കൊച്ചി: എറണാകുളം, ആലപ്പുഴ ജില്ലകളിലെ പശ്ചിമഭാഗങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷം. കഴിഞ്ഞ ഒരു മാസമായി പൈപ്പ്ലൈനില്‍ വെള്ളമെത്തുന്നില്ല. ടാങ്കറുകളില്‍ വെള്ളമെത്തിക്കുമെന്ന രാഷ്ട്രീയനേതാക്കളുടേയും ഉദ്യോഗസ്ഥരുടേയും വാഗ്ദാനങ്ങളും പാഴായി. കുഴല്‍കിണറുകളിലും കിണറുകളിലും അഴുക്കുജലമാണ് ലഭിക്കുന്നത്. ജനങ്ങള്‍ക്ക് കുടിക്കാനോ കുളിക്കാനോ ഭക്ഷണം പാകം ചെയ്യാനോ കഴിയാത്ത അവസ്ഥയാണ്. വാട്ടര്‍ അതോറിട്ടിയുടെ പമ്പ് തകരാറിലായതിന് തുടര്‍ന്ന് ചെല്ലാനം, കുമ്പളങ്ങി, കുമ്പളം, എഴുപുന്ന തുടങ്ങിയ പഞ്ചായത്തുകളിലും കൊച്ചി കോര്പറേഷന്, മരട് നഗരസഭ എന്നിവിടങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ഒരുമാസത്തോളമായി ഗാര്‍ഹിക കണക്ഷനുകളില്‍ വെള്ളം ശരിയായ രീതിയില്‍ കിട്ടിയിരുന്നില്ല. പൊതു ടാപ്പുകളിലും കുടിവെള്ളം ലഭിക്കാതെ ആയതോടെയാണ് പ്രശ്നം ഗുരുതരമായത്. ജപ്പാന്, ജനറം പദ്ധതികള്‍ വഴി കുടിവെള്ളം കിട്ടിയിരുന്ന പ്രദേശങ്ങളിലാണ് ഒരാഴ്ചയായിട്ട് ജലക്ഷാമം എത്രയും രൂക്ഷമായത്. സ്വകാര്യ വാഹനങ്ങളില്‍ എത്തുന്ന കുടിവെള്ളം പണം മുടക്കിയാണ് വാങ്ങുന്നതെന്നും തീരദേശവാസികള്‍ പറഞ്ഞു.
പല ഭാഗങ്ങളിലും ഛര്‍ദിയും, വയറിളക്കവും അടക്കമുള്ള രോഗങ്ങള്‍ പടരുന്നതായും റിപ്പോര്‍ട്ടുണ്ട്. ജല വിതരണ അതോറിറ്റിയുടെ കുടിവെള്ളം ഇല്ലാത്ത പൈപ്പുകളില്‍ കാനകളില്‍ നിന്നും മറ്റും കയറുന്ന മലിനജമാണ് ആളുകളില്‍ ഛര്‍ദിക്കും വയറിളക്കത്തിനും കാരണമാവുന്നതെന്ന് സംശയിക്കുന്നു. വെള്ളം നന്നായി തിളപ്പിച്ചതിനു ശേഷം മാത്രമേ ഉപയോഗിക്കാവു എന്ന് ആരോഗ്യവകുപ്പ് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സ്ഥിതിഗതികള്‍ വിലയിരുത്താനായി കളക്ടര്‍ രേണു രാജിന്റെ അധ്യക്ഷതയില്‍ പ്രത്യേക അവലോകന യോഗം ചേര്‍ന്നിരുന്നു.
മരട്, ആലപ്പുഴ ജില്ലയിലെ തൈക്കാട്ടുശേരി എന്നിവിടങ്ങളിലെ വാട്ടര്‍ അതോറിറ്റിയുടെ വെന്‍ഡിംഗ് പോയിന്റുകളില്‍ നിന്ന് ശേഖരിക്കുന്ന കുടിവെള്ളം മരട്, കുമ്പളം, കുമ്പളങ്ങി, ചെല്ലാനം എന്നിവിടങ്ങളിലേക്ക് മാത്രമായി വിതരണം ചെയ്യാനായിരുന്നു നിര്‍ദേശം. എന്നാല്‍ ഇതും നടപ്പായില്ല. ഫെബ്രുവരി 20 മുതല്‍ കുടിവെള്ള ടാങ്കറുകള്‍ പിടിച്ചെടുത്ത് ഈ ഭാഗങ്ങളിലേക്ക് ജനവിതരണം നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതു ഫലപ്രദമായില്ല. കുടിവെള്ള വിതരണത്തിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ അതത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ് ജില്ലാ ഭരണകൂടം. എന്നാല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇതിനുള്ള സംവിധാനങ്ങള്‍ പരിമിതമാണ്. അറ്റകുറ്റപ്പണി നടക്കുന്ന വാട്ടര്‍ അതോറിറ്റിയുടെ പാഴൂര്‍ പമ്പ് ഹൗസിന്റെ തകരാര്‍ എന്നു പരിഹരിക്കാനാകുമെന്നും തീര്‍ച്ചയില്ല.
സാങ്കേതിക പരിജ്ഞാനമുള്ള രണ്ട് സംഘങ്ങളെയാണ് പമ്പിന്റെ തകരാര്‍ പരിഹരിക്കാന്‍ നിയോഗിച്ചിരുന്നത്. ശനി, ഞായര്‍ ദിവസങ്ങളുള്‍പ്പടെ 24 മണിക്കൂറും അറ്റകുറ്റപ്പണികള്‍ നടത്താന്‍ കളക്ടര്‍ നിര്‍ദേശിച്ചു. തിരുവനന്തപുരത്ത് നിന്ന് വിദഗ്ധ സംഘമെത്തി പരിശോധന നടത്തിയിരുന്നു. ഷാഫ്റ്റിനുണ്ടായ തകരാറിനെ തുടര്‍ന്നാണ് പമ്പ് പ്രവര്‍ത്തനരഹിതമായത്. പമ്പുകള്‍ ടാങ്കില്‍ നിന്ന് ഉയര്‍ത്തി തകരാര്‍ പരിഹരിക്കാനാണ് ശ്രമിക്കുന്നത്.