എറണാകുളം: മൂലമ്പിള്ളി പുനരധിവാസ പാക്കേജിന്റെ അനുകൂല്യങ്ങളൊന്നും ലഭിക്കാതെ വികസനത്തിന്റെ ഒരു ഇരകൂടി വിടവാങ്ങി. കെ.വി രാജപ്പന് (87) ആണ് ഫ്രെബുവരി 12ന് നിര്യാതനായത്.
ഇതോടെ 2008 ഫെബ്രുവരി 6ന് വല്ലാര്‍പാടം കണ്ടെയ്നര്‍ തുറമുഖ പദ്ധതിക്കായി സ്ഥലം ഏറ്റെടുത്ത 316 കുടുംബങ്ങളിലെ പുനരധിവാസ പാക്കേജ് ലഭ്യമാകാതെ മരണമടയുന്ന ഗൃഹനാഥന്മാരുടെ എണ്ണം 33 ആയി.
രാജപ്പന്റെ കുടുംബത്തിന്റെ നാലര സെന്റ് ഭൂമി വല്ലാര്‍പാടം തുറമുഖത്തേക്ക് റെയില്‍പാത നിര്‍മിക്കാനാണ് സര്‍ക്കാര്‍ ബലമായി ഏറ്റെടുത്തത്.
മുളവുകാട് വില്ലേജില്‍ ഒരു സെന്റ് ഭൂമിക്ക് രണ്ടര ലക്ഷം രൂപയാണ് പൊന്നുംവില എന്ന നിലയില്‍ നല്‍കിയത്. നാമമാത്രമായ ഈ നഷ്ടപരിഹാര തുക കൊണ്ട് ജില്ലയില്‍ എവിടെയും സ്ഥലം വാങ്ങിക്കുവാന്‍ രാജപ്പന് കഴിഞ്ഞില്ല. നിരവധി സ്ഥലങ്ങളില്‍ മാറിമാറി വാടക വീടുകളിലും ബന്ധുവീടുകളിലും താമസിക്കുകയായിരുന്നു. റോഡ് അപകടത്തെ തുടര്‍ന്ന് ആശുപത്രിയിലാണ് മരണം സംഭവിച്ചത്. എറണാകുളം ജനറല്‍ ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം സംസ്കരിച്ചു.
കണ്ടെയ്നര്‍ റോഡിനു സമീപം മുളവുകാട് പൊലീസ് സ്റ്റേഷനു വടക്കുകിഴക്കുവശത്തുള്ള കാട്ടാത്ത് കടവ് എന്നറിയപ്പെടുന്ന പഴയ കടത്തുകടവ് ആയിരുന്ന ചതുപ്പ് സ്ഥലമാണ് മുളവുകാടുള്ള 14 കുടുംബങ്ങളുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ കണ്ടെത്തി നല്‍കിയിരുന്നത്. വീടു നിര്‍മ്മിക്കുന്നതിനുള്ള ശ്രമത്തിന്റെ മുന്നോടിയായി രാജപ്പന് മണ്ണുപരിശോധന നടത്തിച്ചപ്പോള്‍ 30 മീറ്ററില്‍ താഴെയാണ് ദൃഢമായ മണ്ണ് കണ്ടെത്തിയത്. ഇവിടെ പൈലിങ് നടത്തി വീടു നിര്‍മ്മിക്കണമെങ്കില്‍ ലക്ഷക്കണക്കിനു രൂപ മുടക്കേണ്ടി വരും. മാത്രമല്ല, പുനരധിവാസ ഭൂമിയിലെ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും കോടതി സ്വകാര്യവ്യക്തിയുടെ അന്യായത്തിന്മേല് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയുമാണ്.
ഹൈക്കോടതിയുടെ 2008ലെ വിധിപ്രകാരം പുനരധിവാസ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്കു വേണ്ടി വിനിയോഗിക്കരുതെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ വിധി മജിസ്ട്രേറ്റ് കോടതിയില്‍ അവതരിപ്പിച്ചു നിര്‍മ്മാണത്തിനുള്ള സ്റ്റേ നീക്കം ചെയ്യാന്‍ ജില്ലാ ഭരണകൂടം തയ്യാറായിട്ടില്ല. ചതുപ്പുസ്ഥലത്ത് വീടു നിര്‍മ്മിക്കാനാവില്ലെന്ന് 2018ല്‍തന്നെ പിഡബ്ല്യുഡി ജില്ലാ ഭരണകൂടത്തിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
* 2008 ഫെബ്രുവരി 6ന് വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിലേക്കുള്ള പാതയ്ക്കായി 316 കുടുംബങ്ങളെ കുടിയൊഴിപ്പിച്ചു.
