ഒരു പൊതുഭാഷ ഇല്ലാത്ത അവസരത്തില്‍ വിഭിന്ന ഭാഷക്കാര്‍; മിക്കപ്പോഴും അധിനിവേശകരും അവര്‍ കീഴടക്കിയ പ്രദേശത്തുകാരും തമ്മില്‍ കച്ചവട സംബന്ധമായും മറ്റു കാര്യങ്ങള്‍ക്കും ആശയവിനിമയം ചെയ്യാന്‍ ആരംഭിച്ചതിന് ഫലമായി ഉണ്ടാകുന്ന ഭാഷാസങ്കരമുണ്ട്. പിജിനീകരണം (Pidginization)എന്ന് പറയാറുള്ള ഭാഷ മിശ്രണ പ്രക്രിയയില്‍ ഏറിയ കൂറും ഒരു ഭാഷയുടെ ഘടനയില്‍ അന്യഭാഷയുടെ പദാവലി അണിനിരക്കുന്നു. മലയാളത്തിലും ഇത് സംഭവിച്ചിട്ടുണ്ട്. നമ്മുടെ നാട്ടിലെത്തിയ വിദേശികളുടെ ഭാഷയിലെ പദങ്ങള്‍ മലയാളത്തിലേക്ക് നാം സ്വീകരിച്ചിട്ടുണ്ട്.
പിജിന്‍(pidgin)ഭാഷയെ അടുത്ത തലമുറയ്ക്ക് പകര്‍ന്നെടുക്കുന്ന പ്രക്രിയയാണ് ക്രിയോളീകരണം. പഴയ പിജിന്‍ മൊഴികളിലെ പല പോര്‍ച്ചുഗീസ് വാക്കുകളും പില്ക്കാലത്ത് ഇംഗ്ലീഷ് വാക്കുകള്‍ക്ക് വഴിമാറി കൊടുത്തു. പുനര്വാചീകരണം എന്നാണ് ഈ പ്രക്രിയയെ ഭാഷാശാസ്ത്രത്തില്‍ പറയുന്നത്.
കേരളത്തിലെ ക്രൈസ്തവര്‍ തിരുക്കര്‍മ്മങ്ങളിലും മത പ്രവര്‍ത്തനങ്ങളിലും പ്രാര്‍ത്ഥനകളിലും വേദപാഠഗ്രന്ഥങ്ങളിലും ഉപയോഗിക്കുന്ന നിരവധി വാക്കുകള്‍ അത്തരത്തില്‍ ചേക്കേറിയവയാണ്. അത്തരം മുന്നൂറിലധികം പരകീയ പദങ്ങള്‍ സമാഹരിച്ച് വൈദിക ശ്രേഷ്ഠനായ ഡോ. ജോര്‍ജ് കുരുക്കൂര്‍ തയ്യാറാക്കിയ അതിവിശിഷ്ടമായ ഗ്രന്ഥമാണ് ‘ക്രൈസ്തവ ശബ്ദകോശം.’
പരകീയ പദങ്ങളുടെ വിവരണാത്മകവും ചരിത്രപരവുമായ പഠനവുമാണ് അദ്ദേഹം ഗ്രന്ഥത്തില്‍ നടത്തിയിട്ടുള്ളത്. പദങ്ങളുടെ മൂലം, സ്വനിമഘടനയില് വന്ന രൂപഭേദങ്ങള്‍, അര്‍ത്ഥവ്യതിയാനങ്ങള്‍ തുടങ്ങിയവയെല്ലാം ഈ പുസ്കത്തില്‍ വേര്‍തിരിച്ചിട്ടുണ്ട്.
