കാലാവസ്ഥ വ്യതിയാനം, ആഗോളതാപനം എന്നീ വിഷയങ്ങളെ കുറിച്ചുള്ള അനേകം ഡോക്യുമെന്ററികളും സിനിമകളും ദിവസേന ഉണ്ടാകുന്നുണ്ട്. 2021ല്‍ പുറത്തിറങ്ങിയ ലിയോനാര്‍ഡോ ഡി കാപ്രിയോ അഭിനയിച്ച ‘ഡോണ്ട് ലുക്ക് അപ്’ ഈ വിഷയങ്ങളാണ് ചര്‍ച്ച ചെയ്തത്. പക്ഷേ പ്രേക്ഷകനെ ബോധ്യപ്പെടുത്തുന്നതില്‍ ഡോക്യുമെന്ററികളും സിനിമകളും ഒരു പരിധിവരെ പരാജയപ്പെടുകയാണ്. ബൊളീവിയയില്‍ നിന്നുള്ള ‘ഉതമ’ (ബെളീവിയയിലെ പ്രാദേശിക ഭാഷകളിലൊന്നായ ക്വെച്ചുവയില് ഞങ്ങളുടെ വീട് എന്നര്‍ത്ഥം)സിനിമ എന്ന നിലയിലും സന്ദേശം നല്കുന്ന കാര്യത്തിലും വിജയിച്ചു. 2022ലെ കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം ഉതമയ്ക്കാണ് ലഭിച്ചത്. അലജാന്‍ഡ്രോ ലോയ്സ ഗ്രിസിയാണ് സംവിധായകന്.
ഫോട്ടോഗ്രാഫറായ അലജാന്‍ഡ്രോയുടെ ഫീച്ചര്‍ സിനിമയിലേക്കുള്ള ഗംഭീര അരങ്ങേറ്റം. പക്ഷേ, അവിടേയും വ്യതിയാനമുണ്ട്. ക്യാമറ കൈകാര്യം ചെയതിരിക്കുന്നത് അലജാന്ഡ്രോയല്ല. ലുക്രേസിയ മാര്‍ട്ടലിന്റെ ‘ദി ഹെഡ്ലെസ് വുമണ്‍’ ഒപ്പിയെടുത്ത ബാര്‍ബറ അല്‍വാരസ് ആണ് ഫോട്ടോഗ്രാഫി ഡയറക്ടര്‍. വരണ്ട സമതലത്തിലൂടെ, പര്‍വതങ്ങള്‍ക്കപ്പുറത്ത് ജ്വലിക്കുന്ന സൂര്യോദയത്തിലേക്ക് ഒറ്റയ്ക്ക് നടക്കുന്ന നായകന്റെ ഷോട്ടോടെ ആരംഭിക്കുന്ന സിനിമ സംവിധായകന്റെ കാഴ്ചപ്പാടുകളുടെ സൂചനയാണ്. സിനിമയിലുടനീളം അതു നിലനിര്‍ത്തുന്നുണ്ട്. ഔട്ട്ഡോര്‍ രംഗങ്ങളില്‍ വിദൂരകാഴ്ചകളാണ് പലപ്പോഴും ചിത്രീകരിക്കുന്നതെങ്കില്‍ ഇന്ഡോറിലത് ക്ലോസപ്പുകളാകുന്നു. മങ്ങിയ നീലാകാശവും താഴെ വിണ്ടു കീറിക്കൊണ്ടിരിക്കുന്ന ഭൂമിയും പലപ്പോഴും ഒരേ ഷോട്ടിലാണ് പ്രത്യക്ഷമാകുന്നത്. മനുഷ്യന്റെ നിസാരതയും നിസഹായതയും അവിടെ വ്യക്തമാണ്. തിരിച്ചറിയാനായി ചെവികളില്‍ തിളങ്ങുന്ന പിങ്ക് നിറമുള്ള റിബണുകള്‍ കെട്ടിയ ലാമകള്‍ കൂട്ടമായി പോകുന്ന കാഴ്ച ഒരു നിമിഷമേ ഉള്ളൂവെങ്കിലും മനസില്‍ തറയ്ക്കും. ഉതമയുടെ കഥയ്ക്ക് ഒരു പുതുമയുമില്ല. വരള്‍ച്ചയില്‍ വിങ്ങുന്ന ഇന്ത്യയിലെ ഏതെങ്കിലും ഗ്രാമത്തില്‍ ക്യാമറ കൊണ്ടുവച്ചാലും ഈ കഥാപാത്രങ്ങളും കഥയും അവിടെയുമുണ്ടാകും. അവിടെ നിന്നാണ് തന്റെ കൈമുതലായ ദൃശ്യശക്തിയാല് അലജാന്‍ഡ്രോ ‘ഉതമ’ കെട്ടിപ്പൊക്കുന്നത്.
