ചവിട്ടുനാടക ഓര്‍മ്മകള്‍ ഈയാഴ്ചയെ നൊമ്പരപ്പെടുത്തുകയും ഒപ്പം സന്തോഷിപ്പിക്കുകയും ചെയ്യുന്നുണ്ട്. 2023 ഫെബ്രുവരി 26ലെ മാതൃഭൂമി ആഴ്ചപ്പതിപ്പ് ചെല്ലാനത്തെ ചവിട്ടുനാടക കലാകാരന്മാരുടെ സചിത്ര റിപ്പോര്‍ട്ടുകള്‍ കൊണ്ട് സമീപകാലത്ത് ആരും ചെയ്യാത്ത രീതിയില്‍ ചവിട്ടുനാടകത്തെയും അതിന്റെ കാലാകാരന്മാരെയും പൊതുസമൂഹത്തില്‍ എത്തിച്ചിട്ടുണ്ട്. ‘ജീവിതം ചവിട്ടി നാടകമേറിയോര്’ എന്ന തലക്കെട്ടില്‍ കെ.ആര് സുനിലിന്റേതാണ് ചിത്രങ്ങളും എഴുത്തും. പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് മറച്ചിട്ടുള്ള വീട്ടുമുറ്റത്തെ അഴുക്കുവെള്ളത്തിലാണ് 73 വയസ്സുകാരനായ ചവിട്ടുനാടക കലാകാരന് ജോര്‍ജ് വടക്കേപറമ്പില്‍ രാജവേഷത്തില്‍ നില്‍ക്കുന്നത്. അതാണ് മുഖചിത്രം. പിന്നീടങ്ങോട്ടുള്ള ചിത്രങ്ങളില്‍ കയ്പ്പുനിറഞ്ഞ ജീവിതത്തിന്റെ വേദനകള്‍ പ്രതിഫലിക്കുന്നുണ്ട്. അതുകൊണ്ടാകാം പത്രാധിപര്‍ സുഭാഷ് ചന്ദ്രന് ഇങ്ങനെ കുറിച്ചത്: ചവിട്ടുനാടകം – കടല്ക്കരയിലെ കാഥികരുടെ ജീവിത കഥ. ചെല്ലാനം മുതല്‍ കൊച്ചി വരെയുള്ള തീരദേശത്തെ ചവിട്ടുനാടക കലാകാരന്മാരെ കുറിച്ചുള്ള ചിത്ര പരമ്പരയാണ് ഈ ലക്കത്തിന്റെ കാതല്‍. പോര്‍ട്ടുഗീസ് കാലം മുതല്‍ തീരദേശങ്ങളുടെ കലാഭിരുചിയുടെ തിളനിലയായി തുടരുന്ന ഈ നാടകസമ്പ്രദായത്തെ നെഞ്ചിലേറ്റിയവരുടെ രക്തവും മാംസവും കണ്ണീരും വിയര്‍പ്പും ദ്വിമാനത്തില്‍ കാണാം. ഉള്‍ക്കൊള്ളാം.
മാതൃഭൂമി ആഴ്ചപ്പതിപ്പ് റിപ്പോര്‍ട്ടിലെ നൊമ്പരം ഇല്ലാതാക്കുന്നതാണ് ഗോതുരുത്ത് ഗ്രാമീണ വായനശാലയുടെ പുതിയ വാര്‍ത്ത. സബീന റാഫിയുടെ 101-ാം ജന്മവാര്ഷികവും ചവിട്ടുനാടകത്തെ കുറിച്ചും സെബീന റാഫിയെ കുറിച്ചുമുള്ള ആഴമാര്‍ന്ന പഠന ഗ്രന്ഥത്തിന്റെ പ്രകാശനവും ഫെബ്രുവരി 26ന് നടക്കുന്നു. ജനിച്ച സമുദായവും കുടുംബവും സാഹിത്യപ്രസ്ഥാനങ്ങളും മറന്നു പോയതുകൊണ്ട് സെബീന റാഫിയുടെ ജന്മശതാബ്ദി ആരും ആഘോഷിച്ചു കണ്ടില്ല.
ലന്തന്‍ബത്തേരിയിലെ ലുത്തിനിയയില്‍ എന്‍.എസ്. മാധവന്, സെബീന റാഫിയെ രേഖപ്പെടുത്തിയിട്ടുണ്ട്. ‘ചവിട്ടുനാടകം സന്ത്യാഗുവിനേയും ഫ്രാന്‍സിസിനെയും ദല്‍ഹിയില്‍ എത്തിച്ചു.