വാക്കുകളുടെ അര്‍ത്ഥങ്ങളും പര്യായങ്ങളും പരിചയപ്പെടുത്തിത്തരുന്ന അടിസ്ഥാനഗ്രന്ഥങ്ങളായ നിഘണ്ടുക്കളുടെ നിര്‍മ്മാണം നമ്മുടെ ഭാഷയില്‍ തുടങ്ങിവച്ചത്. പതിനേഴാം നൂറ്റാണ്ടില്‍ ക്രിസ്തുമതപ്രചാരണത്തിന് ഇവിടെയെത്തിയ പോര്‍ത്തുഗീസു മിഷണറിമാരാണ്. ആഞ്ചലോ ഫ്രാന്‍സിസ്, അര്‍ണോസ്, പൗലിനോസ് തുടങ്ങിയ ആ മിഷണറിമാര്‍ നിര്‍മ്മിച്ച മലയാളം – പോര്‍ത്തുഗീസ് നിഘണ്ടുക്കള്‍ അവരുടെ പിന്‍ഗാമികളായി എത്തിയ സ്വന്തം നാട്ടുകാരുടെ പ്രേഷിതവൃത്തി താരതമ്യേന അനായാസകരമാക്കി. ഈ മാതൃകയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഉണ്ടായവയാണു ബഞ്ചമിന് ബയിലിയുടെയും ഡോ. ഗുണ്ടര്ട്ടിന്റെയുമൊക്കെ മലയാളം-ഇംഗ്ലീഷ് നിഘണ്ടുക്കള്‍. ആ വഴിയില്‍ നിന്ന് അല്പം വിട്ടുമാറി മലയാളപദങ്ങളുടെ അര്‍ത്ഥം മലയാളത്തില്‍ തന്നെ വിവരിക്കുന്ന നിഘണ്ടുക്കളിലേക്ക് ആദ്യം നീങ്ങിയത് റിച്ചാര്‍ഡ് കോളിന്‍സ് എന്ന ആംഗ്ലിക്കന്‍ മിഷണറിയാണ്. ആ നീക്കത്തെ ഒരളവുവരെ പൂര്‍ണ്ണതയിലേക്കു നയിച്ചത് ശബ്ദതാരാവലീകാരനായ ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ളയും. അവയ്ക്കു പിന്നാലെ ശൈലീനിഘണ്ടുക്കളും ഭാഷാഭേദ നിഘണ്ടുക്കളും പുരാണ നിഘണ്ടുക്കളും പോലുള്ള മറ്റു പല നിഘണ്ടുക്കളും നമുക്കുണ്ടായി. എങ്കിലും വലിയൊരു കുറവുണ്ടാ യിരുന്നു, നമ്മുടെ നിഘണ്ടുക്കളുടെ പട്ടികയില്‍. പല കാലഘട്ടങ്ങളിലായി നമ്മുടെ ഭാഷയുടെ ഭാഗമായിത്തീര്‍ന്ന പരകീയ പദങ്ങളെ വേണ്ട തരത്തില്‍ പരിചയപ്പെടുത്തു ന്നതിനുള്ള ശ്രമങ്ങള്‍ അധികം ഉണ്ടായില്ലെന്നതാണത്. 1933-ല്‍ ഡോ. കെ. ഗോദവര്‍മ്മ ലണ്ടന്‍ സര്‍വകലാശാലയില്‍ സമര്‍പ്പിച്ചതും 1946-ല്‍ പരിഷ്കരിച്ച് പ്രസിദ്ധപ്പെടുത്തിയതുമായ മലയാളത്തിലെ ഇന്‍ഡോ-ആര്യന് പദങ്ങളെപ്പറ്റിയുള്ള പിഎച്ച്.ഡി. പ്രബന്ധമാണ് ഈ ഇനത്തില്‍ ഉണ്ടായിട്ടുള്ള മുഖ്യശ്രമം. ഇന്‍ഡോ-ആര്യനൊപ്പം സുറിയാനി, ഹീബ്രു, ഗ്രീക്ക്, ലത്തീന്‍, പോര്‍ത്തുഗീസ്, ആധുനിക പേര്‍ഷ്യന്‍, അറബി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളില്‍നിന്നുള്ള എത്രയോ വാക്കുകള്‍ മലയാളത്തിലുണ്ട്. അവയെ സാമാന്യമായി പരിചയപ്പെടുത്തുന്ന ഡോ. പി.എം. ജോസഫിന്റെ ഒരു കൃതി 1984-ല്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. സംഭരിക്കാന്‍ കഴിഞ്ഞ കുറേ പദങ്ങളുടെ ഒന്നോ രണ്ടോ വാക്കുകളിലുള്ള അര്‍ത്ഥബോധത്തില്‍ കവിഞ്ഞ ഉള്‍ക്കാഴ്ചകള്‍ നല്കാന് പ്രസ്തുത കൃതിക്കു കഴിഞ്ഞിട്ടില്ല. ഈ പരിമിതിതന്നെയാണ് ഡോ. കുരുക്കൂറിന്റെ ഈ കൃതിയെ പ്രത്യേകിച്ചു പ്രസക്തമാക്കുന്നത്. (അവതാരിക / ഡോ.സി.ജെ. റോയ്).
