ഇടപ്പള്ളി രാഗമാലിക സ്റ്റുഡിയോയില്‍ 1992 നവംബറില്‍ ഒരു കസ്സെറ്റിന്റെ റെക്കോര്‍ഡിംഗ് നടക്കുകയാണ്. വരാപ്പുഴ അതിരൂപതയിലെ പ്രശസ്തമായ ചാത്യാത്ത് ഇടവകയിലെ കലാകാരന്മാര് ചേര്‍ന്ന് ഒരു ഗാനസമാഹാരം പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. അതിപ്രഗത്ഭരായ കലാകാരന്മാര്ക്ക് ജന്മം നല്‍കിയിട്ടുള്ള ഇടവകയാണ് ചാത്യാത്ത് കര്‍മലമാതാ ദേവാലയം തലയെടുപ്പുള്ള നിരവധി കലാകാരന്മാര്ക്ക് ആദ്യവേദിയായ ചരിത്രവും ചാത്യാത്ത് പള്ളിക്കും പള്ളി മുറ്റത്തിനും പറയാനുണ്ട്.
ചാത്യാത്ത് ഇടവകയില്‍ ഗായക സംഘങ്ങളിലെ അംഗങ്ങള്‍ തന്നെ ഗാനങ്ങള്‍ എഴുതി സംഗീതം നല്കി പാടുന്ന പതിവുണ്ടായിരുന്നു. പ്രത്യേകിച്ചും പൗരോഹിത്യ സ്വീകരണം, ഇടവക തിരുനാള്‍ പോലുള്ള അവസരങ്ങളില്‍ പുതിയ ഗാനങ്ങള്‍ തയ്യാറാക്കുമായിരുന്നു. അവയില്‍ പലതും പിന്നീട് റെക്കോര്‍ഡ് ചെയ്തു കസെറ്റുകളില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അങ്ങനെ ചാത്യാത്ത് ഇടവകയിലെ ഗായകസംഘത്തിലെ തബലിസ്റ്റ് ആയിരുന്ന ആന്റണി തട്ടാശേരി എഴുതിയ ഒന്‍പത് ഗാനങ്ങള്‍ക്ക് ഇതേ സംഘത്തിലെ പ്രതിഭയായ ഡഗ്ലസ് അരൂജ സംഗീതം നല്‍കിയാണ് ആല്‍ബം ഒരുക്കാനെത്തിയത്. ഒര്ക്കസ്ട്രേഷന് നിര്‍വഹിച്ചത് ഗിഫ്റ്റിയും റെക്കോര്‍ഡിംഗ് ക്രിമീകരണങ്ങള്ക്ക് നേതൃത്വം നല്കിയതും സംവിധാന സഹായിയായി കൂടെ നിന്നതും വയലിനിസ്റ്റു മരിയദാസ് ആയിരുന്നു. ശബ്ദലേഖനം നിര്‍വഹിച്ചത് രാജശേഖരന്. ആന്റണി തട്ടാശേരി എഴുതിയ പല ഗാനങ്ങളും ചാത്യാത്ത് പള്ളിയില്‍ പതിവായി പാടുന്നുണ്ടായിരുന്നു. അന്ന് ഇടവകയില്‍ സേവനം ചെയ്തിരുന്ന ഫാ. സെബാസ്റ്റ്യന്‍ കുന്നത്തൂര്‍ ഇവര്‍ക്ക് വലിയ പ്രോത്സാഹനം നല്‍കിയിരുന്നു. അങ്ങനെയാണ് കൂടുതല്‍ പാട്ടുകള്‍ എഴുതി ഒരു കസെറ്റു പുറത്തിറക്കുവാന്‍ തീരുമാനിച്ചത്. ഗാനരചയിതാവ് ആന്റണി തന്നെ നിര്‍മാണവും നിര്‍വഹിക്കാന്‍ തീരുമാനിച്ചു. റെക്കോര്‍ഡിംഗിനായി എല്ലാം തയ്യാറായി. ഇതുവരെ സ്റ്റുഡിയോയില്‍ ഒരു പാട്ടുപോലും പാടാത്ത ഒരു യുവഗായകന് മൈക്കിനു മുന്നില്‍ വന്നു.
ഒരു തുടക്കക്കാരന്റെ പരിഭ്രമമേതുമില്ലാതെ ആ ഇരുപതുകാരന് അതിമനോഹരമായി പാടി. ഇന്ന് മലയാള ക്രിസ്തീയ ഭക്തിഗാന ശാഖയുടെ തലപ്പത്ത് നില്ക്കുന്ന കെസ്റ്റര്‍ എന്ന ഗായകന്റെ ആദ്യഗാനമായിരുന്നു അത്. ചാത്യാത്ത് ഇടവകയുടെ കീഴില്‍ തന്നെയുള്ള ഡോണ്‍ ബോസ്കോ യുവജന കേന്ദ്രത്തോട് ചേര്‍ന്നുള്ള തട്ടാഴം പള്ളിയിലായിരുന്നു കെസ്റ്റര്‍ ദേവാലയ ഗായകസംഘത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. ചാത്യാത്ത് എന്ന വലിയ ഇടവകയിലെ കലാകൂട്ടായ്മയിലൂടെ തന്നെ ഈ രംഗത്തേക്ക് പ്രവേശിക്കാന്‍ കെസ്റ്ററിനു ഭാഗ്യമുണ്ടായി. അന്ന് റെക്കോര്‍ഡ് ചെയ്യപ്പെട്ട ഈ ഗാനം പിന്നീട് ഡിജിറ്റല്‍ രൂപത്തില്‍ ലഭ്യമല്ലാതായി. രചയിതാവും സംഗീത സംവിധായകനും ഈ ലോകത്തോടു വിട പറഞ്ഞു. കഴിഞ്ഞ വര്‍ഷം ആന്റണി തട്ടാശേരിയുടെ മകനും തബലിസ്റ്റുമായ ഷാന്‍ ആന്റണിക്ക് ലഭിച്ച ഇതിന്റെ മാസ്റ്റര്‍ കസ്സെറ്റില്‍ നിന്നുമാണ് ഇപ്പോള്‍ ഈ അപൂര്‍വ്വ ഗാനം ലഭ്യമായത്.