കുഞ്ഞൂഞ്ഞിന്റെ രണ്ടു വഞ്ചികളില്‍ കൊച്ചിന് ഹാര്‍ബര്‍ ടെര്മിനസ്സിലേക്ക് തീവണ്ടി പിടിക്കുവാന്‍ പുറപ്പെട്ട ചവിട്ടുനാടക സംഘത്തില്‍ 12 പുരുഷന്മാരും ഒരു സ്ത്രീയും ഉണ്ടായിരുന്നു. ധാരാളം ഹെയര്‍പിന്നുകള്‍ കുത്തി, വല പിടിപ്പിച്ച്, തലമുടി പുറകില്‍ ചെറുതായി കെട്ടിവെച്ചിരുന്ന അണിയത്തിലെ പടിയിലിരുന്ന ആ സ്ത്രീയുടെ ചുണ്ട് പൂച്ചക്കുട്ടിയുടെ പോലെ ചെറുതും കണ്ണുകള്‍ തീക്ഷ്ണവും കൈകാലുകള്‍ ലോലവുമായിരുന്നു.
അങ്ങനെ ഞാന്‍ ആദ്യമായി സെബീന റാഫിയെ കണ്ടു.
ചവിട്ടുനാടകക്കാരെ കയറ്റി അയക്കുവാന്‍ കൊട്ടാരം ജെട്ടിയിലേക്ക് ലന്തന്ബത്തേരിയിലെയും പോഞ്ഞിക്കരയിലെയും ഒരുപാട് ആളുകള്‍ വന്നിരുന്നു. റോസി ചേച്ചി പറഞ്ഞു: ‘ആദ്യോയ്ട്ടാണ് ചവിട്ടുനാടകം കേരളം വിട്ടു പൊറത്ത് കെടക്കുമ്പോണത്. അതിന്റെ ഫുള്‍ ക്രെഡിറ്റ് സെബീനാമേഡത്തിനാണ്.’ ആ നിമിഷത്തിലെ ചരിത്രം മനസ്സിലാക്കിയ ചാങ് കുരച്ചുകൊണ്ടിരുന്നു.’
ചരിത്രത്തെയും സംസ്കാരത്തെയും അതുവഴി സമൂഹത്തെയും രൂപപ്പെടുത്തുന്ന ഘടകങ്ങളില്‍ പ്രാധാന്യമര്‍ഹിക്കുന്നവയാണ് കലയും സാഹിത്യവും. കേരളീയ സ്ത്രീ ജീവിതങ്ങളില്‍ നവോത്ഥാന മൂല്യങ്ങളുമായി കലാ സാഹിത്യ രംഗത്ത് മുന്നേറ്റങ്ങള്‍ നടത്തിയ ചുരുക്കം സ്ത്രീകളില്‍ പ്രമുഖയാണ് സെബീന റാഫി. എന്നാല്‍ കേരള സമൂഹം സെബീന റാഫിയുടെ സംഭാവനകള്‍ യോജ്യമാംവിധം കണ്ടറിയുകയോ അടയാളപ്പെടുത്തുകയോ ചെയ്തിട്ടുണ്ടോ? സംശയമാണ്…!
ഈ സന്ദര്‍ഭത്തില്‍ സെബീന റാഫിയുടെ 101-ാം ജന്മവാര്‍ഷികം വിപുലമായ പരിപാടികളോടെ ഗോതുരുത്ത് ഗ്രാമീണ വായനശാല ആഘോഷിക്കുന്നു എന്നതും ആ മഹതിയുടെ സംഭാവനകള്‍ പഠനവിധേയമാക്കുന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നു എന്നതും അഭിനന്ദനീയമായ കാര്യമാണ്. ഇത്തരുണത്തില്‍ വിനയപൂര്‍വം ഒരു കാര്യം സ്മരിക്കട്ടെ. പോഞ്ഞിക്കര റാഫി, സെബീന റാഫി ദമ്പതികളുടെ കാലവിയോഗശേഷം അവരുടെ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ സാഹചര്യമൊരുക്കിയത് പ്രണതയാണ്. ഇപ്പോള്‍ ടീച്ചറെ സ്മരിക്കാന്‍ തയ്യാറായ ഗോതുരുത്ത് ഗ്രാമീണ വായനശാലയുടെ പ്രവര്‍ത്തകര്‍ക്കും ‘സെബീന റാഫി 101 വര്‍ഷങ്ങള്‍’എന്ന് ശീര്‍ഷകം നല്‍കിയിട്ടുള്ള പുസ്തകത്തിന്റെ എഡിറ്റര്‍ ടൈറ്റസ് ഗോതുരുത്തിനും അഭിനന്ദനങ്ങള്‍.
