തിരുവനന്തപുരം ഗവ. ഫൈന്‍ ആര്‍ട്സ് കോളജില്‍ ശില്പകലയില് ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്ന ശ്രുതിയുടെ വിഷയം വിവിധ ചെറുജീവികളും അവയുടെ പരിസരവുമാണ്. അവയുടെ നിറം മുതല്‍ ആവാസവ്യവസ്ഥയും നിലനില്പും വരെ ഈ കലാകാരിയുടെ നിരീക്ഷണത്തില്‍ പെടുന്നു. 7 പെയിന്റിങ്, ഒരു ഇന്സ്റ്റലേഷന് എന്നിവയാണ് ബിനാലെയില്‍ അവതരിപ്പിക്കുന്നത്. പൊതുവിഷയവും പ്രാണികള്‍ തന്നെ. ‘ഫീല്‍ ദ് മൊമന്റ്’ എന്നാണ് ഇന്‍സ്റ്റലേഷന്റെ പേര്.
മട്ടാഞ്ചേരി ട്രിവാന്‍ഡ്രം വെയര്‍ഹൗസിലാണ് ലോഹക്കമ്പിയും മറ്റും ഉപയോഗിച്ചുള്ള കലാസൃഷ്ടി. പരിസ്ഥിതിയിലെ മനുഷ്യന്റെ ഇടപെടല്‍ ഷഡ്പദങ്ങള്‍ ഉള്‍പ്പെടെയുള്ള ചെറുജീവികളെ കാര്യമായി ബാധിക്കുന്നെങ്കിലും ചിലത് അതു സമര്‍ഥമായി അതിജീവിക്കുന്നു. മാറുന്ന ചുറ്റുപാടില്‍ ജീവിതം നിലനിര്‍ത്തുന്ന അത്തരം പ്രാണികളാണ് തന്റെ പ്രമേയമെന്നു ശ്രുതി പറയുന്നു. പെയിന്റിങ്ങുകളുടെ പ്രദര്‍ശനം മട്ടാഞ്ചേരി വികെഎല്‍ വെയര്‍ഹൗസിലാണ്.
ശ്രുതി എന്ന സെലിന് ജേക്കബ്
വിനോദസഞ്ചാര ഗ്രാമമായ കുമ്പളങ്ങിയുടെ തൊട്ടടുത്താണ് എഴുപുന്ന. അവിടെ ജേക്കബിന്റേയും കത്രീനയുടേയും മകളായി സെലിന് ജനിച്ചു. അമ്മുമ്മയുടെ പേരായ സെലിന് എന്നതാണ് ഔദ്യോഗിക നാമം. ശ്രുതി എന്നത് അപ്പയും അമ്മയും ഇട്ട ഓമനപ്പേരാണ്. അടുപ്പമുള്ളവരും വീടിനടുത്തുള്ളവരും പേരില്‍ ശ്രുതി ചേര്‍ത്തേ വിളിക്കൂ. അങ്ങിനെയാണ് സെലിന്, ശ്രുതി എന്നീ രണ്ടു പേരുകളില്‍ അറിയപ്പെടുന്നത്. ചേച്ചിയുണ്ട്. പേര് മരിയ വിധു. തൃപ്പൂണിത്തുറ ആര്‍എല്‍ബി കോളജില്‍ സ്ക്ലള്ച്ചറില് ബിഎഫ്എ കഴിഞ്ഞു. ഇപ്പോള്‍ തിരുവനന്തപുരത്ത് ഗവണ്മെന്റ് കോളജ് ഓഫ് ഫൈനാന്സില് സ്ക്ലള്ച്ചറില് തന്നെ എംഎഫ്എ ചെയ്യുന്നു.
കല പഠിക്കാന്‍ കോളജും കോഴ്സും
കുട്ടിക്കാലം മുതലേ വരയിലാണ് ശ്രുതിയുടെ ജീവിതം. ഇഷ്ടവിഷയവും ഡ്രോയിംഗായിരുന്നു. പ്ലസ്ടു ആയപ്പോള്‍ എരമല്ലൂര്‍ സെന്‍ സ്കൂള്‍ ഓഫ് ആര്‍ട്സില്‍ പോയി. അവിടെ വച്ചാണ് വര ഒരു സീരിയസ് സബ്ജക്ടാണെന്നു തന്നെ ബോധ്യമാകുന്നത്. അവിടുത്തെ വേണുസാര്‍ നല്ല പിന്തുണ നല്കി. അദ്ദേഹം പറഞ്ഞാണ് ബിഎഫ്എ എന്ന ഒരു കോഴ്സുണ്ടെന്നു തന്നെ മനസിലാകുന്നത്. ചിത്രംവരയും അനുബന്ധ കലകളും ജീവിതത്തില്‍ നിന്നു പറിച്ചെറിയാന്‍ ശ്രുതിക്കു കഴിയുമായിരുന്നില്ല. അതിനു പറ്റിയ വല്ല കോഴ്സും ഉണ്ടോ എന്നന്വേഷിക്കുമ്പോഴാണ് വേണു സാറിന്റെ വാക്കുകള്‍ വഴിത്തിരിവായത്. വരയുടെ ആകെമൊത്തം കണക്കും അളവും അറിയണമെന്നു തന്നെ കരുതി. എന്ട്രന്സും ഇന്റര്‍വ്യുവും പാസായി കോഴ്സിനു ചേര്‍ന്നു. കലാ ജീവിതത്തിലെ പ്രധാന ഗുരുവും വഴികാട്ടിയും വേണു സാര്‍ തന്നെ. പിന്നെ കോളജുകളിലും പുറത്തുമൊക്കെയായി ഒരുപാട് പേരുണ്ട്.