സമുദ്രനിരപ്പില്‍ നിന്ന് 12,000 അടി ഉയരത്തിലുള്ള ആള്ട്ടിപ്ലാനോയില് കന്നുകാലികളെ (ലാമകള്‍) മേയ്ക്കുന്ന ബൊളീവിയന്‍ ഇടയന്മാര് മാത്രമല്ല, പ്രദേശത്തു നിന്നു ഒഴിഞ്ഞുപോകാന്‍ തയ്യാറല്ലാത്ത എല്ലാവരും ജലക്ഷാമത്താല്‍ വംശനാശഭീഷണി നേരിടുകയാണ്. അടുത്ത നഗരമായ ലാപാസിലേക്ക് ധാരാളം പേര് പൊയ്ക്കൊണ്ടിരിക്കുന്നുണ്ട്. വൃദ്ധ ദമ്പതികളായ വിര്ജീനിയോയും (ജോസ് കാല്‍സിന), സീസയുമാണ് (ലൂയിസ ക്വിസ്പെ) പ്രധാന കഥാപാത്രങ്ങള്‍. വിര്‍ജീനിയോ കാലികളെ മേയ്ക്കുന്നു. എല്ലായിടത്തേയും സ്ത്രീകളെ പോലെ സീസയുടെ പ്രധാന ജോലി വളരെ ദൂരെയുള്ള നദിയില്‍ നിന്ന് വെള്ളം കൊണ്ടുവരികയാണ്.
നദി ദിവസേനയെന്നോണം ശോഷിച്ചു വരുന്നു. ഇപ്പോഴതൊരു തോട് പരുവത്തിലാണ്. മഴയുടെ ഒരു ലക്ഷണവുമില്ലാത്തതിനാല്‍ താമസിയാതെ വരണ്ടുണങ്ങും.
നഗരത്തിലേക്ക് മാറാന്‍ ദമ്പതികളെ ബോധ്യപ്പെടുത്തുക എന്ന ദൗത്യവുമായി അവരെ സന്ദര്‍ശിക്കുന്ന ചെറുമകന് ക്ലെവര്‍ (സാന്റോസ് ചോക്ക്) തന്റെ വേരുകളുള്ള ഗ്രാമത്തിന്റെ സൗന്ദര്യം ആസ്വദിക്കുന്നയാളല്ല. അവനെപ്പോഴും മൊബൈല്‍ ഫോണിലാണ്. പ്രായോഗികമായി ചിന്തിക്കുന്നയാളുമാണ്. നഗരത്തിലേക്കു പോകാമെന്ന ക്ലെവറിന്റെ അപേക്ഷകള്‍ വിര്ജീനിയോയും സീസയും തള്ളിക്കളയുന്നു. ആ മണ്ണില്‍ തന്നെ അന്ത്യനിദ്ര പൂകണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. ദമ്പതികള്‍ക്കിടയില്‍ അധികം സംസാരമില്ല; അല്ലെങ്കില്‍ അതിന്റെ ആവശ്യമില്ല. അവര്‍ പരസ്പരം ദീര്‍ഘനാളായി അറിയുന്നു. എങ്കിലും അടുത്തകാലത്തായി തന്നെ പിടികൂടിയ അസുഖത്തെ കുറിച്ച് വിര്‍ജീനിയോ ഭാര്യയില്‍ നിന്നു മറച്ചുവയ്ക്കുന്നു.