മനുഷ്യന്റെ ശാസ്ത്രം-തത്വചിന്ത-കലാ മുതലായ എല്ലാ പ്രവര്‍ത്തനങ്ങളെയും സാംസ്കാരികമായി നിര്‍വചിക്കുന്നത് അവയുടെ ചരിത്രമാണ്. ജൈവ സ്വഭാവമാര്‍ന്ന ഒരു വികാസപരമ്പര എല്ലാ പ്രതിഭാസങ്ങളിലും ദൃശ്യമാണ്. പ്രാദേശിക പരിതസ്ഥിതികളും സവിശേഷതകളും മുന്‍പ് പറഞ്ഞ ഘടകങ്ങളെ നിര്‍ണായകമാംവിധം സ്വാധീനിക്കുന്നു എന്ന ചരിത്രാത്മകവാദം ഇവിടെ പ്രസക്തമാണ്. ചവിട്ടുനാടകത്തിന് ഇന്ന് കേരളത്തില്‍ കൈവന്നിട്ടുള്ള സ്വീകാര്യതയിലും ഈ വാദം ശരിയായി തീരുന്നു. കാരണം ഒരു ദേശത്തിന്റെ വിനിമയ ഭാഷ അതിന്റെ കലാരൂപങ്ങളാണ്. ചവിട്ടുനാടകത്തിന്റെ സാംസ്കാരിക തനിമയും പൈതൃകവും പാരമ്പര്യവും പ്രകാശിപ്പിക്കുന്ന പഠനങ്ങളുടെ സമാഹാരവും സെബീന റാഫി – പോഞ്ഞിക്കര റാഫി ദമ്പതികളുടെ ജീവിതവും ചിത്രീകരിക്കുന്ന കൃതി മലയാളത്തിലെ സാഹിത്യ വിജ്ഞാനീയശാഖയ്ക്ക് മുതല്‍ക്കൂട്ടായിരിക്കും. പുസ്തകത്തെക്കുറിച്ച് വിശദമായി പിന്നീട് എഴുതാം.
ചവിട്ടുനാടകത്തിന് സെബീന റാഫി നല്കിയ സംഭാവനകള്‍ മഹത്തരമാണ്. അതിനൊരു ഉദാഹരണം മാത്രമാണ് ‘ചവിട്ടുനാടകം’ എന്ന ഗ്രന്ഥം. അതിന്റെ ആമുഖത്തില്‍ ഡല്‍ഹിയില്‍ വച്ച് പത്രപ്രതിനിധികള്‍ ഉന്നയിച്ച ഒരു ചോദ്യത്തെക്കുറിച്ച് സെബീന ടീച്ചര്‍ പറയുന്നുണ്ട്. ചവിട്ടുനാടകത്തിന്റെ ചരിത്രപശ്ചാത്തലത്തെക്കുറിച്ച് ആയിരുന്നു ആ ചോദ്യം. വിദേശച്ചുവയുള്ള ഈ നാടകപ്രസ്ഥാനം കേരളത്തിനെങ്ങനെ ലഭിച്ചു? പ്രശസ്തമായ യൂറോപ്യന്‍ ഷാര്‍ലിമെയിന്‍ കഥകള്‍ കേരളത്തില്‍ എങ്ങനെ എത്തി? ചവിട്ടുനാടകം കേരളത്തില്‍ രൂപമെടുത്ത ചരിത്രപശ്ചാത്തലം എന്തായിരുന്നു?
ചവിട്ടുനാടകത്തെക്കുറിച്ച് സാഹിത്യപരിഷത്ത് മാസികയില്‍ (1956 ജൂലൈ ലക്കം) സെബീന ടീച്ചര്‍ എഴുതിയിരുന്നു. ആ ലേഖനം വള്ളത്തോള്‍ അടക്കമുള്ള കേരളത്തിലെ കലാപ്രേമികളുടെ ശ്രദ്ധയില്‍പ്പെടുകയുണ്ടായി. എന്നു തന്നെയല്ല 1957 ഒക്ടോബറില്‍ കോട്ടയത്ത് നടന്ന സാഹിത്യപരിഷത്തിന്റെ വാര്‍ഷിക സമ്മേളനത്തില്‍ ചവിട്ടുനാടകം പ്രദര്‍ശിപ്പിക്കുന്നതിന് അവസരം ലഭിക്കുകയും ചെയ്തു. പിന്നീട് 1960ല്‍ ഇന്ത്യന്‍ റിപ്പബ്ലിക് പരേഡില്‍ ചവിട്ടുനാടകം അവതരിപ്പിക്കുന്നതും ചരിത്രത്തില്‍ മായാത്ത മുദ്രയാണ്.
നവോത്ഥാന മൂല്യങ്ങള്‍ ജീവിതത്തില്‍ ഉയര്‍ത്തി പിടിച്ച സെബീന റാഫി ടീച്ചര്‍ക്ക് പ്രണാമം. അത് കാലത്തെയും സമൂഹത്തെയും ഓര്‍മ്മപ്പെടുത്തുന്ന ഗോതുരുത്തുകാര്ക്ക് അഭിവാദ്യങ്ങളും.