97) 2023 മാര്‍ച്ച് 4 ശനിയാഴ്ച രാവിലെ 9.30 ന് കൊല്ലം ബെന്‍സിഗര്‍ ആശുപത്രിയില്‍ അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ന്യുമോണിയ പിടിപെടുകയായിരുന്നു.
1925 സെപ്റ്റംബര്‍ 16-ന് കൊല്ലം ജില്ലയിലെ മരുതൂര്‍കുളങ്ങര ഇടവകയില്‍ പണ്ടാരതുരുത്തില്‍ ഗബ്രിയേല്‍-ജോസഫിന ദമ്പതികളുടെ മകനായി ജനിച്ചു. സഹോദരങ്ങള്‍: ജയിന്, കന്യൂട്ട്, റിച്ചാര്‍ഡ്, സ്റ്റെല്ല, സിസ്റ്റര്‍ ഇവാഞ്ചലിന്. ചെറിയഴീക്കല്‍, കോവില്‍ത്തോട്ടം, ശങ്കരമംഗലം, കൊല്ലം സ്കൂളുകളില്‍ പ്രാഥമിക വിദ്യാഭ്യം. 1939-ല്‍ കൊല്ലത്തെ സെന്റ് റാഫേല്‍ മൈനര്‍ സെമിനാരിയില്‍ ചേര്‍ന്ന അദ്ദേഹം കൊല്ലത്തെ സെന്റ് തെരേസാസ് സെമിനാരിയിലും ആലുവ സെന്റ് ജോസഫ്സ് പൊന്തിഫിക്കല്‍ സെമിനാരിയിലും വൈദിക പഠനം നടത്തി. 1949 മാര്‍ച്ച് 19-ന് ബിഷപ് ജെറോം എം. ഫെര്ണാണ്ടസില് നിന്ന് വൈദികനായി അഭിഷിക്തനായി.
ബിഷപ് ജെറോമിന്റെ സെക്രട്ടറി, ചാന്‍സലര്‍, കണ്ടച്ചിറ, മാങ്ങാട്, കപ്പണ, ഇടമണ്‍ ഇടമണ്‍ ഇടവകകളില്‍ ഇടവക വികാരി, ഇന്‍ഫന്റ് ജീസസ് ബോര്‍ഡിംഗ് സ്കൂള്‍ വാര്ഡന്, സെന്റ് റാഫേല്‍ മൈനര്‍ സെമിനാരി പ്രീഫെക്റ്റ്, കാര്മല്റാനി ട്രെയിനിംഗ് കോളേജ്, ഫാത്തിമ മാതാ നാഷണല്‍ കോളജ് എന്നിവിടങ്ങളിലെ ബര്‍സാര്‍, വിമല ഹൃദയ സന്ന്യാസിനി സഭയുടെ ഗുരുഭൂതന്, വിവിധ സന്ന്യാസ സഭകളുടെ കുമ്പസാരക്കാരന് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു.
1978 ജനുവരി 30-ന് കൊല്ലത്തെ എട്ടാമത്തെ ബിഷപ്പായി പരിശുദ്ധ സിംഹാസനം അദ്ദേഹത്തെ നിയമിച്ചു. 1978 മെയ് 14-ന് ബിഷപ്പായി സ്ഥാനാരോഹണം ചെയ്തു. 2001 ഒക്ടോബര്‍ 16-ന് സജീവ എപ്പിസ്കോപ്പല്‍ ശുശ്രൂഷയില്‍ നിന്ന് വിരമിച്ചു. 23 വര്‍ഷം മെത്രാനായി സേവനമനുഷ്ഠിച്ചു. 73 വര്‍ഷമായി വൈദികനും 44 വര്‍ഷമായി ബിഷപ്പുമാണ്.
കേരള കാത്തലിക് ബിഷപ്സ് കൗണ്‍സിലിന്റെ (കെസിബിസി) വൈസ് പ്രസിഡന്റ്, സിബിസിഐ ഹെല്‍ത്ത് കമ്മീഷന് ചെയര്മാന്, ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയുടെ എപ്പിസ്കോപ്പല്‍ കമ്മീഷന് ചെയര്മാന് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
ബിഷപ് ഡോ. ജോസഫ് ഗബ്രിയേല്‍ ഫെര്‍ണാണ്ടസിന്റെ നിര്യാണത്തില്‍ കൊല്ലം ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി അഗാധദുഃഖം രേഖപ്പെടുത്തി. രൂപതയെ ആത്മീയവും ഭൗതികവുമായ വികസനത്തിലേക്കു നയിച്ച ക്രാന്തദര്‍ശിയായിരുന്നു അദ്ദേഹമെന്ന് ബിഷപ് മുല്ലശേരി അനുസ്മരിച്ചു. ആര്‍ച്ച്ബിഷപ്പുമാരായ ഡോ. തോമസ് ജെ. നെറ്റോ,ഡോ. ജോസഫ് കളത്തിപറമ്പില്‍ എന്നിവര്‍ ബിഷപ് ഡോ. ജോസഫ് ഗബ്രിയേല്‍ ഫെര്‍ണാണ്ടസിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.