* 2008 മാര്‍ച്ച് 19ന് പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു.
* അടിസ്ഥാനസൗകര്യങ്ങളൊന്നുമില്ലാത്ത ചതുപ്പുനിലങ്ങളാണ് ഭൂരിഭാഗം പേര്‍ക്കും വീടുവയ്ക്കാനായി ലഭിച്ചത്.
* വീടു നിര്‍മാണത്തിന് തീരദേശ പരിപാലന വിജ്ഞാപനമടക്കം നിരവധി പ്രതിബന്ധങ്ങള്‍.
* നിര്‍മിച്ച വീടുകള്‍ പലതും തകര്‍ച്ചയില്‍.
* ഒഴിപ്പിക്കപ്പെട്ട കുടുംബത്തിലെ ഒരംഗത്തിനെങ്കിലും വല്ലാര്‍പാടം പദ്ധതിയില്‍ തൊഴില്‍വാഗ്ദാനം ചെയ്തെങ്കിലും നടപ്പായില്ല.
* പുനരധിവാസത്തിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കാതെ നിരവധി പേര് മരിച്ചു.
* മാനസികസമ്മര്‍ദ്ദം താങ്ങാനാകാതെ രോഗികളായവരും നിരവധി.
* ഭൂരിഭാഗം പേരും ഇപ്പോഴും വാടകവീടുകളിലും ബന്ധുവീടുകളിലും കഴിയുന്നു.
* പുനരധിവാസം നടപ്പാക്കുന്നതുവരെ മാസം 5,000 രൂപ വാടകവീടിന് നല്‍കണമെന്ന നിബന്ധനയും പാലിക്കപ്പെട്ടിട്ടില്ല.
* നൂറുകണക്കിനു പേരെ ബലിയാടാക്കി നടപ്പാക്കിയ വല്ലാര്‍പാടം പദ്ധതി സര്‍ക്കാരിന് വന്‍നഷ്ടമാണ് വരുത്തിവയ്ക്കുന്നത്.
പുനരധിവാസം:
സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കണം
– ജോസഫ് ജൂഡ്
വല്ലാര്‍പാടം പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പുനരധിവാസത്തിന്റെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ ധവളപത്രമായി പുറത്തിറക്കണമെന്ന് കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) വൈസ് പ്രസിഡന്റും രാഷ്ട്രീയകാര്യ കണ്‍വീനറുമായ ജോസഫ് ജൂഡ് ആവശ്യപ്പെട്ടു. കൊച്ചിയുടെ വികസനത്തിന് കുതിപ്പാകും എന്ന വന്‍പ്രചാരണത്തോടെയാണ് വല്ലാര്‍പാടം പദ്ധതി അവതരിപ്പിച്ചത്. എന്നാല്‍ പദ്ധതി പരാജയമായി. അതിനായി സര്‍ക്കാരിന്റെ ബലപ്രയോഗത്തില്‍ ഭൂമി വിട്ടുകൊടുക്കേണ്ടിവന്നവര് വഴിയാധാരവുമായി. ബ്രിട്ടീഷ് കോളനിവാഴ്ചയുടെ ബാക്കിപത്രമായ 1894 ഭൂമി ഏറ്റെടുക്കല്‍ നിയമമനുസരിച്ചാണ് പദ്ധതിയുടെ റോഡ്, റെയില്‍ എന്നിവയ്ക്കായി 316 കുടുംബങ്ങളെ തുച്ഛമായ നഷ്ടപരിഹാരം നല്കി നീതിരഹിതമായും മനുഷ്യാവകാശങ്ങള്‍ നിഷേധിച്ചും കുടിയൊഴിപ്പിച്ചത്. തുടര്‍ന്ന് 45 ദിവസങ്ങള്‍ നീണ്ട പ്രതിഷേധ സമരങ്ങള്‍ക്കൊടുവിലാണ് ഒരു പുനരധിവാസ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. എന്നാല്‍ ഈ പദ്ധതി പൂര്‍ത്തിയാക്കാന്‍ പോലും മാറിമാറി വന്ന സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. പുനരധിവാസം ലഭിക്കാതെ മരണപ്പെട്ടവരില്‍ അവസാനത്തെ ഗൃഹനാഥനാണ് രാജപ്പന്.
