കോട്ടയം ജില്ലയില്‍ പെരുവയ്ക്കു സമീപം ശാന്തിപുരത്ത് മൂലംതുരുത്തില് കുഞ്ഞയ്പ്പ് കുര്യന്റെയും ഏലിയാമ്മ ജോര്‍ജിന്റെയും മകനാണ് പ്രഫ. ഡോ. സാജു ജോര്‍ജ് എസ്ജെ. നൃത്തമാടുന്ന പുരോഹിതനെന്ന നിലയില്‍ രാജ്യമെങ്ങും പ്രശസ്തന്‍. വിശുദ്ധ മദര്‍ തെരേസയുടെ സ്വാധീനത്താല്‍ പാവപ്പെട്ടവരെ സേവിക്കാനായി കൊല്‍ക്കത്തയിലെത്തി. തന്റെ ലക്ഷ്യത്തിനായി ചെറുപ്രായത്തിലേ കൂടെക്കൂടിയ കലയെയാണ് ഫാ. സാജു ജോര്‍ജ് കൂട്ടുപിടിച്ചത്. ഭരതനാട്യവും കുച്ചിപ്പുടിയും അദ്ദേഹം രാജ്യത്തിനകത്തും പുറത്തുമായി മനോഹരമായി അവതരിപ്പിക്കുക മാത്രമല്ല, പാവപ്പെട്ടവരും ദളിതരുമായ കുട്ടികളെ തന്റെ കലാഹൃദയം എന്ന സ്ഥാപനത്തിലൂടെ വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തത്തില്‍ (ഭരതനാട്യം) ഗവേഷകനും പണ്ഡിതനും അവതാരകനും അധ്യാപകനും നൃത്തസംവിധായകനുമാണ്; കല, സംസ്കാരം, യോഗ, സൗന്ദര്യശാസ്ത്രം എന്നിവയുടെ അധ്യാപകന്, സാമൂഹിക പ്രവര്ത്തകന്. 1990 മുതല്‍ ഇന്ത്യയിലും വിദേശത്തും ഭരതനാട്യം അവതരിപ്പിക്കുകയും നൃത്തം ചെയ്യുകയും പഠിപ്പിക്കുകയും ചെയ്യുന്നു. സോളോയിസ്റ്റായും ഗ്രൂപ്പ് പെര്‍ഫോമറായും മുപ്പതിലധികം രാജ്യങ്ങളില്‍ സഞ്ചരിച്ചു. രണ്ടായിരത്തിലധികം സ്റ്റേജുകള്‍ പിന്നിട്ടു.
ശാന്തിപുരം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയാണ് ഇടവക. പെരുവ ഗവണ്മെന്റ് സ്കൂള്‍, ഇലഞ്ഞി സെന്റ് പീറ്റേഴ്സ് ഹൈസ്കൂള്‍, കുറവിലങ്ങാട് ദേവമാതാ കോളജ് എന്നിവിടങ്ങളില്‍ പഠിച്ചു. 1985ല്‍ സെമിനാരിയില്‍ ചേര്‍ന്നു. ഈശോ സഭയുടെ കൊല്‍ക്കത്ത പ്രൊവിന്‍സിലാണ് ചേര്‍ന്നത്. 2001 മേയില്‍ പൗരോഹിത്യം സ്വീകരിച്ചു. ഈശോ സഭയുടെ നാലുവര്‍ഷത്തെ വൈദികപഠനം. ഒരു വര്‍ഷം ഭാഷാപഠനം. ചെന്നൈ സത്യനിലയത്തില് നിന്ന് ഭരതനാട്യത്തില്‍ ദ്വിവത്സര ഡിപ്ലോമയും, കല്‍ക്കട്ട സര്‍വകലാശാലയില്‍ നിന്ന് ബിഎ (ഓണേഴ്സ്) ഡിഗ്രിയും നേടി. തത്ത്വശാസ്ത്രത്തില്‍ (ചെന്നൈ സത്യനിലയം), ദൈവശാസ്ത്രത്തില്‍ ബിടി (ഡല്‍ഹി വിദ്യാജ്യോതി, റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തത്), കൊല്‍ക്കത്തയിലെ രബീന്ദ്ര ഭാരതി സര്‍വകലാശാലയില്‍ നിന്ന് നൃത്തത്തില്‍ എംഎയും മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ഫിലോസഫി