വത്തിക്കാന്‍ സിറ്റി: തുര്‍ക്കിയുടെ തെക്കുകിഴക്കന്‍ മേഖലയിലും സിറിയയിലെ വടക്കുപടിഞ്ഞാറന്‍ മേഖലയിലും വന്‍തോതില്‍ ജീവഹാനിക്ക് ഇടയാക്കിയ അതിവിനാശക ഭൂകമ്പങ്ങളില്‍ ഫ്രാന്‍സിസ് പാപ്പാ അഗാധ ദുഃഖവും ദുരിതമനുഭവിക്കുന്ന ജനതയോട് ആധ്യാത്മിക സാമീപ്യവും ഹൃദയ ഐക്യവും പ്രകടിപ്പിച്ചു.
ഉറ്റവരെ നഷ്ടപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും വേദനയില്‍ പങ്കുചേരുന്നതിനൊപ്പം അടിയന്തര രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസമെത്തിക്കാനും വന്നണയുന്നവര്‍ക്ക് അക്ഷീണപ്രയത്നത്തിനുള്ള കരുത്തും ധീരതയും ദൃഢനിശ്ചയവും ദൈവം പ്രദാനം ചെയ്യട്ടെയെന്ന് പ്രാര്‍ഥിക്കുകയും ചെയ്യുന്നതായി തുര്‍ക്കിയിലെയും സിറിയയിലെയും അപ്പസ്തോലിക നുണ്ഷ്യോമാരായ മരേക് സോള്സിന്സ്കി, മാരിയോ സെനാരി എന്നിവര്‍ക്കയച്ച ടെലിഗ്രാം സന്ദേശത്തില്‍ പാപ്പാ അറിയിച്ചതായി വത്തിക്കാന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കര്‍ദിനാള്‍ പിയെത്രോ പരോളിന് പറഞ്ഞു.
തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ ആദ്യത്തെ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം തുര്‍ക്കിയുടെ തെക്കന്‍ മേഖലയില്‍ സിറിയയുടെ വടക്കന്‍ അതിര്‍ത്തിക്കടുത്തുള്ള ഗാസിയന്‍ടെപ് പ്രവിശ്യയിലെ നുര്‍ദഗി മേഖലയിലായിരുന്നു. ഭൂചലനമാപിനിയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഈ ഭൂകമ്പം 18 കിലോമീറ്റര്‍ ആഴത്തില്‍ നിന്നായിരുന്നു. ഇരുരാജ്യങ്ങളിലും നൂറിലേറെ തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടു. ലെബനന്, സൈപ്രസ്, ഇസ്രയേല്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ വരെ ഇതിന്റെ ശക്തമായ അനുബന്ധ കമ്പനം അനുഭവപ്പെട്ടു. ആദ്യ ഭൂകമ്പമുണ്ടായി ഒന്‍പതു മണിക്കൂറിനകം മധ്യതുര്‍ക്കിയിലെ കഹ്രാമന്മരാസ് പ്രവിശ്യയിലെ എകിനോസുവില് റിച്ച്റ്റര്‍ സ്കെയിലില്‍ 7.5 ശക്തി കാണിച്ച രണ്ടാമത്തെ ഭൂകമ്പവും, തുടര്‍ന്ന് 6.0 തീവ്രതയുള്ള മൂന്നാമത്തെ ഭൂകമ്പവുമുണ്ടായി. നാലാമത്തേത് ദിയാര്ബക്കീറിലായിരുന്നു – 5.6 തീവ്രതയുള്ളതായിരുന്നു ഈ ഭൂകമ്പം. അഞ്ചാമത്തെ ഭൂകമ്പം 5.7 തീവ്രതയാണ് രേഖപ്പെടുത്തിയത്. ചില നഗരങ്ങളില്‍ തീപ്പിടുത്തങ്ങളും ദുരന്താഘാതം വര്‍ധിപ്പിച്ചു.
കഴിഞ്ഞ നൂറുവര്‍ഷത്തിനിടെ ഈ മേഖലയില്‍ ഉണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റം ശക്തമായ ഭൂകമ്പമാണിതെന്ന് വിദഗ്ധര്‍ പറയുന്നു. തുര്‍ക്കിയില്‍ മാത്രം 5,600 കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. കൊടുംതണുപ്പില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ദുഷ്കരമാണ്.
സിറിയയിലെ അലെപ്പോ, ഹമാ മേഖലയില്‍ നിന്ന് 330 കിലോമീറ്റര്‍ വടക്കുകിഴക്കായി തുര്‍ക്കിയിലെ ദിയാര്‍ബക്കീര്‍ വരെ ആയിരകണക്കിനു കെട്ടിടങ്ങള്‍ നിലംപൊത്തിയതായും ഒട്ടേറെപേര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങികിടക്കുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ആഭ്യന്തരയുദ്ധത്തിനിടെ വീടുകള്‍ വിട്ടു പലായനം ചെയ്ത 40 ലക്ഷത്തോളം അഭയാര്‍ഥികളുടെ ദുരിതാശ്വാസക്യാമ്പുകള്‍ ഈ മേഖലയിലുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെ 4.17ന് ആളുകള്‍ ഉറക്കത്തിലായിരുന്നപ്പോഴാണ് ആദ്യ ഭൂകമ്പമുണ്ടായത്.
