ആദിവാസി ക്രിസ്ത്യന്‍ ആരാധനാ സമൂഹം ഛത്തീസ്ഗഢില്‍ ഈ ദിവസങ്ങളിലെല്ലാം തുടര്‍ച്ചയായി ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. 2022 ജൂണ്‍ മാസം മുതലിങ്ങോട്ട് ക്രിസ്തീയ ആദിവാസി സമൂഹത്തിനുമേല്‍ അഴിച്ചുവിട്ട ആക്രമണങ്ങളുടെ ഉത്തരവാദിത്വം ജന്‍ജാതി സുരക്ഷാ മഞ്ച് എന്ന ആര്‍എസ്എസിന്റെ പോഷകസംഘടനയ്ക്കാണെന്ന് ഛത്തീസ്ഗഢ് ബച്ചാവോ ആന്ദോളന് എന്ന പ്രവര്‍ത്തന ഗ്രൂപ്പ് ദേശീയ മാധ്യമങ്ങളോട് വിളിച്ചുപറയുന്നുണ്ടെങ്കിലും കാര്യമായ ശ്രദ്ധ ദേശീയ മാധ്യമങ്ങളോ പ്രാദേശിക മാധ്യമങ്ങളോ ഈ വാര്‍ത്തയ്ക്കു നല്കി കാണുന്നില്ല.
ക്രൈസ്തവ സമൂഹത്തിനു നേരെ ഈ നാട്ടില്‍ പല കാലങ്ങളിലായി നടന്നിട്ടുള്ള ആക്രമണങ്ങളില്‍ നിന്നു വ്യത്യസ്തമായി ജന്‍ജാതി സുരക്ഷാ മഞ്ചിന്റെ പ്രത്യേകത അത് ആദിവാസി സമൂഹത്തിലുള്ളവരെ പങ്കെടുപ്പിച്ചുതന്നെയാണ് രൂപംകൊണ്ടിട്ടുള്ളതെന്നതാണ്.
ആദിവാസി സമൂഹങ്ങള്‍ പൊതുവേ കൈയാളുന്ന ഐക്യത്തിന്റെ പൊതുവായ സാംസ്കാരിക ധാരയുടെ, ഗോത്ര സ്വത്വത്തിന്റെ വിഭജനം സാധ്യമാക്കിയാണ് ജന്‍ജാതി സംഘടന ഇതു നേടുന്നതെന്ന് പീപ്പിള്‍സ് യൂണിയന് ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് പ്രവര്‍ത്തകര്‍ പറയുന്നു.
ക്രൈസ്തവ ആരാധനയില്‍ പങ്കുചേരുന്നുവെന്നത് ഗോത്ര സംസ്കാര ഐക്യത്തിന് ഒരുകാലത്തും ഈ നാട്ടില്‍ തടസ്സമായി വന്നിട്ടില്ല. ക്രൈസ്തവ സ്വത്വം ഗോത്ര സ്വത്വത്തിന് എതിരുമല്ല. ഗോത്ര സംസ്കൃതിയില്‍ ജീവിക്കുന്ന മനുഷ്യര്‍ ഏതെങ്കിലും ഒരു മതവുമായി ബന്ധപ്പെടുത്തിയല്ല തങ്ങളെത്തന്നെ മനസിലാക്കുന്നത്. എന്നാല്‍ ഗോത്ര സംസ്കാരത്തെ മതത്തോടു ചേര്‍ത്തുവായിക്കാനാണ് ജന്‍ജാതി സംഘടന ശ്രമിക്കുന്നത്. ക്രൈസ്തവ ആരാധനയില്‍ പങ്കുചേരുന്നവര്‍ ഹൈന്ദവ മതത്തില്‍ നിന്നു പരിവര്‍ത്തനം ചെയ്ത് ക്രിസ്തുമതത്തില്‍ ചേര്ന്നവരാണെന്ന വാദമാണ് ജന്‍ജാതി ഉയര്‍ത്തുന്നത്. വ്യത്യസ്ത ഗോത്രവിഭാഗങ്ങള്‍ ചേര്‍ന്ന് രൂപമെടുക്കുന്ന ഗോത്ര സംസ്കൃതിയുടെ ധാര ഹൈന്ദവ മതത്തിന്റേതായി അവതരിപ്പിച്ചുകൊണ്ട് നടത്തുന്ന പ്രചാരണമാണ് ഛത്തീസ്ഗഢില്‍ വിവിധ ഭാഗങ്ങളിലായി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളുടെ ആശയ അടിത്തറയായി നില്‍ക്കുന്നത്. ആദിവാസി സമൂഹത്തില്‍ ഹൈന്ദവ ആരാധനയില്‍ പങ്കുചേരുന്നവരുണ്ട്. അതുകൊണ്ട് ആദിവാസികള്‍ ഹൈന്ദവ മതത്തെയാണ് കാലാകാലങ്ങളായി പിന്തുടരുന്നതെന്ന വാദം ജന്‍ജാതി പറയുന്നു. ഇത് അടിസ്ഥാനരഹിതമായ വാദമാണ്. ‘പെങ്കുടികള്’ എന്നറിയപ്പെടുന്ന ആദിവാസി ആരാധനാപീഠങ്ങള് ഹിന്ദുത്വവത്ക്കരിച്ച് ‘ദേവഗുഡികളാക്കി’ മാറ്റുന്നതിലൂടെ ആദിവാസി ഗോത്രവിഭാഗങ്ങളെയെല്ലാം ഹൈന്ദവമതത്തിന്റെ ഭാഗമായി പ്രഖ്യാപിക്കാനുള്ള ശ്രമമാണ് ഛത്തീസ്ഗഢില്‍ അരങ്ങേറുന്നത്.
ഇഷ്ടമുള്ള മതവിശ്വാസങ്ങള്‍ സ്വീകരിക്കാനും ജീവിക്കാനും അതു പ്രചരിപ്പിക്കാനും അടിസ്ഥാന അവകാശം പൗരസമൂഹത്തിനു നല്കുന്ന ഭരണഘടനയിലൂന്നിയ ജനാധിപത്യം നിലനില്‍ക്കുന്ന ഈ രാജ്യത്ത്, ആദിവാസി ഗോത്ര സ്വത്വ സംസ്കൃതിയെ ഭിന്നിപ്പിച്ചു നടത്തുന്ന ഈ തീക്കളി ഉടന്‍ അവസാനിപ്പിക്കേണ്ടതാണ്. ഛത്തീസ്ഗഢ് ഭരിക്കുന്നത് കോണ്‍ഗ്രസ് സര്‍ക്കാരാണ്. സര്‍ക്കാരും നിയമനിര്‍വഹണ സംവിധാനങ്ങളും അവിടെ നടക്കുന്ന അനീതിക്കും നിയമലംഘനങ്ങള്‍ക്കും മൗനാനുവാദം നല്‍കുകയാണെന്ന ഗുരുതര ആരോപണവും നിലവിലുണ്ട്.
പത്തു വോട്ട് കൂടുതല്‍ കിട്ടാന്‍ ആരെയും പ്രീണിപ്പിക്കാന്‍ തയ്യാറായി നില്ക്കുന്ന സര്‍ക്കാരുകള്‍ക്കു കുറച്ച് മനുഷ്യജീവിതങ്ങളെ കണ്ടില്ലെന്നു നടിക്കാന്‍ എളുപ്പമാണ്. ക്രൈസ്തവ ആരാധനയില്‍ പങ്കെടുക്കുന്ന ആദിവാസി ഗോത്രങ്ങളിലെ അംഗങ്ങള്‍ക്ക് ഗോത്രവര്‍ഗ സംവരണം നിഷേധിക്കണമെന്ന ജന്ജാതിയുടെ ആവശ്യത്തിന്മേല് നിയമനിര്‍മാണ സഭ ഇപ്പോള്‍ മൗനത്തിലാണെങ്കിലും വൈകാതെ അതും നടപ്പില്‍ വരുത്താന്‍ അവര്‍ ശ്രമിച്ചേക്കുമെന്നും പൊതുസമൂഹം ജാഗ്രതയോടെ ഇക്കാര്യത്തിന്മേല് നിലകൊള്ളണമെന്നും ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ നിയമവിദഗ്ധയും ഗവേഷകയുമായ ബേലഭാട്ടിയ പറയുന്നു. കരണ്‍ ഥാപ്പറിന് അനുവദിച്ച അഭിമുഖത്തില്‍ ബൃന്ദ കാരാട്ട് ഛത്തീസ്ഗഢ് ആദിവാസി ക്രൈസ്തവ സമൂഹം നേരിടുന്ന അക്രമങ്ങളെപ്പറ്റിയും അതിനുപിറകില്‍ നടക്കുന്ന ചരടുവലികളെപ്പറ്റിയുമെല്ലാം വിശദമായി പറയുന്നുണ്ട്. നാരായണ്‍പൂരിലെ അക്രമങ്ങളിലും പള്ളി നശിപ്പിക്കലിലും പങ്കുചേര്ന്നവര്ക്കെതിരെ ഒരു കേസുപോലും ഇതുവരെ ഫയല്‍ ചെയ്യപ്പെട്ടിട്ടില്ലെന്ന് അവര്‍ പറയുന്നു. നാരായണ്‍പൂരിലെ എംഎല്‍എയാണ് ഛത്തീസ്ഗഢ് കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റി അധ്യക്ഷന്‍.