ആന്‍ഡ് റിലീജിയന്‍ ഓഫ് ഇന്ത്യന്‍ ആര്‍ട്സില്‍ പിഎച്ച്ഡിയും നേടി. പ്രബന്ധത്തിന്റെ തലക്കെട്ട്: ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തത്തിന്റെ മത-തത്ത്വശാസ്ത്ര അടിത്തറകള്‍; ശൈവ പാരമ്പര്യത്തോടുള്ള പ്രത്യേക പരാമര്‍ശം – ഹിന്ദു പാരമ്പര്യം). ഈശോസഭയിലെ വൈദികനും ഇന്ത്യന്‍ കലകളുടെ ഫിലോസഫിയെ കുറിച്ച് ആഴത്തില്‍ ജ്ഞാനമുള്ളയാളുമായ ഡോ. ആനന്ദ് അമലദാസ് എസ്ജെയുടെ കീഴിലാണ് പിഎച്ച്ഡി ചെയ്തത്. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലുള്ള ഭാരതിദാസന്‍ യൂണിവേഴ്സിറ്റിക്കു കീഴിലുള്ള കലൈകാവേരി കോളജ് ഓഫ് ഫൈന്‍ ആര്‍ട്സില്‍ നൃത്തത്തിലും അനുബന്ധ വിഷയങ്ങളിലും പിഎച്ച്ഡി വിദ്യാര്‍ഥികള്‍ക്കു മാര്‍ഗനിര്‍ദേശം നല്കുന്നു. ഡോ. സാജു ജോര്‍ജിന്റെ കീഴില്‍ ഡോക്ടറേറ്റ് നേടിയവരില്‍ രണ്ടു മലയാളികളുമുണ്ട്. ഡോ. മേതില്‍ ദേവികയും ഡോ. ഐശ്വര്യ വാര്യരും. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ നൃത്തവിഭാഗത്തില്‍ ഡോക്ടറല്‍ കമ്മിറ്റി അംഗമാണ്. ബെംഗളൂരുവിലെ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയില്‍ വിസിറ്റിംഗ് ഫാക്കല്‍റ്റി; പുനെയിലെ പേപ്പല്‍ സെമിനാരിയിലെയും ജ്ഞാനദീപ വിദ്യാപീഠത്തിലെയും തത്ത്വശാസ്ത്ര, ദൈവശാസ്ത്ര വകുപ്പുകളിലും കൊല്‍ക്കത്തയിലെ രാമകൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കള്‍ച്ചറിലും വിദേശത്തെ വിവിധ പഠന കേന്ദ്രങ്ങളിലും അദ്ദേഹം പ്രഭാഷണങ്ങള്‍ നടത്തുന്നുണ്ട്. നൃത്തം, കല, യോഗ, ആത്മീയത എന്നിവയെക്കുറിച്ച് ലേഖനങ്ങള്‍ എഴുതുകയും വിവിധ പുസ്തകങ്ങളിലും ജേണലുകളിലും പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. കൊല്‍ക്കത്ത കേരള കാത്തലിക് സോഷ്യല്‍ സര്‍വീസ് സെന്ററിന്റെ ആത്മീയ ഉപദേഷ്ടാവ്, കേരള സര്‍ക്കാരിന്റെ മലയാളം മിഷന് കൊല്‍ക്കത്ത ചാപ്റ്ററിന്റെ പ്രസിഡന്റ്, കൊല്‍ക്കത്ത ഭരതനാട്യം ആര്‍ട്ടിസ്റ്റ് ഫോറത്തിന്റെ സ്ഥാപക അംഗം, സൗത്ത് ഏഷ്യന്‍ ജെസ്യൂറ്റ് ആര്‍ട്ടിസ്റ്റ് ഫോറത്തിന്റെ സ്ഥാപക അംഗം എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. ഡോ. സാജുവിനെ ‘ഇന്ത്യയുടെ തനതായ സാംസ്കാരിക അംബാസഡര്‍’ എന്നു വിളിക്കാറുണ്ട്.
