മെല്‍ ഗിബ്സന്റെ ദ് പാഷന് ഓഫ് ദ് ക്രൈസ്റ്റ് ഒന്നാം ഭാഗം പുറത്തിറങ്ങിയിട്ട് ഇരുപതു വര്‍ഷമാകുന്നുവെന്ന് പലര്‍ക്കും വിശ്വസിക്കാന്‍ പ്രയാസമുണ്ടാകും. ചിത്രത്തിന്റെ സജീവത തന്നെയാണ് പ്രധാന കാരണം. 2004 ഫെബ്രുവരി 24നാണ് തീയറ്ററുകളെ പ്രകമ്പനം കൊള്ളിച്ച ബൈബിള്‍ സിനിമ റിലീസ് ചെയ്തത്. പാഷന് ഓഫ് ദ് ക്രൈസ്റ്റിന്റെ രണ്ടാം ഭാഗം ഉടന്‍ പുറത്തിറങ്ങുമെന്ന് ആദ്യ ഭാഗം റിലീസ് ചെയ്തയുടനെ സിനിമാവേദികളില്‍ ചര്‍ച്ചയുണ്ടായെങ്കിലും ഒന്നും സംഭവിച്ചില്ല. 2020ല്‍ സിനിമയുടെ തിരക്കഥ പൂര്‍ത്തിയായതായി സ്ഥിരീകരണമുണ്ടായി. അപ്പോഴും ഷൂട്ടിങ് എന്നു തുടങ്ങുമെന്ന് ആര്‍ക്കുമറിയില്ലായിരുന്നു. 2023ലെ വസന്തകാലത്ത് പാഷന് ഓഫ് ദ് ക്രൈസ്റ്റിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്നും ചിത്രത്തിന്റെ പേര് ‘ദ് പാഷന് ഓഫ് ദ് ക്രൈസ്റ്റ്: ദ് റെസുറെക്ഷന്’ എന്നാണെന്നും വാര്‍ത്തകളുണ്ടായി. സംവിധായകന് മെല്‍ ഗിബ്സന് ഇതൊന്നും നിഷേധിച്ചിട്ടില്ല. അതാണ് ക്രൈസ്തവരായ സിനിമാ പ്രേമികളുടെ പ്രതീക്ഷ. 2024ലെ ഈസ്റ്ററിന് ചിത്രം തീയറ്ററുകളിലെത്തുമെന്നാണ് സൂചനകള്‍. അധികം താമസിയാതെ ഇക്കാര്യങ്ങള്‍ക്ക് സ്ഥിരീകരണമുണ്ടാകുമെന്നു പ്രതീക്ഷിക്കാം.
യോഹന്നാന്റെ സുവിശേഷത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ദ് പാഷന് ഓഫ് ദ് ക്രൈസ്റ്റ് ചിത്രീകരിച്ചതെന്ന് മെല്‍ ഗിബ്സന് പറഞ്ഞതെങ്കിലും പലപ്പോഴും ബൈബിളിന്റെ അതിരുകള്‍ ചിത്രം ഭേദിച്ചിരുന്നു. നിരവധി കത്തോലിക്കാ പാരമ്പര്യങ്ങളാണ് അദ്ദേഹം ഇതിനായി ഉപയോഗിച്ചതെന്ന് പിന്നീട് വ്യക്തമായി. ആഗ്രേഡയിലെ മേരി ഓഫ് ജീസസ് (1602 1665), ആന്‍ കാതറിന് എമെറിച്ച് (1774 1824) തുടങ്ങിയ കത്തോലിക്കാ ദര്‍ശനക്കാരുടെ എഴുത്തുകളായിരുന്നു പലപ്പോഴും ദ് പാഷന് ഓഫ് ദ് ക്രൈസ്റ്റിന് അടിസ്ഥാനമായത്. യഹൂദവിരുദ്ധ ചിത്രമെന്ന വിമര്‍ശനവും കടുത്ത വയലെന്സ് എന്ന ആരോപണവും ഏറ്റുവാങ്ങേണ്ടിവന്നെങ്കിലും ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ ആദരവോടെതന്നെ ചിത്രത്തെ വരവേറ്റു. ഹോളിവുഡില്‍ നിന്നുള്ള എക്കാലത്തെയും വലിയ സിനിമയായി ദ് പാഷനെ സുവിശേഷക സമൂഹം കണക്കാക്കിയതോടെ ഹോളിവുഡ് ഇതുവരെ നിര്‍മ്മിച്ച ഏറ്റവും പ്രധാനപ്പെട്ട ബൈബിള്‍ ഇതിഹാസങ്ങളിലൊന്നായി പാഷന് ഓഫ് ദ് ക്രൈസ്റ്റ് മാറി. ദേവാലയാങ്കണങ്ങള് പോലും സിനിമാ പ്രദര്‍ശനങ്ങള്‍ക്കു വേദിയായി.
