സൗത്ത് കളമേശരിയിലൂടെ യാത്ര ചെയ്യുന്നതിനിടയില്‍ പ്രതിഷേധക്കാരായ ചെറുപ്പക്കാരെ വിരട്ടി ഓടിക്കാന്‍ ലാത്തിയുമായി പൊതുനിരത്തിലൂടെ പായുന്ന ചെറുപ്പക്കാരും അല്ലാത്തവരുമായ പൊലീസുകാരുടെ ലാത്തി ഉന്നം തെറ്റി തലയില്‍ പതിക്കാതിരിക്കാന്‍ ഇന്നലെ സൗത്ത് കളമശേരിയിലൂടെ യാത്രചെയ്ത ഞാന്‍ എന്റെ ഇരുചക്രശകടം വഴിയോരത്തേക്ക് മാറ്റി നിര്‍ത്തി ഹെല്‍മറ്റ് തലയില്‍ നിന്ന് ഊരി മാറ്റാതെ ‘ഞാന്‍ ഈപ്രതിഷേധക്കാരുടെ കൂട്ടത്തില്‍പ്പെട്ടവന്‍ അല്ല സാറേ’ എന്ന ദൈന്യഭാവവുമായി നിലകൊണ്ടു. ലാത്തിയടിയേല്ക്കാതിരിക്കാന് ഓടി അകലുന്ന ചെറുപ്പക്കാര്‍ക്കു പിന്നാലെ പായുന്ന പൊലീസുകാരില്‍ ചിലര്‍ ‘ആ താടിക്കാരന്’ എന്ന് പറഞ്ഞ് വളഞ്ഞിട്ട് ആക്രമിക്കേണ്ടവനെ കുറിച്ചുള്ള ഒരുപരസ്പര ധാരണ ഓട്ടത്തിനിടയില്‍ രൂപപ്പെടുത്തുന്നതും കേട്ടു.
തെരുവോരത്തെ ഈ സുരക്ഷാ നാടകം ലജ്ജാവഹം എന്ന് വിശേഷിപ്പിക്കുമാറ് കേരളത്തില്‍ പലയിടത്തും അരങ്ങേറി കൊണ്ടിരിക്കുന്നു. മഹാനായബ്രിട്ടീഷ്ഭരണഘടനാ വിശാരദന് എ.വി ഡൈയ്സി (A.V Dicey)’ഇന്‍ട്രൊഡക്ഷന്‍ ടു ദ സ്റ്റഡി ഓഫ് ദ ലോ ഓഫ് കോണ്‍സ്റ്റിറ്റിയൂഷന്‍’ എന്ന പുസ്തകത്തില്‍ നിയമവാഴ്ചയെ കുറിച്ച് സവിസ്തരമായി പ്രതിപാദിക്കുന്നു. ഒരു രാജ്യത്ത് നിയമവാഴ്ച നിലനില്ക്കണമെങ്കില് മറ്റു പല കാര്യങ്ങള്‍ക്കും ഒപ്പം ഭരിക്കുന്നവനും ഭരിക്കപ്പെടുന്നവനും ഒരേ നിയമത്തിന് കീഴില്‍ വരുന്ന അവസ്ഥ സംജാതമാകണം എന്നു പറയുന്നു അദ്ദേഹം. ഇന്ത്യയുടെ ഭരണഘടനയുടെ പതിനാലാം അനുച്ഛേദത്തിലും എല്ലാവരും നിയമത്തിന്റെ കണ്മുമ്പില് തുല്യരാണെന്നും എല്ലാവര്ക്കും നിയമത്തിന്റെ തുല്യപരിരക്ഷ ഉണ്ടെന്നും ഉറപ്പു നല്കുന്നു. നിയമത്തിന്റെ പരിരക്ഷ ഭരണകര്‍ത്താവിന് മാത്രമല്ല അദ്ദേഹത്തിന്റെ ഭരണത്തിന് കീഴില്‍ വരുന്ന സാധാരണ പൗരനും ഉറപ്പാക്കപ്പെടുമ്പോഴാണ് നിയമവാഴ്ച നിലനില്‍ക്കുന്ന ഒരു സമൂഹം ഉരുവം കൊള്ളുന്നത്.