ഇനിയും തീരാതെ നൃത്തപഠനം
ചെറുപ്പം മുതലേ എല്ലാ കലകളോടും വളരെ ഇഷ്ടമായിരുന്നു. പ്രത്യേകിച്ചു നൃത്തവും സംഗീതവുമൊക്കെ വളരെയധികം ആകര്‍ഷിച്ചിരുന്നു. അങ്ങനെ കണ്ടും കേട്ടും കുറച്ചു നൃത്തവും നാടകവുമൊക്കെ പഠിക്കുകയും സ്കൂളുകളില്‍ അവതരിപ്പിക്കുകയും ചെയ്തു. പ്രീഡിഗ്രി വരെ സ്കൂളിലും പള്ളികളിലുമൊക്കെ നൃത്താവിഷ്കരണം നടത്തിയിരുന്നു. അതിനുള്ള പ്രോത്സാഹനം പള്ളിയില്‍ നിന്നും സ്കൂളുകളില്‍ നിന്നും വീട്ടില്‍ നിന്നുമൊക്കെ കിട്ടുമായിരുന്നു. പ്രീഡിഗ്രി വരെ സിസ്റ്റമാറ്റിക്കായി നൃത്തമോ സംഗീതമോ നാടകമോ ഒന്നും പഠിച്ചിട്ടില്ല. എന്റെ മൂത്ത സഹോദരി സെലിന് ചാള്‍സ് ഡാന്‍സ് കളിക്കുമായിരുന്നു. ചേച്ചിയാണ് ആദ്യഗുരു എന്നു പറയാം. സ്കൂളിലെ കൂട്ടുകാരില്‍ നിന്നും ടീച്ചേഴ്സില്‍ നിന്നുമെല്ലാം പഠിക്കുകയും ചെയ്യുമായിരുന്നു. ഈശോസഭയില്‍ ചേര്‍ന്നതിനുശേഷമാണ് ഞാന്‍ സിസ്റ്റമാറ്റിക് ആയി നൃത്തം അഭ്യസിക്കുവാനും സംഗീതം പഠിക്കുവാനും തുടങ്ങിയത്.
കലാപീഠം ഗുരു ഖഗേന്ദ്ര നാഥ് ബര്മന്, പത്മഭൂഷണ്‍ പ്രഫ. സി.വി. ചന്ദ്രശേഖര്‍, പത്മഭൂഷണ്‍ ഗുരു കലാനിധി നാരായണന്, പത്മഭൂഷണ്‍ ഗുരു വെമ്പതി ചിന്നസത്യം, ഗുരു ഡെറിക് മണ്‍റോ, പത്മശ്രീ ലീലാ സാംസണ്, ഗുരു കെ. രാജ്കുമാര്, കലൈമാമണി പ്രിയദര്‍ശിനി ഗോവിന്ദ് തുടങ്ങിയവര്‍ ഗുരുക്കന്മാരാണ്. കഥകളി, കൂടിയാട്ടം, കളരിപ്പയറ്റ്, മണിപ്പൂരി എന്നിവയില്‍ അടിസ്ഥാന പരിശീലനമുണ്ട്. കര്‍ണാടക സംഗീതത്തിലും മൃദംഗത്തിലും ചെണ്ടയിലും (ഇന്ത്യന്‍ പെര്ക്കഷന് ഡ്രംസ്) ഡിപ്ലോമ നേടിയിട്ടുണ്ട്.