ആദിവാസി മേഖലയില്‍ നിന്ന് ആട്ടിപ്പായിക്കപ്പെട്ടവരെയോ അക്രമത്തില്‍ പരിക്കേറ്റവരേയോ ഗ്രാമങ്ങളില്‍ തിരികെയെത്താന്‍ കഴിയാതെ മറ്റു പ്രദേശങ്ങളില്‍ ഒളിച്ചുകഴിയുന്നവരെയോ സന്ദര്‍ശിക്കാന്‍ എംഎല്‍എയ്ക്ക് ഇതുവരെ സമയമായില്ലായെന്ന് ബൃന്ദ കാരാട്ട് പറയുന്നു. അനാവശ്യവും നിയമവിരുദ്ധവുമായ ഭയപ്പാട് സൃഷ്ടിച്ച് അശരണരായ ഒരുകൂട്ടം മനുഷ്യരെ അവരുടെ വേരുകളില്‍ നിന്നും ജീവിത പരിസരങ്ങളിലും നിന്നും പിഴുതെറിയാനുള്ള ഈ ശ്രമങ്ങള്‍ നിയമപരമായിതന്നെ നേരിടേണ്ട സന്ദര്‍ഭമാണിത്. ഫ്രണ്ട്ലൈന് മാഗസിനുവേണ്ടി അശുതോഷ് ശര്‍മ തയ്യാറാക്കിയ ഛത്തീസ്ഗഢ് റിപ്പോര്‍ട്ടിനു തലക്കെട്ട് നല്‍കിയത് ‘Bogey of Conversion’ എന്നാണ്. അനാവശ്യവും അടിസ്ഥാനരഹിതവുമായ ഭീതി വിതയ്ക്കുന്ന ആരോപണങ്ങള്‍ക്കും അര്ത്ഥരാഹിത്യങ്ങള്ക്കുമാണല്ലോ ഈ ആംഗലേയ പദപ്രയോഗമുള്ളത്. വിദ്വേഷത്തിന്റെയും ഭിന്നതയുടെയും മുറിവുകള്‍ സൃഷ്ടിക്കുന്നവര്‍ അതില്‍ നിന്നു പിന്മാറുന്നില്ലെങ്കില് ഭരണകൂടങ്ങള്‍ ശക്തമായ നിയമനടപടികള്‍ കൈക്കൊള്ളണം. വേട്ടക്കാര്‍ക്കൊപ്പമല്ല, ഇരകള്‍ക്കൊപ്പമാണ് ഭരണം നീങ്ങേണ്ടത്.
പിന്കുറിപ്പ്:
വീട്ടില്‍ ആഹാരം അമ്മ തന്നെ പാചകം ചെയ്യണമെന്ന് ഒരു നിര്‍ബന്ധവും ആരും കൊണ്ടു നടക്കേണ്ട. അപ്പന് വച്ചാലും മകന് വച്ചാലും കഞ്ഞി വേവും. കാശു കൊടുത്ത് ആഹാരം കഴിക്കാന്‍ ഹോട്ടലില്‍ വരുന്നവര്‍ക്ക് അഴുക്കും വിഷവും വിളമ്പുന്നവരോട് അമ്മയുടെ പാചകവിധിയെപ്പറ്റിയുള്ള ധര്‍മ്മോപദേശമല്ല ഭരണം കൈയാളുന്നവര്‍ പറയേണ്ടത്. നിയമലംഘനത്തിനുള്ള ശിക്ഷ ഉറപ്പാക്കുമെന്നാണ് പ്രഖ്യാപിക്കേണ്ടത്. മന്ത്രിസഭയിലെ ഒന്നാമന് ഇതെന്തുപറ്റിയോ ആവോ!