മൂലമ്പിളളിയിലെ ഇരകളെ പൊതുസമൂഹം മറന്നു
– അഡ്വ. ഷെറി ജെ. തോമസ്
എറണാകുളം: രാജ്യത്തിന്റെ വികസനത്തിനായി കിടപ്പാടം വിട്ടുകൊടുത്തവരെ പൊതുസമൂഹം മറന്നുവെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന് (കെഎല്‍സിഎ) സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് പറഞ്ഞു. 2008 ഫെബ്രുവരിയില്‍ 316 കുടുംബങ്ങളെ വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വീടുകളില്‍ നിന്നു പുറത്തിറക്കി വിട്ടപ്പോള്‍ ജനം മുഴുവന്‍ അവര്‍ക്കു പിന്തുണയുമായി രംഗത്തുവന്നിരുന്നു. 15 വര്‍ഷം പിന്നിടുമ്പോള്‍ മൂലമ്പിള്ളിക്കാരെ പൊതുസമൂഹം പാടേ മറന്നുകളഞ്ഞിരിക്കുന്നു.
പത്തുമാസത്തിനുള്ളില്‍ പുനരധിവാസം നടപ്പാക്കുമെന്നും അത്രയും കാലം മാസം 5,000 രൂപ വീതം വാടകവീടിനായി നല്കാമെന്നുമൊക്കെ രാഷ്ട്രീയ-ഉദ്യോഗസ്ഥ നേതൃത്വം ഇരകളെ ബോധ്യപ്പെടുത്തിയിരുന്നു. എന്നാല്‍ 15 വര്‍ഷമായിട്ടും പുനരധിവാസമോ വീട്ടുവാടകയോ നല്‍കാത്ത സ്ഥിതിയാണ്. അത്തരം സാഹചര്യങ്ങളില്‍ ഒരു ഇരകൂടി കഴിഞ്ഞ ദിവസം മരണത്തിനു കീഴടങ്ങിയെന്നത് മാധ്യമങ്ങള്‍ക്കോ പൊതുസമൂഹത്തിനോ വലിയ വാര്ത്തയൊന്നുമാകാത്തതില് അദ്ഭുതമില്ല. ഭരണകൂടങ്ങളെയോ ഉദ്യോഗസ്ഥരെയോ ഭയപ്പെട്ടാണോ പൊതുസമൂഹം മൗനം പാലിക്കുന്നതെന്നത് വ്യക്തമാക്കേണ്ടിയിരിക്കുന്നു.
വരാപ്പുഴ അതിരൂപതയുടെ
കമ്മീഷന് പ്രവര്‍ത്തനമാരംഭിച്ചു
വല്ലാര്‍പാടം പദ്ധതിയുടെ പുനരധിവാസത്തിന്റെ നിജസ്ഥിതി മനസ്സിലാക്കാന്‍ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ഒരു അന്വേഷണ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഹൈക്കോടതിയില്‍ നിന്നു വിരമിച്ച ജസ്റ്റിസ് ജോസഫ് ഫ്രാന്‍സിസ് ആണ് സമിതിയുടെ അധ്യക്ഷന്‍. പ്രശസ്ത ഭൗമശാസ്ത്രജ്ഞനായ ഡോ. കെ.വി തോമസ്, ഡോ. അനില്‍ ജോസഫ് വടക്കുംതല, കെ.വി അംബ്രോസ്, ഡോ. ഗ്ലാഡിസ് മേരി ജോണ്‍, ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപറമ്പില്‍, അഡ്വ. ഷെറി ജെ. തോമസ്, ജോസഫ് ജൂഡ് എന്നിവരാണ് അംഗങ്ങള്‍. കമ്മീഷന്റെ റിപ്പോര്‍ട്ട് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പുറത്തുവരും.