മൃഗബലിയെന്ന ആചാരത്തിലൂടെ മഴയെ ക്ഷണിച്ചുവരുത്താമെന്ന് ഗ്രാമീണര്‍ കരുതുന്നു. വിര്ജീനിയോയും അവരുടെ കൂട്ടത്തില്‍ ചേരുന്നു. ഒരിക്കല്‍ ലാമകളെ മേച്ചുകൊണ്ടിരിക്കേ വിര്‍ജീനിയോ ബോധരഹിതനായി വീഴുന്നു. ക്ലെവര്‍ അയാളെ കണ്ടെത്തുകയും ആശങ്കാകുലയായ സീസയുടെ അടുത്തേക്ക് കൊണ്ടുവരുകയും ചെയ്യുന്നു. താന്‍ ജീവിതത്തില്‍ നിന്നു കടന്നുപോകുമ്പോള്‍ സീസ തനിച്ചാകുമെന്നും നഗരത്തിലേക്ക് മാറുന്നതിനേക്കാള്‍ മരണാനന്തര ജീവിതത്തിലേക്ക് അവളെയും കൂട്ടിക്കൊണ്ടുവരാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും വിര്‍ജീനിയോ പറയുന്നു. മുത്തച്ഛന് സ്വാര്‍ത്ഥനാണെന്ന് ക്ലെവര്‍ ആരോപിക്കുന്നു. അവന് നഗരത്തിലേക്കു പോയി ഒരു ഡോക്ടറുമായി തിരികെ എത്തുന്നു. ഡോക്ടറും നഗരത്തിലേക്കു മടങ്ങാന്‍ ദമ്പതികളെ പ്രേരിപ്പിക്കുന്നു.
വിര്‍ജീനിയോ വിസമ്മതിക്കുന്നു. പട്ടണത്തില്‍ അവര്‍ എന്തു ചെയ്യും? രണ്ട് തലമുറകളും ഒരേ ഭാഷ സംസാരിക്കുന്നില്ല. ക്ലെവര്‍ പലപ്പോഴും സ്പാനീഷിലാണ് സംസാരിക്കുന്നത്. ഗ്രാമീണരാകട്ടെ ക്വെച്ചുവ ഭാഷയിലും. വിര്‍ജീനിയോ ക്ഷീണിതനാണ്. എന്നാല്‍ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നു. ഗ്രാമത്തിലെ മിക്ക വീടുകളും ഉപേക്ഷിക്കപ്പെട്ടു. കഴുകനുള്പ്പെടെ മരണത്തെ ചുറ്റിപ്പറ്റിയുള്ള നിരവധി രൂപങ്ങള്‍ വിര്‍ജീനിയോ കാണുന്നുണ്ട്. ക്ലെവറിന് തന്റെ തൊപ്പി അയാള്‍ സമ്മാനിക്കുന്നു. പിറ്റേ ദിവസം മരണത്തിലേക്ക് കടന്നുപോകുന്നു.
അഭിനേതാക്കള്‍ കഥാപാത്രങ്ങളേയും അവരുടെ ധര്‍മ്മസങ്കടങ്ങളേയും ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. പ്രത്യേകിച്ച് കാല്സിനയും ക്വിസ്പെയും. അവര്‍ പുതുമുഖങ്ങളാണ്. അവര്‍ ഏതെങ്കിലും കലാരൂപത്തില്‍ അതിനു മുമ്പ് അഭിനിയിച്ചിട്ടില്ലെന്നു മാത്രമല്ല അതിനെ കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല. താനവരെ നിര്‍ബന്ധിച്ച് അഭിനയിപ്പിക്കുകയായിരുന്നുവെന്ന് അലജാന്‍ഡ്രോ ലോയ്സ ഗ്രിസി വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു പ്രത്യേകത കൂടിയുണ്ട്, കാല്സിനയും ക്വിസ്പെയും യഥാര്‍ത്ഥ ജീവിതത്തിലും ഭാര്യാ ഭര്ത്താക്കന്മാരാണ്.