സിനിമ റിലീസായ 2004 മുതല്‍, ഒരു തുടര്‍ഭാഗം ചെയ്യാനുള്ള സാധ്യതയെക്കുറിച്ച് ഗിബ്സണ് സംസാരിച്ചിരുന്നു. എന്നാല്‍ രണ്ടാം ഭാഗമെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. യേശുവിന്റെ പീഡാസഹനമാണ് ഒന്നാം ഭാഗത്തിന് ആധാരമായതെങ്കില്‍ ക്രൂശാരോപണത്തിനു ശേഷം ഉയിര്‍പ്പു വരെയുള്ള മൂന്നു ദിവസത്തെ സംഭവങ്ങളാണ് രണ്ടാം ഭാഗത്തിന്റെ പ്രതിപാദ്യമെന്നാണ് സൂചന. കടുത്ത കത്തോലിക്കാ വിശ്വാസികളെ അതൃപ്തരാക്കുന്ന പലതും തിരക്കഥയില്‍ ഉണ്ടായേക്കാമെന്നാണ് അറിയുന്നത്. ദര്‍ശനങ്ങള്‍ കാണുന്നവരെ തന്നെ ഇത്തവണയും മെല്‍ ഗിബ്സന് കഥയ്ക്കായി ആശ്രയിച്ചിട്ടുണ്ടോ എന്നതാണ് മറ്റൊരു സംശയം. കാരണം, മരണത്തില്‍ നിന്നു കരകയറിയ യേശു നരകത്തിലേക്ക് ഇറങ്ങി അതിന്റെ മതിലുകള്‍ തകര്‍ക്കുകയും പിശാചിനോടും അവന്റെ രാജ്യത്തോടും യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തുവെന്ന് പല ദര്‍ശനക്കാരും പറഞ്ഞിട്ടുണ്ട്.
ആദ്യ ഭാഗത്തിന്റെ തിരക്കഥ തയ്യാറാക്കിയ റാന്‍ഡല്‍ വാലസ് തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും തിരക്കഥ എഴുതിയിരിക്കുന്നത്. യേശുവായി ജിം കാവിസെല്‍ ദ് പാഷന് ഓഫ് ദ് ക്രൈസ്റ്റ് 2-ല്‍ തിരിച്ചെത്തുമെന്നാണ് പൊതുവേയുള്ള വാര്‍ത്തകള്‍. പക്ഷേ, 20 വര്‍ഷം മുമ്പ് യുവാവായ യേശുവിനെയാണ് അദ്ദേഹം അവതരിപ്പിച്ചതെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. പ്രായം ജിം കാവിസെല്ലിന് വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യതയുണ്ട്. ഒരു സിനിമ റിലീസായി രണ്ടു പതിറ്റാണ്ട് പിന്നിട്ടിട്ടും അതിന്റെ പുതുമ നശിച്ചിട്ടില്ലെന്നതും, പിന്നിട്ട ഇരുപതു വര്‍ഷവും രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നുവെന്നതും അപൂര്‍വത തന്നെ.