അരങ്ങേറ്റം
അരങ്ങേറ്റം വിപുലമായി ചെയ്തത് 1996ല്‍ കൊല്‍ക്കത്തയിലാണ്. ആ വര്‍ഷമാണ് ക്ലാസിക്കല്‍ ഡാന്‍സില്‍ മാസ്റ്റേഴ്സ് ഡിഗ്രി എടുത്തത്. പിന്നീട് പല സ്ഥലങ്ങളിലും സോളോ പെര്‍ഫോമന്‍സ് ചെയ്തു. ഗുരു ലീല സംസണിന്റെ കീഴില്‍ രണ്ടു പ്രാവശ്യം ഡല്‍ഹിയില്‍ അരങ്ങേറ്റം നടത്തി. ഗുരു പ്രഫസര്‍ സി. വി ചന്ദ്രശേഖറിന്റെ കീഴില്‍ രണ്ടു പ്രാവശ്യം ചെന്നൈയിലും അവതരണം നടത്തി. പ്രത്യേക അരങ്ങേറ്റം നടത്തുവാനുള്ള കാരണം, ഭരതനാട്യത്തിന്റെ ചുവടുകള്‍ കൂടുതല്‍ ആഴത്തിലേയ്ക്ക് അതു സംബന്ധിച്ച എല്ലാവിധ അറിവുകളും കരസ്ഥമാക്കുന്നതിനുവേണ്ടിയായിരുന്നു. 1990 മുതല്‍ നൃത്തരംഗത്ത് വളരെ സജീവമായി. ഇപ്പോള്‍ കൂടുതലും ഭരതനാട്യമാണ് പ്രാക്ടീസ് ചെയ്യുന്നതും പെര്‍ഫോമന്‍സ് ചെയ്യുന്നതും പഠിപ്പിക്കുന്നതും.
സ്വന്തം അവതരണങ്ങള്‍
സാമൂഹികവും ബൈബിള്‍ അധിഷ്ഠിതവുമായ തീമുകള്‍ അടിസ്ഥാനപ്പെടുത്തി കുറേ കൊറിയോഗ്രാഫുകള് ചെയ്തിട്ടുണ്ട്.
വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ ജീവിതവും വിശുദ്ധ മദര്‍ തെരേസയുടെ ജീവിതവും വിശുദ്ധ എഡ്മണ്ട് റൈസിന്റെയും ഉള്‍പ്പെടെ പ്രശസ്തരായ പലരുടെയും ജീവിതവും നൃത്ത, നാടക രൂപത്തില്‍ അവതരിപ്പിച്ചു.
നൃത്ത സഞ്ചാരി
32 രാജ്യങ്ങളില്‍ സോളോ പ്രോഗ്രാമുകള്‍ അവതരിപ്പിച്ചു. രണ്ടായിരത്തില്‍ കൂടുതല്‍ സ്റ്റേജ് അവതരണങ്ങളുണ്ടായിട്ടുണ്ട്. ഗ്രൂപ്പായിട്ടും മറ്റും കൂടുതല്‍ ചെയ്തിട്ടുള്ളത് യൂറോപ്പിലാണ്. ഇന്ത്യയില്‍ പല രാജ്യങ്ങളിലും പല നഗരങ്ങളിലും ഗ്രാമങ്ങളിലും നൃത്താവിഷ്ക്കാരങ്ങള്‍ നടത്തിവരുന്നു.