ഭരണകര്‍ത്താവിന് സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് ഒരു പരിഷ്കൃത സമൂഹത്തില്‍ അത്യന്താപേക്ഷിതമാണ്. അതിനുള്ള ചുമതല നിയമവും ക്രമസമാധാനവും സമൂഹത്തില്‍ കാത്തുസൂക്ഷിക്കാന്‍ ബാധ്യസ്ഥരായ പൊലീസുകാര്‍ക്ക് തന്നെയാണ്. ക്രിമിനല്‍ നടപടി ചട്ടങ്ങളിലും വളരെ വിപുലമായ അധികാരങ്ങള്‍ പൊലീസിന് നല്കുന്ന ഒരു രാജ്യമാണ് നമ്മുടേത്. ബ്രിട്ടീഷ് രാജ്യത്ത് ഉന്നതനായ പ്രധാനമന്ത്രി മുതല്‍ താഴേക്കിടയില്‍ ഉള്ള തൂപ്പുകാരന് വരെ നിയമത്തിന്റെ മുമ്പില്‍ തുല്യരായി പരിഗണിക്കപ്പെടണം എന്നുള്ള വിശാലവീക്ഷണം ഡൈസി (Dicey) മുന്നോട്ടുവയ്ക്കുന്നു. ഈ പശ്ചാത്തലത്തിലാണ് കേരളത്തില്‍ ഇന്ന് പല സ്ഥലങ്ങളിലും നിയമവാഴ്ച ഇല്ലാതായോ എന്ന സംശയം ഉയരുന്നത്.
ഭാരമുള്ള ചുമടുകള്‍ സാധാരണ പൗരന്റെ ദുര്‍ബലമായ തോളില്‍ കെട്ടിവെച്ച് അവന്റെ അല്ലെങ്കില്‍ അവളുടെ തോളെല്ലും നട്ടെല്ലും ഒടിക്കുന്ന നികുതി നിര്‍ദേശങ്ങളുടെ നേര്‍ക്കുള്ള പ്രതിഷേധമാണ് കേരളത്തില്‍ പലയിടങ്ങളിലും അരങ്ങേറി കൊണ്ടിരിക്കുന്നത്. ഈ നികുതി നിര്‍ദേശങ്ങളില്‍ നിന്ന് തരിമ്പും പിന്നോട്ടില്ല എന്ന ധനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും കടുംപിടുത്തത്തിന് നേര്‍ക്ക് നട്ടെല്ലൊടിഞ്ഞ സാധാരണ മനുഷ്യന്റെ പ്രതിനിധികളായി യുവാക്കളും ചെറുപ്പക്കാരും സമാധാനപരമായ നടത്തുന്ന പ്രതിഷേധ സമരങ്ങള്‍ ഭരണഘടന ഉറപ്പു നല്കുന്ന പത്തൊമ്പതാം അനുച്ഛേദത്തിലെ മൗലിക അവകാശത്തിന്റെ ഭാഗമാണ്. അത്തരം ഒരു മൗലിക അവകാശത്തെ ലാത്തി വീശി ഒതുക്കാന്‍ ശ്രമിക്കുന്നത് ഒരിക്കലും ന്യായീകരിക്കാന്‍ ആവാത്തതാണ്.
നികുതി പിരിക്കുമ്പോള്‍ അത് ഒരു പൂമ്പാറ്റ പൂവില്‍ നിന്ന് പൂമ്പൊടി ശേഖരിക്കുന്നത് പോലെ ഒരു മൃദു പ്രവൃത്തി ആയിരിക്കണം എന്നാണ് നികുതി ശാസ്ത്രം പറയുന്നത്.
പൂവിന് കേടുപാടൊന്നും വരുത്താതെ പൂമ്പൊടി ശേഖരിക്കുന്ന പൂമ്പാറ്റയെ പോലെയാവണം ഭരണകര്‍ത്താക്കള്‍.
ഗാന്ധിജി വളരെ വ്യക്തമായി അദ്ദേഹത്തിന്റെ മാന്ത്രിക സൂക്തത്തില്‍ പറയുന്നു, ഒരു രാജ്യത്തെ നയം രൂപീകരിക്കുമ്പോള്‍ ഭരണകര്‍ത്താവിന്റെ മനസ്സില്‍ ഉണ്ടാവേണ്ടത് ആ രാജ്യത്തെ ഏറ്റവും എളിയവനായ മനുഷ്യന്റെ മുഖം ആയിരിക്കണം. കാരണം, ഒരു ചങ്ങലയുടെ ബലം എന്നു പറയുന്നത് ആ ചങ്ങലയുടെ ഏറ്റവും ദുര്‍ബലമായ കണ്ണിയുടെ ബലമാണ്.
ഈ ദുര്‍ബലമായ കണ്ണിയുടെ ബലം കൂട്ടുന്നതിനാണ് പ്രതിഷേധവുമായി യുവാക്കളും ചെറുപ്പക്കാരും തെരുവില്‍ ഇറങ്ങുന്നത്. ശബ്ദിക്കാനോരാത്തവരുടെ ശബ്ദമായി മുഴങ്ങുന്ന പ്രതിഷേധത്തിന്റെ സ്വരം അടിച്ചമര്‍ത്തുന്നത് ജനാധിപത്യ രാഷ്ട്രത്തിന് അഭികാമ്യമല്ല.