കലയും ജീവിതവും
കല മനുഷ്യജീവിതത്തെ നന്നായി തന്നെ സ്വാധീനിക്കുന്നുണ്ടെന്നാണ് ശ്രുതി കരുതുന്നത്. ഉദാഹരണത്തിന് നമ്മള് ആരാധിക്കുന്ന ദൈവങ്ങളുടെ രൂപങ്ങള്‍ തന്നെ ഒരു കലാകാരന്റെ സൃഷ്ടിയാണ്. പെയിന്റിംഗ് ആണെങ്കിലും ശില്പമാണെങ്കിലും. അതെല്ലാം ഒരു കലാകാരന് സൃഷ്ടിക്കുന്നതാണ്. ദൈവത്തിന്റെ പ്രതിനിധിയായി കണ്ട് ആരാധിക്കുന്ന രൂപങ്ങളും ചിത്രങ്ങളും ഒരു കലാകാരന് നിര്‍മിച്ചതാണ്. അങ്ങനെ നോക്കുമ്പോള്‍ കല നമ്മുടെ ജീവിതത്തിലെ വളരെ വലിയൊരു ഭാഗമാണ്. നമ്മള് ഉപയോഗിക്കുന്ന ജീവിക്കുന്ന എല്ലാത്തിലും ഒരു കലയുണ്ടെന്നാണ് ശ്രുതിയുടെ വിശ്വാസം.
ബിനാലെയുടെ വഴി തുറന്നത്
2012ല്‍ ബിനാലെ തുടങ്ങുമ്പോള്‍ വേണുസാര്‍ ബിനാലെയുടെ ഒരു ഭാഗമായിരുന്നു. സാര്‍ ബിനാലെയുടെ ഒരു കൊളാട്രോ ഷോയില്‍ പങ്കെടുക്കുന്നുണ്ടായിരുന്നു. അതു കൊണ്ടു തന്നെ താന്‍ സാറിന്റെ കൂടേയും അല്ലാതെയും 2012 മുതല്‍ ബിനാലെ വേദികളില്‍ പോകുകയും കാണുകയുമൊക്കെ ചെയ്യുമായിരുന്നുവെന്ന് ശ്രുതി പറയുന്നു. 2014ല്‍ ബിഎഫ്എ പഠിക്കുന്ന സമയത്തും സ്ഥിരം പോകുമായിരുന്നു. 2016 ആയിക്കഴിഞ്ഞപ്പോള്‍ സീനിയേഴ്സിന്റെ വര്‍ക്കുകള്‍ അവിടെ എക്സിബിറ്റ് ചെയ്തു തുടങ്ങി. അവരെ സഹായിക്കുവാന്‍ പോയിട്ടുണ്ട്. 2018 ആയപ്പോള്‍ വോളന്റിയറായിട്ടും ക്യുറേറ്റര്‍ അസിസ്റ്റന്റ് ആയിട്ടും നിന്നു. ശ്രുതിയുടെ വലിയ ആഗ്രഹമായിരുന്നു ആര്‍ട്ടിസ്റ്റായി ബിനാലെയില്‍ പങ്കെടുക്കണമെന്നത്. ബിനാലെയുടെ ഒരു ഓപ്പണ്‍ കോള്‍ ഓണ്‍ലൈനായി വിളിച്ചിരുന്നു, സ്റ്റുഡന്റ് ബിനാലെയില്‍ പങ്കെടുക്കാന്‍. അങ്ങിനെ ഒരു അവസരം കിട്ടിയപ്പോള്‍ ആപ്ലിക്കേഷന്‍ അയക്കുകയും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
പലതരം ജീവികളും കലയുമായുള്ള രസതന്ത്രം
പൂമ്പാറ്റകള്‍ പോലുള്ള കുറെ ജീവികളെ വച്ചുള്ള വര്‍ക്കാണ് ബിനാലെയില്‍ ചെയ്തിട്ടുള്ളത്. തനിക്കു ചുറ്റുമുള്ള കുറെ കുഞ്ഞു കുഞ്ഞു ജീവികളെയൊക്കെ നിരീക്ഷിച്ച് അതിനെയൊക്കെ വര്‍ക്കിന്റെ ഭാഗമാക്കാറാണ് ചെയ്യാറുള്ളത്. മനഃപൂര്‍വ്വമല്ലാതെയും മനഃപൂര്‍വ്വവും ഇത്തരം ജീവികളാണ് ശ്രുതിയുടെ വര്‍ക്കിന്റെ ഭാഗം. ബിനാലെയില്‍ ചെയ്ത ഇന്സ്റ്റലേഷന് അതാണ്. കുട്ടിക്കാലത്തെ അനുഭവങ്ങളുടെ ഓര്മ എന്നു പറയാം. ആ സമയത്ത് അനുഭവിച്ച ചില ഇമോഷന്‍സ് കാഴ്ചക്കാരിലേയ്ക്ക് എത്തിക്കാനുള്ള ശ്രമമാണ് അതിലൂടെ ചെയ്തിരിക്കുന്നത്. പ്രേംജിഷ് ആചാരിയാണ് ശ്രുതിയുടെ ക്യൂറേറ്റര്‍. അദ്ദേഹമാണ് ശ്രുതിയുടെ വര്‍ക്ക് സ്റ്റുഡന്‍സ് ബിനാലെയില്‍ സെലക്ട് ചെയ്ത് എക്സിബിറ്റ് ചെയ്യാനായുള്ള അവസരം ഒരുക്കിയത്.