ആദ്യത്തെ മൂന്നു ഭൂകമ്പങ്ങളിലായി 5,102 പേര് മരിച്ചതായാണ് ഔദ്യോഗിക വിവരം. മരണസംഖ്യ 20,000 വരെ ഉയരാമെന്നാണ് ലോകാരോഗ്യസംഘടനയുടെ യൂറോപ്യന്‍ എമര്‍ജന്‍സി കേന്ദ്രം സൂചിപ്പിക്കുന്നത്.
സിറിയയില്‍ അലെപ്പോ, ഹോംസ്, ലാടക്കിയ, ഹമാ എന്നിവിടങ്ങളിലെ ക്രൈസ്തവ സമൂഹങ്ങള്‍ക്ക് കനത്ത നാശനഷ്ടമുണ്ടായി. അലെപ്പോയിലെ സെന്റ് ജോര്‍ജ് സുറിയാനി ഓര്‍ത്തഡോക്സ് കത്തീഡ്രലും ലടാകിയയിലെ ഫ്രാന്‍സിസ്കന്‍ ദേവാലയവും അലെപ്പോയിലെ എയ്ഡ് ടു ദ് ചര്‍ച്ച് ഇന്‍ നീഡ് പ്രസ്ഥാനത്തിന്റെ ഹോപ് സെന്ററും ഭൂകമ്പത്തില്‍ ഭാഗികമായി തകര്‍ന്നു. അലപ്പോയിലെ ഗ്രീക്ക് മെല്‍കൈറ്റ് കത്തോലിക്കാ സഭയുടെ ആര്‍ച്ച്ബിഷപ് എമരിറ്റസ് ഴാങ് ക്ലെമന്റ് ഷാന്ബാര്ട് താമസിച്ചിരുന്ന വസതി തകര്‍ന്ന് ഇമദ് ദഹേര് എന്ന വൈദികനും മറ്റൊരാളും കൊല്ലപ്പെടുകയും ആര്‍ച്ച്ബിഷപ്പിന് പരിക്കേല്‍ക്കുകയും ചെയ്തു.
ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് എല്ലാ സഹായവും എത്തിക്കാന്‍ സിറിയയ്ക്കെതിരേയുള്ള ഉപരോധങ്ങള്‍ നീക്കണമെന്ന് അന്ത്യോഖ്യയിലെ സുറിയാനി കത്തോലിക്കാ പാത്രിയര്‍ക്കീസ് മാര്‍ ഇഗ്നാത്തിയോസ് ജോസഫ് തൃതീയന്‍ യൗനാന്‍ ബാവ ആവശ്യപ്പെട്ടു. അലെപ്പോയിലെ ഭദ്രാസനദേവാലയവും നിരവധി വീടുകളും ലൈബ്രറികളും ആശുപത്രികളുമൊക്കെ തകര്‍ന്നുവീഴുകയും നൂറുകണക്കിന് ആളുകള്‍ അതിശൈത്യത്തിലും മഴയിലും ഭവനരഹിതരായി തെരുവില്‍ കഴിയുന്ന അവസ്ഥയിലുമാണെന്ന് അലപ്പോയിലെ കര്‍ദായ കത്തോലിക്കാ മെത്രാന് അന്റോയിന്‍ ഔദോ പറഞ്ഞു.
തുര്‍ക്കിയിലും സിറിയയിലും ദുരിതാശ്വാസമെത്തിക്കാന്‍ കാരിത്താസ് ഇന്റര്‍നാഷണല്‍, നൈറ്റ്സ് ഓഫ് മാള്‍ട്ടയുടെ ആതുരസേവനവിഭാഗമായ മാള്‍ട്ടീസ് ഇന്റര്‍നാഷണല്‍, കത്തോലിക്കാസഭയും ഓര്‍ത്തഡോക്സ് സഭയും ഇവാഞ്ചലിക്കല്‍ വിഭാഗങ്ങളും ഉള്‍പ്പെടുന്ന മിഡില്‍ ഈസ്റ്റ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് എന്നിവ സത്വര നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
അമേരിക്കയിലെ പൊന്തിഫിക്കല്‍ മിഷന് സൊസൈറ്റീസ് ഭൂകമ്പ ദുരിതങ്ങള്‍ നേരിടുന്ന സമൂഹങ്ങള്‍ക്ക് അടിയന്തര സേവനം എത്തിക്കുന്ന പ്രേഷിതപ്രവര്‍ത്തകര്‍ക്ക് വേണ്ട സാമ്പത്തിക പിന്തുണ നല്‍കുന്നതിന് ധനസമാഹരണം ആരംഭിച്ചു.