കുഞ്ഞിന് മരുന്നു വാങ്ങാന്‍ വേണ്ടി വാഹനം വഴിയില്‍ നിര്‍ത്തിയ തിരുവഞ്ചൂര്‍ സ്വദേശി നേരിട്ട ദുരനുഭവം നമ്മുടെ പൗരബോധത്തില്‍ മുറിവുകള്‍ ഉണ്ടാക്കുന്നു. മുഖ്യമന്ത്രി സഞ്ചരിക്കുന്ന വഴിയിലാണ് മെഡിക്കല്‍ ഷോപ്പ് എന്നതും ആ ഷോപ്പില്‍ നിന്നാണ് കുഞ്ഞിന്റെ മരുന്നിനായി അയാള്‍ വണ്ടി നിര്‍ത്തിയത് എന്നതും അക്ഷന്തവ്യമായ തെറ്റായി എനിക്ക് തോന്നുന്നില്ല. അപമര്യാദയായി സംസാരിച്ച പൊലീസുകാരനോട് തന്റെ പ്രതിഷേധം അറിയിച്ച മെഡിക്കല്‍ സ്റ്റോര്‍ ഉടമയോടും കട പൂട്ടിക്കും എന്ന് ഭീഷണിപ്പെടുത്തിയ പൊലീസുകാരനെതിരെ മുഖ്യമന്ത്രിയും ഡിജിപിയും ബാലാവകാശ കമ്മീഷനും ഉചിതമായ നടപടിയെടുക്കും എന്ന് പ്രതീക്ഷിക്കുന്നു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കളമശേരിയില്‍ നടത്തിയ പ്രതിഷേധത്തിനിടയില്‍ കെഎസ്യു ജില്ലാ സെക്രട്ടറിയായ പെണ്‍കുട്ടിയെ പുരുഷ പൊലീസുകാരന് പിടിച്ചു മാറ്റുന്നതും ആശാസ്യകരമായ ഒരു കാഴ്ച അല്ല. വിമര്‍ശനങ്ങളോട് ഭരണകൂടം തുറന്ന സമീപനം പുലര്‍ത്തേണ്ടത് ആവശ്യമാണ്. വിമര്‍ശനങ്ങളെ ഭയക്കുകയല്ല, അതില്‍ എന്തെങ്കിലും കാമ്പുണ്ടോ എന്ന് ചിന്തിക്കുകയാണ് വേണ്ടത്. അതിനു തയ്യാറാവാത്ത ഭരണാധിപന് ഏകാധിപത്യ പ്രവണതയിലേക്ക് ചുവടുവയ്ക്കുന്ന ആളായിവേണം മനസ്സിലാക്കാന്‍. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി കറുത്ത മാസ്ക് അണിയുന്നത് വിലക്കുന്നതും വിമാനത്തില്‍ അനുചിതമായി പെരുമാറിയതിന് ഹ്രസ്വകാലത്തേക്ക് വിമാന കമ്പനിയാത്രാ വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ അപക്വമായി പ്രതികരിക്കുന്നതും ഒരുപരിഷ്കൃത സമൂഹത്തിലെ ഭരണകര്‍ത്താവിനും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും ഒട്ടും ഭൂഷണമല്ല. മുഖ്യമന്ത്രി അടക്കമുള്ള വിഐപികള്‍ക്ക് സുരക്ഷ ഒരുക്കുക എന്നതാണ് തീവ്രവാദ മാവോയിസ്റ്റ് ആക്രമണം തടയുന്നതിന് രൂപീകരിച്ച അവഞ്ചേഴ്സ് ഫോഴ്സിന്റെ പുതിയ ദൗത്യം പോലും!
പ്രതിഷേധ സമരങ്ങളുടെ അണിയറയില്‍ രാഷ്ട്രീയലാക്കോടെ കരുക്കള്‍ നീക്കുന്നവരുടെ ഉദ്ദേശശുദ്ധിയെക്കുറിച്ച് അരങ്ങത്തുള്ള പ്രതിഷേധ സമരക്കാരും ബോധവാന്മാരായിരിക്കണം. സമാധാനപരമായി സമ്മേളിക്കാനും പ്രതിഷേധിക്കാനും മാത്രമാണ് അവര്‍ക്കുള്ള അവകാശം എന്ന തിരിച്ചറിവുണ്ടാകണം. പ്രതിഷേധ സമരത്തിന്റെ മറവില്‍ അരങ്ങേറുന്ന അക്രമ പ്രവൃര്‍ത്തികള്‍ ഒരു കാരണവശാലും അംഗീകരിക്കാന്‍ ആവുന്നതല്ല.
നര്മ്മജ്ഞനായ വികെഎന്നിന്റെ നാടകം ‘ അധികാരം’
‘രാജാവു ഭരിച്ചാലെ നാടുഭരൂ
രാജാവു ഭരിച്ചാലേ നാടുഭരൂ ‘.