കലാഹൃദയത്തിലൂടെ
ഈശ്വരസാക്ഷാത്കാരം
2001ല്‍ ഞാന്‍ ചെന്നൈയില്‍ പഠിക്കുമ്പോള്‍ കുട്ടികള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി ചെറിയ കലാവേദി സ്ഥാപിച്ചു. അതാണ് കലാഹൃദയ ദി യൂണിവേഴ്സല്‍ ഫോം ഓഫ് ആര്‍ട് ആന്‍ഡ് കള്‍ച്ചര്‍. പിന്നീട് കൊല്‍ക്കത്തയില്‍ തിരിച്ചെത്തിയപ്പോള്‍ അതവിടെ സ്ഥാപിച്ചു. കഴിഞ്ഞ 12 വര്‍ഷമായി കൊല്‍ക്കത്തയില്‍ നിന്ന് 25 കിലോമീറ്റര്‍ ദൂരെ ഒരു ഗ്രാമത്തില്‍ ഞാന്‍ ഈ കലാസ്ഥാപനം നടത്തുകയാണ്. നൃത്തം, സംഗീതം, കലകള്‍, ശില്പപഠനം, ചെണ്ട എന്നിവ പഠിപ്പിക്കുന്നു. ഉപകരണ സംഗീതവും നാടന്‍കലകളും നാടകവും പഠിപ്പിക്കുന്നു. മലയാളവും സംസ്കൃതവുമടക്കം ചില ഭാഷാപരിശീലനവും നല്‍കുന്നുണ്ട്. കലാഹൃദയത്തില്‍ ഇപ്പോള്‍ ഏതാണ്ട് 300 കുട്ടികള്‍ വരുന്നുണ്ട്. കലകള്‍ക്കൊപ്പം വ്യക്തിത്വവികസനത്തിനും കരിയറിനും പ്രാധാന്യം നല്കുന്നു. പല സ്ഥലങ്ങളില്‍ നിന്നും കുട്ടികള്‍ ഇവിടെ വന്ന് നൃത്തം അഭ്യസിക്കാറുണ്ട്.
ഭരതനാട്യത്തില്‍ ഒരു വര്‍ഷ ഡിപ്ലോമ കോഴ്സ് കൊടുക്കുന്നുണ്ട്. ഭരതനാട്യമാണ് പ്രധാനമായും അഭ്യസിപ്പിക്കുന്നത്. കൂടെ കര്‍ണാടിക് മ്യൂസിക്, ചെണ്ട, പെയ്ന്റിംഗ്, നാടകം അങ്ങനെ പല പല വിഷയങ്ങളുമായി ഡിപ്ലോമ കോഴ്സ് കൊടുക്കുന്നുണ്ട്. കോഴ്സുകള്‍ യുജിസി അംഗീകരിച്ചവയാണ്. സെന്റ് സേവ്യേഴ്സ് കോളജുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്നു. കുറെ കുട്ടികള്‍ക്ക് താമസിക്കാനുള്ള സൗകര്യവുമുണ്ട്. ആര്‍ട്ട് പീസ് ഫൗണ്ടേഷന് കലാഹൃദയയുടെ ഒരു സഹോദരസ്ഥാപനമാണ്. മതങ്ങളും സാംസ്കാരങ്ങളും തമ്മിലുള്ള സംവാദങ്ങളില്‍ സജീവമായി ഏര്‍പ്പെടുന്നു.
നൃത്തത്തിലൂടെ നല്കുന്ന സന്ദേശവും ദൗത്യവും
വിവിധ കലകളിലൂടെ, പ്രത്യേകിച്ചും നൃത്തനാടക സംഗീതത്തിലൂടെ സമൂഹത്തെ വളര്‍ത്തുക എന്നത് എന്റെ ജീവിതദൗത്യമാണെന്നു പറയാം. സാമൂഹികമായും കലാപരമായും വളരെ പിന്നാക്കം നില്ക്കുന്ന കുടുംബങ്ങളിലെ കുട്ടികളെയാണ് ഞാന്‍ കലാഹൃദയത്തിലൂടെ ലക്ഷ്യംവയ്ക്കുന്നത്. ഇവിടെ വരുന്ന കുട്ടികളില്‍ 95 ശതമാനവും ദളിത് സമൂഹത്തില്‍പ്പെട്ടവരും പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ളവരുമാണ്. അവരെ സമൂഹത്തിന്റെ ഉന്നതിയിലേക്ക് വളര്‍ത്തിക്കൊണ്ടുവരിക എന്നതാണ് എന്റെ പ്രധാന ലക്ഷ്യം. ഇവരില്‍ ഹൈന്ദവരും ക്രൈസ്തവരും മുസ്ലീങ്ങളുമുണ്ട്. കലകളിലൂടെ സമാധാനവും ശാന്തിയും സമൂഹത്തില്‍ കൈവരിക്കാനാകുമെന്നും ഞാന്‍ വിശ്വസിക്കുന്നു. സമത്വവും സാഹോദര്യവും ശാന്തിയുമുള്ള ഒരു സമുദായം എന്റെ കലാപ്രവര്‍ത്തനങ്ങള്‍ വഴി കെട്ടിപ്പടുക്കണമെന്നതാണ് എന്റെ ലക്ഷ്യം.