കപ്യാരും കുരിശും അപ്പസ്തോലനും അരുളിക്കയും അരമനയും ഇടവകയും ഇണ്ടറിയപ്പവും കത്തനാരും പാസ്റ്ററും പീലാസുമോനും ബൗത്തീസും പേത്തൂര്ത്തായും വേസ്പരയും വെഞ്ചരിപ്പുമെല്ലാം സാധാരണ ക്രിസ്ത്യാനികളുടെ ദൈനംദിന സംഭാഷണങ്ങളില്‍ കടന്നുവരുന്ന പദങ്ങളാണ്. അക്കാരണത്താല്‍ത്തന്നെ അക്രൈസ്തവസഹോദരങ്ങള്ക്കും അവ പരിചിതമാണ്. ഈ വാക്കുകള്‍ ഏതു ഭാഷയില്‍ നിന്ന് വന്നു? എന്താണ് അവയുടെ അര്‍ത്ഥം ?എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ വളരെ ലളിതമായി പുസ്തകം നല്‍കുന്നുണ്ട്. ചില പദങ്ങള്‍ക്ക് അദ്ദേഹം അന്തസായ സ്ഥാനവും നല്കി. അതിലൊന്നാണ് കപ്യാര്.
കപ്യാര് എന്ന പദം, ശവകുടീരം എന്നര്‍ത്ഥമുള്ള ഖബര്‍ (കവര്‍) എന്ന സുറിയാനി പദത്തില്‍ നിന്ന് വരുന്നുവെന്ന് ഗുണ്ടര്‍ട്ട് 1872 തന്റെ നിഘണ്ടുവില്‍ എഴുതി. പില്ക്കാല നിഘണ്ടു കര്‍ത്താക്കളും ഗ്രന്ഥകര്‍ത്താക്കളും ആ തെറ്റ് പകര്‍ത്തി. മലയാളം ലക്സിക്കണില്‍ (Lexicon) ശവക്കുഴി തോണ്ടുന്നവന്‍ എന്നര്‍ത്ഥമുള്ള ”കൊവെയ്രോ’ എന്ന പോര്‍ച്ചുഗീസ് വാക്കുകൂടി അതിന്റെ നിഷ്പത്തി കാണിക്കാന്‍ എഴുതിച്ചേര്‍ത്തിരിക്കുന്നു! ഈ തെറ്റാണ് ഡോ. കുരുക്കൂര്‍ തിരുത്തിയത്.
കപ്പിച്ചേരിയയുടെ അഥവാ നിക്ഷേപാലയത്തിന്റെ അധികാരി (വിശുദ്ധ വസ്തുക്കള്‍ സൂക്ഷിക്കുന്ന മുറിയുടെ കാര്യസ്ഥന്) എന്നര്‍ത്ഥമുള്ള കപ്പിച്ചേരിയൂസ് എന്ന മധ്യകാല ലത്തീന്‍ വാക്കിന്റെ ലുപ്ത രൂപമായ കപ്യാരിയൂസ് എന്ന വാക്കില്‍ നിന്നാണ് കപ്യാരിയോ എന്ന പോര്‍ത്തുഗീസ് പദം ഉണ്ടായത്. അതില്‍ നിന്നാണ് മലയാളത്തില്‍ കാണുന്ന കപ്യാര് എന്ന പദം ഉണ്ടായത്.
2002ല്‍ പ്രസിദ്ധീകൃതമായ ഈ കൃതി ഭാഷാശാസ്ത്ര പഠിതാക്കള്‍ക്ക് അമൂല്യ നിധിയാണ്.