സാമൂഹ്യമേഖലയിലും വളരെ സജീവമാണ്. പാവപ്പെട്ടവര്‍ക്ക് ചെറിയ വീടുകള്‍ വയ്ക്കാന്‍ സഹായം ചെയ്യുന്നു. കുട്ടികള്‍ക്കു പഠനത്തിനുള്ള സഹായങ്ങള്‍ ചെയ്യുന്നു. കഴിഞ്ഞ മൂന്നു വര്‍ഷമായി കൊവിഡ്, വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ സഹപ്രവര്‍ത്തകരോടു കൂടെ ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും മരുന്നുകളും എത്തിക്കുമായിരുന്നു.
വിശ്വാസത്തിന്റെയും കലയുടെയും അതിര്‍വരമ്പുകള്‍
ഭരതനാട്യവും കുച്ചിപ്പുടിയും കര്‍ണാടക സംഗീതവുമെല്ലാം ഹൈന്ദവ വിശ്വാസത്തില്‍ അധിഷ്ഠിതമാണ്. പക്ഷേ, ഞാനിത് കലാരൂപമായിട്ടാണ് സ്വീകരിച്ചിരിക്കുന്നത്. ആ കലകളിലൂടെ മനുഷ്യനെ കുറച്ചുകൂടി നല്ല മനുഷ്യരാക്കാമെന്നു ഞാന്‍ കരുതുന്നു. നമ്മളില്‍ കൂടുതല്‍ സൗന്ദര്യബോധവും മാനുഷികബോധവും സമത്വബോധവും സാമൂഹികസുരക്ഷാ ബോധവും ഒക്കെ ഈ കലകളിലൂടെ എങ്ങനെ വളര്‍ത്താം, സ്ഥാപിക്കാം എന്നതാണ് പ്രത്യേക ചിന്ത. അതുകൊണ്ട് ഇതെല്ലാം നമ്മള് ചെയ്യുമ്പോള്‍ നമ്മുടെ മെയിന്‍ ഫോക്കസ് ഈശ്വരചിന്തയാണ്. ദൈവത്തെ മനുഷ്യര്‍ പല രൂപത്തില്‍ കാണുന്നു; പല വിധത്തില്‍ കാണുന്നു. ഞാനും ദൈവത്തെ തീര്‍ച്ചയായും അറിയുന്നു. ഏതു കല പഠിച്ചാലും ചെയ്താലും എന്റെ ക്രൈസ്തവ വിശ്വാസത്തില്‍ ഒരു കോട്ടവും തട്ടിയിട്ടില്ല. അതുപോലെ മറ്റു വിശ്വാസങ്ങളിലെ നല്ല വശങ്ങളെ എടുത്ത് എന്റെ വിശ്വാസത്തെ കൂടുതല്‍ സമ്പന്നമാക്കുവാനാണ് ശ്രമം. ഭാരതീയ കലകളിലൂടെ ഞാന്‍ ഭാരതത്തിന്റെ സംസ്കാരം കുറച്ചുകൂടി ആഴത്തില്‍ അറിയുവാന്‍ ശ്രമിക്കുകയാണ്, പഠിക്കുകയാണ്. ഭാരതീയ കലാരൂപങ്ങളായാലും ക്ലാസിക്കല്‍ വെസ്റ്റേണ്‍ കലാരൂപങ്ങളായാലും അതെല്ലാം പെര്‍ഫോം ചെയ്യുമ്പോഴും കാണുമ്പോഴും കേള്‍ക്കുമ്പോഴും എനിക്ക് തീവ്രമായ ആനന്ദവും ശാന്തിയും സമാധാനവും ലഭിക്കുന്നുണ്ട്. അതുകൊണ്ട് എനിക്ക് ഈ കലകളുടെ ആഴങ്ങളിലേക്ക് കൂടുതല്‍ കൂടുതല്‍ ഇറങ്ങുവാനും എന്റെ ജീവിതം മുഴുവന്‍ ഈ വഴിയിലൂടെ ദൈവത്തെ അറിയാനും മറ്റുള്ളവര്‍ക്കായി പ്രകാശിപ്പിക്കുവാനും ആഗ്രഹമുണ്ട്.
പൗരോഹിത്യ ജീവിതം പോലെ കലകളും സേവനമായിട്ടാണ് ഞാന്‍ കരുതുന്നത്. അതുകൊണ്ടുതന്നെ ഞാന്‍ നൃത്തത്തെ ഒരു പ്രെഫഷനായിട്ടു കാണുന്നില്ല. എവിടെയെങ്കിലും പെര്‍ഫോം ചെയ്യാന്‍ ക്ഷണിക്കുമ്പോള്‍ ഫീസ് വേണമെന്ന് ഞാന്‍ പറയാറില്ല. അതൊരു സേവനമായിട്ടേ കാണുന്നുള്ളൂ.
കലാവഴിയിലെ തടസങ്ങള്‍
ക്രിസ്തീയ പുരോഹിതനെന്ന നിലയില്‍ ഭരതനാട്യവും കുച്ചിപ്പുടിയും കര്‍ണാടക സംഗീതവും അഭ്യസിക്കുന്നതിലും പെര്‍ഫോം ചെയ്യുന്നതിലും ഇതുവരെ വലിയ തടസങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ലെങ്കിലും ചിലപ്പോള്‍ ചില തടസങ്ങള്‍ ഉണ്ടായിട്ടുമുണ്ട്. യൂറോപ്പില്‍ ഒരിക്കല്‍ പരിപാടി നടത്താന്‍ ചെന്നപ്പോള്‍ ഭാരതീയരായ ചിലര്‍ ചേര്‍ന്ന് തടസ്സപ്പെടുത്തി. വിദേശീയരല്ല, നമ്മുടെ നാട്ടുകാര്‍ തന്നെയാണ് അതിന് തടസ്സം സൃഷ്ടിച്ചതെന്നത് വലിയ വേദനയുണ്ടാക്കി. ഇതൊരു പ്രത്യേക കലാരൂപമായതിനാല്‍ എല്ലാവര്ക്കും പെട്ടെന്ന് അംഗീകരിക്കാന്‍ പറ്റുമെന്നു തോന്നുന്നില്ല. എനിക്ക് എന്റെ സഭയില്‍ നിന്നും അതുപോലെ മറ്റുള്ള സഭകളില്‍ നിന്നെല്ലാം പ്രോത്സാഹനം കിട്ടുന്നുണ്ട്; സപ്പോര്‍ട്ട് കിട്ടുന്നുണ്ട്. പക്ഷേ കൂടുതല്‍ സപ്പോര്‍ട്ട് ഉണ്ടെങ്കില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാമായിരുന്നു. അതു ദൈവഹിതമെന്നു ഞാന്‍ കരുതുന്നു. സഭാനേതാക്കളും വിശ്വാസികളും ഇതിന്റെ നന്മയുടെ വശങ്ങള് പ്രോത്സാഹിപ്പിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അക്രൈസ്തവരായിട്ടുള്ളവരും ഞാനൊരു ക്രിസ്തീയ പുരോഹിതനായതുകൊണ്ട് എന്നെ ഈ കലകള്‍ ചെയ്യുന്നതിന് നെഗറ്റീവായി ക്രിട്ടിസൈസ് ചെയ്യാതിരിക്കണമെന്ന് ആഗ്രഹമുണ്ട്. നമ്മളെല്ലാവരും ഒരു സമൂഹത്തില്‍ ജീവിക്കുന്നവരാണല്ലോ. നമ്മള് എല്ലാത്തിലും ദൈവത്തെ കാണുമ്പോള്‍ ദൈവത്തെ പ്രശംസിക്കുവാനും ദൈവത്തെ പുകഴ്ത്തുവാനും ദൈവികത മറ്റുള്ളവരിലേക്കു കൊണ്ടുവരാനും കലകളും പൗരോഹിത്യജീവിതവും ഒത്തിരി സഹായകമാണ്. കലകള്‍ ദൈവത്തെ അറിയുവാന്‍ സഹായിക്കും. അത് നമ്മള് എങ്ങനെ സ്വീകരിക്കുന്നു, ഏതു വിധത്തില്‍ വീക്ഷിക്കുന്നു എന്നുള്ളത് നമ്മളെതന്നെ അപേക്ഷിച്ചിരിക്കും.
പുരുഷന് നൃത്തം ചെയ്യുമ്പോള്‍
മനുഷ്യര്‍, സമൂഹം….നമ്മളൊത്തിരി മാറിപ്പോയി. കഴിഞ്ഞ 10, 15 വര്‍ഷത്തിനിടെ നമ്മുടെ സോഷ്യല്‍ ചിന്തകളെല്ലാം മാറിപ്പോയി. പുരുഷനെന്നോ സ്ത്രീയെന്നോ ഭിന്ന ലിംഗത്തില്പ്പെട്ടവരെന്നോ ഉള്ള ധാരണകള്‍ വളരെ കുറഞ്ഞിരിക്കുന്നു. എല്ലാവര്ക്കും ഒരേ പ്രാധാന്യമാണ് കൊടുക്കേണ്ടത്. കേരള സമൂഹം ഏറെ പുരോഗമിച്ചു എന്നു പറയുമ്പോഴും പുരുഷന്മാര് നൃത്തം ചെയ്യുന്നതിനെപ്പറ്റി കൂടുതലും തെറ്റായ ധാരണകള്‍ വരുന്നത് കേരള സൊസൈറ്റില്‍ നിന്നാണെന്നു തോന്നുന്നു. നമ്മുടെ ഈ മനോഭാവം മാറ്റേണ്ട സമയം കഴിഞ്ഞിരിക്കുന്നു.
ആകര്‍ഷിക്കുകയും നയിക്കുകയും ചെയ്തവര്‍
കൊല്‍ക്കത്തയിലേക്ക് വരാന്‍ ഏറ്റവുമധികം പ്രചോദനമായത് വിശുദ്ധ മദര്‍ തെരേസയുടെ സാന്നിധ്യമാണ്. മദര്‍ തെരേസയുടെ ജീവിതവും സേവനവും എന്നെ വളരെയധികം ആകര്‍ഷിച്ചു. വിശുദ്ധ പീറ്റര്‍ ഡാമിയേന്‍, ഈശോസഭയുടെ സ്ഥാപകരായ വിശുദ്ധ ഇഗ്നേഷ്യസ് ലെയോള, ഫ്രാന്‍സിസ് സേവ്യര്‍ – അവരുടെ ജീവിതവും മൂല്യങ്ങളും എന്നെ ആകര്‍ഷിക്കുകയും നയിക്കുകയും ചെയ്യുന്നു. ഞാന്‍ ഇപ്പോള്‍ എവിടെയെങ്കിലും എത്തപ്പെട്ടിട്ടുണ്ടെങ്കില്‍, എന്റെ കഠിനാധ്വാനത്തിന് പ്രതിഫലം ലഭിച്ചിട്ടുണ്ടെങ്കില്‍ അതിന് കാരണക്കാര്‍ എന്റെ ഗുരുക്കന്മാരും എനിക്കു മാതൃകയായിരുന്നവരുമാണ്.